ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Monday, 16 April 2018

ചിത്രംവര ക്ലാസുമുറിയെ ജനാധിപത്യവല്‍ക്കരിക്കും


പുതിയ ടീച്ചര്‍ വന്നതില്‍ പിന്നെ ഇവന് സ്ക്കൂളില്‍ പോകാന്‍ നല്ല ഉത്സാഹമാണെന്നു് ഒന്നാം ക്ലാസുകാരനെ ചൂണ്ടി അവന്റെ  അമ്മ പറഞ്ഞപ്പോള്‍ ഞാന്‍  ചോദിച്ചു.
"സ്ക്കൂളില്‍ പോകാന്‍ എന്താ നിനക്കിത്ര ഇഷ്ടം?”
അവന്‍ പെട്ടെന്നുതന്നെ ഉത്തരം പറഞ്ഞു.
"ദിവസൂം ടീച്ചര്‍ ചിത്രം വരപ്പിക്കും.ചിത്രം വരയ്ക്കാന്‍ എനിക്കിഷ്ടാ..”

 എന്നും ചിത്രം വരയ്ക്കാന്‍ ഇടമുള്ള വിദ്യാലയത്തെ കുട്ടികള്‍ തീര്‍ച്ചയായും ഇഷടപ്പെടും.

കളിക്കുന്നതുപോലെ കുട്ടികള്‍ എന്തുകൊണ്ടാണ് ചിത്രം വരയും ഇഷ്ടപ്പെടുന്നത്?


കുട്ടികള്‍ക്ക് സ്വയം ആവിഷ്ക്കരിക്കാനുള്ള ശക്തമായ ഉപാധിയാണ് വര. തന്റെ മനസ്സിനെ, ചിന്തയെ,പ്രതികരണങ്ങളെ,ചുറ്റുപാടിനെയൊക്കെ വരകള്‍ ഉപയോഗിച്ചും വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചും കുട്ടികള്‍ ആവിഷ്ക്കരിക്കും.വരയ്ക്കുമ്പോള്‍ അവന്‍ അവന്റെ ഭാവനയെ,സര്‍ഗ്ഗാത്മകതയെ കെട്ടഴിച്ചു വിടും.അതൊരു ബഹിര്‍ഗമനം കൂടിയാണ്.കുട്ടികള്‍ അനുഭവിക്കുന്ന പലതരം മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള വഴി.വരയ്ക്കാന്‍ ധാരാളം അവസരങ്ങള്‍ നല്‍കുന്ന ക്ലാസുമുറികളിലെ കുട്ടികള്‍ ശാന്തരും സ്വസ്ഥരുമായിരിക്കും.അച്ചടക്ക പ്രശ്നവും അക്രമവാസനയും അത്തരം ക്ലാസുമുറിയില്‍ ഉണ്ടാകില്ല.

 കളിപോലെത്തന്നെ വരയും കുട്ടികള്‍ക്ക്  ഏറെ ആഹ്ലാദം നല്‍കും.കുട്ടികളെ ആഹ്ളാദിപ്പിക്കാന്‍ കഴിയാത്ത ക്ലാസുമുറികളാണ്പഠനത്തിന്റേയും സര്‍ഗ്ഗാത്മകതയുടേയും ശവപ്പറമ്പുകളായിത്തീരുന്നത്.അത്തരം ക്ലാസുമുറികളില്‍ നിന്നും കുട്ടികള്‍ ഓടിയൊളിക്കാന്‍ ആഗ്രഹിക്കും.

"എല്ലാകുട്ടികള്‍ക്കും വരയ്ക്കാന്‍ കഴിയോ? അതു ജന്മനാ കിട്ടുന്ന കഴിവല്ലേ?”  ഒരധ്യാപകന്റെ ചോദ്യം.
ചിത്രംവരയോടുള്ള അധ്യാപകരുടെ യാഥാസ്ഥിതിക സമീപനത്തില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉടലെടുക്കുന്നത്.സാധാരണഗതിയില്‍ എല്ലാ കുട്ടികള്‍ക്കുള്ളിലും വരയുണ്ട്.ഒന്നാംക്ലാസുമുതല്‍ ക്ലാസില്‍ വരയ്ക്കാനുള്ള അവസരങ്ങള്‍ നല്‍കുന്ന ടീച്ചര്‍ക്ക് ഈ കാര്യം എളുപ്പം ബോധ്യപ്പെടും.അനുവദിക്കുകയാണെങ്കില്‍ അവര്‍ തറയിലും ചുമരിലും കടലാസിലുമൊക്കെ  ആവേശത്തോടെ വരയ്ക്കുന്നത് കാണാം.


വ്യത്യസ്ത മാധ്യമങ്ങളില്‍ വ്യത്യസ്തരീതിയല്‍ വരയ്ക്കാനാണ് കുട്ടികള്‍ക്ക് എപ്പോഴും ഇഷ്ടം.ഇനി ചുരുക്കം ചില കുട്ടികളുണ്ട്.അവര്‍ ആവേശത്തോടെ വരയ്ക്കും.എന്നാല്‍ ചിത്രത്തിലെ ഇമേജുകള്‍ക്ക് വേണ്ടത്ര വ്യക്തതയുണ്ടാവില്ല.ഇങ്ങനെയുള്ള കുട്ടികള്‍ക്ക് എഴുത്തിലും വായനയിലും പ്രയാസമുണ്ടാകും.വരയ്ക്കുന്ന ചിത്രങ്ങളിലെ ഇമേജുകള്‍ക്ക് വ്യക്തതവരുമ്പോള്‍ മാത്രമേ എഴുത്തിലും വായനയിലും ഇവര്‍ക്ക് പുരോഗതിയുണ്ടാകൂ.അതുകൊണ്ട് എഴുതാന്‍ കഴിയാത്തതിന്റെ കാരണം കണ്ടെത്താന്‍ ടീച്ചര്‍ ഈ കുട്ടികള്‍ വരച്ച ചിത്രങ്ങളാണ്  പഠനവിധേയമാക്കേണ്ടത്.

സംസാരഭാഷയില്‍ നിന്നും എഴുത്തുഭാഷയിലേക്ക് പ്രവേശിക്കുന്നതിന്റെ ആദ്യപടിയാണ് ചിത്രംവര എന്ന് വൈഗോട്സ്കി നീരീക്ഷിക്കുന്നുണ്ട്.ഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷിവികസിക്കുന്നതോടെ കുട്ടികളുടെ വരയിലും ഗുണപരമായ പലമാറ്റങ്ങളും കാണാം.


 പിന്നെ എപ്പോഴാണ് കുട്ടികള്‍ക്ക് അവരുടെ വര കൈമോശം വരുന്നത്?കുട്ടികളുടെ വരയോടുള്ള അധ്യാപകരുടെ സമീപനമാണ് ഒരു പ്രധാനപ്രശ്നം.
ഒരിക്കല്‍ ഒരു കുട്ടി അതീവ താത്പര്യത്തോടെ വരച്ച വീടിന്റെ ചിത്രവുമായി ടീച്ചറെ സമീപിച്ചപ്പോള്‍ ടീച്ചറുടെ പ്രതികരണം ഇതായിരുന്നു.


"ഇങ്ങനെയാണോ വീട് വരയ്ക്കുന്നത്?"ഇത് കേട്ട് കുട്ടിയുടെ മുഖം വാടി.അവള്‍ പെട്ടെന്നുതന്നെ തന്റെ സീറ്റിലേക്ക് തിരിച്ചുപോയി അനങ്ങാതിരുന്നു.പിന്നീട് അവള്‍ക്ക് വരയ്ക്കാനെ തോന്നിയില്ല.


ആറു വയസ്സുള്ള കുട്ടി അവളുടെ മനസ്സിലുള്ള വീടാണ് വരച്ചത്.അത് ഒരിക്കലും മുതിര്‍ന്ന ഒരാളുടെ മനസ്സിലുള്ളത് ആയിരിക്കില്ല.കുട്ടികളുടെ കാഴ്ചയും മുതിര്‍ന്നവരുടെ കാഴ്ചയും തമ്മില്‍ വ്യത്യാസമുണ്ട്.മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ വരയ്ക്കണമെന്ന് ശഠിക്കുന്നിടത്താണ് കുട്ടികളുടെ വര ശ്വാസംമുട്ടി മരിക്കുന്നത്. അവള്‍ വരയ്ക്കാന്‍ കഴിവില്ലാത്തവളായി മുദ്രകുത്തപ്പെടുന്നു.ഇതിലൂടെ ചിത്രംവര എന്ന ഏറ്റവും ആഹ്ലാദകരമായ  ഒരു  പ്രവര്‍ത്തനത്തിലേര്‍പ്പെടാനുള്ള കുട്ടിയുടെ ആത്മവിശ്വാസത്തെയാണ് നാം തകര്‍ത്തുകളയുന്നത്.


 "വരയ്ക്കാനറിയാത്ത ഞാന്‍ എങ്ങനെയാണ് കുട്ടികളെ ചിത്രം വര പഠിപ്പിക്കുക?”  ഒന്നാം ക്ലാസിലെ ഒരു ടീച്ചറുടെ ചോദ്യം.
വരയ്ക്കാനറിയാത്തതുതന്നെയാണ് ടീച്ചറുടെ ഏറ്റവും വലിയ കൈമുതല്‍.വരയ്ക്കാനറിയുമായിരുന്നെങ്കില്‍ ടീച്ചര്‍ വര പഠിപ്പിച്ച് പഠിപ്പിച്ച്  കുട്ടികളുടെ വരയെ കൊന്ന് കുഴിച്ചുമൂടിയേനെ.ഭാഗ്യം!

പക്ഷേ,ടീച്ചര്‍ ഒന്നു ചെയ്യണം-ക്ലാസില്‍ വരയ്ക്കാനുള്ള അവസരം നല്‍കണം.അവസരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് വരയ്ക്കാനുള്ള സ്വാതന്ത്ര്യമല്ല.പാഠഭാഗവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതായിരിക്കണം അത്.കുട്ടികളെ വരയിലേക്ക് പ്രചോദിപ്പിക്കാന്‍ ടീച്ചര്‍ക്ക് കഴിയണം.വരയ്ക്കാനുള്ള മാനസികാവസ്ഥയിലേക്ക് അവരെ കൊണ്ടുവരണം.എങ്കിലേ കുട്ടികളിലെ വര ഉണരൂ.നമ്മുടെ ലക്ഷ്യം കുട്ടികളെ കലാകാരന്‍മാരോ കലാകാരികളോ ആക്കുകയല്ല,മറിച്ച് പഠനമാണ്.പഠനത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ്.അതിനിടയില്‍ കുട്ടികള്‍ ആര്‍ട്ടിസ്റ്റുകളാകുന്നുവെങ്കില്‍ ആകട്ടെ..സന്തോഷം!


 ചിത്രംവര നടക്കുന്ന  ക്ലാസുമുറിയിലെ അധ്യാപകന് ഉണ്ടായിരിക്കേണ്ട ഒരു മിനിമം യോഗ്യതയുണ്ട്.കട്ടികളുടെ വര ആസ്വദിക്കാന്‍ അവര്‍ക്ക് കഴിയണം.കുട്ടികളുടെ വരയുടെ ലാളിത്യം കണ്ട് സന്തോഷിക്കാന്‍ കഴിയണം.കുട്ടികളുടെ ഭാവന കണ്ട് അവര്‍ വിസ്മയിക്കണം.വരയില്‍ നിന്നും കുട്ടികളുടെ ചിന്തകളെ, നിരീക്ഷണങ്ങളെ,പഠനത്തെ വായിച്ചെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം.ആവശ്യമെങ്കില്‍ ഗുണാത്മക ഫീഡ് ബാക്കുകള്‍ നല്‍കണം.

"നിങ്ങള്‍ എന്തിനാണ് ചിത്രം വരച്ച് സമയം കളയുന്നത്,ഈ സമയം രണ്ടക്ഷരം പഠിപ്പിച്ചൂടേ?”
ഇങ്ങനെ ചോദിക്കുന്ന അധ്യാപകര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്.കലയോടുള്ള,പഠനത്തോടുള്ള യാഥാസ്തിതിക സമീപനത്തില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉടലെടുക്കുന്നത്.ഭാവനയും സര്‍ഗ്ഗാത്മകതയുമുള്ളവരാണ് കുട്ടികള്‍ എന്ന അടിസ്ഥാന വസ്തുത ഇത് നിഷേധിക്കുന്നു.പഠനം എന്നത് കേവലം യാന്ത്രികമായ പ്രക്രിയ അല്ലെന്നും ക്ലാസുമുറി സര്‍ഗ്ഗാത്മകമാകുമ്പോഴാണ് പഠനം നന്നായി നടക്കുകയെന്നും    മനസ്സിലാക്കാന്‍ കഴിയാത്തിടത്തോളം കാലം അവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും.
ക്ലാസുമുറിയിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വയം ആവിഷ്ക്കരിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും നല്‍കിക്കൊണ്ടാണ് ചിത്രംവര ക്ലാസുമുറിയെ ജനാധിപത്യവല്‍ക്കരിക്കുന്നത്.ആത്മാവിഷ്ക്കാരത്തിനുള്ള സ്വാതന്ത്ര്യം പഠനത്തില്‍ പ്രധാനമാണ്.അപ്പോഴാണ് ക്ലാസുമുറി പ്രകാശപൂര്‍ണ്ണമാകുന്നത്.


Tuesday, 3 April 2018

ഭാഷാപഠനക്ലാസ്സില്‍ കുട്ടികള്‍ ചിത്രം വരയ്ക്കണം


കടലാസുമടക്കി വീടു നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം.
നിര്‍മ്മിച്ച വീടുകള്‍ക്ക് നിറം നല്‍കിയപ്പോള്‍ അതു കൂടുതല്‍ മനോഹരമായി.
കുട്ടികള്‍ തങ്ങളുണ്ടാക്കിയ വീടുകളെ മാറി നിന്ന് നോക്കി.കൈയിലെടുത്തു.എല്ലാവരേയും കാണിച്ചുകൊണ്ട് ക്ലാസിലൂടെ നടന്നു.

രണ്ടു വീടുകളെ പരസ്പരം കോര്‍ത്തുവെച്ചുകൊണ്ട് അഭിനവ് പറഞ്ഞു.
"നോക്ക്,എന്റെ  രണ്ടു നില വീട്...”
അപ്പോള്‍ മൂന്ന് വീടുകള്‍ കോര്‍ത്തുവെച്ചു കൊണ്ട് പ്രജ്വല്‍ വന്നു.അവന്‍ വിട്ടുകൊടുത്തില്ല.
"നോക്ക്, എന്റെ മൂന്നു നില കൊട്ടാരം...”


 അവന്തിക അവന്റെ കൊട്ടാരം വാങ്ങി തറയില്‍ വെച്ചു.
"ദാ,  ഈ കൊട്ടാരത്തിലെ രാജാവാണ് നീ."അവന്തിക അവനെ നോക്കിക്കൊണ്ട്  പറഞ്ഞു.മറ്റുള്ളവരുടെ വീടുകളൊക്കെ അതിനു ചുറ്റും പലയിടത്തായി വെച്ചു.
"ഈ രാജ്യത്ത് താമസിക്കുന്ന ആളുകളുടെ വീടുകളാ ഇതൊക്കെ..”
"ഈ രാജ്യത്തിന്റെ പേരെന്താ?"ഞാന്‍ ചോദിച്ചു.
"പുല്ലൂര്‍ രാജ്യം."ദര്‍ശനയാണ് പറഞ്ഞത്."പുല്ലൂര്‍ രാജ്യത്തെ രാജാവാണ് പ്രജ്വല്‍.”
അതു കേട്ട് പ്രജ്വല്‍ ചിരിച്ചു.


 "മാഷെ,ഒരു കളര്‍ ചോക്ക് തര്വോ?” അവന്തിക ചോദിച്ചു.
ഞാന്‍ അവള്‍ക്ക് ഒരു ചോക്ക് കൊടുത്തു.

കൊട്ടാരത്തില്‍ നിന്നും സ്വന്തം വീട്ടിലേക്ക് അവള്‍ ഒരു വഴി വരച്ചു.
"ഇത് രാജാവിന് ഓരോ വീട്ടിലേക്കും നടന്നു വരാനുള്ള വഴിയാ..”


 അവള്‍ വീടുകളെ പരസ്പരം വര കൊണ്ട് ബന്ധിപ്പിക്കാനുള്ള ശ്രമം നടത്തി.പക്ഷേ,വെളുത്ത മിനുസമുള്ള ടൈല്‍സില്‍ ചോക്ക് തെളിയുന്നില്ല.അവള്‍ക്ക് നിരാശയായി.
"മാഷേ,നമ്മുടെ പഴയ സിമന്റിട്ട നെലം തന്നെ മതിയായിരുന്നു.അതിലാകുമ്പം നല്ലോണം വരയ്ക്കായിരുന്നു.”
സിമന്റ് തറ പൊളിച്ച് ടൈല്‍സ് പാകിയത് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടില്ല.
നിലം സ്വതന്ത്രമായി വരയ്ക്കാനുള്ള അവരുടെ വലിയ ക്യാന്‍വാസായിരുന്നു.


"നമുക്ക് വഴിയുണ്ടാക്കാം."
ഞാന്‍ കുട്ടികളെ സമാധാനിപ്പിച്ചു.
കുറേ ചാര്‍ട്ടുപേപ്പറുകള്‍ നീളത്തില്‍ ഒട്ടിച്ചു ചേര്‍ത്തു.അത് നിലത്ത് വിരിച്ചിട്ടു.പശയും ക്രയോണ്‍സും മാര്‍ക്കര്‍ പേനയുമൊക്കെ ഞാന്‍ കുട്ടികള്‍ക്ക് നല്‍കി.അവര്‍ക്ക് സന്തോഷമായി.

പുല്ലൂര്‍ രാജ്യം അവരുടെ മനസ്സില്‍ നിറഞ്ഞു.അത് പക്ഷേ, സാങ്കല്‍പ്പിക രാജ്യമാണ്.നിറയെ മരങ്ങളും പൂക്കളും അതിരിടുന്ന രാജ്യം.മരങ്ങള്‍ക്കിടയില്‍ പലതരം ചായംതേച്ച വീടുകള്‍.വീടുകള്‍ക്കു പുറകില്‍ വലിയ കുളം.കുളത്തിന്റെ  കരയിലൂടെ നീണ്ടുപോകുന്ന ഇടവഴികള്‍.നിറയെ കടും നീല മേഘങ്ങളുള്ള ആകാശത്തിനുകീഴെ നിവര്‍ന്നു നില്‍ക്കുന്ന കുന്നുകള്‍...


 ഓരോരുത്തരും തങ്ങളുടെ കൈയിലെ കടലാസു വീടുകള്‍ ചാര്‍ട്ടുപേപ്പറില്‍ അങ്ങിങ്ങ് ഒട്ടിച്ചു.അങ്ങനെ ചരിത്രം ആരംഭിക്കുകയായി.പുല്ലൂര്‍ ദേശത്ത് നിരവധി വീടുകള്‍ ഉയര്‍ന്നു വന്നു.വീടുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് നിരത്തുകളും ഊടുവഴികളും.അതിരുകാക്കുന്ന   മരങ്ങളും പൂക്കളും വേലികളും.വിശാലമായ പറമ്പുകളില്‍ മേഞ്ഞുനടക്കുന്ന പശുക്കളും കിടാങ്ങളും.വീട്ടുമുറ്റത്ത് ചിക്കിച്ചികയുന്ന തള്ളക്കോഴികളും കുഞ്ഞുങ്ങളും....

കുട്ടികളുടെ മനസ്സിലെ ഇമേജുകള്‍ കടലാസിലേക്ക് വാര്‍ന്നു വീഴുകയാണ്.
വരകളിലൂടെ കുട്ടികള്‍ ഒരു ദേശത്തെ പുനഃസൃഷ്ടിക്കുകയാണ്.ക്ലാസ്സുമുറി അവരുടെ പറച്ചിലുകള്‍ കൊണ്ട് നിറഞ്ഞു.അവര്‍ കോറിയുടുന്ന ഓരോ വരയെക്കുറിച്ചുമുണ്ട് അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാന്‍.എല്ലാവര്‍ക്കും ചെവികൊടുക്കാന്‍ ഞാന്‍ നന്നേ പ്രയാസപ്പെട്ടു.


ആകാശത്ത് വരച്ചിട്ട് കുറേ വരകളെ ചൂണ്ടി അനാമിക പറയുന്നു.
"മാഷേ, ഇതു കിളികളാ..ഈ കണ്ടത്തിലേക്ക് അവ പറന്നിറങ്ങുന്നു..”
"എന്തിനാ?”
"നെല്ലു കൊത്തി തിന്നാന്‍..”അനാമിക ചിരിച്ചു.

പുല്ലൂരില്‍ അത്രയും വിശാലമായ നെല്‍വയലുകളോ നെല്ലുകൊത്തിതിന്നാനെത്തുന്ന കിളിക്കൂട്ടങ്ങളെയോ അവള്‍ കണ്ടിരിക്കാന്‍ ഇടയില്ല.
പിന്നെ എങ്ങനെയായിരിക്കും അവളുടെ മനസ്സില്‍ ആകാശത്തിലൂടെ പറന്നിറങ്ങുന്ന കിളിക്കൂട്ടങ്ങളുടെ ഇമേജ് കടന്നു കൂടിയിട്ടുണ്ടാകുക?
അവള്‍ കേട്ട കഥയില്‍ നിന്നോ? അതോ കണ്ട സിനിമയില്‍ നിന്നോ മറ്റോ അവളുടെ മനസ്സില്‍ തറഞ്ഞുപോയ ഒരു ദൃശ്യം?
ആവോ,ആര്‍ക്കറിയാം.


വീടുകള്‍ക്ക് അപ്പുറത്ത് ഒരു കാട് വരയ്ക്കുകയാണ് ആദിദേവ്.
"മാഷേ, ഈ കാട്ടില്‍ നിന്നാണ് സിംഹങ്ങള്‍ വരിക.അത് വെള്ളം കുടിക്കാന്‍ ഈ കുളത്തിലേക്കിറങ്ങും."അവന്‍ ചിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

കുളത്തിനു മുന്നില്‍ രണ്ടു രൂപങ്ങള്‍ വരച്ചുവെച്ചിരിക്കുകയാണ് അര്‍ജുന്‍.ഇതെന്താണെന്ന് ചോദിച്ചപ്പോള്‍  അവന്‍ പറഞ്ഞു.
"കാവല്‍ക്കാരാ.കുളത്തില്‍ വേസ്റ്റിടാന്‍ വരുന്നവരെ പിടിക്കാന്‍ നില്‍ക്കുന്നതാ.”

വരയും പറച്ചിലുകളും കൂട്ടിയിണക്കി ഒരു സാങ്കല്പികദേശം മെനഞ്ഞെടുത്തിരിക്കുകയാണ് കുട്ടികള്‍.ആ ദേശത്ത് അവരുടെ കളിസ്ഥലവും വീടുകളും അംഗനവാടികളും പുല്ലൂര്‍ സ്ക്കൂളും ആയുര്‍വേദ ആശുപത്രിയുമെല്ലാമുണ്ട്.എങ്കിലും അത് അയഥാര്‍ത്ഥമാണ്.അവരുടെ ഫാന്റസിയും അതില്‍ കൂടിക്കലര്‍ന്നിരിക്കുന്നു.


 കുട്ടികള്‍   വരയ്ക്കുന്ന ചിത്രത്തില്‍ നിന്നും അവരുടെ പറച്ചിലുകളെ അടര്‍ത്തിമാറ്റിയാല്‍ അത് അപൂര്‍ണ്ണമാകും.രണ്ടും ഇഴപിരിഞ്ഞാണ് കിടക്കുന്നത്.
കുട്ടികളുടെ വരയില്‍ അവരുടെ പറച്ചിലുകള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.അതുകൊണ്ടാണ് കുട്ടികളുടെ വര  ഒരു കലാപ്രവര്‍ത്തനം എന്നതിലുപരി ഒരു ഭാഷാപ്രവര്‍ത്തനമാകുന്നത്.വരയിലൂടെ കുട്ടികള്‍ ഒരു ആന്തരിക ഭാഷയെ രൂപപ്പെടുത്തിയെടുക്കുന്നു.വൈകാരികമായ ഒരനുഭവത്തില്‍ നിന്നുകൊണ്ടാണ് കുട്ടികള്‍ ഇതു സാധിച്ചെടുക്കുന്നത്.ഒപ്പം അത് സര്‍ഗ്ഗാത്മകവുമാണ്.ഇതാണ് പിന്നീട് കുട്ടികളുടെ എഴുത്തുഭാഷയായി രൂപാന്തരപ്പെടുന്നത്.


കളിപോലെ തന്നെ കുട്ടികള്‍ക്ക് പ്രധാനമാണ് വരയും.വര കുട്ടികളെ ഏറെ സന്തോഷിപ്പിക്കും.കുട്ടികളുടെ വര ഭാഷ പഠിപ്പിക്കാനുള്ള ശക്തവും സര്‍ഗ്ഗാത്മകവുമായ ഒരു ടൂള്‍ ആണ്.എന്നിട്ടും നാം വരയെ എന്തുകൊണ്ടാണ് ഭാഷാക്ലാസില്‍ ഉപയോഗിക്കാത്തത്?

ചിത്രംവരയോട് ഇപ്പോഴും യാഥാസ്തിതിക മനോഭാവം പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷം അധ്യാപകരും.ക്ലാസില്‍ ചിത്രം വരയ്ക്കുന്നത് വെറുതെ സമയം പാഴാക്കലാണെന്ന് വിശ്വസിക്കുന്നവര്‍ ഈ മാറിയ കാലഘട്ടത്തിലും നമുക്കിടയിലുണ്ട്.അത് കലാധ്യാപകര്‍ ചെയ്യേണ്ടതാണ്,നമ്മള്‍ ചെയ്യേണ്ടതല്ല എന്ന് വിശ്വസിക്കുന്നവരുമുണ്ട്.ഇത് ശരിയായ സമീപനമാണെന്നു തോന്നുന്നില്ല.ഭാഷ പഠിപ്പിക്കാനുള്ള ടൂളായി ചിത്രംവരയെ ക്ലാസില്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ  ലക്ഷ്യം കലാപഠനമല്ല.മറിച്ച് ഭാഷാപഠനമാണ്.വര കുട്ടികളുടെ ആന്തരിക ഭാഷയെ പുറത്തുകൊണ്ടുവരും.

സാധാരണയായി ഇംഗ്ലീഷ് ഭാഷാ ക്ലാസിലാണ് നാം കൂടുതലായി ചിത്രങ്ങള്‍ ഉപയോഗപ്പെടുത്താറുള്ളത്.Picture Interaction എന്നാണ് അതിനെ വിളിക്കുക.ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരം പറയുകയാണ് ചെയ്യുക.ചിലപ്പോള്‍ ചിത്രത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിലേക്ക് അതു നയിക്കും.ഇതു കേവലം യാന്ത്രികമായ പ്രവര്‍ത്തനമാണ്.ഇവിടെ ഭാഷ ഉത്പ്പാദിപ്പിക്കപ്പെടുന്നില്ല.എന്നാല്‍ കുട്ടികള്‍ സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കൂ.അപ്പോള്‍ വ്യത്യാസമറിയാം.കുട്ടികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.ചിത്രത്തെ ആസ്പദമാക്കിയുള്ള അവരുടെ പറച്ചിലുകളെ അതു തുറന്നുവിടും.അവരറിയാതെ ഉള്ളില്‍ ഭാഷ മുളപൊട്ടും.

ചിത്രംവര എന്ന കുട്ടികളുടെ ജൈവികമായ ആവിഷ്ക്കാരത്തെ ഭാഷാപഠനക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള ബോധനതന്ത്രങ്ങള്‍ രൂപപ്പെടുത്തുക എന്നതായിരിക്കണം അവധിക്കാല അധ്യാപക പരിശീലനത്തില്‍ നാം  ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട പ്രവര്‍ത്തനം.