ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Monday, 15 November 2021

ഫിന്നിഷ് വിദ്യാലയങ്ങളിലെ തുറസ്സിടങ്ങള്‍

 പുസ്തക വായന

 

ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.ഫിന്‍ലാന്റിലെ വിദ്യാഭ്യാസ മാതൃകകള്‍ അന്വേഷിക്കുന്ന അവസരത്തിലാണ് Taught by Finland എന്ന ബ്ലോഗ്  ശ്രദ്ധയില്‍ പെടുന്നത്.അതിലെ ആദ്യപോസ്റ്റ് വായിച്ചപ്പോള്‍തന്നെ ടിം ഡി.വാക്കര്‍ എന്ന ചെറുപ്പക്കാരനായ അധ്യാപകന്‍ മനസ്സില്‍ കയറി.അമേരിക്കയിലെയും ഫിന്‍ലാന്റിലേയും ക്ലാസ്സുമുറികളെ താരതമ്യം ചെയ്യുന്ന ഗാംഭീര്യമുള്ള എഴുത്തുകള്‍.ഞാനാബ്ലോഗിന്റെ  നിത്യസന്ദര്‍ശകനായി.അതിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ ചേര്‍ത്തു..പുതിയ പോസ്റ്റ് വരുമ്പോഴൊക്കെ അറിയിപ്പ് കിട്ടി.ഓരോന്നും ആവേശത്തോടെ വായിച്ചു.ചില പോസ്റ്റുകള്‍ എന്റെ ബ്ലോഗിലേക്ക് കോപ്പിചെയ്ത് ചേര്‍ത്തു.ഒടുവില്‍ ഒരു പോസ്റ്റില്‍ ഫിന്‍ലാന്റിലെ ക്ലാസ്സുമുറിയിലെ അനുഭവങ്ങളെക്കുറിച്ച് ടിം ഒരു പുസ്തക രചനയിലാണെന്ന് സൂചിപ്പിച്ചിരുന്നു.പുസ്തക രചനയിലേര്‍പ്പെട്ടതു കൊണ്ടായിരിക്കണം പിന്നീട് ബ്ലോഗിലെ എഴുത്തുകള്‍ കുറഞ്ഞു.പുസ്തകം പുറത്തിറങ്ങിയാല്‍ അത് വായിക്കണമെന്ന അതിയായ ആഗ്രഹവും മനസ്സിലുണ്ടായി.


 ശാസ്ത്രസാഹിത്യപരിഷത് പ്രസിദ്ധീകരിച്ച 'സ്ക്കൂള്‍ പഠനത്തിന്റെ ഫിന്‍ലന്റ് മാതൃക: ആഹ്ലാദകരമായ ക്ലാസ്സുമുറികള്‍ക്കായി 33 ലളിത തന്ത്രങ്ങള്‍' എന്ന പുസ്തകം  ആവേശത്തോടെയാണ് വായിച്ചത്.ബ്ലോഗില്‍ പരിചയപ്പെട്ട അതേ ടിം ഡി.വാക്കറിന്റെ പുസ്തകം.ബ്ലോഗിലെ പല പോസ്റ്റുകളും അതേപടി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.തിമോത്തി ഡി വാക്കറാണ് അദ്ദേഹത്തന്റെ മുഴുവന്‍ പേര് എന്നത് പുസ്തകം കിട്ടിയപ്പോഴാണ് മനസ്സിലായത്.

  ഒരധ്യാപകന്‍ എന്ന നിലയില്‍ ഇത്രയും ആവേശത്തോടെ വായിച്ച മറ്റു രണ്ട് പുസ്തകങ്ങളാണ് 'ദിവാസ്വപ്ന'വും 'ടോട്ടോച്ചാ'നും.ഈ രണ്ടുപുസ്തങ്ങളിലെയും അധ്യാപകര്‍-ലക്ഷ്മിശങ്കറും കൊബായാഷി മാസ്റ്ററും  തങ്ങളുടെ വിദ്യാലയത്തില്‍  വേറിട്ടതും പരീക്ഷണാത്മകവുമായ അധ്യാപനരീതികള്‍ അവതരിപ്പിച്ചു.അത് വിദ്യാര്‍ത്ഥികളുടെ പഠനത്തിലും മനോഭാവത്തിലും വരുത്തിയ മാറ്റങ്ങള്‍ വിശകലനംചെയ്ത് കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് തങ്ങളുടെതായ ദര്‍ശനങ്ങള്‍ അവതരിപ്പിച്ചു.ആഹ്ലാദകരമായ ക്ലാസ്സുമുറിതന്നെയായിരുന്നു രണ്ടുപേരുടേയും ലക്ഷ്യം.ടിം ഡി.വാക്കറുടേയും ലക്ഷ്യവും അതുതന്നെ. പക്ഷേ,ഒരു വ്യത്യാസമുണ്ട്.ഫിന്‍ലന്റ് എന്ന രാജ്യത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി നിന്നുകൊണ്ടാണ് ടിം തന്റെ ക്ലാസ്സുമുറിയെ നോക്കിക്കാണുന്നത്.ലോകത്തിലെ തന്നെ മികച്ചതെന്ന് കണക്കാക്കപ്പെടുന്ന ഫിന്‍ലന്റിലെ പഠനരീതിയെ തന്റെ ക്ലാസുമുറിയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും പഠനവിധേയമാക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്.ആഹ്ലാദകരമായ അതിന്റെ ക്ലാസ്സുമുറികളാണ് ഫിന്‍ലന്റിലെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിന് കാരണം എന്ന് അമേരിക്കക്കാരനായ ഈ അധ്യാപകന്‍ തന്റെ പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുന്നു.


 അമേരിക്കയിലെ യാന്ത്രികവും അയവില്ലാത്ത സമയക്രമം പാലിക്കുന്നതുമായ ക്ലാസ്സുമുറികളുടെ മടുപ്പില്‍ നിന്നും ഫിന്‍ലന്റിലെത്തുന്ന ടിം ഡി.വാക്കര്‍ തലസ്ഥാന നഗരമായ ഹെല്‍സങ്കിയിലെ ഒരു പൊതുവിദ്യാലയത്തിലാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്.അമേരിക്കയില്‍ നിന്നും വ്യത്യസ്തമായി ശാന്തവും അയവുള്ളതുമായ അവിടുത്തെ വിദ്യാലയ അന്തരീക്ഷം അദ്ദേഹത്തെ തെല്ലൊന്നുമല്ല  വിസ്മയിപ്പിക്കുന്നത്.

ഫിന്‍ലന്റിലെ വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന സവിശേഷതയായി അദ്ദേഹം  കാണുന്നത്  വിദ്യാലയം കുട്ടികള്‍ക്കു നല്‍കുന്ന ഒഴിവുസമയമാണ്.ഓരോ മുക്കാല്‍ മണക്കൂറ് കഴിയുമ്പോള്‍ 15 മിനുട്ട് ഇടവേള!ഈ ഇടവേളകളാണ് ഫിന്‍ലന്റിലെ കുട്ടികളുടെ പഠനപുരോഗതിയുടെ അടിസ്ഥാനം എന്ന് ടിം നിരീക്ഷിക്കുന്നുണ്ട്.ഇടവേളകള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ വിനിയോഗിക്കാം.കളികളിലേര്‍പ്പെട്ടോ പുസ്തകം വായിച്ചോ കൂട്ടുകാരുമായി വെറുതെ വര്‍ത്തമാനം പറഞ്ഞിരുന്നോ ചെലവഴിക്കാം. മസ്തിഷ്ക്കത്തിന് ഇടക്കിടെയുള്ള ഇടവേളകള്‍ വഴി വിശ്രമിക്കാന്‍ അവസരം നല്‍കുന്നത് കുട്ടികളെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാക്കുന്നു.അത് തലച്ചോറിന്റെ ഉയര്‍ന്ന ഉത്പ്പാദന ക്ഷമതയിലേക്കും സര്‍ഗ്ഗാത്മകതയിലേക്കും കുട്ടികളെ നയിക്കുന്നു.

അധ്യയന സമയം വര്‍ദ്ധിപ്പിക്കുമ്പോഴാണ് കുട്ടികള്‍ കൂടുതല്‍ പഠിക്കുന്നതെന്ന അശാസ്ത്രീയമായ ധാരണയുടെ പുറത്ത് കെട്ടിപ്പൊക്കിയ നമ്മുടെ വിദ്യാലയങ്ങളിലെ സമയക്രമവുമായി ഇതിനെ തട്ടിച്ചുനോക്കുക.ചുരുങ്ങിയ സമയത്തിനുള്ളില്‍  കൂടുതല്‍ വിഷയങ്ങള്‍ കുട്ടികളില്‍ കുത്തിച്ചെലുത്തുക എന്നതാണ് നമ്മുടെ നയം.യു.പി.ക്ലാസുകളില്‍ ഏഴു പിരീയഡുകളുണ്ടായിരുന്നിടത്ത് ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. പിരീയഡുകളുടെ സമയ ദൈര്‍ഘ്യം 35 മിനുട്ടാക്കിക്കുറച്ചു.ഇത്രയും ചെറിയ സമയത്തിനുള്ളില്‍ പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്ന പ്രക്രിയാബന്ധിതമായി പഠിപ്പിക്കാന്‍ അധ്യാപകര്‍ നന്നെ കഷ്ടപ്പെട്ടു.ഫലത്തില്‍ പാഠ്യപദ്ധതി പരിഷ്ക്കരണം ക്ലാസ്സുമുറിയില്‍ കാര്യമായ ചലനമുണ്ടാക്കാതെപോയി.ബ്രിട്ടീഷുകാരുടെ കാലത്ത് നലവില്‍ വരികയും കാര്യമായ മാറ്റമില്ലാതെ ഇന്നും തുടരുകയും ചെയ്യുന്ന നമ്മുടെ പഴഞ്ചന്‍  സ്ക്കൂള്‍ ടൈംടേബിളില്‍ തൊടാന്‍ മാറിവന്ന സര്‍ക്കാരുകളൊന്നും ധൈര്യം കാണിച്ചില്ല.

 പഠനം ആഹ്ലാദകരവും അര്‍ത്ഥവത്തുമാകുന്നത് കുട്ടികള്‍ക്ക് വിശ്രമവേളകള്‍ ലഭിക്കുമ്പോഴാണെന്ന് ടിം തന്റെ ക്ലാസ്സുമുറിയിലെ അനുഭവങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ക്ഷേമം എന്ന ഒന്നാമത്തെ അധ്യായത്തില്‍ സമര്‍ത്ഥിക്കുന്നു.കൂടാതെ ഇതു സംബന്ധിച്ച് യൂണിവേഴ്സിറ്റി തലത്തില്‍ നടന്ന ഗവേഷണഫലങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.
 
ചലിച്ചുകൊണ്ട് പഠിക്കുക എന്നതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറയുന്നുണ്ട്.
പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് ചലിക്കാനുള്ള അവസരങ്ങള്‍ നല്‍കുമ്പോഴാണ് പഠനം സജീവവും ആഹ്ലാദകരവുമാകുന്നത്.ക്ലാസില്‍ കുട്ടികള്‍ ചലിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കുന്ന ധാരാളം അധ്യാപകര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്.രാവിലെ മുതല്‍ വൈകുന്നേരം വരെ കുട്ടികളെ 'ശിശുസൗഹൃദ' ഫര്‍ണ്ണിച്ചറുകള്‍ക്കിടയില്‍ പൂട്ടിയിടുന്ന 'ഹൈടെക് 'ക്ലാസ്സുമുറികളും നമുക്കുണ്ട്.ഫിന്നിഷ് ക്ലാസ്സുമുറികള്‍ അങ്ങനെയല്ല.കുട്ടികളുടെ ചലന സ്വാതന്ത്യം പരിഗണിച്ചുകൊണ്ടാണ് അവര്‍ പാഠങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.അത്തരത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ ടിം  തന്റെ പുസ്തകത്തില്‍ ഉദാഹരിക്കുന്നുണ്ട്.


ക്ഷേമം,പാരസ്പര്യം,സ്വയംഭരണം,പ്രാവീണ്യം,മനോഘടന എന്നിങ്ങനെ അഞ്ച് അധ്യായങ്ങളിലായി പരന്നുകിടക്കുന്ന പുസ്തകം ഫിന്‍ലന്റിലെ പ്രൈമറി വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയില്‍ അവതരിപ്പിക്കുന്നു. ടിം ഡി.വാക്കര്‍ എന്ന അധ്യാപകന്‍ തന്റെ ക്ലാസ്സുമുറിയിലെ അനുഭവങ്ങളെ വിശകലനം ചെയ്യുന്നരീതി നമ്മെ അത്ഭുതപ്പെടുത്തും.അത് സത്യസന്ധവും ആത്മപരിശോധനയില്‍ അധിഷ്ഠിതവുമാണ്.സ്വാനുഭവങ്ങളില്‍ ഊന്നിനിന്നുകൊണ്ടാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകളും വിദ്യാഭ്യാസ ദര്‍ശനങ്ങളും രൂപപ്പെടുത്തുന്നത്.വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്.

പുസ്തകത്തിലൂടെ കടന്ന്പോകുമ്പോള്‍ നമുക്ക് ഒരു കാര്യം ബോധ്യമാകും.ഫിന്‍ലന്റിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ രൂപപ്പെട്ടത് നിരന്തരമായ പഠനത്തിന്റേയും ഗവേഷണത്തന്റേയും ഫലമായാണ്.വിദ്യാഭ്യാസ മനഃശ്ശാസ്ത്രത്തിനും ഗവേഷണത്തിനും ഫിന്‍ലന്റിലെ യൂണിവേഴ്സിറ്റികള്‍ ഏറെ പ്രധാന്യം നല്‍കുന്നു.ഇത്തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാത്രമേ അവിടത്തെ പ്രൈമറി വിദ്യാലയങ്ങളില്‍ അധ്യാപകനാകാന്‍ കഴിയൂ.കൂടാതെ മാസ്റ്റേഴ്സ് ഡിഗ്രിയും അ‍ഞ്ചുവര്‍ഷത്തെ പരിശീലനവും പൂര്‍ത്തിയാക്കണം.നമ്മുടെ വിദ്യാഭ്യാസ പരിഷ്ക്കാരത്തിലെ പാളിച്ചകള്‍ക്കുള്ള കാരണം മറ്റെവിടേയും അന്വേഷിക്കേണ്ടതില്ലല്ലോ.


നമുക്ക് നിസ്സാരമെന്ന് തോന്നുന്ന ഒരു ഗവേഷണത്തെക്കുറിച്ച് അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ട്.കുട്ടികളുടെ സൃഷ്ടികള്‍ ക്ലാസ്സുമുറിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് അത്.സൃഷ്ടികള്‍ ലളിതമായി പ്രദര്‍ശിപ്പിക്കുന്നതും കൂടുതലായി പ്രദര്‍ശിപ്പിക്കുന്നതും കുട്ടികളുടെ ശ്രദ്ധയെ എങ്ങനെ സ്വാധീനിക്കും എന്നതാണ് പഠനവിഷയം.ഇങ്ങനെയുള്ള ഓരോ  കാര്യങ്ങളെക്കുറിച്ചുമുള്ള ഗവേഷണങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തിലുണ്ട്.

പുസ്തകത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത അതിന്റെ പരിഭാഷയാണ്.ആശയച്ചോര്‍ച്ച സംഭവിക്കാതെ ശ്രീ.കെ.ആര്‍ അശോകന്‍ അത് ഭംഗിയായി നിറവേറ്റിയിട്ടുണ്ട്.എഴുത്തുകാരനുമായി വൈകാരികമായി ഐക്യപ്പെടുന്നതിലൂടേയാണ് മികച്ച പരിഭാഷ സാധ്യാമാകുന്നത്.ആഹ്ലാദകരമായ ക്ലാസ്സുമുറി എന്ന സമാന അനുഭവത്തിലൂടെ രണ്ടുപേരും കടന്നുപോ‌യതുകൊണ്ടുകൂടിയായിരിക്കണം അത്.

 

ആഹ്ലാദകരമായ ക്ലാസ്സുമുറികള്‍ക്കായുളള 33 ലളിത തന്ത്രങ്ങളില്‍ പലതും നമുക്ക് പുതുമയുള്ളതൊന്നുമല്ല.പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഇതൊക്കെ നമ്മള്‍ നേരത്തെ ക്ലസുമുറിയില്‍ ചെയ്തതാണല്ലോ എന്ന് തോന്നും.അത് ശരിയാണുതാനും.പരിഷ്ക്കരിച്ച പാഠ്യപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കാല്‍നൂറ്റാണ്ടിന്റെ അനുഭവം നമുക്കുണ്ട്. ആ അനുഭവത്തെ നേരായ രീതിയില്‍ വിലയിരുത്തിക്കൊണ്ടുമാത്രമേ ഇനി നമുക്ക് മുന്നോട്ടുപോകാന്‍ സാധ്യമാകുകയുള്ളു.സ്ക്കൂള്‍ പഠനത്തിന്റെ ഫിന്‍ലന്റ് മാതൃക എന്ന ഈ പുസ്തകം നമുക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ്.നമ്മുടെ കരുത്തും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍ അതു നമ്മെ സഹായിക്കും.

Saturday, 12 June 2021

കൊറോണക്കാലത്തെ കുട്ടികളുടെ സര്‍ഗ്ഗാത്മകത


 ഈ കോവിഡ്കാലത്ത്  കുട്ടികളുടെ  സര്‍ഗ്ഗാത്മകത പൂത്തുലയുന്ന വിസ്മയിപ്പിക്കുന്ന കാഴ്ച നാം കണ്ടു. .പുറംലോകം കൊട്ടിയടക്കപ്പെട്ടപ്പോള്‍ കുട്ടികള്‍ വീണ്ടുവീണ്ടും സ്വന്തം മനസ്സിലേക്ക് ഊളിയിട്ടു.അണകെട്ടി നര്‍ത്തിയ  വികാരവിചാരങ്ങളില്‍ നിന്നും അവര്‍  മനോഹരമായ കലാരൂപങ്ങള്‍ നിര്‍മ്മിച്ചെടുത്തു. ചിലര്‍ ചിത്രത്തുന്നലുകളുകള്‍ ചെയ്തപ്പോള്‍ മറ്റുചിലര്‍  ബോട്ടില്‍ ആര്‍ട്ടുകളും പെയിന്റിങ്ങുകളും ചെയ്തു.ചിലകുട്ടികള്‍ വീടിന്റെ ചുമരുകള്‍ ക്യാന്‍വസുകളാക്കി ചിത്രങ്ങള്‍ വരച്ചു.ചിലര്‍ പേപ്പര്‍ക്രാഫിറ്റുകളില്‍ മുഴുകി.ചിലര്‍ ശില്പങ്ങളും ഉദ്യാനങ്ങളുമുണ്ടാക്കി സ്വന്തം വീടുതന്നെ ആര്‍ട്ടുഗ്യാലറിയാക്കി രൂപപ്പെടുത്തി.ക്യാമറയ്ക്ക മുന്നിലെ ഏകാന്തതയില്‍ ചിലര്‍ ഒറ്റയാള്‍ നാടകങ്ങള്‍ കളിച്ചു.കഥകളും കവിതകളും എഴുതി.


 സ്ക്കൂള്‍ അടച്ചിടുമ്പോഴാണ് കുട്ടികള്‍ അവരുടെ സര്‍ഗ്ഗാത്മകത പുറത്തെടുക്കുന്നത്.സ്ക്കൂളിലെ ചിട്ടയായ പ്രവര്‍ത്തനക്രമം ഒരു പക്ഷേ അവരെ നിശബ്ദരാക്കുന്നു
ണ്ടാകണം.പഠനത്തിനും ഹോംവര്‍ക്കുകള്‍ക്കുമിടയില്‍ അവര്‍ക്ക് കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകാനുള്ള സമയം കണ്ടത്താന്‍ കഴിയുന്നുണ്ടാകില്ല.ക്ലാസ്സുമുറിയില്‍ ചില കുട്ടികള്‍ അനുഭവിക്കുന്ന inhibition അവരുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടി ആകുന്നാണ്ടാകണം.

 ഗവ.യു.പി.സ്ക്കൂള്‍,പുറച്ചേരിയിലെ 5,6,7 ക്ലാസിലെ മുഴുവന്‍ കുട്ടികളും അംഗങ്ങളായുള്ള,കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരത്തിനായുള്ള  വാട്സ്ആപ്പ് കൂട്ടായാമയാണ്ക്രിയേറ്റീവ് കിഡ്സ് .അത് ഒരു ആര്‍ട്ട് സ്റ്റുഡിയോ ആണ്.എല്ലാ ആഴ്ചയിലും ശനി,ഞായര്‍ ദിവസങ്ങളില്‍ അവിടെ കലാസൃഷ്ടികളുടെ നിര്‍മ്മാണ ശില്പശാല നടക്കും. അതിന്റെ പ്രദര്‍ശനവും ഉണ്ടാകും.

ക്രിയേറ്റീവ് കിഡ്സ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?


  • എല്ലാ ആഴ്ചയിലും ശനി,ഞായര്‍ ദിവസങ്ങളില്‍ രണ്ടു ദിവസത്തെ ശില്പശാലയായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്ലാത്തിനാല്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തില്‍  വ്യാപരിക്കാന്‍ കഴിയും.
  • കുട്ടികള്‍ക്ക് മൂന്നോ നാലോ ദിവസം മുന്നേ ഓരോ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള അറിയിപ്പുകള്‍ നല്‍കും.
  •  പ്രവര്‍ത്തനം ചെയ്യാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്ന വിധത്തില്‍ അതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കുറിപ്പു നല്‍കും.
    • ഓരോ പ്രവര്‍ത്തനത്തിനും അതാതുമഖലയില്‍പ്പെട്ട വിദഗ്ദന്‍മാരുടെ ക്ലാസ്സുണ്ടാകും.ക്ലാസുകള്‍ അഞ്ചുമിനുട്ടില്‍ താഴെവരുന്ന ചെറുവീഡിയോകളായിട്ടാണ് തയ്യാറാക്കുക.
    • കുട്ടികളുണ്ടാക്കുന്ന ഉത്പ്പന്നങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ ഗ്രൂപ്പില്‍ പങ്കുവയ്ക്കും.ഇതിന് അധ്യാപകര്‍ പോസിറ്റീവ് ഫീഡ്ബാക്കുകള്‍ നല്‍കും.ഈ ഫീഡ്ബാക്കുകളാണ് കൂടുതല്‍ കുട്ടികളെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് മനസ്സിലായിട്ടുണ്ട്.

      • ശനിയാഴ്ച രാവിലെ എട്ടുമണിക്ക് അതാതു മേഖലയില്‍പ്പെട്ട വിദഗ്ധരുടെ ക്ലാസോടെ ആരംഭിക്കുന്ന പരിപാടി ഞായറാഴ്ച രാത്രി എട്ടുമണിക്ക് സമാപിക്കും.സമാപന പരിപാടിയില്‍ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും
       
        എന്തൊക്കെയാണ് ക്രിയേറ്റീവ് കിഡ്സിലെ പ്രവര്‍ത്തനങ്ങള്‍?

      ക്രിയേറ്റീവ് കിഡ്സിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പാഠഭാഗവുമായി ബന്ധമില്ല.സ്വതന്ത്രമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളാണ് അവിടെനടക്കുക.എന്നാല്‍ ഇംഗ്ലീഷ് ഭാഷാശേഷികളുടെ വികാസവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മൂന്നോ നാലോ ശില്പശാലകള്‍ നടത്തിയിട്ടുണ്ട്.
    •  
      ഓരോ ആഴ്ചയിലും നടത്തിയ രണ്ടുദിവസത്തെ ശില്പശാലകള്‍ ഏതൊക്കെ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു?
      • പോട്രെയ്റ്റ് ഡ്രോയിങ്ങ്
      • ക്രിസ്മസ് സ്റ്റാര്‍ നിര്‍മ്മാണം
      • ഗ്രീറ്റിങ്ങ് കാര്‍ഡ് നിര്‍മ്മാണം.
      • പുല്‍ക്കൂട് നിര്‍മ്മാണം
      • കുട്ടിക്കൃഷി-സ്വന്തം കൃഷി പരിചയപ്പെടുത്തുന്ന വീഡിയോകള്‍
      • കൊളാഷ് നര്‍മ്മാണം
      • പേപ്പര്‍ ബ്ലൂൂംസ് -പേപ്പര്‍ ഫ്ലവര്‍ നിര്‍മ്മാണം
      • ഒറിഗാമി ഫെസ്റ്റ് -ഒറിഗാമി നിര്‍മ്മാണം
      • കുരുത്തോലക്കളരി
      • വായനയുടെ സ്വര്‍ഗ്ഗം-ബൂക്ക് റിവ്യു-വായിച്ച പുസ്തകം പരിചയപ്പെടുത്തുന്നത്
      • ക്ലേ മോഡലിങ്ങ്
      • കളിവീട് നിര്‍മ്മാണം
      • സാന്റ് ആര്‍ട്ട്
      • ഇലച്ചന്തം-ഇലകള്‍കൊണ്ട് രൂപങ്ങള്‍ നിര്‍മ്മിക്കല്‍
      • പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം-പ്രകൃതി നിരീക്ഷണം

 

സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിലൂടെ ഇംഗ്ലീഷ് ഭാഷാശേഷികളുടെ വികാസവുമായി ബന്ധപ്പെട്ട് ചെയ്ത ശില്പശാലകള്‍

  • The little chef-two-day workshop on cookery show
  • My Dear Puppets- two-day workshop on puppetry
  • The World of Stories- two-day workshop on story telling
  • My Story Book- two-day workshop on developing story books.

 ക്രിയേറ്റീവ് കിഡ്സിന്റെ എല്ലാ ശില്പശാലകളിലും എല്ലാകുട്ടികളും പങ്കെടുക്കണമെന്ന നിര്‍ബന്ധമില്ല.കുട്ടികളുടെ താത്പര്യത്തിനനുസരിച്ച് പങ്കെടുക്കുകയൊ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. ക്രിയേറ്റീവ് കിഡ്സിനെ കുട്ടികളും രക്ഷിതാക്കളും ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.പല പ്രവര്‍ത്തനങ്ങളിലും കുടുംബം ഒന്നാകെ ഏര്‍പ്പെടുന്നുണ്ട്.കുട്ടികള്‍ക്കാവശ്യമായ വസ്തുക്കള്‍ സംഘടിപ്പിച്ചുനല്‍കിയും ഓരോ ഘട്ടത്തിലും അവരോടൊപ്പം ചേര്‍ന്നും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കിവരുന്ന പിന്തുണചെറുതല്ല.പലകുട്ടികളിലും ഉറങ്ങിക്കിടക്കുന്ന കലാപരമായ കഴിവുകള്‍  അധ്യാപകരും തിരിച്ചറിയുന്നത് ഈ ഗ്രൂപ്പ് നിലവില്‍ വന്നതിനുശേഷമാണ്.


"മാഷേ,ശനി,ഞായര്‍ ദിവസങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് കുട്ടികള്‍.കുട്ടികള്‍ പൂര്‍ണ്ണമായും ഈ പ്രവര്‍ത്തനത്തില്‍ മുഴുകുന്നു.അന്നവര്‍ക്ക് ടി.വി.പോലും കാണണ്ട.അത്രയും താതപര്യമാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍...”

ക്രിയേറ്റീവ് കിഡ്സിന്റെ  ഒരുപരിപാടിയില്‍ ഒരു രക്ഷിതാവ് പറഞ്ഞ വാക്കുകളാണിത്.


 

Sunday, 16 May 2021

ഓണ്‍ലൈന്‍പഠനം എങ്ങനെ തുടരണം?10 നിര്‍ദ്ദേശങ്ങള്‍


 

 കോവിഡ് രണ്ടാംവരവ് രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാധ്യത കുറവാണ്.ഓണ്‍ലൈന്‍ ക്ലാസ്സ് തുടരും എന്ന് സര്‍ക്കാരും വ്യാക്തമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇനി എങ്ങനെ തുടരണം എന്നതു  സംബന്ധിച്ച് 10 നിര്‍ദ്ദേശങ്ങള്‍  മുന്നോട്ടുവയ്ക്കുകയാണ് ഗവ.യു.പി.സ്ക്കൂള്‍ പുറച്ചേരി.

 

 1. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് തങ്ങളുടെ കുട്ടികളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഓരോ വിദ്യാലയവും തയ്യാറാവണം.. എല്ലാകുട്ടികള്‍ക്കും ടി.വി., ഇന്റര്‍നെറ്റ്,ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടോ,ഓണ്‍ലൈന്‍ ക്ലാസ്സില്‍ കുട്ടികളുടെ പങ്കാളിത്തം എത്രത്തോളമുണ്ട്,കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടോ,കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായം എത്രത്തോളം ലഭ്യമാണ് തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കണം.സര്‍വ്വേയിലൂടെ വിവരങ്ങള്‍ ശേഖരിക്കാം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേണം പ്രവര്‍ത്തനങ്ങളള്‍ ആസൂത്രണം ചെയ്യാന്‍.എല്ലാകുട്ടികള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാണ് എന്ന് ഉറപ്പുവരുത്തണം.പി.ടി.എ,ക്ലബ്ലുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹായം തേടണം.കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിദ്യാലയം നടത്തിയ സര്‍വ്വേ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഏറെ സഹായകമാകുകയുണ്ടായി.

2.വിദ്യാര്‍ത്ഥികളുമായി നേരിട്ടു സംവദിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസിനുചില പരിമിതികളുണ്ട്.  ടീച്ചര്‍ക്ക് കുട്ടികളുമായി സംവദിക്കാന്‍ കഴിയുമ്പോഴാണ് പഠനം നടക്കുക.അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്  കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്നതില്‍ പരിമിതിയുണ്ട്.പക്ഷേ, അതു ഒരു പഠനപരിസരം ഉണ്ടാക്കുന്നുണ്ട്. ഈ പഠനപരിസരത്തില്‍ നിന്നുകൊണ്ടു പഠനത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍  വിദ്യാലയങ്ങളുടെയും പഠിപ്പിക്കുന്ന അധ്യാപകരുടേയും സജീവമായ ഇടപെടല്‍  ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഉണ്ടാവണം.അത് സ്ക്കൂള്‍ തലത്തില്‍ കുട്ടികളുടെ അധ്യാപകര്‍ എടുക്കുന്ന ക്ലാസ്സുകളാകാം.വാട്സ് ആപ്പ് ചര്‍ച്ചാക്ലാസുകളാകാം. അതാതു ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഇത്.ഓരോ ക്ലാസിലും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി നല്‍കേണ്ടത് കുട്ടികളുടെ ടീച്ചര്‍ തന്നെയായിരിക്കണം.കഴിഞ്ഞ ഒരു അക്കാദമികവര്‍ഷം മുഴുവന്‍ ഈ രീതില്‍ വാട്സ് ആപ്പ് വഴി ഞങ്ങള്‍ തുടര്‍ ചര്‍ച്ചാക്ലാസ്സുകള്‍ നടത്തിയിരുന്നു..അത് കുട്ടികള്‍ക്ക് ഏറെ ഫലപ്രദമായിരുന്നു.എന്നാല്‍ സ്ക്കൂള്‍തലത്തിലുള്ള ക്ലാസുകള്‍ക്ക് പ്രഥമ പരിഗണന നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാമതാക്കണം എന്ന നിര്‍ദ്ദേശം ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നതു കണ്ടു.അതിനോട് യോജിക്കുന്നില്ല.ഓണ്‍ലൈന്‍ ക്ലാസിനു പിന്നില്‍ മികച്ച സാങ്കേതിക വിദഗ്ദരുണ്ട്.അതുപോലെ
എല്ലാവിദ്യാലയങ്ങള്‍ക്കും ചെയ്യാന്‍ കഴിയണമെന്നില്ല.മാത്രമല്ല,ടി.വി.പോലെ നമ്മുടെ എല്ലാ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യതയില്ല എന്നതുകൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്.

3.കുട്ടികളെ സ്വയം പഠനത്തിലേക്ക് നയിക്കുന്ന രീതിയില്‍ സ്ക്കൂള്‍ തലത്തില്‍ അധ്യാപകര്‍ നടത്തുന്ന തുടര്‍ചര്‍ച്ചാ ക്ലാസുകളുടെ ബോധനരീതി മെച്ചപ്പെടുത്തേണ്ടതുണ്ട്.വെല്ലുുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം കണ്ടെത്താന്‍ പ്രരിപ്പിച്ചും കുട്ടികളുടെ ദൃശ്യപരമായ ആവിഷ്ക്കാരങ്ങള്‍ക്ക് അവസരം നല്‍കിയും ചര്‍ച്ചകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കണം.

 

 
4.ഈ വര്‍ഷം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ retelecast ചെയ്താല്‍പോരെ എന്നതാണ് മറ്റൊരു ചോദ്യം.അപൂര്‍വ്വം ചില ക്ലാസുകള്‍ മികച്ചതായിരുന്നുവെങ്കിലും ഭൂരിപക്ഷവും അങ്ങനെയല്ല.ഏക പക്ഷീയമായ പറച്ചിലുകളായി പലപ്പോഴും ക്ലാസുകള്‍ ചുറുങ്ങിപ്പോകുന്നുണ്ട്.സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ക്ലാസിന്റെ ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്.ഭാഷാക്ലാസുകള്‍ പലപ്പോഴും  കഥപറച്ചിലുകളായി ചുരുങ്ങിപ്പോകുന്നുണ്ട്.അതിനെ  പാഠത്തിന്റെ വായനയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല.അതുകാരണം തുടര്‍ചര്‍ച്ചാക്ലാസുകളില്‍ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരാന്‍ അധ്യാപകര്‍ക്ക് നന്നേ ക്ലേശിക്കേണ്ടിവരുന്നുണ്ട്.മികച്ച ക്ലാസ്സുകള്‍ നലനിര്‍ത്തിക്കൊണ്ട് മറ്റുള്ളവ ഉടച്ചുവാര്‍ക്കണം. ക്ലാസ്സിന്റെ അവതരണരീതിയെക്കുറിച്ച് കാര്യമായ പുനരാലോചന ആവശ്യമാണ്.ഓണ്‍ലൈന്‍ ക്ലാസ്സുകളും വിദ്യാലയത്തിലെ അധ്യാപകര്‍ നടത്തുന്ന തുടര്‍ചര്‍ച്ചാ ക്ലാസ്സുകളും പരസ്പര പൂരകമായിരിക്കണം.

5.ഓണ്‍ലൈന്‍ പഠനത്തില്‍ വിലയിരുത്തല്‍ എങ്ങനെയായരിക്കണം എന്നത് ഗൗരവമായി ആലോചിക്കേണ്ട വിഷയമാണ്.കുട്ടി പഠന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അയക്കുന്ന മുറയ്ക് അവയുടെ വിലയിരുത്തല്‍ നടത്തി ഫീഡ്ബാക്ക് നല്‍കാന്‍ അധ്യാപകര്‍ തയ്യാറാകണം.കുട്ടികളുടെ പഠനഉത്പ്പന്നങ്ങള്‍ ഗ്രൂപ്പില്‍ പരസ്പരം വിലയിരുത്താനുള്ള അവസരവും  നല്‍കേണ്ടതാണ്.നിരന്തരവിലയിരുത്തല്‍ ക്ലാസുമുറിയിലേതിനാക്കാള്‍ പ്രായോഗികമായി നടത്താന്‍ ഓണ്‍ലൈന്‍ ക്ലാസ്സിലെ അധ്യാപകരുടെ ഇടപെടലിലൂടെ കഴിയും എന്നത് ഞങ്ങള്‍ക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ഇങ്ങനെ വിലയിരുത്തുന്നതിലൂടെയാണ് കുട്ടികളെ പഠനത്തില്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുക.ടേം വിലയിരുത്തല്‍ ഒഴിവാക്കുന്നതാണ് നല്ലത്.


6.ഓണ്‍ലൈന്‍ ക്ലാസ്സിന്റെ സമയദൈര്‍ഘ്യം എന്നത് പരിഗണിഗണിക്കപ്പെടേണ്ട ഒരു പ്രധാനപ്പെട്ട വിഷയമാണ്.കുട്ടികളുടെ പ്രായവും അവരുടെ attention span നും പരിഗണിച്ചുവേണം തീരുമാനത്തിലെത്താന്‍.ഓണ്‍ലൈന്‍ ക്ലാസ്സ് ഏകപക്ഷിയമായതുകൊണ്ട് ക്ലാസ്സിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് കുട്ടികള്‍ കൊഴിഞ്ഞുപോകും.പ്രൈമറി ക്ലാസ്സില്‍ ഒരു ദിവസം അര മണിക്കൂര്‍ മാത്രമേ ഫെസ്റ്റ് ബെല്‍ ക്ലാസ്സ് പാടുള്ളു.ഇതിനെ ആസ്പദമാക്കി ഒരു മണിക്കൂര്‍ അധ്യാപകരുടെ ചര്‍ച്ചാക്ലാസ്സും.(അതേ ദിവസം മറ്റൊരു സമയത്തില്‍)ഫെസ്റ്റ്ബെല്‍ ക്ലാസ്സില്‍ ഫെബ്രുവരിമാസം മുതല്‍ രണ്ടുവീതം ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ക്ലാസ്സില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായതായാണ് ഞങ്ങളുടെ അനുഭവം.

7.കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു ഞങ്ങള്‍ പുസ്തകവണ്ടി ആരംഭിച്ചത്.വിദ്യാലയത്തിന്റെ കാച്ച്മെന്റെ ഏരിയയെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ഈ ക്ലസ്റ്ററുകള്‍ കേന്ദീകരിച്ചായിരുന്നു ഞങ്ങളുടെ പുസ്തകവിതരണം.രക്ഷിതാക്കളില്‍ ആരുടേയെങ്കിലും വീടോ,പൊതുസ്ഥലമോ ക്ലബ്ബ്കളോ ഒക്കെയായിരുന്നു കേന്ദ്രങ്ങള്‍.ഓരോ ക്ലസ്റ്ററിലും 10 മുതല്‍ 15വരെ കുട്ടികള്‍.കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍,വായന വിലയിരുത്തല്‍,കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ വിലയിരുത്തല്‍ ,ഗണിതത്തിലും മറ്റുമുളള സംശയങ്ങള്‍ തീര്‍ത്തുകൊടുക്കല്‍ എന്നിവയായിരുന്നു ഇവിടെ നടന്നത്.രോഗവ്യാപനം കുവായ ഇടങ്ങളില്‍ ഇത്തരം ക്ലസ്റ്ററുകള്‍ കുട്ടികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്.


8.കുട്ടികള്‍ക്ക് സ്വയം ആവിഷ്ക്കരിക്കാനുള്ള അവസരം നല്‍കുന്നതിലൂടെ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ വിരസത മാറ്റിയടുക്കാന്‍ കഴിയും.കഴിഞ്ഞ വര്‍ഷം വീട്ടില്‍ ഒരു ലബോറട്ടറി എന്ന പ്രവര്‍ത്തനം ഞങ്ങള്‍ ആസൂത്രണം ചെയ്തത് ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു.കുട്ടികള്‍ ആവേശത്തോടെയായിരുന്ന് അത് ഏറ്റെടുത്തത്.സയന്‍സ്,ഗണിതം.സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ 90ശതമാനം കുട്ടികളും അതില്‍ പങ്കാളികളായി.പിന്നീട് ഈ പ്രവര്‍ത്തനം SSA ഏറ്റെടുത്ത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയുണ്ടായി.അതുപോലെ കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരങ്ങള്‍ക്കും അവസരം നല്‍കേണ്ടതുണ്ട്.നമ്മുടെ ക്രയേറ്റീവ് കിഡ്സ് എന്ന വാട്സ് ആപ്പ് കൂട്ടായ്മ ഈ ഉദ്ദേശത്തോടെ രൂപീകരിച്ചതാണ്.ഓരോ ആഴ്ടയിലും വ്യത്യസ്തമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നു. കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നല്ല സ്വീകാര്യതയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.കുട്ടികളുടെ വിരസത മാറ്റാനും മാനസിക ഉല്ലാസത്തിനും ഇത് ഏറെ പ്രയോജനകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൂടി ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഭാഗമാക്കണം.

9.സ്ക്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോഴുള്ള പാഠ്യപദ്ധതി ഓണ്‍ലൈന്‍ ക്ലാസ്സിലും അതുപോലെ തുടരുന്നത് ഗുണകരമാകില്ല.ഓണ്‍ലൈന്‍ ക്ലാസ്സിന് യോജിക്കുന്ന രീതിയില്‍ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണം.അതിന്റെ ഉള്ളടക്കത്തില്‍ കുറവുവരുത്തണം.ഫോക്കസ് ഏരിയകള്‍ നിശ്ചയിക്കണം.പഠനനേട്ടങ്ങള്‍ കൃത്യതപ്പെടുത്തണം.

10.ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതുകൊണ്ട് അവരുടെ ഇടപെടലിന് കുട്ടിയുടെ പഠനത്തില്‍ വലിയ സ്വാധീനമുണ്ട്.അതിനാല്‍ ഓണ്‍ലൈന്‍ പഠനത്തില്‍ എങ്ങനെ,എത്രത്തോളം ഇടപെടണമെന്നത് രക്ഷിതാക്കള്‍ പഠിച്ചെടുക്കേണ്ടതുണ്ട്.അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നല്‍കണം.




Saturday, 30 January 2021

കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളുമായി പുസ്തകവണ്ടി


 

 പുറച്ചേരി ഗവ.യു.പി.സ്ക്കൂളിന്റെ പുസ്തകവണ്ടി കുട്ടികള്‍ ഏറ്റെടുത്തു കഴിഞ്ഞു.പുസ്തകവണ്ടിയില്‍ നിന്നും അവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.ഈ മഹാമാരിക്കാലത്ത് വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ പുസ്തകങ്ങളാണ് അവര്‍ക്ക് കൂട്ട്.സ്ക്കൂള്‍ ലൈബ്രറിയിലെ ഒട്ടുമിക്ക പുസ്തകങ്ങളും കുട്ടികളുടെ വീടുകളില്‍ എത്തിക്കഴിഞ്ഞു.മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ പുസ്തകവണ്ടി വീടിനടുത്തെത്തും.അപ്പോള്‍ വായിച്ച പുസ്തകങ്ങള്‍ മാറ്റിയെടുക്കാം.

അധ്യാപകര്‍ അവരുടെ കൈകളിലെത്തിച്ചു നല്‍കുന്ന പുസ്തകങ്ങള്‍ അവര്‍ക്ക് വായിക്കാതിരിക്കാന്‍ കഴിയുമോ?

 ഇനി പുസ്തകവണ്ടിയുടെ യാത്ര


എങ്ങനെയാണെന്നുനോക്കാം.
പുസ്തകവണ്ടിയുടെ യാത്ര ഓരോ ക്ലസ്റ്ററുകളിലേക്കുമാണ്.ഒരു ക്ലസ്റ്ററില്‍ പരമാവധി 10-15 വരെ കുട്ടികളാണുണ്ടാവുക.പുസ്തകവണ്ടി എത്തിച്ചേരുന്ന സ്ഥലവും സമയവുംഓരോ കേന്ദ്രത്തിലും എത്തിച്ചേരേണ്ട  കുട്ടികളുടെ പേരുവിവരവും അവരെ മുന്‍കൂട്ടി അറിയിക്കും.

 ക്ലസ്റ്റര്‍ കേന്ദ്രം ഒരു കുട്ടിയുടെ വീടോ ക്ലബ്ബോ റോഡരികിലുള്ള ഒരു മരത്തണലോ മറ്റോ ആയിരിക്കും.കുട്ടികളുടെ വീടുകള്‍ക്ക് തൊട്ടടുത്തുള്ള സ്ഥലം.ഇങ്ങനെ ഓരോ പ്രദേശത്തേയും നാലു ക്ലാസ്റ്ററുകളായി തിരിച്ചിരിക്കുന്നു.ആകെ പ്രദേശങ്ങള്‍ അഞ്ചും.ഒരു ദിവസം രണ്ടു പ്രദേശങ്ങളിലേക്ക് രണ്ടു വണ്ടികളാണ് പുറപ്പെടുക. മൂന്നു ദിവസം കൊണ്ട് (ഒരു ദിവസം ഉച്ചവരെയുള്ള സമയം മതിയാകും)മുഴുവന്‍ കുട്ടികള്‍ക്കും പുസ്തകം വിതണം ചെയ്യാന്‍ കഴിയും

 

എം.ടി,കാരൂര്‍,പുനത്തില്‍,എന്‍.പി. മുഹമ്മദ്,പൊന്‍കുന്നം വര്‍ക്കി,ലളിതാംബിംകാ അന്തര്‍ജ്ജനം,,അഷിത,സുഭാഷ്ചന്ദ്രന്‍,പ്രയ.എ.എസ്. തുടങ്ങിയ പ്രശസ്തരായ എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ ബാലസാഹിത്യകൃതികള്‍,കുട്ടികളുടെ പ്രിയപ്പെട്ട ബാലസാഹിത്യകാരായ പി.നരേന്ദ്രനാഥ്,മാലി,സുമംഗല,മുഹമ്മ രമണന്‍,കെ.ശ്രീകുമാര്‍,കിളിരൂര്‍ രാധാകൃഷ്ണന്‍,പ്രൊ.എസ്.ശിവദാസ് തുടങ്ങിയവരുടേതുള്‍പ്പടെ വിപുലമായ പുസ്തകശേഖരം പുസ്തകവണ്ടിയിലുണ്ട്.കൂടാതെ നരവധി ഇംഗ്ലീഷ് പുസ്തകങ്ങളും.കുട്ടികള്‍ക്ക് ഇതില്‍ ഇഷ്ടപ്പെട്ട രണ്ടോ മൂന്നോ പുസ്തകങ്ങള്‍ തിരഞ്ഞടുക്കാം.

പുസ്തകവണ്ടിയുടെ ഒന്നാംഘട്ടയാത്രയ്ക്കുശേഷം രണ്ടാം ഘട്ടയാത്രയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നല്ല സ്വീകരണമാണ് പുസ്തകവണ്ടിക്ക് ലഭിക്കുന്നത്.ഡിജിറ്റല്‍ ലോകത്ത് മുഴുകിയിരിക്കുന്ന കുട്ടികളെ പുസ്തകവായനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് പുസ്തകവണ്ടിയുടെ ഓരോ യാത്രയും.വീട്ടില്‍ അടച്ചിരിക്കുന്ന കുട്ടികളെ സാന്ത്വനപ്പെടുത്താന്‍ പുസ്തകങ്ങളോളം മറ്റാര്‍ക്കാണ് കഴിയുക?

Pusthakavandi