ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 16 May 2021

ഓണ്‍ലൈന്‍പഠനം എങ്ങനെ തുടരണം?10 നിര്‍ദ്ദേശങ്ങള്‍


 

 കോവിഡ് രണ്ടാംവരവ് രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാധ്യത കുറവാണ്.ഓണ്‍ലൈന്‍ ക്ലാസ്സ് തുടരും എന്ന് സര്‍ക്കാരും വ്യാക്തമാക്കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇനി എങ്ങനെ തുടരണം എന്നതു  സംബന്ധിച്ച് 10 നിര്‍ദ്ദേശങ്ങള്‍  മുന്നോട്ടുവയ്ക്കുകയാണ് ഗവ.യു.പി.സ്ക്കൂള്‍ പുറച്ചേരി.

 

 1. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് തങ്ങളുടെ കുട്ടികളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ ഓരോ വിദ്യാലയവും തയ്യാറാവണം.. എല്ലാകുട്ടികള്‍ക്കും ടി.വി., ഇന്റര്‍നെറ്റ്,ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടോ,ഓണ്‍ലൈന്‍ ക്ലാസ്സില്‍ കുട്ടികളുടെ പങ്കാളിത്തം എത്രത്തോളമുണ്ട്,കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടോ,കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായം എത്രത്തോളം ലഭ്യമാണ് തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കണം.സര്‍വ്വേയിലൂടെ വിവരങ്ങള്‍ ശേഖരിക്കാം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേണം പ്രവര്‍ത്തനങ്ങളള്‍ ആസൂത്രണം ചെയ്യാന്‍.എല്ലാകുട്ടികള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാണ് എന്ന് ഉറപ്പുവരുത്തണം.പി.ടി.എ,ക്ലബ്ലുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹായം തേടണം.കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിദ്യാലയം നടത്തിയ സര്‍വ്വേ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഏറെ സഹായകമാകുകയുണ്ടായി.

2.വിദ്യാര്‍ത്ഥികളുമായി നേരിട്ടു സംവദിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസിനുചില പരിമിതികളുണ്ട്.  ടീച്ചര്‍ക്ക് കുട്ടികളുമായി സംവദിക്കാന്‍ കഴിയുമ്പോഴാണ് പഠനം നടക്കുക.അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്  കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്നതില്‍ പരിമിതിയുണ്ട്.പക്ഷേ, അതു ഒരു പഠനപരിസരം ഉണ്ടാക്കുന്നുണ്ട്. ഈ പഠനപരിസരത്തില്‍ നിന്നുകൊണ്ടു പഠനത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍  വിദ്യാലയങ്ങളുടെയും പഠിപ്പിക്കുന്ന അധ്യാപകരുടേയും സജീവമായ ഇടപെടല്‍  ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഉണ്ടാവണം.അത് സ്ക്കൂള്‍ തലത്തില്‍ കുട്ടികളുടെ അധ്യാപകര്‍ എടുക്കുന്ന ക്ലാസ്സുകളാകാം.വാട്സ് ആപ്പ് ചര്‍ച്ചാക്ലാസുകളാകാം. അതാതു ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഇത്.ഓരോ ക്ലാസിലും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി നല്‍കേണ്ടത് കുട്ടികളുടെ ടീച്ചര്‍ തന്നെയായിരിക്കണം.കഴിഞ്ഞ ഒരു അക്കാദമികവര്‍ഷം മുഴുവന്‍ ഈ രീതില്‍ വാട്സ് ആപ്പ് വഴി ഞങ്ങള്‍ തുടര്‍ ചര്‍ച്ചാക്ലാസ്സുകള്‍ നടത്തിയിരുന്നു..അത് കുട്ടികള്‍ക്ക് ഏറെ ഫലപ്രദമായിരുന്നു.എന്നാല്‍ സ്ക്കൂള്‍തലത്തിലുള്ള ക്ലാസുകള്‍ക്ക് പ്രഥമ പരിഗണന നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാമതാക്കണം എന്ന നിര്‍ദ്ദേശം ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നതു കണ്ടു.അതിനോട് യോജിക്കുന്നില്ല.ഓണ്‍ലൈന്‍ ക്ലാസിനു പിന്നില്‍ മികച്ച സാങ്കേതിക വിദഗ്ദരുണ്ട്.അതുപോലെ
എല്ലാവിദ്യാലയങ്ങള്‍ക്കും ചെയ്യാന്‍ കഴിയണമെന്നില്ല.മാത്രമല്ല,ടി.വി.പോലെ നമ്മുടെ എല്ലാ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യതയില്ല എന്നതുകൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്.

3.കുട്ടികളെ സ്വയം പഠനത്തിലേക്ക് നയിക്കുന്ന രീതിയില്‍ സ്ക്കൂള്‍ തലത്തില്‍ അധ്യാപകര്‍ നടത്തുന്ന തുടര്‍ചര്‍ച്ചാ ക്ലാസുകളുടെ ബോധനരീതി മെച്ചപ്പെടുത്തേണ്ടതുണ്ട്.വെല്ലുുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം കണ്ടെത്താന്‍ പ്രരിപ്പിച്ചും കുട്ടികളുടെ ദൃശ്യപരമായ ആവിഷ്ക്കാരങ്ങള്‍ക്ക് അവസരം നല്‍കിയും ചര്‍ച്ചകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കണം.

 

 
4.ഈ വര്‍ഷം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ retelecast ചെയ്താല്‍പോരെ എന്നതാണ് മറ്റൊരു ചോദ്യം.അപൂര്‍വ്വം ചില ക്ലാസുകള്‍ മികച്ചതായിരുന്നുവെങ്കിലും ഭൂരിപക്ഷവും അങ്ങനെയല്ല.ഏക പക്ഷീയമായ പറച്ചിലുകളായി പലപ്പോഴും ക്ലാസുകള്‍ ചുറുങ്ങിപ്പോകുന്നുണ്ട്.സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ക്ലാസിന്റെ ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്.ഭാഷാക്ലാസുകള്‍ പലപ്പോഴും  കഥപറച്ചിലുകളായി ചുരുങ്ങിപ്പോകുന്നുണ്ട്.അതിനെ  പാഠത്തിന്റെ വായനയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല.അതുകാരണം തുടര്‍ചര്‍ച്ചാക്ലാസുകളില്‍ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരാന്‍ അധ്യാപകര്‍ക്ക് നന്നേ ക്ലേശിക്കേണ്ടിവരുന്നുണ്ട്.മികച്ച ക്ലാസ്സുകള്‍ നലനിര്‍ത്തിക്കൊണ്ട് മറ്റുള്ളവ ഉടച്ചുവാര്‍ക്കണം. ക്ലാസ്സിന്റെ അവതരണരീതിയെക്കുറിച്ച് കാര്യമായ പുനരാലോചന ആവശ്യമാണ്.ഓണ്‍ലൈന്‍ ക്ലാസ്സുകളും വിദ്യാലയത്തിലെ അധ്യാപകര്‍ നടത്തുന്ന തുടര്‍ചര്‍ച്ചാ ക്ലാസ്സുകളും പരസ്പര പൂരകമായിരിക്കണം.

5.ഓണ്‍ലൈന്‍ പഠനത്തില്‍ വിലയിരുത്തല്‍ എങ്ങനെയായരിക്കണം എന്നത് ഗൗരവമായി ആലോചിക്കേണ്ട വിഷയമാണ്.കുട്ടി പഠന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അയക്കുന്ന മുറയ്ക് അവയുടെ വിലയിരുത്തല്‍ നടത്തി ഫീഡ്ബാക്ക് നല്‍കാന്‍ അധ്യാപകര്‍ തയ്യാറാകണം.കുട്ടികളുടെ പഠനഉത്പ്പന്നങ്ങള്‍ ഗ്രൂപ്പില്‍ പരസ്പരം വിലയിരുത്താനുള്ള അവസരവും  നല്‍കേണ്ടതാണ്.നിരന്തരവിലയിരുത്തല്‍ ക്ലാസുമുറിയിലേതിനാക്കാള്‍ പ്രായോഗികമായി നടത്താന്‍ ഓണ്‍ലൈന്‍ ക്ലാസ്സിലെ അധ്യാപകരുടെ ഇടപെടലിലൂടെ കഴിയും എന്നത് ഞങ്ങള്‍ക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ഇങ്ങനെ വിലയിരുത്തുന്നതിലൂടെയാണ് കുട്ടികളെ പഠനത്തില്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുക.ടേം വിലയിരുത്തല്‍ ഒഴിവാക്കുന്നതാണ് നല്ലത്.


6.ഓണ്‍ലൈന്‍ ക്ലാസ്സിന്റെ സമയദൈര്‍ഘ്യം എന്നത് പരിഗണിഗണിക്കപ്പെടേണ്ട ഒരു പ്രധാനപ്പെട്ട വിഷയമാണ്.കുട്ടികളുടെ പ്രായവും അവരുടെ attention span നും പരിഗണിച്ചുവേണം തീരുമാനത്തിലെത്താന്‍.ഓണ്‍ലൈന്‍ ക്ലാസ്സ് ഏകപക്ഷിയമായതുകൊണ്ട് ക്ലാസ്സിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് കുട്ടികള്‍ കൊഴിഞ്ഞുപോകും.പ്രൈമറി ക്ലാസ്സില്‍ ഒരു ദിവസം അര മണിക്കൂര്‍ മാത്രമേ ഫെസ്റ്റ് ബെല്‍ ക്ലാസ്സ് പാടുള്ളു.ഇതിനെ ആസ്പദമാക്കി ഒരു മണിക്കൂര്‍ അധ്യാപകരുടെ ചര്‍ച്ചാക്ലാസ്സും.(അതേ ദിവസം മറ്റൊരു സമയത്തില്‍)ഫെസ്റ്റ്ബെല്‍ ക്ലാസ്സില്‍ ഫെബ്രുവരിമാസം മുതല്‍ രണ്ടുവീതം ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയതോടെ ക്ലാസ്സില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായതായാണ് ഞങ്ങളുടെ അനുഭവം.

7.കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു ഞങ്ങള്‍ പുസ്തകവണ്ടി ആരംഭിച്ചത്.വിദ്യാലയത്തിന്റെ കാച്ച്മെന്റെ ഏരിയയെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ഈ ക്ലസ്റ്ററുകള്‍ കേന്ദീകരിച്ചായിരുന്നു ഞങ്ങളുടെ പുസ്തകവിതരണം.രക്ഷിതാക്കളില്‍ ആരുടേയെങ്കിലും വീടോ,പൊതുസ്ഥലമോ ക്ലബ്ബ്കളോ ഒക്കെയായിരുന്നു കേന്ദ്രങ്ങള്‍.ഓരോ ക്ലസ്റ്ററിലും 10 മുതല്‍ 15വരെ കുട്ടികള്‍.കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍,വായന വിലയിരുത്തല്‍,കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ വിലയിരുത്തല്‍ ,ഗണിതത്തിലും മറ്റുമുളള സംശയങ്ങള്‍ തീര്‍ത്തുകൊടുക്കല്‍ എന്നിവയായിരുന്നു ഇവിടെ നടന്നത്.രോഗവ്യാപനം കുവായ ഇടങ്ങളില്‍ ഇത്തരം ക്ലസ്റ്ററുകള്‍ കുട്ടികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്.


8.കുട്ടികള്‍ക്ക് സ്വയം ആവിഷ്ക്കരിക്കാനുള്ള അവസരം നല്‍കുന്നതിലൂടെ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ വിരസത മാറ്റിയടുക്കാന്‍ കഴിയും.കഴിഞ്ഞ വര്‍ഷം വീട്ടില്‍ ഒരു ലബോറട്ടറി എന്ന പ്രവര്‍ത്തനം ഞങ്ങള്‍ ആസൂത്രണം ചെയ്തത് ഈ ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു.കുട്ടികള്‍ ആവേശത്തോടെയായിരുന്ന് അത് ഏറ്റെടുത്തത്.സയന്‍സ്,ഗണിതം.സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ 90ശതമാനം കുട്ടികളും അതില്‍ പങ്കാളികളായി.പിന്നീട് ഈ പ്രവര്‍ത്തനം SSA ഏറ്റെടുത്ത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയുണ്ടായി.അതുപോലെ കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരങ്ങള്‍ക്കും അവസരം നല്‍കേണ്ടതുണ്ട്.നമ്മുടെ ക്രയേറ്റീവ് കിഡ്സ് എന്ന വാട്സ് ആപ്പ് കൂട്ടായ്മ ഈ ഉദ്ദേശത്തോടെ രൂപീകരിച്ചതാണ്.ഓരോ ആഴ്ടയിലും വ്യത്യസ്തമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നു. കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നല്ല സ്വീകാര്യതയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.കുട്ടികളുടെ വിരസത മാറ്റാനും മാനസിക ഉല്ലാസത്തിനും ഇത് ഏറെ പ്രയോജനകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൂടി ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഭാഗമാക്കണം.

9.സ്ക്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോഴുള്ള പാഠ്യപദ്ധതി ഓണ്‍ലൈന്‍ ക്ലാസ്സിലും അതുപോലെ തുടരുന്നത് ഗുണകരമാകില്ല.ഓണ്‍ലൈന്‍ ക്ലാസ്സിന് യോജിക്കുന്ന രീതിയില്‍ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണം.അതിന്റെ ഉള്ളടക്കത്തില്‍ കുറവുവരുത്തണം.ഫോക്കസ് ഏരിയകള്‍ നിശ്ചയിക്കണം.പഠനനേട്ടങ്ങള്‍ കൃത്യതപ്പെടുത്തണം.

10.ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതുകൊണ്ട് അവരുടെ ഇടപെടലിന് കുട്ടിയുടെ പഠനത്തില്‍ വലിയ സ്വാധീനമുണ്ട്.അതിനാല്‍ ഓണ്‍ലൈന്‍ പഠനത്തില്‍ എങ്ങനെ,എത്രത്തോളം ഇടപെടണമെന്നത് രക്ഷിതാക്കള്‍ പഠിച്ചെടുക്കേണ്ടതുണ്ട്.അവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നല്‍കണം.