രാവിലെ അഞ്ചാം ക്ലാസിലെ ശബ്ദകോലാഹലങ്ങളിലേക്കായിരുന്നു ഞാന്‍ കയറിച്ചെന്നത്.കുട്ടികളെല്ലാവരും നാടകം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. യൂനിഫോമിനുമുകളില്‍ അവര്‍ പലതരം വേഷങ്ങള്‍ ധരിച്ചിരിക്കുന്നു.ചിലര്‍ സാരിചുറ്റിയിരിക്കുന്നു.ചിലര്‍ പാവാടയും ദാവണിയും.ചില കുട്ടികള്‍ ഉടുപ്പ് ധരിച്ചിരിക്കുന്നു.ഉക്കത്ത് പാവക്കൂഞ്ഞുങ്ങളേയും കൊണ്ടാണ് ചിലരുടെ നടപ്പ്.കാവി മുണ്ടും ലുങ്കിയുമൊക്കെയാണ്ആണ്‍കുട്ടികളുടെ വേഷം.മുഖത്ത് മുഴുവന്‍ പൗഡര്‍ പൂശി,മീശ വരച്ച്,മുടിനരപ്പിച്ച് വടിയും കുത്തി നടക്കുകയാണ് ചിലര്‍. ഇടയ്ക്ക് ഗ്രൂപ്പുകള്‍ ഒത്തുചേരുന്നു.ഗ്രൂപ്പു ലീഡര്‍മാര്‍ അവസാന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.പെട്ടെന്ന് കൂട്ടിച്ചര്‍ക്കാന്‍ തോന്നിയ രംഗങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്.ഓരോരുത്തരും എന്തു പറയണമെന്നും എങ്ങനെ അഭിനയിക്കണമെന്നും..
എല്ലാവരും വലിയ സന്തോഷത്തിലാണ്.കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളിലായി അവര്‍ തയ്യാറെടുപ്പിലായിരുന്നു.ഓരോ ഗ്രൂപ്പിന്റേയും ആലോചന.ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റിഹേഴ്സല്‍.വീണ്ടും ആലോചന.വീണ്ടും റിഹേഴ്സല്‍.
മുന്‍കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് ഇല്ലാത്തതുകൊണ്ട് ഓരോ അവതരണത്തിലും നാടകം മാറിക്കൊണ്ടേയിരിക്കും. അവരുടെ ഭാവനയ്ക്കനുരിച്ച് പുതിയ കഥാപ്പാത്രങ്ങള്‍ പിറവികൊള്ളും.പുതിയ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചിലത് ഒഴിവാക്കപ്പെടുകയും ചെയ്യും.ശരിക്കും പഠനം നടക്കുന്നത് റിഹേഴ്ല്‍ സമയത്താണ്.
ഈ ആഴ്ചത്തെ ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമായാണ് നാടകം നല്‍കിയത്.വിഷയം 'ശുചിത്വം'.നന്നായി അവതരിപ്പിച്ചാലേ മികച്ച ഗ്രേഡു ലഭിക്കൂ.ഇങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന ഗ്രേഡുകളുടെ പോയന്റുകള്‍ കൂട്ടിനോക്കിയാണ് മാസത്തിലെ ഏറ്റവും നല്ല ഗ്രൂപ്പിനെ കണ്ടെത്തുക.
ക്ലാസില്‍ സ്വതവേ മിണ്ടാതിരിക്കുന്ന ഗോപികയുടെ വേഷവും നടപ്പും സംസാരവും എന്നെ അത്ഭുതപ്പെടുത്തി.ഈ കുട്ടിക്ക് ഇങ്ങനേയും സംസാരിക്കാന്‍ അറിയുമോ?അവള്‍ മുടിയഴിച്ചിട്ട്,തന്റെ ദാവണിത്തുമ്പില്‍ വിരല്‍ ചുറ്റി ഒരു ഭ്രാന്തിയായി അഭിനയിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.
ക്ലാസുമുറിയിലെ നാടകം, കുട്ടികളെ അവരുടെ നിലവിലുള്ള അവസ്ഥയില്‍ നിന്നും ഒരു പടി മുകളിലേക്ക് ഉയര്‍ത്തും.അവര്‍ വളര്‍ച്ചയുടെ,വികാസത്തിന്റെ ഒരു പടി ചവുട്ടിക്കയറും.നാടകത്തിലൂടെയുള്ള ആവിഷ്ക്കാരം കുട്ടികളുടെ മനസ്സിനെ ശാന്തമാക്കും.നാടകത്തിലൂടെ കുട്ടികള്‍ മുതിര്‍ന്നവരുടെ ജീവിതത്തെ അങ്ങുമിങ്ങും തൊട്ടറിയും.അതവരെ ആഹ്ലാദിപ്പിക്കും. നാടകം കളിക്കാന്‍ അവസരം നല്‍കുന്ന ക്ലാസുമുറിയിലേക്ക് കുട്ടികള്‍ ഓടിയെത്താന്‍ ആഗ്രഹിക്കും.അവരുടെ സര്‍ഗാത്മകതയ്ക്ക് ഉണര്‍വ്വ് നല്‍കാന്‍ അത്തരം ക്ലാസുമുറികള്‍ക്കു മാത്രമേ കഴിയൂ.
ഞാന്‍ കണ്ണനെ നോക്കി.അവന്‍ എല്ലാവരില്‍ നിന്നും മാറി ക്ലാസിന്റെ ഒരു മൂലയില്‍ ഇരിക്കുകയാണ്. കൈയില്‍ ഒരു പൊട്ടിയ കണ്ണാടിയുണ്ട്.അവന്‍ മുഖത്ത് ഒരു കൊമ്പന്‍ മീശ വരച്ചുവച്ചിരിക്കുന്നു.നല്ല ഭംഗിയുള്ള വലിയ മീശ.യൂണിഫോമിനു മുകളില്‍ അവന്‍ ധരിച്ച ചുവന്ന കുപ്പായം അവനെ ഒരു മുതിര്‍ന്ന കുട്ടിയെപ്പോലെ തോന്നിച്ചു. അവന്‍ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതേയില്ല.ഇടക്കിടെ കണ്ണാടിയിലേക്ക് നോക്കുന്നു.കണ്‍മഷികൊണ്ട് തന്റെ മീശയില്‍ ടച്ച് അപ്പ് ചെയ്യുന്നു.വീണ്ടും കണ്ണാടിയിലേക്ക് നോക്കുന്നു.ചിരിക്കുന്നു.മുഖം കൊണ്ട് പല ഗോഷ്ടികളും കാണിക്കുന്നു.
കണ്ണന്‍ നാടകത്തിലെ കഥാപ്പാത്രമായി പതുക്കെ മാറുകയാണോ?
മറ്റു കുട്ടികള്‍ കണ്ണനെക്കുറിച്ച് എപ്പോഴും പരാതി പറയും.അവരെ ഉപദ്രവിക്കുന്നതിനെക്കുറിച്ച്.അവന്‍ കാട്ടുന്ന വികൃതികളെക്കുറിച്ച്.ക്ലാസില്‍ അടങ്ങിയിരിക്കാത്തതിനെക്കുറിച്ചും അവന്റെ ശ്രദ്ധക്കുറവിനെക്കുറിച്ചും അധ്യാപികമാരും ഇടക്കിടെ പറയും.
കണ്ണന്റെ അമ്മ അവന്‍ കുഞ്ഞായിരിക്കുമ്പോഴേ മരിച്ചു.അച്ഛന്‍ ഉപേക്ഷിച്ച് പോയി.
മുത്തച്ഛന്റെ സംരക്ഷണത്തിലാണ് അവനിപ്പോള്‍.
"മാഷേ,വായിക്കാന്‍ പറഞ്ഞാല്‍ അവന്‍ വീട്ടില്‍നിന്നും ഇറങ്ങി ഓടും.പിന്നെ അവനെ തിരിച്ചുകൊണ്ടുവരാന്‍ പാടാണ്.അതുകൊണ്ട് ഞാന്‍ വായിക്കാന്‍ പറയാറില്ല.”
ക്ലാസ് പി.ടി.എ.യ്ക്ക് വന്നപ്പോള്‍ അവന്റെ മുത്തച്ഛന്‍ പറഞ്ഞു.
അതാണ് കണ്ണന്‍.ആ കണ്ണനാണ് ക്ലാസിലെ ബഹളങ്ങളില്‍ നിന്നെല്ലാം അകന്നുമാറി, തന്റെ കൈയിലെ പൊട്ടിയ കണ്ണാടിയിലേക്ക് നോക്കി, നിമിഷങ്ങള്‍ക്കകം താന്‍ ആയിത്തീരാന്‍ പോകുന്ന കഥാപ്പാത്രത്തോട് ഏകാന്തമായി സല്ലപിച്ചുകൊണ്ടിരിക്കുന്നത്.
ഏതായിരിക്കും ആ കഥാപ്പാത്രം?കണ്ടറിയണം.
നാടകം തുടങ്ങാനുള്ള സമയമായി.ഓരോ സംഘവും തയ്യാറായി നിന്നു.ഒന്നാം ഗ്രൂപ്പ് അവതരണത്തിനായി വന്നു.
കണ്ണന്‍ ധൃതിയില്‍ അവന്റെ ബാഗ് തുറക്കുന്നതു കണ്ടു.ബാഗില്‍ നിന്നും ഒരു കുപ്പി പുറത്തെടുത്തു.അതില്‍ ചുവന്ന ദ്രാവകം നിറച്ചിരിക്കുന്നു.
"എന്തായിത്?"ഞാന്‍ ചോദിച്ചു.
"കട്ടന്‍ ചായ.നാടകത്തില്‍ കള്ളുകുടിക്കുന്ന ഒരു രംഗമുണ്ട് സാര്‍.”
കണ്ണന്റെ ഗ്രൂപ്പിന്റേതായിരുന്നു ആദ്യ നാടകം.ലോറി ഡ്രൈവര്‍ ഗോപാലന്റെ വേഷമാണ് കണ്ണന്റേത്.ഗോപാലനും കൂട്ടുകാരനും മദ്യപിക്കുന്ന രംഗത്തോടെയാണ് നാടകം തുടങ്ങുന്നത്.മദ്യപിച്ച് ലക്കുകെട്ട ഗോപാലന്‍ വീട്ടിലെത്തുന്നു.വീടും പരിസരവും വൃത്തികേടായിക്കിടക്കുകയാണെന്നും സദാ കള്ളുകുടിച്ചു നടക്കുന്ന നിങ്ങള്‍ക്ക് അതു വൃത്തിയാക്കാനുള്ള വല്ല ചിന്തയുമുണ്ടോ എന്നും ഭാര്യ ചോദിക്കുന്നതോടെ ഗോപാലന്റെ മട്ടുമാറുന്നു.പിന്നെ വഴക്കായി.അടിപിടിയായി.പിറ്റേദിവസം മകള്‍ക്ക് ഡങ്കിപ്പനി പിടിക്കുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കുറ്റബോധം കൊണ്ട് ഗോപാലന്റെ മനസ്സ് നീറുന്നു.ഗോപാലനും അവന്റെ കൂട്ടുകാരും ചേര്‍ന്ന് വീടും പരിസരവും വൃത്തിയാക്കാന്‍ തുടങ്ങുന്നിടത്താണ് നാടകം അവസാനിക്കുന്നത്.
ഗോപാലനായി കണ്ണന്‍ തകര്‍ത്ത് അഭിനയിച്ചു.നാടകം കഴിഞ്ഞപ്പോള്‍ കൂട്ടുകാര്‍ അവനെ അഭിനന്ദിക്കുന്നതു കണ്ടു.അവനെക്കുറിച്ച് എപ്പോഴും പരാതി പറയുന്നവരില്‍നിന്നും അവന് ആദ്യയമായി കിട്ടിയ അഭിനന്ദനം.
"കണ്ണാ, നിന്റെ അഭിനയം നന്നായിരിക്കുന്നു."ഞാന്‍ അവന്റെ കൈപിടിച്ചു കുലുക്കി."മിടുക്കന്‍”.
സന്തോഷം കൊണ്ട് അവന്റെ മുഖം വികസിച്ചു.
"കുഞ്ഞ് മരിച്ചപ്പോള്‍ നീ കരഞ്ഞു കൊണ്ടുപറഞ്ഞ ഡയലോഗ് ഗംഭീരമായി”.
"അതെനിക്ക് അപ്പോള്‍ തോന്നിയതാ, മാഷേ..റിഹേഴ്സല്‍ സമയത്ത് അങ്ങനെയൊരു ഡയലോഗ് പ്ലാന്‍ ചെയ്തിരുന്നില്ല”.
ശുചിത്വം എന്ന ആശയത്തെ അവതരിപ്പിക്കാന്‍ കുട്ടികള്‍ മെനഞ്ഞെടുത്ത പ്ലോട്ട് നന്നായി.എന്നാല്‍ ചില ഗ്രൂപ്പുകള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നാടകത്തെ വലിച്ചു നീട്ടുകയും ചെയ്തു.
കുട്ടികള്‍ അവരുടേതായ രീതിയിലായിരുന്നു നാടകം അവതരിപ്പിച്ചത്.അവരെ സംബന്ധിച്ചിടത്തോളം നാടകവും ഒരു 'കളി'യായിരുന്നു.അവരുടെ മറ്റു കളികളെപ്പോലെ.ചിലപ്പോള്‍ ക്ലാസിനു മുന്‍വശം സ്റ്റേജായി സങ്കല്‍പ്പിച്ചുകൊണ്ട് അവര്‍ കളിക്കും.ഇടയ്ക്ക് ക്ലാസിന്റെ ഒരു മൂലയിലേക്ക് കളിമാറും.മറ്റു ചിലപ്പോള്‍ അണിയറയില്‍ വച്ചായിരിക്കും നാടകം പുരോഗമിക്കുക.ലജ്ജാലുക്കളായ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് മുഖം തരാന്‍ മടിക്കും.
മുതിര്‍ന്നവരുടെ തീയേറ്റര്‍ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ട് ക്ലാസുമുറിയിലെ നാടകത്തെ കാണാന്‍ ശ്രമിച്ചാല്‍ നമുക്ക് തെറ്റുപറ്റും.ക്ലാസുമുറിയിലെ നാടകം തീയേറ്റര്‍ അല്ല.അതിനെ 'ക്ലാസ് റൂം തീയേറ്റര്‍' എന്നു വിളിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല.അത് നമ്മുടെ ലക്ഷ്യം തെറ്റിച്ചുകളയും. തീയേറ്ററില്‍ സ്ഥായിയായ രണ്ടു വിഭാഗമുണ്ട്- നടന്മാരും ഓഡിയന്‍സും.നടന്മാര്‍ക്ക് ഓഡിയന്‍സിനോട് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.ക്ലാസുമുറിയില്‍ നടന്മാര്‍ ഇടയ്ക്ക് ഓഡിയന്‍സാകും.ഓഡിയന്‍സ് നടന്മാരും.ഇവിടെ കുട്ടികള്‍ ചില അനുഭവങ്ങളിലൂടെ കടന്നുപോകുകയാണ് ചെയ്യുന്നത്.അത് സ്വന്തം അനുഭവമാകാം.കുട്ടികള്‍ കണ്ടും കേട്ടും പരിചയിച്ച മുതിര്‍ന്നവരുടെ അനുഭവമാകാം.അല്ലെങ്കില്‍ സാങ്കല്‍പ്പികമായ അനുഭവങ്ങളാകാം.
അവരുടെ ഭാവനയ്ക്കും ഇംപ്രൊവൈസേഷനുമാണ് ഇവിടെ പ്രാധാന്യം.പ്രകടനത്തെക്കാള്‍ പ്രക്രിയയ്ക്കാണ് മുന്‍തൂക്കം.മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റുകള്‍ കാണാപ്പാഠം പഠിച്ചുകൊണ്ടുള്ളതാകരുത് ക്ലാസുമുറിയിലെ നാടകം.അത് കുട്ടികളുടെ ഭാവനയെ മുരടിപ്പിക്കും.നാടകം കളിച്ചതിനുശേഷം ആവശ്യമെങ്കില്‍മാത്രം കുട്ടികള്‍ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കട്ടെ.
ക്ലാസുമുറിയിലെ നാടകത്തിന്റെ ലക്ഷ്യം കുട്ടികളെ നടന്മാരോ സംവിധായകരോ ആക്കുകയല്ല.മറിച്ച്,കുട്ടികളുടെ പഠനവും വികാസവുമാണ്.അതിന് നാടകത്തോളം പറ്റിയ മറ്റൊരു സങ്കേതവുമില്ല.
അഞ്ചു ഗ്രൂപ്പുകളും നാടകം അവതരിപ്പിച്ചതിനുശേഷം ഓരോ നാടകത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.ഓരോന്നിന്റേയും ഗുണങ്ങള്‍ എന്തൊക്കെയാണ്?ഇനിയും മെച്ചപ്പെടേണ്ട കാര്യങ്ങള്‍ എന്തൊക്കെ?ഓരോ ഗ്രൂപ്പും മറ്റു ഗ്രൂപ്പുകള്‍ക്ക് ഫീഡ്ബാക്കുകള്‍ നല്‍കി.അഞ്ചു നാടകങ്ങളെക്കുറിച്ചുമുള്ള എന്റെ വിലയിരുത്തലും അവതരിപ്പിച്ചു.ഇനി നാടകം അവതരിപ്പിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തു.
അന്നു മുഴുവന്‍ അവന്‍ ക്ലാസുമുറിയില്‍ ശാന്തനായിരുന്നു.അവന് കിട്ടിയ അംഗീകാരം അവനെ നല്ല കുട്ടിയാക്കി മാറ്റിയിരിക്കുന്നു.സ്ക്കൂള്‍ വിടാന്‍ നേരത്ത് കണ്ണന്‍ എന്റെ അടുത്ത് വന്ന് പതുക്കെ ചോദിച്ചു.
"മാഷേ,എല്ലാ ദിവസൂം ഇന്നത്തെപ്പോലെ നാടകാക്ക്വോ?”