ഉത്തോലകം എന്ന ലഘുയന്ത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാന്‍ വലിയ തയ്യാറെടുപ്പുകള്‍ വേണ്ട.ക്ലാസുമുറിയിലെയും ചുറ്റുപാടിലേയും ചില വസ്തുക്കള്‍, ഫര്‍ണ്ണിച്ചറുകള്‍,കുറച്ച് മണിക്കല്ലുകളോ ഗോലികളോ,ഒരു തീപ്പെട്ടിക്കൂട്,ഒരു വലിയ സ്കെയില്‍,കുട്ടികളുടെ പാര്‍ക്കില്‍ ഒരു സീസോ ഉണ്ടെങ്കില്‍ അതും......ഇത്രയും മതി പഠനോപകരണങ്ങളായി.
പക്ഷേ, ഇതു പ്രധാനമാണ്. എങ്കില്‍ മാത്രമേ,അഞ്ചാം ക്ലാസുകാര്‍ക്ക് താരതതമ്യേന പ്രയാസമായ ഉത്തോലകം എന്ന ധാരണ കുട്ടികളില്‍ രൂപപ്പെടൂ.ചെറിയ ബലം കൊണ്ട് നമുക്ക് വലിയ ജോലിചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവിലേക്കാണ് കുട്ടികളെ നയിക്കേണ്ടത്.
പാഠപുസ്തകത്തില്‍ നല്‍കിയ,കുട്ടികള്‍ സീസോയിലിരിക്കുന്ന മൂന്നു ചിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ടായിരുന്നു തുടക്കം.ഭാരം കൂടിയ കുട്ടിക്ക് ഭാരം കുറഞ്ഞ കുട്ടിയെ ഉയര്‍ത്താന്‍ കഴിഞ്ഞതെപ്പോള്‍?
കുട്ടികള്‍ സീസോയിലിരിക്കുന്ന സ്ഥാനം മാറുമ്പോഴാണ് അത് സംഭവിക്കുന്നത്.സീസോ ചലിക്കാന്‍ ആധാരമാക്കുന്ന കുറ്റിക്കടുത്തേക്ക് നീങ്ങിയിരുന്നാല്‍ അതിന് കഴിയുമെന്ന് കുട്ടികള്‍ ചിത്രത്തില്‍ നിന്നും കണ്ടെത്തി.
അശ്വിനിക്ക് സംശയം.
"മാഷേ,ശരിക്കും അങ്ങനെ കഴിയോ?”
ചിത്രത്തില്‍ കണ്ടത് അശ്വിനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.അവള്‍ക്ക് മാത്രമല്ല.ഭൂരിപക്ഷത്തിനും കഴിഞ്ഞിട്ടുണ്ടാവില്ല. അവര്‍ക്ക് നേരനുഭവം വേണം. എങ്കിലേ അത് ബോധ്യപ്പെടൂ.അല്ലെങ്കില്‍ ചിത്രം വെറും ചിത്രമായിത്തന്നെ നില്‍ക്കും.
പ്രീ-പ്രൈമറി കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച സീസോവിനടുത്തേക്ക് ഞാന്‍ കുട്ടികളേയുംകൂട്ടി നടന്നു.
അവര്‍ സീസോയില്‍ കയറിയിരുന്നു.താണും പൊങ്ങിയും കളിച്ചു.സീസോയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നു മനസ്സിലാക്കി.വലുപ്പവും തൂക്കവുമുള്ള ആകാശ് വലുപ്പം കുറഞ്ഞ അശ്വിനിയെ പൊക്കി.ഇനി അശ്വിനി ആകാശിനെ പൊക്കുന്നതുകാണാന്‍ കുട്ടികള്‍ കാത്തിരുന്നു.ആകാശ് കുറ്റിക്കടുത്തേക്ക് സ്ഥാനം മാറിയിരുന്നു.ഇപ്പോള്‍ അശ്വിനി താണു.ആകാശ് ഉയര്‍ന്നു.കുട്ടികള്‍ കൈയ്യടിച്ചു.അശ്വിനിയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.ചെറുതാണെങ്കിലും തനിക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന തോന്നല്‍.
പിറ്റേദിവസം കുട്ടികള്‍ പലതരം വസ്തുക്കളും കൊണ്ടായിരുന്നു ക്ലാസില്‍ വന്നത്.ഗോലികള്‍,മഞ്ചാടികള്‍,മണിക്കല്ലുകള്‍,തീപ്പെട്ടിക്കൂടുകള്‍,ഭരണിയുടെ മൂടികള്‍,വലിയ സ്കെയില്‍...
അവര്‍ ഒരു കുഞ്ഞു സീസോ നിര്‍മ്മിക്കാനുള്ള പുറപ്പാടിലാണ്.ഡസ്കിനു മുകളില്‍ അവര്‍ അവരുടെ പെന്‍സില്‍ ഉറപ്പിച്ചു.അതിനുമുകളില്‍ വലിയ സ്കെയില്‍ വെച്ചു.സ്കെയിലിന്റെ അറ്റങ്ങളില്‍ തീപ്പെട്ടിക്കൂടുകള്‍ ക്രമീകരിച്ചു.
ഒരു ഗോലികൊണ്ട് അഞ്ചു ഗോലികള്‍ ഉയര്‍ത്താന്‍ കഴിയുമോ? എന്നതായിരുന്നു അവര്‍ക്ക് മുന്നിലുള്ള പ്രശ്നം.
കുട്ടികള്‍ തീപ്പെട്ടിക്കൂടുകളില്‍ ഗോലികളിട്ട് പരീക്ഷണം ചെയ്യാന്‍ തുടങ്ങി.ചിലര്‍ മഞ്ചാടികളിട്ടു.മറ്റു ചിലര്‍ മണിക്കല്ലുകളിട്ടു.
ഒരു ഗോലികൊണ്ട് അഞ്ചല്ല,പതിനഞ്ചു ഗോലികള്‍വരെ ഉയര്‍ത്താം.ഒരു മഞ്ചാടികൊണ്ട് ഇരുപതിലധികം മഞ്ചാടികള്‍വരെ ഉയര്‍ത്താം.സ്കെയിലില്‍ തീപ്പെട്ടിക്കൂടുകളുടെ സ്ഥാനം ക്രമീകരിക്കുമ്പോഴാണ് ഇതു സാധ്യമാകുന്നത്.ഇങ്ങനെ ചെറിയ ബലംകൊണ്ട് വലിയ ഭാരം ഉയര്‍ത്താം.
"ഉത്തോലകം എന്നാല്‍ എന്താണ്?"ഞാന്‍ ചോദിച്ചു.
കുട്ടികള്‍ പുസ്തകത്തില്‍ നല്‍കിയ നിര്‍വ്വചനം വായിച്ചു നോക്കി.അവര്‍ ചെയ്ത പരീക്ഷണവുമായി അതിനെ ബന്ധിപ്പിച്ചു.ഇവിടെ സീസോ ഒരു ഉത്തോലകമായാണ് പ്രവര്‍ത്തിച്ചത് എന്ന നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേര്‍ന്നു.
അടുത്ത ദിവസം ശീമക്കൊന്നയുടെ ഒരു ദണ്ഡുമായാണ് ഞാന്‍ ക്ലാസിലേക്ക് പോയത്.ഒരു ദൃഢദണ്ഡ്.
"ഉത്തോലകം.” കുട്ടികള്‍ വിളിച്ചു പറഞ്ഞു.
"ഇപ്പോള്‍ ഇതൊരു ദണ്ഡ് മാത്രമാണ്.ഇതു കൊണ്ട് പ്രവര്‍ത്തി ചെയ്യുമ്പോഴാണ് ഇത് ഉത്തോലകമായി മാറുന്നത്."ഞാന്‍ പറഞ്ഞു.
"ക്ലാസിലെ മേശ ആര്‍ക്കാണ് എടുത്തുയര്‍ത്താന്‍ കഴിയുക?"ഞാന്‍ ചോദിച്ചു.
കുട്ടികള്‍ ഓരോരുത്തരായി വന്ന് ശ്രമിച്ചു നോക്കി. ആര്‍ക്കും ഒറ്റയ്ക്ക് കഴിയുന്നില്ല.
കുട്ടികള്‍ പരാജയം സമ്മതിച്ചു.
"രണ്ടുപേരുണ്ടെങ്കില്‍ കഴിയും."അവര്‍ പറഞ്ഞു.
"ഈ ദണ്ഡ് നിങ്ങള്‍ക്ക് ഉപയോഗിക്കാം.ഒരു വിരലുകൊണ്ട് ഈ മേശ ഉയര്‍ത്തണം.കഴിയുമോ?"ഞാന്‍ ചോദിച്ചു.
ആലോചിക്കാനായി ഞാനവര്‍ക്ക് അഞ്ചു മിനുട്ട് സമയം അനുവദിച്ചു.
"മാഷേ,ഒരു മിനുട്ട്..."നന്ദകിഷോര്‍ എഴുന്നേറ്റു.അവന്‍ പുറത്തേക്കോടി.അവന്‍ ഒരു ഉരുളന്‍ കല്ലുമായി തിരിച്ചു വന്നു.
ഒന്നു രണ്ടുപേരെ അവന്‍ സഹായത്തിനായി വിളിച്ചു.ദണ്ഡിന്റെ ഒരറ്റം മേശക്കടിയിലേക്ക് കടത്തിവെച്ചു.ദണ്ഡിന്റെ അടിയില്‍ മേശയോടടുത്തായി കല്ലുവെച്ചു.ദണ്ഡിന്റെ മറ്റേ അറ്റം പതുക്കെ അമര്‍ത്തി.മേശ ഉയരുന്നു.
"ഇതാ മാഷേ, ഒരു വിരലുകൊണ്ട് ഞാനിത് ഉയര്‍ത്തുന്നു.”
അവന്‍ ചൂണ്ടുവിരലുകൊണ്ട് മേശ ഉയര്‍ത്തി.
കുട്ടികള്‍ കൈയടിച്ചു.
പഠനത്തില്‍ പ്രയാസമുള്ളവനാണ് നന്ദകിഷോര്‍.മേശയും ദണ്ഡുമാണ് അവന്റെ ചിന്തയെ ഉത്തേജിപ്പിച്ചത്.പിന്നെ നേരിട്ടുള്ള അനുഭവവും.
കുട്ടികള്‍ പലരും വന്ന് കൈവിരലുകള്‍ കൊണ്ടും കാലുകള്‍ കൊണ്ടുമൊക്കെ മേശ ഉയര്‍ത്തി.
കുട്ടികളോട് അവരുടെ നോട്ടുപുസ്തകത്തില്‍ ഞാനിതിന്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ നല്ല താത്പര്യത്തോടെ ചിത്രങ്ങള്‍ വരച്ചു.
"ഇനി ആരാണ് ഇതിന്റെ ചിത്രം ബോര്‍ഡില്‍ വരയ്ക്കുന്നത്?”
ആദര്‍ശ് വന്ന് ചിത്രം ബോര്‍ഡില്‍ വരച്ചു.
"ഈ ഉത്തോലകത്തിന് ഇപ്പോള്‍ ഏതൊക്കെ ഭാഗങ്ങള്‍ ഉണ്ട്?"ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
"മേശയെ മുട്ടുന്ന ഭാഗം,കല്ലിനെ മുട്ടുന്ന ഭാഗം,കൈകൊണ്ട് അമര്‍ത്തുന്ന ഭാഗം."നന്ദന പറഞ്ഞു.
ഉത്തോലകം എങ്ങനെയാണ് ചലിച്ചത്?
"കല്ലിനെ ആധാരമാക്കി.”
കുട്ടികള്‍ ചിത്രത്തിലെ ഉത്തോലകത്തിന്റെ മൂന്നു ഭാഗങ്ങളും തൊട്ടുകാണിച്ചു.
ഉത്തോലകം ചലിക്കാന്‍ ആധാരമാക്കുന്ന ബിന്ദു,നമ്മള്‍ ബലം പ്രയോഗിക്കുന്ന സ്ഥലം,ഉത്തോലകം നേരിടുന്ന ഭാരം.
"ഇത് മൂന്നും വ്യത്യസ്തമായ പേരുകളിലാണ് അറിയപ്പെടുന്നത്.ഏതൊക്കെയാണവ?”
കുട്ടികള്‍ പാഠപുസ്തകം വായിച്ച് അവയുടെ പേരുകള്‍ കണ്ടെത്തി-ധാരം,യത്നം,രോധം.അവ ബോര്‍ഡിലേയും നോട്ടുപുസ്തകത്തിലേയും ചിത്രത്തില്‍ രേഖപ്പെടുത്തി.
"ഇവ ഓരോന്നും എന്താണെന്ന് വിശദീകരിക്കാമോ?"ഞാന്‍ ചോദിച്ചു.
കുട്ടികള്‍ പാഠപുസ്തകം വീണ്ടും വായിച്ചു.ഓരോന്നിന്റേയും നിര്‍വ്വചനം കണ്ടെത്തി നോട്ടുപുസ്തകത്തില്‍ എഴുതി.
"എല്ലാ ഉത്തോലകത്തിലും ധാരം,യത്നം,രോധം എന്നിവയുടെ സ്ഥാനം ഇതുപോലെ തന്നെയായിരിക്കുമോ?"ഞാന്‍ ബോര്‍ഡിലെ ചിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു.
കുട്ടികള്‍ പ്രതികരിച്ചില്ല.എന്റെ ചോദ്യം അവര്‍ക്ക് മനസ്സിലായില്ലെന്ന് വ്യക്തം.
ഞാന്‍ മേശയെ ക്ലാസിന്റെ ഒരു ഭാഗത്തേക്ക് നീക്കിയിട്ടുകൊണ്ട് ചോദിച്ചു.
"ഈ മേശയെ മറുഭാഗത്ത് എത്തിക്കണം.നേരത്തെ ഉപയോഗിച്ച ദണ്ഡ് വീണ്ടും ഉപയോഗിക്കാം.”
ഒരു നിമിഷം അവര്‍ ആലോചിച്ചു.ഇത്തവണ അര്‍ജുന്‍ മുന്നോട്ടുവന്നു.
ദണ്ഡിന്റെ ഒരറ്റം മേശയ്ക്കരികിലേക്ക് കടത്തിവെച്ച് മറ്റേ അറ്റത്ത് പിടിച്ച് കൊണ്ട് അവന്‍ തള്ളാന്‍ തുടങ്ങി."ഐലസമാലാ..ഐലസാ..”
നിമിഷനേരം കൊണ്ട് മേശ ക്ലാസിന്റെ മറുഭാഗത്ത് എത്തി.
ധാരം ക്രമീകരിക്കാന്‍ അവന്‍ ഉരുളന്‍ കല്ല് ഉപയോഗിച്ചില്ല.
"ഇപ്പോള്‍ ഉത്തോലകത്തിന്റെ ധാരം എവിടെയാണ്?”
കുട്ടികള്‍ ആലോചിച്ചു.
"ഇപ്പോള്‍ ധാരം ഉത്തോലകത്തിന്റെ അറ്റത്താണ്.നിലത്ത് കുത്തുന്ന ഭാഗത്ത്."
ആദിത്യ പറഞ്ഞു.
"അപ്പോള്‍ രോധമോ?"ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
"യത്നത്തിനും ധാരത്തിനുമിടയില്‍."കുട്ടികള്‍ വിളിച്ചു പറഞ്ഞു.
"മാഷേ,ധാരം മാറുമ്പോള്‍ ഉത്തോലകം എടുക്കുന്ന ജോലിയും മാറി.ആദ്യം അത് മേശയെ ഉയര്‍ത്തി.ഇപ്പോള്‍ മേശയെ നീക്കി."സ്വാതിലക്ഷ്മി പറഞ്ഞു.
സ്വാതിലക്ഷ്മിയുടെ പ്രതികരണം എന്നെ ഏറെ സന്തോഷിപ്പിച്ചു.പഠനം നേരായി നടക്കുന്നു എന്നതിന്റെ തെളിവ്.
പാഠപുസ്തകത്തില്‍ ചില ലഘുയന്ത്രങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിരുന്നു.പിറ്റേ ദിവസം ഈ ലഘുയന്ത്രങ്ങളുമായാണ് കുട്ടികള്‍ ക്ലാസില്‍ വന്നത്.കത്രിക,സ്റ്റാപ്ളര്‍,നാരങ്ങാഞെക്കി,ചവണ,കട്ടിങ്ങ്പ്ലെയര്‍...പാക്കുവെട്ടി ഒഴികെ.
ഓരോന്നിന്റേയും പ്രവര്‍ത്തനം കുട്ടികള്‍ വിശദീകരിച്ചു.ഈ യന്ത്രങ്ങളുടെ ധാരം,യത്നം,രോധം എന്നിവ കണ്ടെത്തി.ഓരോന്നും വ്യത്യസ്തമാണ്.ഈ വ്യത്യാസത്തിനനുസരിച്ച് അവയുടെ പ്രവര്‍ത്തനവും മാറുന്നു.
ശാസ്ത്രപഠനത്തിന്റെ വഴി ഇതുതന്നെയാണെന്നു തോന്നുന്നു.ക്ലാസും പരിസരവും പഠനത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ട്.കുട്ടികള്‍ക്ക് പരിചയമുള്ള വസ്തുക്കള്‍ നീരീക്ഷിച്ചും പഠിച്ചും;അറിയുന്നതില്‍ നിന്നും അറിയാത്തതിലേക്ക്...
കലക്കി മാഷെ .....ഇത് തന്നെയാണ് ശാസ്ത്ര പഠനത്തിന്‍റെ വഴി .
ReplyDeleteGood. But many of the teachers complaint about lack of time. How can we answer ?
ReplyDeleteനല്ല പ്ലാനിങ്ങിന്റെ അഭാവമാണ് പ്രശ്നം.സമയക്കുറവാണെന്നു തോന്നുന്നില്ല.ക്ലാസ് മുന്നോട്ട് പോകാത്തത് ശരിയായ പ്ലാനിങ്ങ് ഇല്ലാത്തതു കൊണ്ടാണ്.ക്ലാസ് റൂം പ്രക്രിയകള്‍ പാലിച്ചുകൊണ്ട് ക്ലാസെടുക്കുമ്പോഴാണ് പാഠം വേഗത്തില്‍ നീങ്ങുക.യഥാര്‍ത്ഥ പ്രശ്നം 45 മിനുട്ട് പിരീഡ് സിസ്റ്റമാണ് .ഇതിനകത്ത് നിന്നുകൊണ്ട് ക്ലാസ് പ്രവര്‍ത്തനാധിഷ്ഠിതമാക്കാന്‍ നന്നായി കഷ്ടപ്പെടണം..
ReplyDeleteThis comment has been removed by the author.
ReplyDeletegreat................congrats MMS
ReplyDeleteഅഭിനന്ദനം
ReplyDelete