ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 17 January 2016

സാമൂഹ്യശാസ്ത്രക്ലാസില്‍ എന്തുകൊണ്ട് നാടകം?

ക്ലാസുമുറിയിലെ നാടകം -  2


കുട്ടികള്‍ക്ക് പൊതുവെ ഇഷ്ടമല്ലാത്ത വിഷയമാണ് സാമൂഹ്യശാസ്ത്രം.മുതിര്‍ന്ന ക്ലാസുകളില്‍, വിഷയത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നതോടെ കുട്ടികള്‍ സാമൂഹ്യശാസ്ത്രപഠനത്തില്‍ പുറകോട്ടുപോകുന്നതായി കാണാം.അത് വിഷയത്തിന്റെ കുഴപ്പമല്ല.പിന്നെ എവിടെയാണ് കുഴപ്പം?

കുട്ടികളുടെ പ്രായമോ അവരുടെ മാനസിക നിലവാരമോ പരിഗണിക്കാതെയാണ് പലപ്പോഴും കുട്ടികള്‍  എന്തുപഠിക്കണം എന്നുതീരുമാനിക്കുന്നത്.ഉദാഹരണമായി അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകം പരിശോധിച്ചു നോക്കുക.ഇന്ത്യയുടെ പ്രാചീന ചരിത്രപഠനത്തിനാണ് അതില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്.പ്രാചീനശിലായുഗം മുതല്‍ ഋഗ്വേദകാലവും പില്‍ക്കാലവേദകാലവും തമിഴകവും സംഘകാലവുമൊക്കെ പിന്നിട്ട്, അത് മഗധയിലും ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിലും അശോകചക്രവര്‍ത്തിയിലുമൊക്കെയായി വിവിധ യൂണിറ്റുകളില്‍   പരന്നുകിടക്കുന്നു.ഇതൊക്കെ പഠിക്കേണ്ടത് 9-10വയസ്സുള്ള കുട്ടികളാണെന്ന് ഓര്‍ക്കുക.പ്ലസ് ടു തലത്തില്‍ കുട്ടികള്‍ പഠിക്കേണ്ടത് അഞ്ചാം ക്ലാസിലെ കുട്ടികളുടെ തലയില്‍ കുത്തിനിറയ്ക്കാനാണ് പാഠപുസ്തകം ആവശ്യപ്പെടുന്നത്.ചരിത്രത്തെക്കുറിച്ചും കാലഗണനയെക്കുറിച്ചുമുള്ള ഇത്തരം ഗഹനമായ conceptകള്‍ രൂപപ്പെടുത്താന്‍ പത്തുവയസ്സുകാരന്റെ മാനസിക നിലവാരത്തിന് കഴിയുമോ എന്ന പ്രാഥമികമായ ആലോചനപോലുമില്ലാതെയാണ്പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇനി ഏഴാം ക്ലാസിലാണെങ്കിലോ? ആദ്യ യൂണിറ്റ് യൂറോപ്യന്‍ നവോത്ഥാനവും!

രണ്ടാമതായി സാമൂഹ്യശാസ്ത്രപാഠപുസ്തകം കേവല വിവരങ്ങള്‍ മാത്രമായി കുത്തിനിറക്കപ്പെട്ടിരിക്കുന്നു.വിവരങ്ങളുടെ അപഗ്രഥനം,താരതമ്യപഠനം  എന്നിവയ്ക്കുള്ള പ്രാധാന്യം കുറച്ച് അത് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തല്‍ മാത്രമായി പലയിടത്തും ചുരുക്കിക്കളഞ്ഞു.ക്ലാസുമുറിയില്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാധാന്യം കുറച്ചു.ബോധനരീതി അധ്യാപകനില്‍ കേന്ദ്രീകരിക്കപ്പെട്ടു.

പറ്റാവുന്നിടത്തെല്ലാം കുട്ടികളുടെ അനുഭവവുമായി ബന്ധിപ്പിച്ചുകൊണ്ടും കുട്ടികളുടെ ജീവിതപരിസരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടും പാഠ്യവസ്തുതകള്‍ അവതരിപ്പിക്കാനുള്ള  ഒരു ശ്രമം കഴിഞ്ഞ തവണത്തെ ഏഴാം ക്ലാസിലെ  സാമൂഹ്യശാസ്ത്രപാഠപുസ്തകം മുന്നോട്ടുവെച്ചിരുന്നു.എന്നാല്‍ പുതിയ പുസ്തകം അതിലെ അപാകതകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തുന്നതിനുപകരം ആ ശ്രമം തള്ളിക്കളയുകയാണ് ചെയ്തത്.കുട്ടികളുടെ അനുഭവമേഖലയുമായി പാഠഭാഗത്തെ ബന്ധിപ്പിക്കാന്‍ കഴിയാത്തത് ഫലത്തില്‍ സാമൂഹ്യശാസ്ത്രപഠനം  വിരസമാക്കി.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം സാമൂഹ്യശാസ്ത്രക്ലാസില്‍ നാടകത്തിന്റെ പ്രാധാന്യം ചര്‍ച്ചചെയ്യാന്‍.സാമൂഹ്യശാസ്ത്രപഠനത്തില്‍ നാടകം എന്തുകൊണ്ടാണ് ഉപയോഗിക്കേണ്ടത്?

ക്ലാസുമുറിയിലെ നാടകം കുട്ടികളെ പഠനപ്രവര്‍ത്തനത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.അധ്യാപകന്‍ പഠിപ്പിച്ചുകൊടുക്കുക എന്നതില്‍ നിന്നും കുട്ടി സ്വയം പഠിക്കുക എന്നതിലേക്ക് ബോധനരീതി മാറുന്നു.പഠനപ്രശ്നം കുട്ടികള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു.അവര്‍ സംഘം   തിരിയുന്നു.ആലോചനനടത്തുന്നു.കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നു.വ്യത്യസ്ത കാഴ്ചപ്പാടിലൂടെ പ്രശ്നത്തെ നോക്കിക്കാണുന്നു.ചിലപ്പോള്‍ റിഹേഴ്സല്‍ വേണ്ടിവരുന്നു.അവതരിപ്പിക്കുന്നു.

നാടകത്തിലൂടെ കുട്ടികള്‍ പഠനവസ്തുതയെ അനുഭവിക്കുകയാണ് ചെയ്യുന്നത്.അത് ഭാവനയിലാകാം.യഥാര്‍ത്ഥത്തിലാകാം.ഈ അനുഭവമാണ് കുട്ടികളുടെ അറിവായി പരിണമിക്കുന്നത്.അത് വൈകാരികമായി കുട്ടികളെ സ്പര്‍ശിക്കുകകൂടി ചെയ്യും.

ഉദാഹരണമായി സംഘം കൃതികളിലെ അഞ്ചുതിണകളും അവയുടെ ഭൂമിശാസ്ത്രതരപരമായ പ്രത്യകതകളും അഞ്ചാം ക്ലാസിലെ  പാഠഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്.പാഠപുസ്തകത്തിലെ കേവലമായ  വിവരങ്ങള്‍ എന്നതിനപ്പുറം നാടകത്തിലൂടെ അതെങ്ങനെ കുട്ടികളള്‍ തങ്ങളുടെ  അനുഭവമാക്കി  മാറ്റുന്നു എന്നു പരിശോധിക്കാം.


  • കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളാകുന്നു.
  • ഓരോ ഗ്രൂപ്പിനും ഓരോ തിണ നല്‍കുന്നു.
  • അവര്‍ അതിന്റെ പ്രത്യേകതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.തിണയെ എങ്ങനെ ഒരു നിശ്ചലദൃശ്യത്തിലൂടെ അവതരിപ്പിക്കാം എന്നതാണ് ഇവിടെ കുട്ടികളുടെ മുന്നിലുള്ള പ്രശ്നം. സ്വന്തം ശരീരവും പ്രോപ്പര്‍ട്ടികളും ഉപയോഗിച്ച് ഇതു എങ്ങനെ ചെയ്യാമെന്നത് ഓരോ ഗ്രൂപ്പും ചര്‍ച്ചചെയ്യുന്നു.
  • പ്രോപ്പര്‍ട്ടികള്‍ ശേഖരിക്കാന്‍ കുട്ടികള്‍ക്ക് സമയം അനുവദിക്കുന്നു.
  • നിശ്ചയിച്ച സമയത്തിനകം കുട്ടികള്‍ അവതരിപ്പിക്കുന്നു.ഫ്രീസ് ചെയ്യുന്നു.ആവശ്യമെങ്കില്‍ പശ്ചാത്തല സംഗീതം നല്കുന്നു.
  • അവതരണത്തിനുശേഷം മറ്റുഗ്രൂപ്പുകളിലെ കുട്ടികള്‍ ഫീഡ്ബാക്ക് നല്‍കുന്നു.

ഇവിടെ തിണകള്‍ എന്താണെന്ന അനുഭവം  നാടകാവതരണത്തിലൂടെ കുട്ടികള്‍ സ്വായത്തമാക്കുകയാണ് ചെയ്യുന്നത്.അത് യഥാര്‍ത്ഥ അനുഭവമല്ല.സാങ്കല്‍പ്പികമായ അനുഭവമാണ്.അവരുടെ ഭാവനാശേഷിക്കനുസരിച്ച് അനുഭവങ്ങളുടെ തീവ്രതയില്‍ വ്യത്യാസമുണ്ടാകുമെന്നുമാത്രം.
ഇവിടെ പഠനം നടക്കുന്ന സന്ദര്‍ഭം ഏതാണ്?
  • തിണ എങ്ങനെ അവതരിപ്പിക്കാമെന്ന ചര്‍ച്ചയില്‍ നിന്നാണ് അതു തുടങ്ങുന്നത്.ഉദാഹരണമായി കുറിഞ്ചി എന്താണ്?എങ്ങനെയുള്ള മലനിരകളാണ്?വലുതാണോ?വലിയ പര്‍വ്വതങ്ങള്‍ അതിലുള്‍പ്പെടുമോ?അത് എത്ര നീളത്തിലാണ് ഉണ്ടാകുക?
  •      അത് എങ്ങനെ അവതരിപ്പിക്കാമെന്നതാണ് അടുത്ത    ചര്‍ച്ച.കാണുന്നവര്‍ക്ക് അത് പര്‍വ്വതമായി തോന്നണമെങ്കില്‍ നാം ഓരോരുത്തരും എവിടെ,എങ്ങനെ നില്‍ക്കണം? എന്തൊക്കെ വസ്തുക്കള്‍ വേണം?ക്ലാസുമുറിയിലെ ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിക്കാം?പുറത്തുനിന്ന് എന്തൊക്കെ കൊണ്ടുവരണം?വസ്തുക്കള്‍ എങ്ങനെ എവിടെ വയ്ക്കണം?

ഇവിടെ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും.ഓരോന്നും ചര്‍ച്ച ചെയ്യണം.സ്വീകാര്യമല്ലാത്തവ തള്ളിക്കളയണം.ഒരു പൊതു അഭിപ്രായത്തിലെത്തണം.അത് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കണം.


മുകളില്‍ സൂചിപ്പിച്ച രണ്ടുഘട്ടങ്ങളിലാണ് പഠനം നടക്കുന്നത്.ഈ  പ്രക്രിയയാണ് പ്രധാനം.അതുകൊണ്ടാണ് ക്ലാസുമുറിയിലെ നാടകത്തില്‍ ഉല്‍പ്പന്നത്തേക്കാള്‍ പ്രക്രിയയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത് എന്നു പറയുന്നത്.കുട്ടികളില്‍ പഠനം വികാസവും നടക്കുന്നത് ഈ പ്രകിയാഘട്ടത്തിലാണ്.നാടകാവതരണം അത്ര പ്രധാന്യമുള്ളതല്ല.
നിശ്ചലദൃശ്യങ്ങളുടെ അവതരണത്തിനുശേഷമാണ് കുട്ടികള്‍ തിണകളെക്കുറിച്ചുള്ള കുറിപ്പു തയ്യാറാക്കുന്നത്.

കലിംഗയിലെ അശോക ചക്രവര്‍ത്തിയുടെ യുദ്ധവും യുദ്ധത്തിന്റെ പര്യവസാനം അദ്ദേഹത്തിലുണ്ടാക്കിയ  മനംമാറ്റവും കുട്ടികള്‍ മൂന്നു നിശ്ചല ദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിച്ചത്.ക്ലാസിനെ 16കുട്ടികള്‍വീതമുള്ള രണ്ടുഗ്രൂപ്പുകളാക്കി.അവതരണത്തിനിടയില്‍ ഓരോ ദൃശ്യവും എന്താണെന്നത് ആ ഗ്രൂപ്പിലെ ഒരു കുട്ടി വിശദീകരിച്ചു.കലിംഗയുദ്ധക്കളവും  അശോകനെയും ഇനി ഒരിക്കലും കുട്ടികള്‍ മറക്കില്ല.മാത്രമല്ല,അശോകനെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള താത്പര്യവും ഈ പ്രവര്‍ത്തനം കുട്ടികളിലുണ്ടാക്കി.


പഠനത്തിനായി,ക്ലാസുമുറിയില്‍ നാടകം ഉപയോഗിക്കുന്നതോടെ ക്ലാസിലെ മുഴുവന്‍ കുട്ടികളും-ഭിന്ന ശേഷിക്കാരടക്കം  അതില്‍ പങ്കാളികളാകുന്നു.പിന്നോക്കക്കാരായി മുദ്രകുത്തപ്പെട്ട പല കുട്ടികളും ക്ലാസില്‍ സജീവമാകുന്നത് കാണാം.ഇതോടെ സാമൂഹ്യശാസ്ത്രം എന്ന വിഷയം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നു.പരീക്ഷയില്‍ കുട്ടികള്‍ കരസ്ഥമാക്കുന്ന ഗ്രേഡുകളില്‍ പുരോഗതിയുണ്ടാകുന്നു.

നാടകംസ്ഥിരമായി ഉപയോഗിക്കുന്ന ഒരു ക്ലാസുമുറി പഠനത്തോടൊപ്പം മറ്റുപല കഴിവുകളും കുട്ടികളില്‍ അങ്കുരിപ്പിക്കും.പ്രശ്ന-പരിഹരണ ശേഷിയുടെ വികാസം,
ഭാവനയുടേയും സര്‍ഗ്ഗാത്മകതയുടേയും വികാസം,നേതൃത്വപാടവം, കലാപരമായ കഴിവുകള്‍,സഹകരണ മനോഭാവം,സാമൂഹ്യ ഇടപെടലിനുള്ള കഴിവ് എന്നവ ഇവയില്‍ ചിലതുമാത്രം.

നാടകത്തിന്റെ വിവിധ സങ്കേതങ്ങള്‍ ക്ലാസുമുറിയില്‍ പഠനത്തിനായി ഉപയോഗിക്കാന്‍ കഴിയണം.
  • സംഭങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ രൂപീകരിക്കല്‍-ചെറുസംഘങ്ങള്‍ ചേര്‍ന്ന്,വലിയ സംഘങ്ങള്‍ ചേര്‍ന്ന്,ക്ളാസ് മുഴുവനായും
  • നിശ്ചല ദൃശ്യങ്ങള്‍ കമന്ററിയോടു കൂടി അവതരിപ്പിക്കല്‍
  • സംഭവങ്ങളുടെ മൈമിംഗ്
  • ഏകാഭിനയം
  • പാഠഭാഗത്തിന്റെ തല്‍സമയ ഇംപ്രൊവൈസേഷന്‍-ചെറു സംഘങ്ങള്‍ ചേര്‍ന്ന്,വ്യക്തിഗതമായി,വലിയ സംഘങ്ങള്‍ ചേര്‍ന്ന്.
  • സംഭവങ്ങളുടെ ടി.വി.റിപ്പോര്‍ട്ടിങ്ങ്
  • മറ്റൊരാളായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള അഭിമുഖം
  • റേഡിയോ നാടകം

ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന നാടകസങ്കേതങ്ങള്‍ ക്ലാസുമുറിയിലുപയോഗിക്കുമ്പോഴാണ് ക്ലാസ് സജീവമാകുക.പഠന സന്ദര്‍ഭത്തിനനുസരിച്ച് വേണ്ടത് തെരഞ്ഞെടുക്കാന്‍ അധ്യാപികയ്ക്ക് കഴിയണം.

നാടകത്തിലേക്ക് കടക്കുന്നതിന് മുമ്പ് ദൃശ്യപരമായ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം.ചരിത്രസംഭവങ്ങളുടേയും മറ്റും ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണം .ഇവ പഠനപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കും.അപ്പോഴാണ് കുട്ടികളുടെ ഭാവന ഉണരുക.പഠനത്തിനായി നാടകത്തെ ഉപയോഗിക്കുന്ന ഒരു ക്ലാസുമുറിയില്‍ മുളപൊട്ടുന്ന കുട്ടികളുടെ വ്യതിരിക്തമായ ആലോചനകള്‍ തീര്‍ച്ചയായും നമ്മെ അത്ഭുതപ്പെടുത്തും.ക്ലാസുമുറി കുട്ടികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നതും അപ്പോഴാണ്..




5 comments:

  1. Great. You again started teaching SS ?

    ReplyDelete
  2. Great. You again started teaching SS ?

    ReplyDelete

  3. Subhash palerichal said
    സാമൂഹ്യശാസ്ത്രം ക്ലാസ്സുകളിൽ ഏറെ പ്രയോജനകരമായ പഠനതന്ത്രമാണ് നാടകങ്ങൾ.. എന്റെ അഞ്ചാംക്ലാസ് കുറച്ചു ദിവസങ്ങളായി നാടകത്തിന്റെ വേദിയാണ്. ഇന്ന് അഭിനയിച്ചവർ നാളെ കാണികളാവും..ഇന്നത്തെ കാണികൾ നാളത്തെ അഭിനേതാക്കളാകും.. അശോകനും ബിന്ദുസാരനും ചന്ദ്രഗുപ്തമൗര്യനും കുഞ്ഞുമനസുകളിൽ സ്ഥാനം പിടിക്കണമെങ്കിൽ ഇതിലും നല്ലൊരു മാർഗം ഇല്ല. ചരിത്രകഥകൾ രസകരമായി അവതരിപ്പിക്കുകയെ അദ്ധ്യാപകൻ വേണ്ടൂ. ബാക്കിയൊക്കെ കുട്ടികൾ നോക്കിക്കൊള്ളും.ആ കഥയെ രസകരമായ നാടകമായി അവർ ഇതൾ വിരിയിക്കും. ഇന്ന് നടന്ന അശോക ചക്രവർത്തിയുടെ നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഗീതുവായിരുന്നു സംവിധായിക.. ചാണക്യനിൽ തുടങ്ങി ചന്ദ്രഗുപ്ത മൗര്യൻ ബിന്ദുസാരൻ അശോകൻ എന്നിവരുടെ ജീവിതം ഭംഗിയായി അവർ അവതരിപ്പിച്ചു. 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്നതായിരുന്നു നാടകത്തിനു അവർ കൊടുത്ത പേര്. കലിംഗ യുദ്ധത്തിലെ ഭീതിജനകമായ കാഴ്ച്ച കണ്ട്‌ മനംമാറി അഹിംസയുടെ പ്രവാചകനായ അശോക ചക്രവർത്തി......യുദ്ധഭൂമിയിൽ അലമുറയിട്ടു കരയുന്ന സ്ത്രീജനങ്ങൾ...തുമ്പിക്കൈ നഷ്ടപെട്ട ആനകളുടെ കരച്ചിൽ..പരുക്കേറ്റ കുതിരകളുടെ ദീനരോദനം...... എല്ലാം കൊച്ചു പ്രതിഭയിൽ വിരിഞ്ഞു. അഭിനന്ദനവും വിലയിരുത്തലുമായിരുന്നു അവതരണ ശേഷം.....

    ReplyDelete
  4. great effort sir.....your children are luckey.this is the way to make our social science classroom colourful experience

    ReplyDelete