പത്ത് വയസ്സുള്ള ഒരു കുട്ടി എങ്ങനെയാണ് തന്റെ ജീവിതത്തെ വിമര്‍ശനപരമായി നോക്കിക്കാണുക?തന്റെ നേട്ടങ്ങളേയും പരാജയങ്ങളേയും അവന് വസ്തുനിഷ്ഠമായി തിരിച്ചറിയാന്‍ കഴിയുമോ? നല്ല ജീവിതത്തെക്കുറിച്ചുള്ള അവന്റെ സ്വപ്നങ്ങള്‍ എന്തൊക്കെയാണ്?ഭാവി ജീവിതം ശോഭനമാക്കാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് എന്തൊക്കെ തീരുമാനങ്ങളാണ് എടുക്കാന്‍ കഴിയുക?
കുട്ടികള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് അറിയാനുള്ള കൗതുകമായിരുന്നു മനസ്സില്‍.പുതുവത്സരദിനത്തില്‍ സ്വന്തം ജീവിതത്തെ വിശകലനം ചെയ്യാനുള്ള ഒരവസരം ഞാന്‍ കുട്ടികള്‍ക്കു നല്‍കി.
അവര്‍ പുതുവര്‍ഷം ആഘോഷിക്കുകയായിരുന്നു.സ്വന്തമായി നിര്‍മ്മിച്ച ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ നല്‍കിയും പുതുവല്‍സരാശംസകള്‍ നേര്‍ന്നും ന്യൂ ഇയര്‍ ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കിയുമൊക്കെയായിരുന്നു ആഘോഷം.
രാവിലത്തെ ഒന്നുരണ്ടു പിരീഡുകള്‍ അവരുടെ ആഘോഷങ്ങള്‍ക്കായി വിട്ടുനല്‍കി.
ഇടയ്ക്ക് ഞാന്‍ ചോദിച്ചു.
"പുതിയ വര്‍ഷത്തില്‍ നിങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന നല്ല തീരുമാനങ്ങള്‍ എന്തൊക്കെയാണ്?”
ക്ലാസിലെ ശബ്ദങ്ങള്‍ പതുക്കെ കെട്ടടങ്ങി.കുട്ടികള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.ഞാന്‍ ചോദ്യം ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു.കുട്ടികളുടെ ആലോചനയെ ഉണര്‍ത്താന്‍ ഞാന്‍ ചില കാര്യങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തു.
"കഴിഞ്ഞ വര്‍ഷം എങ്ങനെയായിരുന്നു?എന്തൊക്കെയായിരുന്നു നിങ്ങളുടെ നേട്ടങ്ങള്‍?പോരായ്മകളോ?കഴിഞ്ഞ വര്‍ഷത്തെപ്പോലെ മതിയോ ഈ വര്‍ഷവും?എന്തൊക്കെ കാര്യങ്ങളാണ് ഈ വര്‍ഷം നിങ്ങള്‍ ജീവതത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?”
ഏതെങ്കിലും ഉദാഹരണങ്ങള്‍ നല്‍കിയില്ല.ചോദ്യം കൂടുതല്‍ വസ്തുനിഷ്ഠമാക്കാന്‍ ശ്രമിച്ചതുമില്ല.അങ്ങനെ ചെയ്യുന്നത് അവരുടെ സ്വതന്ത്രമായ ആലോചനയ്ക്ക് തടസ്സമാകും എന്ന് എനിക്ക് അറിയാമായിരുന്നു.
കുട്ടികളില്‍ പലരും എന്റെ മുഖത്തേക്കുതന്നെ നോക്കിയിരിപ്പാണ്.ചിലര്‍ ജനാലയിലൂടെ പുറത്തേക്കു നോക്കുന്നു. നിലത്ത് താടിക്കും കൈയുംകൊടുത്ത് പടിഞ്ഞിരിക്കുകയാണ് അദുലും വിഷ്ണുവും അശ്വതിയും..എല്ലാവരും ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു.എന്റെ ചോദ്യം അവരുടെ തലച്ചോറിനെ ഉഴുതുമറിക്കുകയാണ്.
"നോക്കൂ,എല്ലാവരും ഈ പേപ്പറിലാണ് എഴുതേണ്ടത്.”
ഞാന്‍ ഒരോരുത്തര്‍ക്കും ഓരോ കഷണം പേപ്പര്‍ നല്‍കി.
"അപ്പോ,ഇത് എഴുതിത്തീര്‍ന്നാലോ?"അശ്വതി ആശങ്കപ്പെട്ടു.
"ഇനിയും പേപ്പര്‍തരാം.എന്താ പോരെ?"അശ്വതിക്ക് സമാധാനമായി.അവള്‍ക്ക് ഒരു പക്ഷേ,കൂടുതല്‍ എഴുതാന്‍ കാണും.
നിമിഷങ്ങള്‍ക്കകം കുട്ടികള്‍ എഴുത്തില്‍ മുഴുകി. ക്ലാസ് നിശബ്ദമായി.ഓരോരുത്തരും ഗൗരവത്തോടെയാണ് എഴുതുന്നത്.എല്ലാവരുടേയും ശ്രദ്ധ എഴുത്തില്‍ മാത്രമാണ്.ആര്‍ക്കും സംശയങ്ങളോ ചോദ്യങ്ങളോ ഇല്ല.സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതുമ്പോള്‍ ആരായാലും ഗൗരവക്കാരാകാതെ തരമില്ലല്ലോ.
ഏതാണ്ട് അര മണിക്കൂര്‍കൊണ്ട് കുട്ടികള്‍ എഴുത്ത് പൂര്‍ത്തിയാക്കി കടലാസ് എന്നെ ഏല്‍പ്പിച്ചു. ഓരോ കുട്ടി എഴുതിയതും ഞാന്‍ ആകാംഷയോടെ വായിച്ചുനോക്കി.
'പുതുവര്‍ഷത്തിലെ എന്റെ ജീവിതം അന്നും ഇന്നും കുസൃതികളും കളിതമാശകളും നിറഞ്ഞതാണ്.ഈ വര്‍ഷം അങ്ങനെപോയി.ഒന്നിനും ഒരു ഉഷാറില്ല.ഒരു പുതു വര്‍ഷത്തിനായി കാത്തിരുന്നു.ദിവസങ്ങള്‍ ഏറെ കൊഴിഞ്ഞുപോയി.കാത്തിരുന്ന നാള്‍ വന്നെത്തി.എന്റെ മുന്നിലിതാ 2016 ജനുവരി 1..എനിക്ക് സന്തോഷമായി.ഇനിയുള്ള കാലം കുസൃതിയോടും കളിതമാശയോടും വിട പറയുന്നു.ഞാനിപ്പോള്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്.വളരുന്തോറും ക്ലാസുകളും മാറും.പഠിത്തത്തില്‍ ഇനി കുറച്ച് കൂടുതല്‍ ശ്രദ്ധ കാണിക്കണം...'
അവിനാശിന്റേതാണ് രചന.തുടക്കം ഗംഭീരം.അവന്‍ തന്റെ ചില ശീലങ്ങളെ വിമര്‍ശനവിധേയമാക്കുന്നത് നോക്കുക.
'കഴിഞ്ഞ വര്‍ഷം മുഴുവനും ഞാന്‍ രാവിലെ എട്ടുമണിക്കാണ് ഉണര്‍ന്ന് എഴുന്നേല്‍ക്കുക.അമ്മ എന്നും വേഗം എഴുന്നേല്‍ക്കാന്‍ പറയും.പക്ഷേ,ഞാന്‍ എഴുന്നേല്‍ക്കില്ല,അനുസരണയില്ലാത്ത കുട്ടികളെപ്പോലെ.ഞാന്‍ എല്ലാദിവസവും വായിക്കാനെടുക്കുന്ന സമയം ഒരു മണിക്കൂറാണ്.ഇനി ഇതുപോര.ഞാന്‍ പഴയ നാലാം ക്ലാസുകാരനല്ല ഇപ്പോള്‍.ദിവസം രണ്ടു മണിക്കൂറെങ്കിലും വായനയ്ക്ക് വേണ്ടി നീക്കിവയ്ക്കണം.പഠിത്തത്തില്‍ ഒരു ചുവടുകൂടി ഞാന്‍ മുന്നോട്ടുപോകണം....'
ആദിത്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് കടുത്ത ആത്മവിമര്‍ശനത്തോടെയാണ്.
'കഴിഞ്ഞ വര്‍ഷം ഞാന്‍ പ്രകൃതിയെ സ്നേഹിക്കാത്തതിനാല്‍ എനിക്ക് വളരെ അധികം കുറ്റബോധമുണ്ട്.എനിക്കിപ്പോള്‍ എന്നോടുതന്നെ വെറുപ്പ് തോന്നുന്നു....2015ലെ എന്നെ എനിക്കിപ്പോള്‍ വേണ്ട.ഇനിമുതല്‍ ഞാനൊരു പുതിയ കുട്ടിയായിരിക്കും.ചപ്പുചവറുകള്‍ വലിച്ചെറിയില്ല.പ്ലാസ്റ്റിക്ക് കവറുകള്‍ വലിച്ചെറിയില്ല.കൂടാതെ എന്റെ വീടും പരിസരവും സ്ക്കൂളും ഞാന്‍ വൃത്തിയാക്കും.ഞാന്‍ വൃത്തിയാക്കുന്നതുകണ്ട് എന്റെ അച്ഛന്‍ അത്ഭുതപ്പെടും...'
വൈഷ്ണവ് തന്റെ കഴിഞ്ഞുപോയ മടിപുരണ്ട ജീവിതത്തിലേക്ക് എത്തിനോക്കുന്നത് ഇങ്ങനെ:
'...2015ലെ എന്റെ ജീവിതം അത്ഭുതകരമായ ജീവിതമായിരുന്നു.ഞാന്‍ എന്നും വൈകിയാണ് എഴുന്നേല്‍ക്കുന്നത്.ഏകദേശം ഒന്‍പത് മണിക്ക്.സ്ക്കൂള്‍ ഉള്ള ദിവസവും ഇല്ലാത്ത ദിവസവും ഒന്‍പത് മണിക്ക് തന്നെയാണ്.പിന്നീട് അമ്മ തല്ലുന്നത് കൊണ്ട് ഒന്‍പത് മണി എട്ടു മണിയാക്കി.സ്ക്കൂളില്‍ അപ്പോള്‍ വേഗം എത്താന്‍ തുടങ്ങി....2015ല്‍ ഞാന്‍ വളരെ വലിയ ഭാഗ്യവാനായി.എന്റെ ഭാഗ്യം ഇതാണ്.അഞ്ചാം ക്ലാസിലെ ലീഡര്‍ ഞാനായി.ലീഡറായിട്ട് എന്തു കാര്യം!എന്റെ ക്ലാസ് വളരെ മോശം ക്ലാസായി....'
തന്റെ ജീവിതം സുന്ദരമാക്കാന്‍ മാളവിക കണ്ടെത്തുന്ന വഴി ഇതാണ്.
'….വീട്ടില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും നട്ടുവളര്‍ത്തും.അങ്ങനെ ഞാനൊരു നല്ല കൃഷിക്കാരിയാകും.എന്റെ വീട്ടില്‍ പൂന്തോട്ടമുണ്ട്.അതില്‍ പൂക്കള്‍ വിരിഞ്ഞിട്ടുമുണ്ട്.എന്നാലും ഞാന്‍ ഒത്തിരി പൂച്ചെടികള്‍ നടും...'
'എന്റെ ജീവിതം 2016ലേക്ക് ചുവടുവയ്ക്കുന്നു'എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന കുറിപ്പില്‍ അഖിലേഷ് തന്റെ കൂട്ടുകാരെക്കുറിച്ച് എഴുതിയത് നോക്കുക.
'ക്ലാസില്‍ എനിക്ക് താങ്ങും തണലുമായി രണ്ടു കൂട്ടുകാരുണ്ട്.വിവേകും അര്‍ജുനനും.ഇവര്‍ എനിക്ക് പഠനത്തിലേക്കുള്ള വഴി കാട്ടിത്തന്നു.ക്ലാസിലെ ലീഡറായ വൈഷ്ണവ് ക്ലാസിനെ മോശമാക്കി.അവന്റകൂടെ അവന് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടുകാര്‍.എനിക്കവരെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല.ഇനി ഞാന്‍ അവരെ ബോധവല്‍ക്കരിക്കും..'
'എന്നില്‍ ഉണ്ടായ ഞാന്‍'എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന അഭിനവിന്റെ കുറിപ്പിലെ ആത്മ വിമര്‍ശനങ്ങള്‍ നോക്കുക.
'പണ്ടത്തെ എന്റെ ജീവിതം എന്താണെന്ന് അറിയാമോ?അമ്മയോട് വഴക്ക് കൂടലും ചീത്തവിളിക്കലും പിന്നെ അമ്മ പറഞ്ഞത് കേള്‍ക്കാതിരിക്കലും ഉറക്കമുണരാന്‍ എട്ടുമണി ആകലും ഒക്കെയായിരുന്നു അത്.രാത്രിയില്‍ വായന തീരെയില്ല.കള്ളം പറയാലായിരുന്നു എന്റെ പ്രധാന പരിപാടി.പിന്നെ കാണുന്ന ജീവികളെയെല്ലാം ഞാന്‍ ദ്രോഹിക്കും....2015ലെ എന്റെ ഏറ്റവും വലിയ ദുഖം എന്താണെന്ന് അറിയാമോ? അമ്മ എപ്പോഴും എന്നോട് വായിക്കാന്‍ പറയും.എനിക്ക് അത് കേള്‍ക്കുന്നതുതന്നെ ദേഷ്യമാണ്...'
'പുതുവര്‍ഷത്തിലെ ഞാന്‍' എന്ന ഈ പുസ്തകത്തിലെ 33കുട്ടികളുടേയും സ്വയം വിലയിരുത്തല്‍ കുറിപ്പുകളിലൂടെ കന്നുപോയാല്‍ ഒരു കാര്യം നമുക്ക് ബോധ്യപ്പെടും.പത്തുവയസ്സുള്ള ഒരു കുട്ടിക്ക് സ്വന്തം ജീവിതത്തെ മാറി നിന്ന് നോക്കിക്കാണാനും തന്റെ സ്വഭാവത്തിന്റേയും മനോഭാവത്തിന്റേയും പ്രത്യേകതകള്‍ തിരിച്ചറിയാനും കഴിയും.താന്‍ ഇനിയും മെച്ചപ്പെടേണ്ട മേഖലകളെക്കുറിച്ചുള്ള നേരായ ധാരണകള്‍ കുട്ടികള്‍ക്കുണ്ട്.തന്റെ പോരായ്മകളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് കുട്ടികള്‍ക്കറിയാം.മുതിര്‍ന്നവരും സമൂഹവും വിദ്യാലയവും കുട്ടികളില്‍ ചാര്‍ത്തിക്കൊടുക്കുന്ന 'നല്ല കുട്ടി' എന്ന സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണെങ്കില്‍പ്പോലും കുട്ടികളുടെ ആത്മവിമര്‍ശനങ്ങളും സന്ദേഹങ്ങളും തീരുമാനങ്ങളുമൊക്കെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കുട്ടികളുടെ ആഴത്തിലുള്ള ഉള്‍ക്കാഴ്ച അവതരിപ്പിക്കുന്നുണ്ട്.
പുതുവര്‍ഷത്തില്‍ കുട്ടികള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വജീവിതത്തിലേക്ക് പകര്‍ത്താന്‍ അവര്‍ക്കാകുമോ?കണ്ടറിയണം.
ഏതായാലും ഒരു കാര്യം ഞാന്‍ തീരുമാനിച്ചു.ഓരോ ദിവസവും രാവിലെ ക്ലാസു തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഈ പതിപ്പിലെ ഏതെങ്കിലും ഒരു കുട്ടിയുടെ രചന ഞാനവരെ വായിച്ചുകേള്‍പ്പിക്കും.ഇനിയുള്ള എല്ലാദിവസങ്ങളിലും അതു തുടരും.കണ്ണടച്ച് പുസ്തകം തുറന്നാല്‍ കിട്ടുന്ന ഏതെങ്കിലും ഒരു പേജ്.ക്ലാസിലെ നിശബ്ദതയില്‍ ഞാനത് ഉറക്കെ അവരെ വായിച്ചു കേള്‍പ്പിക്കും.അത്രമാത്രം...
No comments:
Post a Comment