ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Friday, 25 March 2016

ഈ ഒന്നാം ക്ലാസുകാര്‍ക്ക് ഇംഗ്ലീഷ് നന്നായി വഴങ്ങും


പരീക്ഷ തുടങ്ങുന്നതിന് മുമ്പ് നാലഞ്ചു ദിവസം പുല്ലൂര്‍ ഗവ.യു.പി സ്ക്കൂളിലെ ഒന്നാം ക്ലാസ് ഇംഗ്ലീഷ് പഠനത്തിന്റെ പണിപ്പുരയായിരുന്നു.സാധാരണ രീതിയിലുള്ള പഠനമായിരുന്നില്ല ഈ ദിവസങ്ങളില്‍ അവിടെ നടന്നത്.രാവിലെ മുതല്‍ ഉച്ചവരെ ഇംഗ്ലീഷ് മാത്രം പഠിപ്പിച്ചു.അതും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍.

എന്തൊക്കെയായിരുന്നു ഈ പഠനരീതിയുടെ പ്രത്യകതകള്‍?



  • അവര്‍ വേണ്ടുവോളം കളിച്ചു.കളിക്കിടയില്‍ ഇംഗ്ലീഷ് സംസാരിച്ചു.അവരുടെ കൂട്ടുകാരോടും ടീച്ചറോടും.


  • ടീച്ചര്‍ കാണിച്ച മനോഹരമായ ചിത്രങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു.ടീച്ചര്‍ ഇംഗ്ലീഷില്‍ എഴുതി നല്‍കിയ സൂചനകള്‍ വായിച്ച് അവര്‍ ചിത്രങ്ങള്‍ വരച്ചു.തങ്ങള്‍ വരച്ച ചിത്രങ്ങള്‍ അവര്‍ എല്ലാവരേയും കാണിച്ചു.അതിനെക്കുറിച്ച് കൂട്ടുകാരോട് സംസാരിച്ചു. 

  •   വരച്ച ചിത്രങ്ങളെക്കുറിച്ച് അവര്‍ തങ്ങള്‍ക്കറിയാവുന്ന ഇംഗ്ലീഷില്‍ എഴുതി.ടീച്ചരുടെ സഹായത്തോടെ അവര്‍ എഴുതിയതിനെ മെച്ചപ്പെടുത്തി.


  • അവര്‍ സ്വന്തം കുടുംബത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും സംസാരിച്ചു.കുടുംബാംഗങ്ങളായി ഫോട്ടോയ്ക്ക് പോസ് ചെയ്തു.അവരുടെ ചിത്രങ്ങള്‍ വരച്ചു.തങ്ങള്‍ വരച്ച അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങള്‍ നോക്കി അവര്‍ രസിച്ചു.അത് ഓരോരുത്തരേയും കാണിച്ചു. അവരെക്കുറിച്ച് പറഞ്ഞു,എഴുതി.

  • കുട്ടികള്‍ കാടും മരങ്ങളും കാക്കയും കുരുവിയും ജിറാഫും അണ്ണാനും ആനയുമൊക്കെയായി കളിച്ചു.അപ്പോള്‍ അവരില്‍ ഇംഗ്ലീഷ് അറിയാതെ മുളപൊട്ടി.


  • ടീച്ചര്‍ വായിച്ചുകൊടുത്ത The Lion and the Rabbitഎന്ന കഥകേട്ട് അവര്‍ ആ കഥയെക്കുറിച്ച് സംസാരിച്ചു.അതിലെ കഥാപ്പാത്രങ്ങളുടെ പേരുകള്‍ എഴുതി.കഥയിലെ വിവിധ സംഭവങ്ങളുടെ ചിത്രങ്ങള്‍ നോക്കി അതെന്താണെന്ന് ഇംഗ്ലീഷില്‍ വിശദീകരിച്ചു.കഥയിലെ ഇഷ്ടപ്പെട്ട ഒരു സംഭവത്തിന്റെ  ചിത്രം വരച്ചു.ചിത്രത്തെക്കുറിച്ച് എഴുതി.


 ഇങ്ങനെ ചിരിച്ചും വരച്ചും കളിച്ചും രസിച്ചുമൊക്കെയായിരുന്നു നാലഞ്ചു ദിവസത്തെ ഇംഗ്ലീഷ് പഠനം.പരിപാടി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് സങ്കടം.
"എല്ലാ ദിവസവും ഇംഗ്ലീഷ് ഫെസ്റ്റ് വേണം."
കുട്ടികള്‍ ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു.

ഇംഗ്ലീഷ് ഫെസ്റ്റ് കുട്ടികള്‍ ആവേശത്തോടെ ഏറ്റെടുക്കാന്‍ എന്താണ് കാരണം?


 കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു പഠനരീതിയായിരുന്നു ആവിഷ്ക്കരിച്ചത്.ഈ ആവിഷ്ക്കാരമാണ് കുട്ടികളിലെ  ഭാഷയെ പുറത്തുകൊണ്ടുവരിക.
ഉദാഹരണമായി, സാധാരണയായി നാം ഇംഗ്ലീഷ് ക്ലാസില്‍ ചെയ്യുന്ന picture interaction നോക്കാം.ടീച്ചര്‍ ഒരു ചിത്രം കാണിക്കുന്നു.ചിത്രവുമായി ബന്ധപ്പെട്ട് കുട്ടികളോട് വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു.കുട്ടികള്‍ ചിത്രം നോക്കി ഉത്തരം പറയുന്നു.


 എന്നാല്‍ ഇവിടെ ടീച്ചര്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ച് കുട്ടികള്‍ ചിത്രം വരയ്ക്കുന്നു.ടീച്ചറുടെ സൂചന വാചികമാകാം.ബോര്‍ഡില്‍ എഴുതുന്ന വാക്യങ്ങളാകാം.അല്ലെങ്കില്‍ പദങ്ങളാകാം.കുട്ടികള്‍ ഈ സൂചനകള്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നു.അല്ലെങ്കില്‍ സ്വയം വായിച്ചെടുക്കുന്നു. അതിനെ ആസ്പദമാക്കി  ചിത്രം വരയ്ക്കുന്നു.ഓരോ ചിത്രവും പരസ്പരം കൈമാറി പരിശോധിക്കുന്നു. താന്‍ വരച്ച ചിത്രത്തെക്കുറിച്ച് കൂട്ടുകരോട് സംസാരിക്കുന്നു.പിന്നീട് ടീച്ചര്‍ ചിത്രത്തിലെ വസ്തുതകളുമായി ബന്ധപ്പെട്ട്  കുട്ടിയുമായി interact ചെയ്യുന്നു.കുട്ടി ചിത്രത്തെക്കുറിച്ച് എഴുതുന്നു.ടീച്ചറുടെ സഹായത്തോടെ മെച്ചപ്പെടുത്തുന്നു.

 പരമ്പരാഗത ഇംഗ്ലീഷ് ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് സംസാരിക്കാനുള്ള അവസരം ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നതായി പരിമിതപ്പെടുത്തിയിരിക്കുന്നു.എന്നാല്‍ സര്‍ഗ്ഗാത്മക ഭാഷാ ക്ലാസുമുറി കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാനും ടീച്ചറുമായി സംസാരിക്കാനും ധാരാളം അവസരങ്ങള്‍ നല്‍കുന്നു.കുട്ടികളുടെ സംസാരഭാഷ വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്ലാസില്‍ കളികള്‍ക്കും നാടകത്തിനും മറ്റും പ്രാധാന്യം നല്‍കിയിരിക്കുന്നത്.കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക്  ക്ലാസുമുറിയില്‍ പരസ്പരം സംസാരിക്കാനുള്ള ആവശ്യകതയുണ്ടാക്കും.അതാണ് ഭാഷ സ്വായത്തമാക്കുന്നതിലേക്ക് കുട്ടികളെ നയിക്കുക.സംസാരഭാഷ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം നേടുന്നതോടെ കുട്ടികള്‍ എഴുത്തുഭാഷ  സ്വായത്തമാക്കുന്നതില്‍ പുരോഗതി കൈവരിക്കും.

 കഴിഞ്ഞ ദിവസം ഒന്നാം ക്ലാസിലേക്ക് പോയപ്പോള്‍ കുട്ടികള്‍ ഓടി വന്നു.
എല്ലാവരുടേയും കൈയിലുമുണ്ട് ഒന്നോ രണ്ടോ കൈയ്യെഴുത്ത് മാസികകള്‍.അത് അവര്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.”മാഷേ,ഇതാ നോക്കൂ...ഞങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയതാ..”
ഞാനവരുടെ മാസികകള്‍ വാങ്ങി മറിച്ചു നോക്കി. മനോഹരമായ ചിത്രങ്ങള്‍,കുട്ടികളുടെ സ്വന്തം ഇംഗ്ലീഷില്‍ എഴുതിയ ലഘുവായ വാക്യങ്ങള്‍...കുടുംബത്തെക്കുറിച്ച്,ചുറ്റുമുള്ള
 മൃഗങ്ങളെക്കുറിച്ച്...കുട്ടികളുടെ ഭാവനയും അവരുടെ ചിത്രംവരയ്ക്കാനുള്ള കഴിവും നമ്മെ അതിശയിപ്പിക്കും.എത്ര ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍  ചിത്രം വരച്ചിരിക്കുന്നതും അതിനെക്കുറിച്ച് എഴുതിയിരിക്കുന്നതും!എല്ലാവരും മാസികയും പിടിച്ചുനില്‍ക്കുന്ന ഫോട്ടോ എടുത്തപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷമായി.



ഇംഗ്ലീഷ് ഫെസ്റ്റ് കുട്ടികളെ ഇംഗ്ലീഷ് പഠനത്തില്‍ ഒരു പടി മുകളിലെത്തിച്ചിരിക്കുന്നു.ദൈനംദിന ഇംഗ്ലീഷ് പഠനത്തിനിടയില്‍ കുട്ടികള്‍ക്ക് കിട്ടിയ ഒരു കൈത്താങ്ങ് ആയിരുന്നു അത്.ഒപ്പം ഒന്നാം ക്ലാസിലെ അധ്യാപികമാര്‍ക്കും.കുട്ടികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് ഊന്നല്‍ നല്‍കിക്കണ്ടുള്ള ഇംഗ്ലീഷ് പഠനമാണ് ക്ലാസില്‍ നടക്കേണ്ടതെന്ന തിരിച്ചറിവാണ്  അത് അവര്‍ക്ക് നല്‍കിയത്.


ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഫലപ്രാപ്തി വിലയിരുത്താനായിച്ചേര്‍ന്ന എസ്.ആര്‍.ജി യോഗത്തില്‍ ഓരോ മാസത്തിലും രണ്ടോ മൂന്നോ ദിവസം ഇംഗ്ലീഷിനു മാത്രമായി ഇങ്ങനെയുള്ള പരിപാടികള്‍ വേണം എന്നായിരുന്നു ഒന്നാം ക്ലാസിലെ അധ്യാപികമാരുടെ നിര്‍ദ്ദേശം.എല്ലാവരും അതിനോട് യോജിക്കുകയാണ് ഉണ്ടായത്.കൂടാതെ എല്ലാ ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കണം എന്ന നിര്‍ദ്ദേശവും ഉണ്ടായി.അടുത്ത അക്കാദമികവര്‍ഷം  കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയര്‍ത്താന്‍ നൂതനപദ്ധതികള്‍ ആവിഷ്ക്കരിക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടായി.
ഇംഗ്ലീഷ് മീഡിയം കാസ്സുകള്‍ ആരംഭിക്കാനുള്ള കടുത്ത സമ്മര്‍ദ്ദമായുരുന്നു ഇത്തവണ ചില രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്.എന്നാല്‍ വിദ്യാലയം മലയാളമീഡിയമാക്കി നിലനിര്‍ത്തിക്കൊണ്ട് കുട്ടികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താനുള്ള പഠനരീതികള്‍ ആവിഷ്ക്കരിക്കും എന്ന ഞങ്ങളുടെ നിര്‍ദ്ദേശത്തോട് രക്ഷിതാക്കള്‍ യോജിക്കുകയാണുണ്ടായത്.അതിലേക്കുള്ള ആദ്യപരിപാടിയായിരുന്നു ഞങ്ങളുടെ ഇംഗ്ലീഷ് ഫെസ്റ്റ്.



Saturday, 12 March 2016

പ്രൈമറി ക്ലാസുകളില്‍ കലാപഠനത്തിന് പ്രത്യേകം പിരീയഡ് വേണോ?


പാഠഭാഗത്തു  നിന്നും അടര്‍ത്തിമാറ്റി കലകളെ പ്രത്യേകം പഠിപ്പിക്കേണ്ടതാണോ?
പ്രൈമറി ക്ലസുകളിലെ  കലാപഠനം എങ്ങനെയായിരിക്കണം?

തീര്‍ച്ചയായും അത് വിഷയവുമായി ഉദ്ഗ്രഥിച്ച് കൊണ്ടുതന്നെയായിരിക്കണം.അപ്പോഴാണ് അത് കുട്ടികളുടെ ആവശ്യകതയുമായി ബന്ധപ്പെടുന്നത്. എങ്കില്‍ മാത്രമേ കലാപഠനം അര്‍ത്ഥവത്താകൂ.ഇവിടെ പഠനവും കലയും വെവ്വേറെ കള്ളികളിലായി നില്‍ക്കുന്നില്ല.കല പഠനമായി മാറുന്നു. പഠനം കലയും.
കല കോര്‍ത്തിണക്കിയ പാഠ്യവിഷയം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും.അത് പഠനത്തെ സര്‍ഗ്ഗാത്മകമാക്കുന്നു.അതിലൂടെ വിഷയം കുട്ടികള്‍ക്ക് എളുപ്പമാക്കുന്നു.



ഉദാഹരണം പറയാം. ഏഴാം തരത്തിലെ സയന്‍സ് ക്ലാസാണ് ഫോട്ടോയില്‍. ക്ലാസില്‍ കുട്ടികള്‍ ശേഖരിച്ച, വ്യത്യസ്തമായ  നിറങ്ങളും  സവിശേഷതകളുമുള്ള  മണ്ണിനങ്ങളുടെ നിരീക്ഷണത്തിനും പഠനത്തിനും ശേഷം കുട്ടികള്‍ മണ്ണ് കൊണ്ടുള്ള ചിത്രങ്ങളുടെ നിര്‍മ്മിതിയിലേക്കാണ് കടക്കുന്നത്.ഓരോ കുട്ടിയും തങ്ങള്‍ ശേഖരിച്ച മണ്ണിനങ്ങള്‍ കൊണ്ട്, തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു. മണ്ണ് പഠനത്തെ ടീച്ചര്‍ അതിവിദഗ്ദമായി കലയുമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.കുട്ടികള്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഈ പ്രവര്‍ത്തനത്തില്‍ മുഴുകിയത്.ക്ലാസില്‍ വൈവിധ്യമാര്‍ന്ന നിരവധിച്ചിത്രങ്ങളായിരുന്നു രൂപപ്പെട്ടത്.തുടര്‍ന്ന് ഓരോ ചിത്രങ്ങളും  പരസ്പരം കണ്ട് അവര്‍ വിലയിരുത്തി.ഫീഡ് ബാക്കുകള്‍ നല്‍കി.ഈ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍  മണ്ണിന്റെ പ്രത്യേകതകള്‍ കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു.


അഞ്ചിലെ സയന്‍സ് ക്ലാസില്‍ കുട്ടികള്‍ നിര്‍മ്മിച്ച റോക്കറ്റുകള്‍ നോക്കൂ.റോക്കറ്റുകള്‍പോലെ കുട്ടികളെ വിസ്മയിപ്പിക്കുന്ന മറ്റൊരു വാഹനമില്ല.റോക്കറ്റുകള്‍ നിര്‍മ്മിക്കുക എന്ന ആശയം അവര്‍ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്.ക്ലാസുമുറിയില്‍ നിന്നല്ല,ഈ പ്രവര്‍ത്തനം വീട്ടില്‍വെച്ചായിരുന്നു അവര്‍ ചെയ്തത്.പിറ്റേദിവസം സ്ക്കൂളിലേക്ക് വരുമ്പോള്‍ മിക്കവാറും കുട്ടികളുടെ കൈയ്യിലുമുണ്ട് ഓരോ റോക്കറ്റ്.വഴിക്ക് കാണുന്നവരെയെല്ലാം അഭിമാനത്തോടെ റോക്കറ്റ് ഉയര്‍ത്തിക്കാണിച്ചു കൊണ്ടായിരുന്നു അവര്‍ സ്ക്കൂളിലേക്ക് വന്നത്.


ദാ, ഞാനുണ്ടാക്കിയ റോക്കറ്റ്..
റോക്കറ്റുകള്‍ നിര്‍മ്മിച്ചതോടെ അതിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള താത്പര്യം കുട്ടികളില്‍ മുളപൊട്ടുന്നതു കണ്ടു.അവര്‍ റോക്കറ്റുകളെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വായിച്ചു.ചോദ്യങ്ങള്‍ ചോദിച്ചു.റോക്കറ്റുകളുടെ ചിത്രങ്ങള്‍ ശേഖരിച്ചു.
ക്ലാസിലെ കലാപ്രവര്‍ത്തനം പഠ്യവിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലേക്കും പഠനത്തിലേക്കും കുട്ടികളെ നയിക്കും എന്ന തിരിച്ചറിവ് നല്‍കി ഈ പ്രവര്‍ത്തനം. 


  ഒന്നാം ക്ലാസില്‍ ടീച്ചര്‍ ഇംഗ്ലീഷ്  പഠിപ്പിക്കുന്നത് കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ്. ടീച്ചര്‍ ബോര്‍ഡിലെഴുതിയിട്ട ചില പദസൂചനകളില്‍ നിന്നും കുട്ടികള്‍ ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നു.ഓരോരുത്തരും തങ്ങള്‍  വരച്ച ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി മറ്റുള്ളവരോട് ഇംഗ്ലിഷില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നു. ടീച്ചര്‍ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികള്‍ വരച്ച ചിത്രത്തെ അടിസ്ഥാനമാക്കി ടീച്ചര്‍ ചോദിച്ച ലളിതമായ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം പറയുന്നു.പിന്നീട് എഴുതുന്നു.കുട്ടികളുടെ സംശയങ്ങള്‍ ടീച്ചര്‍ തീര്‍ത്തുകൊടുക്കുന്നു.

ഇംഗ്ലിഷ് ക്ലാസില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ ഭാഷാപഠനത്തിലേക്ക്  വഴിതിരിച്ചുവിടുകയാണ് ടീച്ചര്‍. ചിത്രം വരയെ ഭാഷാപഠനത്തിനുള്ള ഒരു ടൂള്‍ ആയാണ്  ടീച്ചര്‍ ഉപയോഗിക്കുന്നത്.കുട്ടികള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്.താന്‍ വരച്ച ചിത്രത്തെക്കുറിച്ച് സംസാരിക്കാനും എഴുതാനും ഏതു കുട്ടിക്കാണ് ഇഷ്ടമില്ലാതിരിക്കുക?

 ഈ മൂന്നു സന്ദര്‍ഭങ്ങളിലും സൂചിപ്പിച്ച അധ്യാപികമാര്‍ ആരും തന്നെ കലാകാരികളല്ല.അവര്‍ക്ക് ചിത്രം വരയ്ക്കാനോ പാട്ട് പാടാനോ നൃത്തം ചെയ്യാനോ അറിയില്ല.പക്ഷേ,കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പഠനത്തില്‍ പ്രയോജനപ്പെടുത്തണം എന്നവര്‍ കരുതുന്നു.കുട്ടികളുടെ ചിത്രം വരയ്ക്കാനുള്ള കഴിവിനെ;അവരുടെ നിര്‍മ്മാണ വാസനയെ;നാടകം കളിക്കാനും പാട്ടുപാടാനും കവിതയെഴുതാനുമൊക്കെയുള്ള കഴിവുകളെ..


ഈ കഴിവുകളെ പഠനവുമായി കോര്‍ത്തിണക്കുമ്പോള്‍ പഠനത്തിലുള്ള കുട്ടികളുടെ താത്പര്യം വര്‍ദ്ധിക്കുന്നു.പഠനത്തോടൊപ്പം കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസവും സാധ്യമാകുന്നു..അവര്‍ നല്ല വ്യക്തിത്വമുള്ളവരായി,നല്ല മനുഷ്യരായി വളരുന്നു.

ക്ലാസില്‍ കലാപ്രവര്‍ത്തനത്തിനുള്ള അവസരം നല്‍കാന്‍ അധ്യാപകര്‍ കലാവിദഗ്ദരാകണമെന്നില്ല.നല്ല കലാസ്വാദകരായിരുന്നാല്‍ മതിയാകും.കുട്ടികളുടെ കലാപ്രകടനങ്ങളെ ആസ്വദിക്കാന്‍ കഴിയണം.വിവിധ കലാരൂപങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താനും ശ്രദ്ധിക്കണം.കലാപ്രകടനത്തിനുള്ള അവസരം കുട്ടികളുടെ അവകാശമാണെന്ന് തിരിച്ചറിയണം.


എല്ലാ കുട്ടികളും ക്രയേറ്റിവിറ്റിയുള്ളവരാണ്. കുട്ടികളുടെ സര്‍ഗാത്മക ശേഷികളെ പുറത്തുകൊണ്ടുവന്നാല്‍ മാത്രം മതിയാകും.അതിനുള്ള അവസരങ്ങളായിരിക്കണം ക്ലാസുമുറിയില്‍ ഒരുക്കേണ്ടത്.അല്ലാതെ,ഇളം പ്രായത്തില്‍ കല കുട്ടികളെ അഭ്യസിപ്പിക്കരുത്.അങ്ങനെ ചെയ്യുന്നത് അവരുടെ സര്‍ഗ്ഗാത്മകതയ്ക്ക് പോറലേല്‍പ്പിക്കും.
പാഠപുസ്തകത്തിലെ ഓരോ പാഠവും കലാപ്രവര്‍ത്തനത്തിനുള്ള അനന്ത സാധ്യതകള്‍ തുറന്നിടുന്നുണ്ട്.




  • ചിത്രം വരയ്ക്കാന്‍
  • കൊളാഷുകളുടെ നിര്‍മ്മാണത്തിന്
  • നാടകാവിഷ്ക്കാരത്തിന്
  • കവിതകളുടേയും  മറ്റും ദൃശ്യവിഷ്ക്കാരത്തിന്
  • വിവധ വസ്തുക്കള്‍ ഉപയോഗിച്ച് റിലീഫ് ചിത്രങ്ങളുടെ നിര്‍മ്മാണത്തിന്
  • വിവിധരൂപങ്ങളുടേയും മോഡലുകളുടേയും നിര്‍മ്മാണത്തിന്
  • സയന്‍സ് ക്ലാസുകളിലെ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന്
  • ആല്‍ബം തയ്യാറാക്കുന്നതിന്
  • കവിതയും കഥകളും രചിക്കുന്നതിന്ന്
  • പതിപ്പുകള്‍ തയ്യാറാക്കുന്നതിന്ന്
  • പത്രങ്ങള്‍ തയ്യാറാക്കുന്നതിന്ന്
  • പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നതിന്ന്



കലാപ്രവര്‍ത്തനം കടന്നുവരുന്നതോടെയാണ് ക്ലാസുമുറി സര്‍ഗ്ഗാത്മകമാകുന്നത്.അതോടെ പഠനം സജീവമാകുന്നു.കലാപ്രവര്‍ത്തനം പഠനത്തെ  കുട്ടികളുടെ വൈകാരിക അനുഭവമാക്കി മാറ്റുന്നു. കലാപ്രവര്‍ത്തനത്തില്‍ കുട്ടികളുടെ കഴിവും താത്പര്യവുമൊക്കെ വിലയിരുത്തേണ്ടത് ക്ലാസുമുറിയിലെ നിരന്തരവിലയിരുത്തലിലൂടെ തന്നെയായരിക്കണം.കലാപഠനത്തിന് പ്രത്യേകം പിരീഡുകള്‍ നിശ്ചയിച്ചതുകൊണ്ടോ അതിനുവേണ്ടി ടേം പരീക്ഷകള്‍ ഏര്‍പ്പെടുത്തയതുകൊണ്ടോ കുട്ടികളില്‍  കലാഭിരുചി വളര്‍ത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.