ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 23 December 2017

സര്‍ഗ്ഗാത്മകക്ലാസുമുറിയിലേക്കുള്ള 10 പടവുകള്‍



1.ക്ലാസുമുറി കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിനുള്ള(self expression) സാധ്യതകള്‍ തുറന്നിടണം

എല്ലാ കുട്ടികള്‍ക്കും സ്വയം ആവിഷ്ക്കരിക്കാനുള്ള ആഗ്രഹമുണ്ടാകും.അത് ശിശുസഹജമാണ്.വ്യക്തിഗതമായോ സംഘമായോ ആകാം ഈ ആവിഷ്ക്കാരങ്ങള്‍.പക്ഷേ,അതു പഠനത്തില്‍ പ്രധാനമാണ്.അതിനുള്ള അവസരങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് കുട്ടികളുടെ മനസ്സ് പലപ്പോഴും അസ്വസ്ഥമാകുന്നത്.ക്ലാസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഇതാണ്. ആവിഷ്കാരം ചിത്രത്തിലൂടെയോ നാടകത്തിലൂടെയോ പാട്ടിലൂടെയോ കളിയിലൂടെയോ നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെയോ ആകാം. വ്യത്യസ്തമായ രീതിയില്‍ ഒരു പരീക്ഷണം ആസൂത്രണം ചെയ്യുന്നതും പ്രശ്നപരിഹരണത്തിലേക്കുള്ള വഴികള്‍ കണ്ടെത്തുന്നതും മൗലികമായ എഴുത്തും സര്‍ഗാത്മകമായ ആവിഷ്കാരങ്ങളാണ്. പഠനപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കുമ്പോഴാണ്  ഇതു സാധ്യമാകുന്നത്.കുട്ടികളുടെ ആവിഷ്ക്കാരങ്ങള്‍ പഠന ലക്ഷ്യങ്ങളുമായി ഉദ്ഗ്രഥിച്ചു കൊണ്ടായിരിക്കണം ചെയ്യേണ്ടത്.‌


2.കുട്ടികളുടെ സ്വതന്ത്രചിന്തയെ പരിപോഷിപ്പിക്കുന്നതായിരിക്കണം  ക്ലാസിലെ പഠനപ്രക്രിയ 

ചില  നേരങ്ങളില്‍ ക്ലാസുമുറിയിലെ കുട്ടികളുടെ പ്രതികരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.മൗലികവും വ്യത്യസ്തവുമായ ചിന്തകള്‍ അവരുടെ മനസ്സില്‍ മുളപൊട്ടുന്നതു കാണാം.വ്യതിരിക്ത ചിന്തകളെ ഉണര്‍ത്താന്‍ പാകത്തില്‍ കുട്ടികള്‍ക്കുമുന്നില്‍ പഠനപ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് അവര്‍ പഠനത്തില്‍ സജീവമാകുന്നത്.പ്രശ്നപരിഹരണത്തിനുള്ള വൈവിധ്യമാര്‍ന്ന വഴികള്‍ കണ്ടെത്താനും അവതരിപ്പിക്കാനും സര്‍ഗാത്മക ക്ലാസുമുറി  കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. ക്ലാസില്‍ കുട്ടികള്‍ ഒരുതരത്തിലുള്ള തടസ്സങ്ങളും(inhibitions) അനുഭവിക്കുന്നില്ലെന്ന് ടീച്ചര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നിര്‍ഭയമായ അന്തരീക്ഷത്തില്‍ മാത്രമേ കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനും കഴിയൂ.താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കുട്ടികള്‍ ചിന്തിക്കണമെന്ന് ടീച്ചര്‍ വാശിപിടിക്കുന്നിടത്താണ് സര്‍ഗാത്മകത കശാപ്പുചെയ്യപ്പെടുക.

3.ഗ്രേഡുകള്‍ നല്‍കാം;ഒപ്പം ഫീഡ്ബാക്കുകള്‍ കൂടി നല്‍കണം

 കേവലമായ ഗ്രേഡുകള്‍ കൊണ്ട് കാര്യമില്ല.ഫീഡ്ബാക്കുകള്‍ നല്‍കുമ്പോഴാണ് തന്റെ പോരായ്മകളും മെച്ചങ്ങളും തിരിച്ചറിഞ്ഞ് കുട്ടിക്ക് സ്വയം മുന്നേറാന്‍ കഴിയുക.ഫീഡ്ബാക്കുകള്‍  കുട്ടികളുടെ ചിന്തകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കും.ടീച്ചര്‍ നല്‍കുന്ന ഫീഡ്ബാക്കുകള്‍ ആകാം.കുട്ടികള്‍ പരസ്പരം നല്‍കുന്നതുമാകാം.കടുത്ത മത്സരത്തിന്റെ അന്തരീക്ഷം കുട്ടികളില്‍ മാനസിക സമ്മര്‍ദം ഉണ്ടാക്കും.അത് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകളെ മുളയിലേ നുള്ളിക്കളയും.

4.ഉത്പന്ന (product)ത്തോടൊപ്പം പഠനപ്രക്രിയയ്ക്കും(learning process) പ്രാധാന്യം നല്‍കണം
 

 പഠനപ്രക്രിയയ്ക്ക് പ്രാധാന്യം നല്കുമ്പോഴാണ് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിക്കുന്നത്.അവരുടെ ആത്മാവിഷ്ക്കാരത്തിനുള്ള സാധ്യതകള്‍  തുറന്നിടുന്നതായിരിക്കണം പഠനപ്രക്രിയ.കുട്ടികളുടെ വ്യതിരിക്തമായ ചിന്തകളും തീരുമാനങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത് പഠനപ്രക്രിയയ്ക്കിടയിലാണ്.നിരന്തരവിലയിരുത്തലിലൂടെ ഇത് വേണ്ട രീതിയില്‍ വിലയിരുത്തിക്കൊണ്ടും  കുട്ടികള്‍ക്കാവശ്യമായ കൈത്താങ്ങ്  നല്‍കിക്കൊണ്ടുമായിരിക്കും സര്‍ഗാത്മക ക്ലാസുമുറി അതിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുക. 

5.പഠനതന്ത്രങ്ങള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍(stimulate) കഴിയണം

 വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങള്‍ ക്ലാസുമുറിയില്‍ ഉപയോഗിക്കുമ്പോഴാണ് കുട്ടികള്‍ stimulate ചെയ്യപ്പെടുക. ചിത്രങ്ങള്‍,വീഡിയോ ക്ലിപ്പിങ്ങുകള്‍,ശബ്ദങ്ങള്‍,സംഗീതം,വിവിധതരം പ്രോപ്പുകള്‍,ശാരീരിക ചലനങ്ങള്‍
എന്നിവയൊക്കെ ഉപയോഗിക്കാം.പഠിപ്പിക്കുന്ന വിഷയം ഏതുമായിക്കൊള്ളട്ടെ.ഇവയുടെ ഉപയോഗം കുട്ടികളുടെ ചിന്തയെ ഉണര്‍ത്തും.പഠനപ്രശ്നം അവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കും.പ്രശ്നപരിഹരണത്തിനുള്ള മൗലികമായ ചിന്ത അവരില്‍ മുളപൊട്ടും.


6.ടീച്ചര്‍ കുട്ടികള്‍ക്കുമുന്നില്‍ demonstrate ചെയ്യരുത്

 കുട്ടി ഒരു മരം വരയ്ക്കുന്നതിനിടയില്‍ 'മരം ഇങ്ങനെയാണോ വരക്കുന്നത്?ഇങ്ങനെയല്ലേ?' എന്നു ചോദിച്ചുകൊണ്ട്  മരം ബോര്‍ഡില്‍ വരച്ചുകാണിക്കുന്നവരുണ്ട്.'പൂമ്പാറ്റ ഇങ്ങനെയാണോ പറക്കുക?' എന്നുചോദിച്ചുകൊണ്ട് പൂമ്പാറ്റയുടെ ചലനങ്ങള്‍ കാണിച്ചുകൊടുക്കുന്നവരുണ്ട്.ഇങ്ങനെയുള്ള പ്രവൃത്തി കുട്ടികളുടെ സര്‍ഗാത്മക ചിന്തയെ ഇല്ലാതാക്കും.എന്തും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കാണിച്ചുകൊടുക്കാനുള്ള ത്വര അധ്യാപകര്‍ക്ക് പൊതുവെ ഉള്ളതാണ്.ഒരു പക്ഷേ,നമ്മളൊക്കെ അറിയാതെ ചെയ്തുപോകുന്നതാണത്.അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

7.കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ അനുഭാവപൂര്‍വ്വം പരിഗണിക്കണം

 കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ പഠനം നടക്കുന്നു എന്നതിന്റെ തെളിവുകളാണ്.തെറ്റുകളെ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുന്ന അധ്യാപകന്‍  അതിനെ നിഷേധാത്മകമായി സമീപിക്കുകയാണ് ചെയ്യുന്നത്.അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.ഗുണാത്മകമായ ഫീഡ്ബാക്ക് നല്‍കുന്നതിലൂടെ തെറ്റ് സ്വയം കണ്ടെത്താനും തിരുത്തി മുന്നേറാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്

 8.ക്ലാസില്‍ ടീച്ചര്‍ സംസാരം കുറയ്ക്കണം;പകരം കുട്ടികളുടെ സംസാരത്തിന് കാതോര്‍ക്കണം

ടീച്ചറുടെ സംസാരം മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ക്ലാസുമുറി സര്‍ഗാത്മകതയുടെ ശവപ്പറമ്പായിരിക്കും.അവിടെ കുട്ടികള്‍ സംസാരിക്കുന്നത് ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മാത്രമായിരിക്കും.ടീച്ചറുടെ വലിയ ശബ്ദം കുഞ്ഞുങ്ങളുടെ നേര്‍ത്ത ശബ്ദത്തെ പതിയെ ഇല്ലാതാക്കും.കുട്ടികളുടെ വായ മൂടിക്കെട്ടിയ ഒരു ക്ലാസുമുറിയില്‍ എങ്ങനെയാണ് പഠനം നടക്കുക?അവിടെ സര്‍ഗാത്മകതയുടെ വിത്തുകള്‍ എങ്ങനെയാണ് മുളപൊട്ടുക?കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയണം.അതിന് ടീച്ചര്‍ കാതോര്‍ക്കണം. ടീച്ചര്‍ കുട്ടികളുമായും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കണം. 

9.ക്ലാസുമുറിയുടെ പരമ്പരാഗത ഘടനയെ മാറ്റിത്തീര്‍ക്കണം

 പരമ്പരാഗത ഘടനയിലുള്ള ഒരു ക്ലാസുമുറി സര്‍ഗാത്മക പ്രവര്‍ത്തനത്തിനു വിലങ്ങുതടിയാകും.അവിടെ കുട്ടികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഇരിപ്പിടത്തില്‍ അധ്യയന സമയം മുഴുക്കെ കുട്ടി ഇരുന്നിരിക്കാന്‍ ബാധ്യസ്ഥനാണ്.സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കരുതപ്പെടും.എന്നാല്‍ സര്‍ഗാത്മക ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കും.ക്ലാസുമുറിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ അതിനു കഴിയും.ചിലനേരങ്ങളില്‍ അത് ഇരിപ്പിടങ്ങളെ പഠനോപകരണങ്ങളാക്കി മാറ്റും.ക്ലാസുമുറിയില്‍ പ്രോപ്പുകളുടെ വലിയ ശേഖരം സൂക്ഷിച്ചിരിക്കും.കുട്ടികളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കണം.നിശ്ചലമായി നില്‍ക്കുന്ന ഒന്നാകരുത് ക്ലാസുമുറിയുടെ ഘടന.അത് നിരന്തരം മാറിക്കൊണ്ടിരിക്കണം.ഒപ്പം കുട്ടികളുടെ ഇരിപ്പിടങ്ങളും.എപ്പോഴും പുതുമ നിലനിര്‍ത്തിക്കൊണ്ടിരിക്കാന്‍ ക്ലാസുമുറിക്ക്  കഴിയണം.

10.ക്ലാസുമുറിയെ പുറംലോകവുമായി ബന്ധിപ്പിക്കണം

 ക്ലാസുമുറിയില്‍ നിന്നും കുട്ടികള്‍ക്ക്  പുറത്തുപോകാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കണം.വിദ്യാലയ പരിസരത്തെ അവര്‍ കണ്ടറിയണം.അവിടത്തെ കൃഷിയിടങ്ങള്‍,തൊഴിലിടങ്ങള്‍,മനുഷ്യരുടെ ജീവിതം,പുഴകള്‍,കുന്നുകള്‍,ജലാശയങ്ങള്‍ എന്നിവയൊക്കെ കണ്ടും അറിഞ്ഞും മനസ്സിലാക്കണം.നാടിന്റെ ചരിത്രം അറിയണം.കൃഷിക്കാരേയും തൊഴിലാളികളേയും സാമൂഹ്യപ്രവര്‍ത്തകരേയും ക്ലാസുമുറികളിലേക്കു ക്ഷണിക്കണം.അവരുമായി സംവദിക്കണം.ക്ലാസുമുറിയുടെ വാതായനങ്ങള്‍ കൂടുതല്‍ വിശാലമായ ലോകത്തേക്ക് തുറക്കുമ്പോഴാണ്  അവരുടെ ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുക.കുട്ടികള്‍  ഭാവി ലോകത്തെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുക.

 

Saturday, 2 December 2017

കുട്ടികള്‍ക്കുമുന്നില്‍ തുറന്നുവെച്ച ഒറ്റപ്പാഠപുസ്തകം



ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുമുന്നില്‍  തുറന്നുവെച്ച ഒറ്റ പാഠപുസ്തകമാണ് ഫോട്ടോയില്‍.ചുമരില്‍ തങ്ങളുടെ പാഠപുസ്തകം തുറന്നുവെച്ചതു കണ്ട് കുട്ടികള്‍ അത്ഭുതപ്പെട്ടു."എന്റമ്മോ,ഇത്ര വല്യ പുസ്തകോ?"

അവര്‍ തങ്ങളുടെ കൈയ്യിലെ പുസ്തകത്തിലേക്കും ചുമരിലെ പുസ്തകത്തിലേക്കും മാറി മാറി നോക്കി.എല്ലാവര്‍ക്കും ചുമരിലെ പാഠപുസ്തകം ഒന്നുതൊടണം.വായിക്കണം.

അതിലെ ഓരോ വാക്യവും  പദവും  സൂം ചെയ്ത് ഞാന്‍ കുട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.പാഠപുസ്തകത്തിലെ ചിത്രങ്ങളെ അതിന്റെ നേരായ വര്‍ണ്ണത്തില്‍ ചുമരിലെ ഒന്നാം പാഠത്തില്‍ കാണാം.ചിത്രങ്ങളെ അടര്‍ത്തിമാറ്റാം.ഒരു ചിത്രത്തെത്തന്നെ പലതായി വീണ്ടും വിഭജിക്കാം.ചിത്രത്തെ പലരീതിയില്‍ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കാം. അതില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉണ്ടാക്കാം.



ഏഴിലെ ഇംഗ്ലീഷ് ക്ലാസ്സാണ്.വിവിധതരം ആശംസാ കാര്‍ഡുകള്‍ പരിചയപ്പെടുത്തുകയാണ് ടീച്ചര്‍.പാഠപുസ്തകത്തിലെ ഒരു പേജിന്റെ സ്ക്രീന്‍ ഷോട്ടും മറ്റു സ്രോതസ്സുകളില്‍ നിന്നും ശേഖരിച്ച വിവിധതരം കാര്‍ഡുകളുടെ ചിത്രങ്ങളുമാണ് പഠന വിഭവങ്ങള്‍.കുട്ടികള്‍ അതീവ താത്പര്യത്തോടെയാണ് ക്ലാസിലിരിക്കുന്നത്. ക്ലാസിലെ സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങളെ കുട്ടികള്‍ വിശകലനം ചെയ്യുന്നു.ടീച്ചറുടെ ചോദ്യങ്ങളോട് നന്നായി പ്രതികരിക്കുന്നു.സ്ക്രീന്‍ കാസ്റ്റ്  എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ തത്സമയം സ്ക്രീനില്‍ വലുതായി കാണിക്കുന്നുമുണ്ട് ടീച്ചര്‍.അങ്ങിനെയാണ് കാര്‍ഡുകള്‍ എഡിറ്റിങ്ങിനു വിധേയമാക്കുന്നത്.ഓരോരുത്തരും തയ്യാറാക്കിയ കാര്‍ഡുകള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ കുട്ടികളുടെ മുഖത്തെ പ്രകാശം ഒന്നു കാണേണ്ടതുതന്നെ.

ഇനി ടീച്ചറോട് ക്ലാസുമുറിയില്‍ മൊബൈല്‍ കൊണ്ടുപോകരുതെന്ന് പറയുന്നതെങ്ങനെ? 


പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലും കഴിഞ്ഞ ഒരു മാസമായി പഠനം ഈ രീതിയിലാണ് നടക്കുന്നത്.രാവിലെ ക്ലാസിലേക്ക് പോകുന്ന അധ്യാപികമാരുടെ പക്കല്‍ ടീച്ചിങ്ങ് മാന്വലും ഹാജര്‍ പട്ടികയും മാത്രമല്ല,ഓരോ പ്രൊജക്ടറും ലാപ്പ് ടോപ്പും കാണും.ഐ.ടി. അധിഷ്ഠിത പഠനം ക്ലാസ്സുമുറിയില്‍ പ്രായോഗികമായ നടക്കപ്പാക്കാനുള്ള ശ്രമത്തിലാണ് അധ്യാപികമാരും സ്ക്കൂളും പി.ടിഎയും സ്ക്കൂള്‍ വികസനസമിതിയുമൊക്കെ.


ഐ.ടി.@സ്ക്കൂളിന്റെ ഹൈടെക്ക് പൈലറ്റ് പ്രൊജക്ട്  രണ്ടാഴ്ചമുന്നേയാണ് വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.വിദ്യാലയത്തിന്റെ പുരോഗതിയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവാകും ഈ പദ്ധതി എന്ന കാര്യത്തില്‍ സംശയമില്ല.ഇതുവഴി സ്ക്കൂളിന് അഞ്ചു പ്രൊജക്ടറുകളും 12 ലാപ്ടോപ്പുകളുംമാണ് ലഭിച്ചത്.


 നരത്തെ പഞ്ചായത്തു വഴി  അഞ്ചു പ്രൊജക്ടറുകളും അഞ്ചു ലാപ്ടോപ്പുകളും രണ്ടു ഇന്ററാക്ടീവ് ബോര്‍ഡും ലഭിച്ചിരുന്നു.എസ്.എസ്.എ വഴി മുന്നേ ലഭിച്ച രണ്ടു പ്രൊജക്ടറുകളുമടക്കം ഇപ്പോള്‍ സ്ക്കൂളിന് സ്വന്തമായി 12 പ്രൊജക്ടറുകളും 23 ലാപ്ടോപ്പുകളുണ്ട്.അതായത് സ്ക്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലും ഐ.ടി അധിഷ്ഠിത പഠനം നടപ്പാക്കാനാവശ്യമായ ഉപകരണങ്ങള്‍ ആവശ്യത്തിനു ലഭ്യമായി എന്നു സാരം.500 ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ഒരു യു.പി.സ്ക്കൂളിനെ  സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടം തന്നെയാണിത്.കൂടാതെ ഐ.ടി ലാബും സുസജ്ജമായിരിക്കുന്നു.

 ക്ലാസുമുറിയില്‍ ഐ.ടി അധിഷ്ഠിത പഠനം നടപ്പാകണമെങ്കില്‍ മുഴുവന്‍ അധ്യാപിക-അധ്യാപകന്‍മാര്‍ക്കും പ്രോയോഗിക പരിശീലനം ലഭിക്കണം.അവധി ദിവസങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഐ.ടി.@സ്ക്കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഇതില്‍ രണ്ടു ദിവസത്തെ പരിശീലനം കഴിഞ്ഞു.ക്ലാസുമുറിയിലെ ഐ.ടി. ഉപയോഗം പഠന പ്രക്രിയയുടെ ഭാഗമായിരിക്കണം എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ട്രൈ ഔട്ട് ക്ലാസുകള്‍ അടക്കം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പരിശീലനം.അത് അധ്യാപകര്‍ക്ക് പുതിയ അനുഭവമായിരുന്നു.ഈ പരിശീലനത്തോടെ മുഴുവന്‍ പേരും ക്ലാസുമുറിയില്‍ ഐ.ടി ഉപയോഗിക്കാനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞു.ഓരോ പാഠത്തിലേക്കും ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും അധ്യാപികമാര്‍ തങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

 ഹൈടെക്ക് പ്രൊജക്ടിന് പൂര്‍ണ്ണ പിന്തുണയുമായി പി.ടി.എയും സ്ക്കൂള്‍ വികസന സമിതിയും രംഗത്തുവന്നിരിക്കുന്നു.സ്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്‍,സ്ക്ക്രീന്‍,സൗണ്ട് സിസ്റ്റം എന്നിവ ഏര്‍പ്പെടുത്തിയത് പി.ടി.എ ആയിരുന്നു. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഇതിനു ചെലവുവന്നു.

ക്ലാസുമുറിയിലെ ബോധനരീതി  നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണെങ്കിലും ഭൂരിഭാഗം ക്ലാസുമുറികളും സ്മാര്‍ട്ടായിട്ടില്ല.കൂടുതല്‍ ക്ലാസുമുറികളും ഓടുപാകിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വാട്ടര്‍ പ്രൂഫ് സീലിങ്ങ്,നിലം ടൈല്‍സ് പാകല്‍,ശിശു സൗഹൃദ ഫര്‍ണ്ണിച്ചറുകള്‍ എന്നീ ലക്ഷ്യങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. അതിനുവേണ്ടിയുള്ള തീവ്ര പരിശ്രമത്തിലാണ് പി.ടി.എയും സ്ക്കൂള്‍ വികസന സമിതിയും. 


 നിലവില്‍ ക്ലാസുമുറിയില്‍ അനുവര്‍ത്തിക്കുന്ന പഠന പ്രക്രിയയില്‍ ഐ.ടി. ഉപയോഗം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.പാഠപുസ്തകത്തിനു പുറത്തുള്ള പഠനവിഭവങ്ങള്‍ കണ്ടെത്താനും ക്ലാസില്‍ ഉപയോഗപ്പെടുത്താനുമാണ് നിലവില്‍ അധ്യാപകര്‍ക്കുള്ള പ്രയാസം.ഐ.ടി. ഉപയോഗിക്കുന്നതിലൂടെ ഇതിനെ മറികടക്കാന്‍ കഴിയും.ക്ലാസില്‍ ഉപയോഗിക്കേണ്ട ചിത്രങ്ങള്‍,വീഡിയോകള്‍,അധികവായനാസാമഗ്രികള്‍,പ്രസന്റേഷനുകള്‍,ഓഡിയോകള്‍  തുടങ്ങിയവയെല്ലാം ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.ഐ.ടി. യുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ പഠനത്തെളിവുകള്‍ അവര്‍ക്കുതന്നെ സ്വയം കാണാനും വിലയിരുത്താനും കഴിയും.പാഠാസൂത്രണത്തില്‍ ഇവയോരോന്നും എവിടെ,എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന ശരിയായ ധാരണ അധ്യാപകര്‍ക്ക് ആവശ്യമാണ്.ടീച്ചിങ്ങ് മാന്വലും ഈ രീതിയിലേക്ക് മാറേണ്ടതുണ്ട്.എങ്കില്‍ മാത്രമേ ഐ.ടി.അധിഷ്ഠിത പഠനം യാഥാര്‍ത്ഥ്യമാകുകയുള്ളു. കുട്ടികള്‍ക്ക് അതുകൊണ്ടുളള പ്രയോജനം ലഭിക്കൂ.

 ഹൈടെക്ക് പൈലറ്റ് പ്രൊജക്ട് പ്രോയോഗികമായി ഒരു വിദ്യാലയത്തില്‍ നടപ്പാക്കുമ്പോള്‍ ഞങ്ങള്‍ക്കനുഭവപ്പെട്ട ചില പ്രയാസങ്ങള്‍ കൂടി ഇവിടെ പങ്കുവയ്ക്കട്ടെ.

ഒന്നാമതായി 35 മിനുട്ട് ടൈംടേബിളാണ് പ്രശ്നം.ഈ സമയം ഒന്നിനും തികയില്ല.ഐ.ടി.സാധ്യതകള്‍ ഉപയോഗപ്പെടുത്തി പാഠം പ്രക്രിയാ ബന്ധിതമായി പഠിപ്പിക്കണമെങ്കില്‍ പിരീയഡുകളുടെ സമയദൈര്‍ഘ്യം  വര്‍ദ്ധിപ്പിച്ചേ മതിയാകൂ.രണ്ടു പീരീയഡുകളെ ക്ലബ്ബുചെയ്തുകൊണ്ടും മറ്റുമാണ് ഞങ്ങള്‍ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്.പക്ഷേ,അത് എല്ലാ ദിവസങ്ങളിലും പ്രായോഗികമല്ല. ഹൈടെക്ക് വിദ്യാലയം ശരിയായരീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നിലവിലെ  സമയക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടേ സാധ്യമാകൂ.


പ്രൊജക്ടര്‍   സ്ക്കൂളുകള്‍ക്ക് നല്‍കുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം.അത് ക്ലാസില്‍ മൗണ്ട് ചെയ്യാനുള്ള സംവിധാനം കൂടി നല്‍കണം.എല്ലാദിവസവും ക്ലാസിലേക്ക് പ്രൊജക്ടറും ലാപ്ടോപ്പും കൊണ്ടുപോകുക,കണക്ട് ചെയ്യുക  എന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്.കുട്ടികള്‍ക്കിടയിലാണ് ഇത് സജ്ജീകരിക്കുന്നത്.ക്ലാസില്‍ കുട്ടികളുടെ ചലനസ്വാതന്ത്ര്യത്തെ അത് പരിമിതപ്പെടുത്തും.കൂടാതെ ഈ ഉപകരണങ്ങള്‍ക്ക് പെട്ടെന്നു കേടുവരാനും ഇത് ഇടയാക്കും.


കോടിക്കണക്കിനു രൂപ മുതല്‍മുടക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ പദ്ധതിയാണ് സ്ക്കൂള്‍ ഹൈടെക്ക് പദ്ധതി.ഇതൊരു  പൈലറ്റ് പ്രൊജക്ട് ആയതുകൊണ്ടുതന്നെ വിജയിക്കണമെങ്കില്‍ ഫലപ്രദമായ മോണറ്ററിങ്ങ് സംവിധാനം വേണം.മോണറ്ററിങ്ങ് ചുമതല ഹെ‍‍മാസ്റ്റര്‍മാരെ മാത്രമേല്‍പ്പിച്ച് പിന്‍വാങ്ങിയാല്‍ പദ്ധതി പാളും.ഐ.ടി.@സ്ക്കൂളിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്തമായ മോണറ്ററിങ്ങും അധ്യാപകര്‍ക്കുള്ള പിന്തുണയുമാണ് വേണ്ടത്.അതിന്റെ അടിസ്ഥാനത്തിനുള്ള തുടര്‍പരിശീലനങ്ങളും വേണം.

ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം.സ്ക്കൂള്‍ ഹൈടെക്ക് പദ്ധതി നമ്മുടെ ക്ലാസുമുറികളില്‍ പ്രായോഗികമായി നടപ്പാകുകയാണെങ്കില്‍ അത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന നമ്മുടെ ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കും.കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍.


 


Sunday, 19 November 2017

ഒന്നാം ക്ലാസ്സിലെ ബിഗ് ബുക്കുകള്‍

ഒന്നാം ക്ലാസിലെ വായന..3


രാവിലെ ക്ലാസിലെത്തിയാല്‍ കുട്ടികള്‍ ഓടിച്ചെല്ലുന്നത് ബിഗ് ബുക്കിനടുത്തേക്കാണ്..എന്നും ഒരു ചടങ്ങുപോലെ അവര്‍ ബിഗ് ബുക്ക് എടുക്കും.നിലത്ത് തുറന്ന്  വയ്ക്കും.പുസ്തകത്തിനു ചുറ്റും കൂട്ടംകൂടിയിരിക്കും.എല്ലാവരും ഒത്തുചേര്‍ന്ന് വായിക്കും.ആ വായനയ്ക്കും പേജുകള്‍ മറിക്കുന്നതിന്നും ഒരു താളമുണ്ട്.സംഘവായനയുടെ താളം.
   
ഒറ്റക്കിരുന്ന് ആരും ബിഗ്ബുക്ക് വായിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.
സംഘവായനയുടെ  സുഖം ഒറ്റക്കിരുന്ന് വായിക്കുമ്പോള്‍ കുട്ടികള്‍ക്ക് കിട്ടില്ലല്ലോ.അതായിരിക്കണം കാരണം.


എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ബിഗ്ബുക്കിനോട്  ഇത്ര ഇഷ്ടം എന്ന് ഇടക്കിടെ ആലോചിക്കാറുണ്ട്.അതിനു മുമ്പായി എന്താണ് ബിഗ് ബുക്ക് എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

വളരെ പഴയ ആശയമാണത്. പുതിയ പാഠ്യപദ്ധതി നിലവില്‍വന്ന കാലത്ത് ഒന്നാം ക്ലാസില്‍ നിന്നാണ് ആദ്യമായി ബിഗ് ബുക്ക് എന്നുകേള്‍ക്കുന്നത്.ക്ലാസില്‍ നിന്നു് രൂപം കൊള്ളുന്ന പാഠങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകം.പല നല്ല ആശയങ്ങളും കൈയൊഴിഞ്ഞ കൂട്ടത്തില്‍ കാലക്രമേണ ഇതും ഒഴിവാക്കി.



ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ  കഥാ സന്ദര്‍ഭങ്ങളുമായി  ബന്ധപ്പെട്ട് ക്ലാസില്‍ രൂപപ്പെടുന്ന പാഠങ്ങളുണ്ട്.ആഖ്യാനം അവതരിപ്പിക്കുന്നതിനിടയില്‍ ടീച്ചര്‍ ശരിയായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കുട്ടികളില്‍ നിന്നും രൂപീകരിക്കുന്ന പാഠങ്ങള്‍.നിശ്ചിത അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളുമൊക്കെ ആവര്‍ത്തിച്ചു വരുന്നതായിരിക്കും ഈ പാഠങ്ങള്‍. കുട്ടി പഠിച്ചിരിക്കേണ്ടുന്ന അക്ഷരങ്ങള്‍ക്ക് കൂടുതല്‍ തെളിവു ലഭിക്കുന്ന രീതിയിലായിരിക്കും ടീച്ചര്‍ ഇത് ആലോചിക്കുക.ടീച്ചറുടെ ചോദ്യങ്ങള്‍ക്കുള്ള കുട്ടികളുടെ പ്രതികരണത്തില്‍ നിന്നാണ്  അതു രൂപപ്പെടുക.

കുട്ടികള്‍ പറയുന്ന ടെക്സ്റ്റുകള്‍ ടീച്ചര്‍ ചാര്‍ട്ടുകളില്‍ രേഖപ്പെടുത്തുന്നു. അത് കുട്ടികള്‍ വായിക്കുന്നു(ആദ്യഘട്ടത്തില്‍ ഇത് ഗ്രാഫിക്ക് വായനയായിരിക്കും).അതില്‍ ആവര്‍ത്തിച്ചുവരുന്ന പദങ്ങളും വാക്യങ്ങളും അക്ഷരങ്ങളുമൊക്കെ കുട്ടികള്‍ തിരിച്ചറിയുന്നു.പിന്നീട് കുട്ടികള്‍ കാണത്തക്കവിധം ഇതു ക്ലാസില്‍ പ്രദര്‍ശിപ്പിക്കുന്നു.
ഒരു യൂണിറ്റു കഴിയുമ്പോള്‍ ഈ ചാര്‍ട്ടുകളെല്ലാംകൂട്ടി തുന്നിക്കെട്ടി ടീച്ചര്‍ ഒരു പുസ്തകമാക്കുന്നു. അതാണ് ബിഗ് ബുക്ക്.


ഒരു വിദ്യാലയത്തിലെ ഒന്നാം ക്ലാസ് കാണാന്‍ ചെന്നപ്പോള്‍ ക്ലാസില്‍ തലങ്ങും വിലങ്ങും തൂക്കിയിട്ട ചാര്‍ട്ടുകളിലേക്ക് ചൂണ്ടി ടീച്ചര്‍ അഭിമാനത്തോടെ പറഞ്ഞു.
"നോക്കൂ മാഷേ,ജൂണ്‍മാസം മുതലുള്ള ചാര്‍ട്ടുകളാണ്.”

ചാര്‍ട്ടുകളുടെ ധാരാളിത്തംകൊണ്ട് ആ ക്ലാസുമുറിയുടെ സൗന്ദര്യം കെട്ടുപോയതുപോലെ എനിക്കുതോന്നി.കുട്ടികള്‍ക്കുവേണ്ടിയല്ല ഇത് ഡിസ് പ്ലേ ചെയ്തിരിക്കുന്നത്.മറ്റുള്ളവര്‍ക്കു കാണാന്‍ വേണ്ടിയാണ്.

ഓരോ യൂണിറ്റ് കഴിയുമ്പോഴും ഈ ചാര്‍ട്ടുകളെല്ലാം തുന്നിക്കെട്ടി ഒരു പുസ്തകമാക്കിയിരുന്നുവെങ്കില്‍ ടീച്ചര്‍ക്ക് കൂടുതള്‍ സ്ഥലം ലാഭിക്കാമായിരുന്നു.പുതുതായി അവിടെ സ്ഥാനം പിടിക്കുന്ന ചാര്‍‍ട്ടുകള്‍ക്കെല്ലാം അതോടെ പുതുമ കൈവരും.കുട്ടികളുടെ ശ്രദ്ധ അവരറിയാതെ അതിലേക്ക് ചെല്ലും.ആ പാഠങ്ങളോരോന്നും കുട്ടികളുടെ മനസ്സിലേക്ക്  കയറിപ്പറ്റും.ആ യൂണിറ്റുകഴിയുമ്പോള്‍ വീണ്ടും പുതിയ ചാര്‍ട്ടുകള്‍.അപ്പോഴേക്കും ക്ലാസില്‍ ബിഗ് ബുക്കുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.ക്ലാസില്‍ രൂപപ്പെടുന്ന ചാര്‍ട്ടുകളൊക്കെ സുരക്ഷിതമായി അതിലെ പേജുകളായി രൂപാന്തരം പ്രാപിക്കും.



കാനത്തൂര്‍ സ്ക്കൂളിലെ ഒന്നാം ക്ലാസിലെ ശാന്ത ടീച്ചറുടെ ക്ലാസില്‍ ഇതുപോലുള്ള ബിഗ് ബുക്കുകള്‍ കണ്ടിട്ടുണ്ട്.ഓരോ യൂണിറ്റില്‍ നിന്നും രൂപപ്പെടുത്തുന്ന ഒരോ പുസ്തകം.രാവിലെ ക്ലാസിലെത്തിയാലുടന്‍ കുട്ടികള്‍ ബിഗ് ബുക്കുകള്‍ക്കു ചുറ്റും വട്ടമിട്ടിരിക്കും.പുസ്തകവായനയില്‍ മുഴുകും.കുട്ടികളെ വായനയിലേക്കു നയിക്കാന്‍ ഈ പുസ്തകങ്ങള്‍ അവരെ ഏറെ സഹായിച്ചിരുന്നിരിക്കണം.



എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ബിഗ്ബുക്കിനോട്  ഇത്ര ഇഷ്ടം എന്ന ചോദ്യത്തിലേക്ക് തിരിച്ചുവരാം.ഈ വലിയ പുസ്തകത്തിന്റെ പകര്‍പ്പവകാശം കുട്ടികള്‍ക്കാണ്.അവരാണ് ഇതിലെ പാഠങ്ങള്‍ രൂപപ്പെടുത്തുന്നത്.അതുകൊണ്ടുതന്നെ തങ്ങളുണ്ടാക്കിയ പുസ്തകം വായിക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യമുണ്ടാകും.


പുസ്തകം വായിക്കുന്നതില്‍ ചില കുട്ടികള്‍ ഇങ്ങനെ പറയും.
"ഈ വരി ഞാനാണ് പറഞ്ഞ്.അപ്പോളാണ് മാഷ് എഴുതിയത്.”

കുട്ടികളെ മുന്നിലിരുത്തി ടീച്ചര്‍ പറഞ്ഞുകൊണ്ട് എഴുതുന്ന പാഠങ്ങള്‍ക്ക് ഈ സ്വീകാര്യത ലഭിക്കില്ല.ഉചിതമായ ചോദ്യങ്ങളിലൂടെ,കുട്ടികളുടെ ചിന്തയുണര്‍ത്തി ടീച്ചര്‍ ആഗ്രഹിക്കുന്ന പാഠങ്ങള്‍ കുട്ടികളില്‍ നിന്നും രൂപീകരിക്കാന്‍ കഴിയണം.


 ടീച്ചറുടെ ആഗ്രഹം പോലെ കുട്ടികള്‍ എപ്പോഴും പ്രതികരിച്ചുകൊള്ളണമെന്നില്ല.അങ്ങനെ വരുമ്പോള്‍ കുട്ടികളുടെ ടെക്സറ്റുകളാണ് പരിഗണിക്കേണ്ടത്.അപ്പോഴാണ് അത് കുട്ടികളുടെ പാഠമാകുന്നത്.

പാഠപുസ്തകം മുന്നോട്ടുവയ്ക്കുന്ന ആഖ്യാനമാണ് ബിഗ് ബുക്കിന്റെ അസംസ്കൃതവസ്തു.ആഖ്യാനത്തിനിടയിലെ നിശ്ശബ്ദതയും മൗനങ്ങളും വിരാമങ്ങളുമാണ് കുട്ടികളുടെ പാഠങ്ങളായി രൂപം കൊള്ളുന്നത്.പാഠപുസ്തകത്തിലെ വിടവുകളെ നികത്തുന്നത് ഈ പാഠങ്ങളാണ്.പാഠപുസ്തകം പൂര്‍ണ്ണമാകുന്നത് കുട്ടികളുടെ പാഠങ്ങള്‍ അതിനോടു കൂടിച്ചേരുമ്പോഴാണ്.അതുകൊണ്ടുതന്നെ പാഠപുസ്തകവുമായി ചേര്‍ത്തുവയ്ക്കേണ്ടവയാണ് ബിഗ് ബുക്കുകള്‍.


 ക്ലാസില്‍ പാഠങ്ങള്‍ രൂപം കൊള്ളുമ്പോള്‍ പലപ്പോഴും കുട്ടികള്‍ പഠിക്കാത്ത അക്ഷരങ്ങളും  പദാവലികളുമൊക്കെ അതില്‍ കടന്നുവന്നെന്നിരിക്കും.ആദ്യഘട്ടത്തില്‍ പാഠത്തിന്റെ ഗ്രാഫിക്ക് വായനയായിരിക്കും നടക്കുക.പാഠങ്ങള്‍ മുന്നോട്ടുപോകുന്ന മുറയ്ക്ക്, അക്ഷരങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് കുട്ടികള്‍ സജീവവായനയിലേക്ക് കടക്കും.ബിഗ് ബുക്കിലേക്ക് ഇടക്കിടെ തിരിച്ചുപോകുന്നത് ആദ്യഘട്ടത്തിലെ  ഗ്രാഫിക്ക് വായനയെ  സജീവവായനയായി പരിവര്‍ത്തിപ്പിക്കും.

  കുട്ടികളുടെ പ്രതികരണങ്ങളില്‍ നിന്നും പാഠങ്ങള്‍ രൂപീകരിക്കുക എന്നത് പാഠപുസ്തകത്തെ ക്ലാസില്‍ സജീവമാക്കുക എന്നതാണ്.കുട്ടികളുടെ വികാരത്തേയും ചിന്തയേയും പാഠപുസ്തകം സ്പര്‍ശിക്കുന്നത് അപ്പോഴാണ്.ഓരോ പാഠത്തെയും  ഒട്ടനവധി പാഠങ്ങളാക്കി കുട്ടികള്‍ രൂപാന്തരപ്പെടുത്തുന്നു.അത് എഴുത്ത് രൂപത്തില്‍ മാത്രമല്ല. ചിത്രംവരയിലൂടേയും നിര്‍മ്മാണത്തിലൂടേയും നാടകീകരണത്തിലൂടേയുമൊക്കയാകാം.അതുകൊണ്ടാണ് കുട്ടികളുമായി സംവദിക്കുന്ന മികച്ച പാഠങ്ങളായിരിക്കണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് പറയുന്നത്.

ഓരോ പാഠവുമായി ബന്ധപ്പെട്ട കുട്ടികളുടെ ഓര്‍മ്മകള്‍ കൂടിയാണ് ബിഗ് ബുക്ക്.ബിഗ് ബുക്കിലേക്ക് തിരിച്ചുപോകുന്ന ഓരോ സന്ദര്‍ഭവും കുട്ടി പാഠത്തിന്റെ  ഓര്‍മ്മകളെ മനസ്സില്‍ സജീവമാക്കുകയാണ് ചെയ്യുന്നത്.അത് കുട്ടികളുടെ വായനയേയും  പഠനത്തെയും മുന്നോട്ടു നയിക്കും എന്നതില്‍ സംശയമില്ല.അതുകൊണ്ടാണ് ഓരോ ക്ലാസിലും ഓരോ യൂണിറ്റു കഴിയുമ്പോഴും ബിഗ് ബുക്കുകള്‍ രൂപപ്പെടണം എന്നുപറയുന്നത്.





See this Video 

ബിഗ്ബുക്ക് വായന 


 

Saturday, 11 November 2017

കുട്ടികളിറങ്ങിയാല്‍ സ്ക്കൂള്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ കുന്നുകൂടും..



കുട്ടികള്‍ ചില്ലറക്കാരല്ല.ചിലപ്പോള്‍ അവര്‍ നമ്മെ അത്ഭുതപ്പെടുത്തും.അവരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ നാം അറിയാതെ തലകുനിച്ചു പോകും.ചിലനേരം അവര്‍  മുതിര്‍ന്നവരെക്കാള്‍ മുതിര്‍ന്നവരാകും.

എസ്.എസ്.എ യുടെ 'നല്ല വായന,നല്ലപാഠം നല്ല ജീവിതം' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിദ്യാലയത്തില്‍  നടത്തിയ പുസ്തക സമാഹരണ യജ്ഞം വിജയിപ്പിച്ചത് കുട്ടികളായിരുന്നു.ആറാം ക്ളാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍.കുട്ടികള്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രണ്ടുമണിക്കൂര്‍ നേരം കൊണ്ട്  450 ല്‍പരം പുസ്തകങ്ങള്‍ സമാഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.ഏതാണ്ട് 25000 രൂപ വിലയുള്ള പുസ്തകങ്ങള്‍. എല്ലാം പുതിയ പുസ്തകങ്ങള്‍.നിലവാരമുള്ള പുസ്തകങ്ങള്‍. 95ശതമാനവും കുട്ടികള്‍ വായിച്ചിരിക്കേണ്ട ബാലസാഹിത്യകൃതികള്‍.


പുസ്തകങ്ങള്‍ സമാഹരിക്കാനായി മുന്നിട്ടിറങ്ങാന്‍ കുട്ടികളെ പ്രചോദിപ്പിച്ചത് എന്താണ്?
നവംബര്‍ ഒന്നിനു നടന്ന സ്ക്കൂള്‍ അസംബ്ളിയിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മൂന്ന് അതിഥികള്‍ കയറിവന്നു.ഇരുപത് വര്‍ഷം മുന്നേ ഏഴാം ക്ലാസിന്റെ പടിയിറങ്ങിപ്പോയവര്‍.അവരുടെ കൈയില്‍ കുട്ടികള്‍ക്ക് നല്‍കാനായി ഒരു സമ്മാനപ്പൊതിയുമുണ്ട്.പൊതിയഴിച്ചപ്പോള്‍ നിറയെ പുസ്തകങ്ങള്‍.സംസ്ഥാന ബാലസാഹിത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍.7000 രൂപയ്ക്കുള്ള പുസ്തകങ്ങളുണ്ട് പൊതിയില്‍.


 അന്നത്തെ അസംബ്ലിയായിരിക്കണം കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും പ്രചോദനമായത്.നിറയെ പുസ്തകങ്ങളുള്ള ക്ളാസ് ലൈബ്രറികള്‍ അവര്‍ അന്ന് സ്വപ്നം കണ്ടിരിക്കണം.നിലവിലുള്ള പുസ്തക ദൗര്‍ലഭ്യത്തിന് അറുതി വരുത്തണം.എങ്കിലേ ഓരോ കുട്ടിക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ക്ലാസ് ലൈബ്രറിയില്‍ നിന്നും തെരഞ്ഞെടുക്കാന്‍ കഴിയൂ.
അതിന് നാട്ടിലേക്കിറങ്ങണം.

രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പുസ്തകം സമാഹരിക്കണം.


 പണ്ടെന്നോ പുസ്തക സമാഹരണത്തിനിറങ്ങിയ ചിലര്‍ തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞു.
"അങ്ങനെ കിട്ടുന്ന പുസ്തകങ്ങള്‍ കൊണ്ടു ഗുണമുണ്ടാവില്ല.എല്ലാം മോശം പുസ്തകങ്ങളായിരിക്കും.ആക്രിക്കാര്‍ക്ക് കൊടുക്കാന്‍ വച്ചതായിരിക്കും നമുക്ക് തരിക.”

"അതു പണ്ടല്ലെ.നമുക്ക് പുതിയ വഴിയിലൂടെ ഒന്ന് ശ്രമിച്ചുനോക്കാം."മറ്റുചിലര്‍  പറഞ്ഞു.

തൊട്ടടുത്ത ദിവസം തന്നെ ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും  കുട്ടികളെ അവര്‍ താമസിക്കുന്ന പ്രദേശത്തിന്റെ  അടിസ്ഥാനത്തില്‍ എട്ട് ഗ്രൂപ്പുകളായി തിരിച്ചു.എട്ട് പ്രദേശത്തുനിന്നും വരുന്ന കുട്ടികള്‍.ഓരോ ഗ്രൂപ്പിലും 10-15 കുട്ടികള്‍.ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപികമാരേയും ചുമതലപ്പെടുത്തി.അവര്‍ അതാതുപ്രദേശത്തെ പി.ടി.എ അംഗങ്ങളുടെ സഹായം തേടണം.


 നവംബര്‍ ഏഴാം തീയ്യതി ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് പുസ്തകങ്ങള്‍ സമാഹരിക്കാനായി വീടുകള്‍ കയറിയിറങ്ങും.

കുട്ടികള്‍ക്ക് ഉത്സാഹമായി.വൈകുന്നേരം സ്ക്കൂള്‍ വിട്ട് പോകുമ്പോള്‍ 'എന്റെ വിദ്യാലയത്തിന് എന്റെ വക പുസ്തകം' എന്നതലകെട്ടുള്ള ചെറിയ നോട്ടീസുകളുമായി അവര്‍ വീടുകള്‍ കയറിയിറങ്ങി.സ്ക്കൂളിലേക്ക് പുസ്തകം തരേണ്ടുന്നതിന്റെ പ്രാധാന്യം രക്ഷിതാക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തി.
"വല്യച്ഛാ,മറക്കല്ലേ..ഞങ്ങള്‍ ഏഴാം തീയ്യതി വരും.അപ്പോ ഞങ്ങക്ക് തരാന്‍ പുസ്തകങ്ങള്‍ കരുതിവെക്കണേ..”
വല്യച്ഛനോടും വല്യമ്മയോടും,മാമനോടും ചേട്ടനോടും ചേച്ചിയോടും...


 കുട്ടികളുടെ അഭ്യര്‍ത്ഥന ആര്‍ക്കാണ് ചെവിക്കൊള്ളാതിരിക്കാന്‍ കഴിയുക?
അവര്‍ പുസ്തകങ്ങള്‍ വാങ്ങിവെച്ചു.
പുസ്തകങ്ങള്‍ കരുതിവെക്കാത്തവരെ ഓരോ ദിവസവും വീട്ടില്‍ കയറി ഓര്‍മ്മിപ്പിച്ചു.
"ചൊവ്വാഴ്ച ഞങ്ങളുടെ ടീച്ചര്‍മാരേയും കൂട്ടി വരും.അപ്പോ പുസ്തകം തരണേ..”

തുടര്‍ന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടേയും സ്ക്കൂള്‍ ബ്ലോഗിലൂടേയുമുള്ള പ്രചാരണം.

അന്നേ ദിവസം ഒരു മണിക്കൂര്‍ നേരത്തെ സ്ക്കൂള്‍ വിട്ടു.ഞങ്ങള്‍ കൃത്യം മൂന്നുമണിക്കുതന്നെ സ്ക്കൂളില്‍ നിന്നുമിറങ്ങി.അതാതു പ്രദേശത്തെ പി.ടി.എ അംഗങ്ങളും ഞങ്ങളോടൊപ്പം കൂടി.


 മറക്കാനാകാത്ത ഒരു യാത്രയായരുന്നു അത്.കുട്ടികളുടെ കൂടെയുള്ള ഒരു പുസ്തകയാത്ര.കുട്ടികളായിരുന്നു ഞങ്ങളുടെ വഴികാട്ടി.ഇതിനകം പ്രദേശത്തെ ഓരോ വീടുമായി കുട്ടികള്‍ ആത്മബന്ധം സ്ഥാപിച്ചിരുന്നു.
കുട്ടികളെ കണ്ടപ്പോള്‍ വീട്ടുകാര്‍ പുസ്തകവുമായി വന്നു.
"ദാ പുസ്തകം.”
അവര്‍പുസ്തകം കുട്ടികള്‍ക്കു നേരെ നീട്ടി.
പുസ്തകം വാങ്ങുമ്പോള്‍ കുട്ടികള്‍ പറഞ്ഞു.
"ഞാങ്ങ ഇത് ഒറപ്പായും വായിക്കുംട്ടോ.”
അങ്ങനെ കുട്ടികളുടെ കൈയിലെ തുണിസഞ്ചിക്ക് കനംകൂടി വന്നു.


 കയറ്റവും ഇറക്കവും പിന്നിട്ട് പുസ്തകയാത്ര ഓരോ വീടും കടന്നുപോയി.നടത്തത്തിനിടയില്‍ കുട്ടികള്‍ ഓരോ വീട്ടുകാരെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ട്.അത് ഞങ്ങള്‍ക്ക് പുതിയ അറിവായിരുന്നു.സ്ക്കൂളിലെ പല കുട്ടികളുടേയും വീടുകളില്‍ ആദ്യമായാണ് ഞങ്ങള്‍ അധ്യാപകര്‍ കയറിച്ചെല്ലുന്നത്.കുട്ടികളെ അറിയണമെങ്കില്‍ അവരുടെ വീടുകളിലേ‍ക്ക് ചെല്ലണം.

 പിറ്റേദിവസം സ്ക്കൂളിലെത്തിയപ്പോള്‍ എല്ലാവരുടേയും മുഖത്ത് സന്തോഷം.ഓരോ സ്ക്വാഡിനും എത്ര കിട്ടി എന്നറിയാനാണ് എല്ലാവര്‍ക്കും തിടുക്കം.ഏത് സ്ക്വാഡാണ് മുന്നില്‍ എന്നറിയാന്‍.
അന്ന് അസംബ്ലിയില്‍ മറ്റൊരു സര്‍പ്രൈസ് കൂടി.സ്ക്കൂളില്‍ നിന്നും ട്രാന്‍സ്ഫറായിപ്പോയ പ്യൂണ്‍ സുജാത കുട്ടികള്‍ക്ക് ഒരു സമ്മാനപ്പൊതിയുമായി വന്നിരിക്കുന്നു.3000രൂപയുടെ ഒരു പുസ്തകപ്പൊതി.സുജാത അത് ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിച്ചപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു.

നല്ല വായന,നല്ലപാഠം നല്ല ജീവിതം ഞങ്ങളെ പഠിപ്പിച്ച നല്ല പാഠം ഇതാണ്.ചെറിയൊരു ചുവടുവെപ്പ് മതി.അതു വലിയ നേട്ടങ്ങള്‍ കൊണ്ടുവരും!




 

Saturday, 28 October 2017

വായനയുടെ താക്കോല്‍

ഒന്നാം ക്ലാസിലെ വായന..2


ഒന്നാം ക്ലാസില്‍ രൂപപ്പെട്ട ഒരു വായനാസാമഗ്രിയാണ് ചിത്രത്തില്‍.


ആദ്യത്തെ രണ്ടുപാഠങ്ങള്‍  കുട്ടികള്‍ പഠിച്ചു കഴി‍‍ഞ്ഞപ്പോള്‍ അതിലെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു ഇതു തയ്യാറാക്കിയത്.ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ സ്വന്തമായി  വായിക്കാന്‍ കുട്ടികള്‍ പ്രാപ്തി നേടിയോ എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്.
ഭൂരിപക്ഷം കുട്ടികളും വായനാസാമഗ്രികള്‍ ഒരു വിധം നന്നായി വായിക്കുന്നതു കണ്ടു.വായിക്കുക മാത്രമല്ല,അവരതിന് യോജിച്ച ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുകകൂടി ചെയ്തു.എനിക്ക് സന്തോഷം തോന്നി.മാത്രമല്ല നമ്മള്‍ ക്ലാസില്‍ അനുവര്‍ത്തിക്കുന്ന പഠനപ്രക്രിയ ശരിയായ ദിശയിലുള്ളതാണെന്ന പൂര്‍ണ്ണവിശ്വാസവും ഇത് എനിക്കു നല്‍കി. 


പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ക്ലാസില്‍ രൂപപ്പെടുത്തുന്ന ടെക്സ്റ്റുകളാണ് കുട്ടികളുടെ പ്രധാന വായനാവിഭവം.പാഠഭാഗത്ത് ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങളും പദങ്ങളും ആവര്‍ത്തിച്ചുവരുന്ന രീതിയിലാണ് ക്ലാസില്‍ ടെക്സ്റ്റുകള്‍ രൂപപ്പെടുത്തുന്നത്.ഉചിതമായ ചോദ്യങ്ങളിലൂടെ, കുട്ടികളില്‍ നിന്നും രൂപീകരിച്ചെടുക്കുന്ന ടെക്സ്റ്റുകളാണ് ടീച്ചര്‍ ചാര്‍ട്ടിലെഴുതി പാഠങ്ങളാക്കുന്നത്..ഇതിന്റെ ഗ്രാഫിക്ക് വായനയാണ് കുട്ടികളെ നേരായ വായനയിലേക്ക് നയിക്കുന്നത്.ഗ്രാഫിക്ക് വായന കുട്ടികളുടെ വായനാശേഷിയെ ത്വരിതപ്പടുത്തുന്നു.വായനയുടെ വിസ്തൃതിയിലേക്ക് അവര്‍ എളുപ്പത്തില്‍ ആനയിക്കപ്പെടുന്നു.അല്ലാത്തപക്ഷം കുട്ടികളുടെ വായന അക്ഷരങ്ങളിലും പദങ്ങളിലും ചുരുക്കം ചില വാക്യങ്ങളിലുമായി ഒതുങ്ങും.

 'കുഞ്ഞിക്കിളിയുടെ സങ്കടം' എന്ന ആഖ്യാനം വായിച്ച് ചിത്രംവരയ്ക്കാന്‍ തയ്യാറെടുക്കുകയാണ്  ശിവനന്ദ.
"ശിവനന്ദ എന്തുചിത്രമാണ് വരയ്ക്കാന്‍ പോകുന്നത്?” ഞാന്‍ ചോദിച്ചു.
"മലയുടെ മുകളില്‍ ഒരു മരം.മരത്തില്‍ കുഞ്ഞിക്കിളിയുടെ കൂട്.അതിന്റെ താഴെ ഒരു പാമ്പ്.അത് മുട്ടതിന്നാന്‍ വരുന്നു.കുഞ്ഞിക്കിളി ഉറക്കെ കരയുന്നു...”
വായനയിലൂടെ  അവള്‍ മനസ്സില്‍ ഒരു ചിത്രം രൂപീകരിച്ചിട്ടുണ്ട്.ഇനി അത് കടലാസിലേക്ക് പകര്‍ത്തുകയേ വേണ്ടു.


കാറ്റിലാടുന്ന,മഞ്ഞനിറത്തിലുള്ള മല്ലികപ്പൂവാണ്  വിഷ്ണുവിന് വരയ്ക്കേണ്ടത്.പെട്ടെന്നാണ് അവന്റെ ചോദ്യം വന്നത്.
"മാഷേ,കാറ്റ് എങ്ങനെ വരയ്ക്കും?”
അരൂപിയായ കാറ്റിനെ വരയ്ക്കാനുള്ള വിദ്യ ഞാനെങ്ങനെയാണ് അവനു പറഞ്ഞുകൊടുക്കുക?
"നിനക്ക് തോന്നുമ്പോലെ വരച്ചോളൂ..”
 ഞാന്‍ പറഞ്ഞു.ആ മറുപടി മതിയായിരുന്നു അവന്.കുറച്ചുകഴിഞ്ഞപ്പോള്‍ ഇല്ലസ്ട്രഷന്‍ ചെയ്ത വായനാസാമഗ്രിയുമായി അവന്‍ എന്റെ അടുത്തു വന്നു.കാറ്റിനെ അവന്‍ അലസമായി കോറിയിട്ട കുറേ വരകളില്‍ ഒതുക്കിയിരിക്കുന്നു.


 വായനാസാമഗ്രിക്ക് ഇല്ലസ്ട്രേഷന്‍ ചെയ്തതിലൂടെ രണ്ടു നേട്ടങ്ങളുണ്ടായി.ഒന്ന് വായിച്ചു ഗ്രഹിച്ച ആശയത്തെ ചിത്രങ്ങളിലൂടെ ആവിഷ്ക്കരിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ലഭിച്ചു.രണ്ടാമതായി തങ്ങളുടെ വരകള്‍കൊണ്ട് അവര്‍ വായനാസാമഗ്രിയെ മനോഹരമാക്കി.സ്വന്തമായി വരച്ച ചിത്രങ്ങളുള്ള പുസ്തകം ഇടക്കിടെ എടുത്തുനോക്കാന്‍ ആരാണ് ഇഷ്ടപ്പെടാതിരിക്കുക!

ഒരു കാര്യം ഉറപ്പിച്ചു പറയാം.കുട്ടികളെ സ്വതന്ത്രവായനയിലേക്ക് നയിക്കണമെങ്കില്‍,അവരുടെ വായനാശേഷി വികസിക്കണമെങ്കില്‍ ഇത്തരം വായനാ സാമഗ്രികള്‍ ധാരാളമായി കുട്ടികള്‍ക്ക് ലഭ്യമാക്കണം.ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിച്ചെടുക്കുന്നവയായിരിക്കണം അവ.കുട്ടികള്‍ പഠിച്ച അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും കൂടുതല്‍ തെളിവുലഭിക്കുന്ന രീതിയില്‍ അവയുടെ ആവര്‍ത്തനം ആഖ്യാനത്തില്‍ ഉള്‍പ്പെടുത്തണം.പാഠഭാഗത്തെ കഥാപ്പാത്രങ്ങളും ആശയവുമായി അതിന് ബന്ധം വേണം.കുട്ടികള്‍ക്ക് സ്വയം വായിച്ചുപോകാന്‍ പറ്റുന്ന രീതിയില്‍ ലളിതമായിരിക്കണം.ഒപ്പം കുട്ടികളെ വായനയുടെ തൊട്ടടുത്ത പടിയിലേക്ക് ഉയര്‍ത്താന്‍ അതിനു സാധിക്കണം.

 ഇതുമാത്രം പോര.വായിക്കാന്‍ തുടങ്ങുന്നവര്‍ക്കുവേണ്ടിയുള്ള ലൈബ്രറി പുസ്തകങ്ങളും ക്ലാസില്‍ പ്രദര്‍ശിപ്പിക്കണം.കുട്ടികള്‍ക്ക് തോന്നുമ്പോള്‍ എടുത്ത് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം പുസ്തകങ്ങള്‍ സജ്ജീകരിക്കേണ്ടത്.ഈ പുസ്തകങ്ങള്‍ ഇടക്കിടെ കുട്ടികള്‍ക്ക് മുന്നില്‍ വായിച്ചവതരിപ്പിക്കാനും ടീച്ചര്‍ ശ്രദ്ധിക്കണം.

വായനക്കായി പാഠപുസ്തകത്തെ മാത്രം ആശ്രയിക്കാന്‍ കഴിയില്ല.കുട്ടികള്‍ പാഠപുസ്തകം എളുപ്പം മനഃപാഠമാക്കും എന്നതാണ് അതിന്റെ പ്രധാനപരിമിതി.ഇത് നേരായ വായനയിലൂടെയായിരിക്കില്ല.മുതിര്‍ന്നവര്‍ കുട്ടികള്‍ക്കുവേണ്ടി വായിച്ചുകൊടുക്കുന്നതു കേട്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്.അതു കൊണ്ട് പരിചയമില്ലാത്ത വായനാസാമഗ്രിയായിരിക്കും കട്ടികളില്‍വായിക്കാനുള്ള  വെല്ലുവിളിയുയര്‍ത്തുക.


പഠിച്ച അക്ഷരങ്ങള്‍ ആണെങ്കില്‍പോലും ഒരു വാക്യത്തില്‍ നിന്ന് അവയെ പെറുക്കിക്കൂട്ടി വായിച്ചെടുക്കാനുള്ള ബുദ്ധിമുട്ടാണ് വായനയില്‍ കുട്ടികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം.ഇത് മറിക്കുന്നതിലൂടെയാണ് കുട്ടികള്‍ വായനയില്‍ മിടുക്കരാകുക.ക്ലാസുമുറിയില്‍ വായനയ്ക്കുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ഈ പ്രയാസം മറികടക്കാന്‍ കഴിയൂ.അതിനു കുട്ടികള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ട വായനാസാമഗ്രികള്‍ ഏറെ ഗുണകരമായിരിക്കും.

കുട്ടികളുടെ വായനയെക്കുറിച്ചും താഴ്ന്നക്ലാസില്‍ അതിന്റെ പ്രധാന്യത്തെക്കുറിച്ചും ഇന്ന് രക്ഷിതാക്കളും പൊതുസമൂഹവും ഏറെ ബോധവാന്മാരാണ്.സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളില്‍ നടന്ന വായനാസാമഗ്രി നിര്‍മ്മാണ ശില്പശാലകളും അതിലെ പങ്കാളിത്തവും ഇതിനു തെളിവുകളാണ്. ഒന്നാം ക്ലാസില്‍, വായനതുടങ്ങുന്ന കുട്ടികള്‍ക്കുവേണ്ടി അതീവ ശ്രദ്ധയോടെ വേണം വായനാസാമഗ്രി തയ്യാറാക്കാന്‍.ഒന്നാം ക്ലാസിലെ ടീച്ചറുടെ നേത്യത്വം അതിനുണ്ടായിരിക്കണം.തന്റെ ക്ലാസിലെ കുട്ടികള്‍ കൈവരിച്ച ഭാഷാശേഷികളെക്കുറിച്ച് വ്യക്തമായി അറിയുന്നത് ടീച്ചര്‍ക്കായിരിക്കും.അതിനനുസരിച്ചായിരിക്കണം അവര്‍ക്കുവേണ്ടി തയ്യാറാക്കുന്ന വായനാസാമഗ്രികള്‍. അത് പടിപടിയായി വികസിക്കുന്നതായിരിക്കണം.അപ്പോഴാണ് പഠനത്തില്‍ പ്രയാസം നേരിടുന്നകുട്ടികളും സജീവ വായനയിലേക്ക് കടന്നുവരിക. 


കുട്ടികള്‍ക്കുമുന്നില്‍  സ്വതന്ത്രവായനയിലേക്കുള്ള വാതിലുകള്‍ തുറന്നിടുന്നിടത്താണ്  ഭാഷാപഠനം സജീവവും ഫലപ്രദവുമാകുന്നത്. 





See Videos


വായന


  വായനാസാമഗ്രി- ഇല്ലസ്ട്രേഷന്‍