കുട്ടികള്‍ ചില്ലറക്കാരല്ല.ചിലപ്പോള്‍ അവര്‍ നമ്മെ അത്ഭുതപ്പെടുത്തും.അവരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ നാം അറിയാതെ തലകുനിച്ചു പോകും.ചിലനേരം അവര്‍ മുതിര്‍ന്നവരെക്കാള്‍ മുതിര്‍ന്നവരാകും.
എസ്.എസ്.എ യുടെ 'നല്ല വായന,നല്ലപാഠം നല്ല ജീവിതം' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിദ്യാലയത്തില്‍ നടത്തിയ പുസ്തക സമാഹരണ യജ്ഞം വിജയിപ്പിച്ചത് കുട്ടികളായിരുന്നു.ആറാം ക്ളാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍.കുട്ടികള്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രണ്ടുമണിക്കൂര്‍ നേരം കൊണ്ട് 450 ല്‍പരം പുസ്തകങ്ങള്‍ സമാഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.ഏതാണ്ട് 25000 രൂപ വിലയുള്ള പുസ്തകങ്ങള്‍. എല്ലാം പുതിയ പുസ്തകങ്ങള്‍.നിലവാരമുള്ള പുസ്തകങ്ങള്‍. 95ശതമാനവും കുട്ടികള്‍ വായിച്ചിരിക്കേണ്ട ബാലസാഹിത്യകൃതികള്‍.
പുസ്തകങ്ങള്‍ സമാഹരിക്കാനായി മുന്നിട്ടിറങ്ങാന്‍ കുട്ടികളെ പ്രചോദിപ്പിച്ചത് എന്താണ്?
നവംബര്‍ ഒന്നിനു നടന്ന സ്ക്കൂള്‍ അസംബ്ളിയിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മൂന്ന് അതിഥികള്‍ കയറിവന്നു.ഇരുപത് വര്‍ഷം മുന്നേ ഏഴാം ക്ലാസിന്റെ പടിയിറങ്ങിപ്പോയവര്‍.അവരുടെ കൈയില്‍ കുട്ടികള്‍ക്ക് നല്‍കാനായി ഒരു സമ്മാനപ്പൊതിയുമുണ്ട്.പൊതിയഴിച്ചപ്പോള്‍ നിറയെ പുസ്തകങ്ങള്‍.സംസ്ഥാന ബാലസാഹിത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍.7000 രൂപയ്ക്കുള്ള പുസ്തകങ്ങളുണ്ട് പൊതിയില്‍.
അന്നത്തെ അസംബ്ലിയായിരിക്കണം കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും പ്രചോദനമായത്.നിറയെ പുസ്തകങ്ങളുള്ള ക്ളാസ് ലൈബ്രറികള്‍ അവര്‍ അന്ന് സ്വപ്നം കണ്ടിരിക്കണം.നിലവിലുള്ള പുസ്തക ദൗര്‍ലഭ്യത്തിന് അറുതി വരുത്തണം.എങ്കിലേ ഓരോ കുട്ടിക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ക്ലാസ് ലൈബ്രറിയില്‍ നിന്നും തെരഞ്ഞെടുക്കാന്‍ കഴിയൂ.
അതിന് നാട്ടിലേക്കിറങ്ങണം.
രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പുസ്തകം സമാഹരിക്കണം.
പണ്ടെന്നോ പുസ്തക സമാഹരണത്തിനിറങ്ങിയ ചിലര്‍ തങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞു.
"അങ്ങനെ കിട്ടുന്ന പുസ്തകങ്ങള്‍ കൊണ്ടു ഗുണമുണ്ടാവില്ല.എല്ലാം മോശം പുസ്തകങ്ങളായിരിക്കും.ആക്രിക്കാര്‍ക്ക് കൊടുക്കാന്‍ വച്ചതായിരിക്കും നമുക്ക് തരിക.”
"അതു പണ്ടല്ലെ.നമുക്ക് പുതിയ വഴിയിലൂടെ ഒന്ന് ശ്രമിച്ചുനോക്കാം."മറ്റുചിലര്‍ പറഞ്ഞു.
തൊട്ടടുത്ത ദിവസം തന്നെ ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും കുട്ടികളെ അവര്‍ താമസിക്കുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് ഗ്രൂപ്പുകളായി തിരിച്ചു.എട്ട് പ്രദേശത്തുനിന്നും വരുന്ന കുട്ടികള്‍.ഓരോ ഗ്രൂപ്പിലും 10-15 കുട്ടികള്‍.ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപികമാരേയും ചുമതലപ്പെടുത്തി.അവര്‍ അതാതുപ്രദേശത്തെ പി.ടി.എ അംഗങ്ങളുടെ സഹായം തേടണം.
നവംബര്‍ ഏഴാം തീയ്യതി ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് പുസ്തകങ്ങള്‍ സമാഹരിക്കാനായി വീടുകള്‍ കയറിയിറങ്ങും.
കുട്ടികള്‍ക്ക് ഉത്സാഹമായി.വൈകുന്നേരം സ്ക്കൂള്‍ വിട്ട് പോകുമ്പോള്‍ 'എന്റെ വിദ്യാലയത്തിന് എന്റെ വക പുസ്തകം' എന്നതലകെട്ടുള്ള ചെറിയ നോട്ടീസുകളുമായി അവര്‍ വീടുകള്‍ കയറിയിറങ്ങി.സ്ക്കൂളിലേക്ക് പുസ്തകം തരേണ്ടുന്നതിന്റെ പ്രാധാന്യം രക്ഷിതാക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തി.
"വല്യച്ഛാ,മറക്കല്ലേ..ഞങ്ങള്‍ ഏഴാം തീയ്യതി വരും.അപ്പോ ഞങ്ങക്ക് തരാന്‍ പുസ്തകങ്ങള്‍ കരുതിവെക്കണേ..”
വല്യച്ഛനോടും വല്യമ്മയോടും,മാമനോടും ചേട്ടനോടും ചേച്ചിയോടും...
കുട്ടികളുടെ അഭ്യര്‍ത്ഥന ആര്‍ക്കാണ് ചെവിക്കൊള്ളാതിരിക്കാന്‍ കഴിയുക?
അവര്‍ പുസ്തകങ്ങള്‍ വാങ്ങിവെച്ചു.
പുസ്തകങ്ങള്‍ കരുതിവെക്കാത്തവരെ ഓരോ ദിവസവും വീട്ടില്‍ കയറി ഓര്‍മ്മിപ്പിച്ചു.
"ചൊവ്വാഴ്ച ഞങ്ങളുടെ ടീച്ചര്‍മാരേയും കൂട്ടി വരും.അപ്പോ പുസ്തകം തരണേ..”
തുടര്‍ന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടേയും സ്ക്കൂള്‍ ബ്ലോഗിലൂടേയുമുള്ള പ്രചാരണം.
അന്നേ ദിവസം ഒരു മണിക്കൂര്‍ നേരത്തെ സ്ക്കൂള്‍ വിട്ടു.ഞങ്ങള്‍ കൃത്യം മൂന്നുമണിക്കുതന്നെ സ്ക്കൂളില്‍ നിന്നുമിറങ്ങി.അതാതു പ്രദേശത്തെ പി.ടി.എ അംഗങ്ങളും ഞങ്ങളോടൊപ്പം കൂടി.
മറക്കാനാകാത്ത ഒരു യാത്രയായരുന്നു അത്.കുട്ടികളുടെ കൂടെയുള്ള ഒരു പുസ്തകയാത്ര.കുട്ടികളായിരുന്നു ഞങ്ങളുടെ വഴികാട്ടി.ഇതിനകം പ്രദേശത്തെ ഓരോ വീടുമായി കുട്ടികള്‍ ആത്മബന്ധം സ്ഥാപിച്ചിരുന്നു.
കുട്ടികളെ കണ്ടപ്പോള്‍ വീട്ടുകാര്‍ പുസ്തകവുമായി വന്നു.
"ദാ പുസ്തകം.”
അവര്‍പുസ്തകം കുട്ടികള്‍ക്കു നേരെ നീട്ടി.
പുസ്തകം വാങ്ങുമ്പോള്‍ കുട്ടികള്‍ പറഞ്ഞു.
"ഞാങ്ങ ഇത് ഒറപ്പായും വായിക്കുംട്ടോ.”
അങ്ങനെ കുട്ടികളുടെ കൈയിലെ തുണിസഞ്ചിക്ക് കനംകൂടി വന്നു.
കയറ്റവും ഇറക്കവും പിന്നിട്ട് പുസ്തകയാത്ര ഓരോ വീടും കടന്നുപോയി.നടത്തത്തിനിടയില്‍ കുട്ടികള്‍ ഓരോ വീട്ടുകാരെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ട്.അത് ഞങ്ങള്‍ക്ക് പുതിയ അറിവായിരുന്നു.സ്ക്കൂളിലെ പല കുട്ടികളുടേയും വീടുകളില്‍ ആദ്യമായാണ് ഞങ്ങള്‍ അധ്യാപകര്‍ കയറിച്ചെല്ലുന്നത്.കുട്ടികളെ അറിയണമെങ്കില്‍ അവരുടെ വീടുകളിലേക്ക് ചെല്ലണം.
പിറ്റേദിവസം സ്ക്കൂളിലെത്തിയപ്പോള്‍ എല്ലാവരുടേയും മുഖത്ത് സന്തോഷം.ഓരോ സ്ക്വാഡിനും എത്ര കിട്ടി എന്നറിയാനാണ് എല്ലാവര്‍ക്കും തിടുക്കം.ഏത് സ്ക്വാഡാണ് മുന്നില്‍ എന്നറിയാന്‍.
അന്ന് അസംബ്ലിയില്‍ മറ്റൊരു സര്‍പ്രൈസ് കൂടി.സ്ക്കൂളില്‍ നിന്നും ട്രാന്‍സ്ഫറായിപ്പോയ പ്യൂണ്‍ സുജാത കുട്ടികള്‍ക്ക് ഒരു സമ്മാനപ്പൊതിയുമായി വന്നിരിക്കുന്നു.3000രൂപയുടെ ഒരു പുസ്തകപ്പൊതി.സുജാത അത് ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിച്ചപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു.
നല്ല വായന,നല്ലപാഠം നല്ല ജീവിതം ഞങ്ങളെ പഠിപ്പിച്ച നല്ല പാഠം ഇതാണ്.ചെറിയൊരു ചുവടുവെപ്പ് മതി.അതു വലിയ നേട്ടങ്ങള്‍ കൊണ്ടുവരും!
കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ വായിക്കെണ്ടാതിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം എടുത്തു കൊള്ളും .ചിട്ടയായ ആസൂത്രണം പ്രധാനം .ഇതില്‍ പങ്കാളിയായ ഓരോരുത്തരും വായന വളര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണ് .അഭിനന്ദങ്ങള്‍ സുരേന്ദ്രന്‍ മാഷെ ..ഈ വേറിട്ട മാതൃകക്ക് .
ReplyDeleteആസൂത്രണം തന്നെയാണ് വിജയം.ഒരേ പ്രവര്‍ത്തനം വ്യത്യസ്ത രീതിയില്‍ ആസൂത്രണം ചെയ്യാം.കൂടുതല്‍ ഫലം ഉണ്ടാക്കുന്ന രീതി കണ്ടെത്തുകയാണ്പ്രധാനം.മുന്‍ അനുഭവത്തെ വിശകലനം ചെയ്തുകൊണ്ടെ ഇതു സാധ്യമാകൂ..
ReplyDelete