ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....6
എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക
സാദിഖിന് മുന്നില്‍ ഞാന്‍ അത്ഭുതപ്പെട്ട് നിന്നു.യഥാര്‍ത്ഥത്തില്‍ എന്താണ് സാദിഖ്?
ഞാനവന്റെ പാറിപ്പറന്ന ചെമ്പന്‍ തലമുടിയിലേക്കും നീണ്ടുമെലിഞ്ഞ മുഖത്തേക്കും നോക്കി.അവനാകട്ടെ,ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്.അവന്റെ സ്വതഃസിദ്ധമായ നിര്‍വ്വികാരതയോടെ.
എന്റെ തൊട്ടടുത്ത് ജുനൈദ് നില്‍പ്പുണ്ട്.അവന്‍ ആകെ പരവശനായിരിക്കുന്നു.അല്പം മുമ്പ് വരെ അവന്റെ മൂക്കില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.മൂക്ക് തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ രക്തം നിന്നു.കുട്ടികള്‍ അവന് വെള്ളം കുടിക്കാന്‍ കൊടുത്തു.
"സാദിഖ്, നീയാണോ ജുനൈദിനെ ഇടിച്ചത്?”
"അതെ...” അവന്‍ കൂസലില്ലാതെ പറഞ്ഞു.
"എന്തിന്?”
"ഓനെന്റെ തീപ്പെട്ടിച്ചിത്രം കീറിയതിന്."
അവന്‍ ജുനൈദിനെ ഒളികണ്ണിട്ട് നോക്കി.
"ഓന്‍ കളെന്നെ പറയേന്ന് സേര്‍.ഞാന് തീപ്പെട്ടിച്ചിത്രം ഘഢ്ഡി കൊട്ത്ത് ഓനോട് മേങ്ങിയതാന്ന്.ഓനത് തിരികെ ചോയ്ച്ചപ്പം കൊടുത്തില്ല.”
ജുനൈദിന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.
സാദിഖിനെ തുറിച്ചുനോക്കിക്കൊണ്ട്, എന്തുചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു.കഷ്ടം! ഇത്രനാളായിട്ടും എനിക്ക് ഈ കുട്ടിയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ..!
ഇന്നാള് ഒരു ദിവസം അവന്‍ ഒപ്പിച്ച ഒരു കുസൃതി കേള്‍ക്കണോ?
അന്ന് ഗണേശ തല മൊട്ടയടിച്ചാണ് ക്ലാസില്‍ വന്നത്.ബോര്‍ഡുമായ്ക്കാന്‍ കൊണ്ടുവെച്ച മഷിയെടുത്ത് അവന്‍ ഗണേശയുടെ തലയില്‍ തേച്ചു.എന്നിട്ടവനെ എല്ലാവര്‍ക്കുമുമ്പിലും കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചു.
മറ്റൊരിക്കല്‍ അവനൊരു കത്രികയുമായിവന്ന് സ്വയം ബാര്‍ബറായി വേഷം കെട്ടി രഹസ്യമായി മറ്റുള്ളവരുടെ മുടി മുറിച്ചുകളഞ്ഞു.കുട്ടികളില്‍ നിന്നു കൂലിയും ഈടാക്കി.ഈ സംഭവം രക്ഷിതാക്കളില്‍ നിന്നുള്ള പരാതിക്ക് ഇടയാക്കി.കുട്ടികള്‍ക്ക് അമിത സ്വാതന്ത്യം നല്‍കുന്നുവെന്ന ആരോപണമുണ്ടായി.
കുട്ടികള്‍ എപ്പോഴും സാദിഖിനെക്കുറിച്ചുള്ള എന്തെങ്കിലും പരാതികളുമായി എന്റെയടുത്തേക്ക് ഓടിവന്നുകൊണ്ടിരുന്നു.അടിപിടി കൂടിയത്,തലമുടി പിടിച്ചുവലിച്ചത്,പുസ്തകം കീറിയത്,ചെരുപ്പ്,കുട എന്നിവ ഒളിപ്പിച്ചുവെച്ചത്,കുപ്പായത്തില്‍ വെള്ളം തെറിപ്പിച്ചത്....
പക്ഷേ,ചിലപ്പോള്‍ ഇതൊന്നുമല്ല സാദിഖ്.
ക്ലാസിന്റെ പൊതുകാര്യങ്ങള്‍ക്കെല്ലാം അവന്‍ മുന്‍പന്തിയിലുണ്ടാകും.ടോയ് ലറ്റ് വൃത്തിയാക്കാന്‍,പൂച്ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍,ക്ലാസും പരിസരവും വൃത്തിയാക്കാന്‍...ഈ കാര്യത്തില്‍ തന്റെ ഗ്രൂപ്പാണോ ചെയ്യേണ്ടത് എന്നൊന്നും അവന്‍ നോക്കില്ല.എല്ലാ ഗ്രൂപ്പിന്റെ കൂടേയും മുന്‍പന്തിയില്‍ അവനുണ്ടാകും.
എഴാം ക്ലാസിലെ ഒരു കുട്ടിക്കുവേണ്ടി ചികിത്സാഫണ്ട് സ്വരൂപിക്കുന്നതില്‍ അവന്‍ കാട്ടിയ താത്പര്യം ഒരിക്കലും മറക്കാന്‍ കഴിയില്ല.മുതിര്‍ന്ന കുട്ടികള്‍ക്ക്പോലും സാധ്യമല്ലാത്ത രീതിയില്‍, ഓരോ കുട്ടിയുടെയും രക്ഷിതാക്കളെ വീട്ടില്‍ചെന്നു കണ്ട് രോഗിയായ കുട്ടിയുടെ ദയനീയസ്ഥിതി അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതില്‍ അവന്‍ വിജയിച്ചു.അതുകൊണ്ട് നല്ലൊരു തുക ക്ലാസില്‍ നിന്നും സംഭാവനയായി ലഭിച്ചു.
പക്ഷേ,ചിലപ്പോള്‍ ഇതുമല്ല സാദിഖ്.
ഒഴിവ് സമയങ്ങളിലെല്ലാം ക്ലാസിന്റെ ഏതെങ്കിലും മൂലയില്‍,ശാന്തനായി കഥാപുസ്തകങ്ങളില്‍ മുഴുകിയിരിക്കുകയായിരിക്കും അവന്‍. ആരെയും കൂട്ടാക്കാതെ,എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാതെ.
പ്രതിമാസം നടത്താറുള്ള ക്ലാസ് തല രക്ഷാകര്‍ത്തൃയോഗങ്ങളില്‍ അവന്റെ വീട്ടില്‍ നിന്നും ആരും വരാറില്ല.മാസങ്ങള്‍ക്കുശേഷം,എന്റെ നിര്‍ബന്ധത്തിനുവഴങ്ങി അവന്‍ അവന്റെ മൂത്തമ്മയെയും കൂട്ടി വന്നു.അവര്‍ പറഞ്ഞു.
"മാശെ, ഓന്റെ ഉമ്മ ഓന്‍ ഒന്നാം ക്ലാസിലുള്ളപ്പോഴ് മരിച്ച്.ഉപ്പ രണ്ടാമതും മംഗലം കയ്ച്ചു.രണ്ടാനുമ്മാന്റെ ഒക്കെയാന്ന് ഓനിപ്പം.ഓര്‍ക്ക് കൈക്കുഞ്ഞുള്ളേനക്കൊണ്ടാണ് ഓറ് യോഗത്തിന് ബരാത്തത്.....”
അന്ന് സാദിഖിന്റെ വീടുവരെ ഒന്നുപോയാലോ എന്നു ഞാന്‍ ആലോചിച്ചതാണ്. രണ്ടാനമ്മ എങ്ങനെയുള്ള സ്ത്രീയായിരിക്കും? അവരായിരിക്കുമോ അവന്റെ യഥാര്‍ത്ഥ പ്രശ്നം?
പക്ഷേ, പല തിരക്കുകള്‍ കാരണം അവന്റെ വീട് സന്ദര്‍ശിക്കാന്‍ പറ്റിയില്ല.ഇപ്പോള്‍ അവന്‍ മറ്റുകുട്ടികളെ വല്ലാതെ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനിയും വൈകിപ്പിച്ചുകൂടാ.അവന് ചികിത്സ വേണം.അതിന് രോഗം എന്താണെന്നു കണ്ടെത്തണം.അവന്റെ വീടുവരെ ഒന്നു പോയേപറ്റൂ.
അന്നു വൈകുന്നേരം ഞാനവന്റെ വീട്ടിലേക്കു നടന്നു.ചെറിയ കുന്നുകള്‍ക്കിടയിലൂടെ നീണ്ടു പോകുന്ന ചെമ്മണ്ണുനിരത്തിന്റെ ഓരത്ത് ഓടുമേഞ്ഞ ഒരു ചെറിയ വീട്.അതിന്റെ ചുവരുകളിലെ കുമ്മായം അങ്ങിങ്ങ് അടര്‍ന്നു പോയിരുന്നു.മുറ്റത്ത് ചെറിയ രണ്ടു പെണ്‍കുട്ടികളുടെ കൂടെ സാദിഖ് കളിക്കുകയായിരുന്നു.എന്നെ പെട്ടെന്ന് മുന്നില്‍ കണ്ടപ്പോള്‍ അവന്‍ സ്തംഭിച്ചുനിന്നുപോയി.അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല ഈ കൂടിക്കാഴ്ച.അത്ഭുതം പെട്ടെന്ന് ഭയത്തിന് വഴിമാറി.ഇന്ന് ക്ലസില്‍ നടന്ന സംഭവങ്ങള്‍ ഉമ്മയെ ധരിപ്പിക്കാനായിരിക്കും മാഷ് വന്നതെന്ന് അവന്‍ കരുതിക്കാണും.എന്നോട് ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ അവന്‍ അകത്തേക്ക് ഓടിപ്പോയി.
മെലിഞ്ഞുവെളുത്ത ഒരു സ്ത്രീ പുറത്തേക്കു വന്നു.അവര്‍ ഒരു പഴയ മരക്കസേര വലിച്ചിട്ട് എന്നോടിരിക്കാന്‍ പറഞ്ഞു.
"അറിയാം.” അവര്‍ പറഞ്ഞു."ഓന്റെ ഉപ്പ ഈടില്ല.മോന്തിയാകും ബരാന്.മാശ് ബന്നത്..?”
"ഓ..വെറുതെ. ഇതു വഴിപോയപ്പോള്‍...”
അകത്തെ മുറിയിലെ ഇരുട്ടില്‍, വാതിലിനു പിറകില്‍ എന്നെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു സാദിഖ്.അവന്‍ ചെവി കൂര്‍പ്പിക്കുന്നു.മാഷ് എന്നെക്കുറിച്ച് എന്തായിരിക്കും പറയുന്നത്?
"നിങ്ങള്‍ ക്ലാസ് പിടിഎ യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ലല്ലോ.അവന്‍ നോട്ടീസ് തരാറില്ലേ?”
"തെര്ന്ന്.ഉമ്മീം ബെരണന്ന് പറഞ്ഞ് ഓന്‍ കൂക്കും.ബെരണന്ന് ബിചാരുണ്ട്.ചെറ്യ കുഞ്ഞുള്ളേനക്കൊണ്ട് കയിന്നില്ല.സാദിഖ് പടിക്ക്ന്ന്ണ്ടാ?നല്ല കുരുത്തക്കേടായിരിക്കും,അല്ലേ?”
"പഠിക്കാന്‍ അവന്‍ മോശമല്ല."ഞാന്‍ പറഞ്ഞു. "നിങ്ങള് കൊറച്ച് കൂടി ശ്രദ്ധിക്കണം.”
"അതിന് ഓന്‍ അടങ്ങീരിന്നിറ്റ് ബേണ്ടേ?എപ്പം നോക്ക്യാലും കളിയാന്ന്.”
അവര്‍ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു.അവന്റെ ദിനചര്യകളെക്കുറിച്ച്,വീട്ടുജോലികള്‍ ചെയ്യുന്നതിലുള്ള മിടുക്കിനെക്കുറിച്ച്,ഇളയെ കുഞ്ഞുങ്ങളോടുള്ള അവന്റെ ശ്രദ്ധ,വാത്സല്യം,ഒഴിവുദിവസങ്ങളില്‍ ഉപ്പയെ കച്ചോടത്തില്‍ സഹായിക്കുന്നത്....
"ചെലപ്പം പ്രായംവന്നോരപ്പോലെയാന്ന് ഓന്റെ പെരുമാറ്റം.ചെലപ്പം പെട്ടെന്ന്....”
അവരുടെ ഓരോവാക്കിലും സാദിഖിനോടുള്ള സ്നേഹം നിറയുന്നത് ഞാനറിഞ്ഞു.അവനെ മുന്‍നിര്‍ത്തി അവന്റെ ദോഷങ്ങളെക്കാളേറെ ഗുണങ്ങളെക്കുറിച്ചു സംസാരിക്കാനായിരുന്നു അവര്‍ക്ക് താത്പര്യം.
അപകടമില്ലെന്നു മനസ്സിലാക്കി സാദിഖ് പതുക്കെ എന്റെ അടുത്തുവന്ന് കസേരയില്‍ പിടിച്ചുനിന്നു. അവന്റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു.അവനിത്ര ഭംഗിയായി ചിരിക്കാന്‍ കഴിയുമെന്ന് ഞാനാദ്യമായി അറിയുകയായിരുന്നു.
ഇടയ്ക്ക് അവര്‍ ഒരു കപ്പ് ചായയുമായി തിരിച്ചുവന്നു.ഞാന്‍ ചായകുടിച്ച് ഇറങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞു:
"മാശെ, അടുത്ത മീറ്റിങ്ങിന് ഞാന് തീര്‍ച്ചയായും ബെരും.”
സൂര്യന്‍ അസ്തമിക്കുകയായിരുന്നു.പതുക്കെ ഇരുട്ട് വ്യാപിച്ചുതുടങ്ങി.ആകാശത്ത് അങ്ങിങ്ങ് നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.ആ വീട്ടിനുമുന്നിലെ മുളകൊണ്ടുള്ള ഗേറ്റുകടന്ന് റോഡുവരെ സാദിഖും എന്നെ അനുഗമിച്ചു.അവനിപ്പോള്‍ വളരെ ആഹ്ലാദവാനാണ്.എന്നോട് മുട്ടിയുരുമ്മിയാണ് അവന്‍ നടക്കുന്നത്.കാറ്റ് കുടുക്കുകളില്ലാത്ത അവന്റെ കുപ്പായത്തെ പറപ്പിച്ചുകൊണ്ടിരുന്നു.
പിരിയാന്‍നേരത്ത്,തന്റെ വലിയ ട്രൗസറിന്റെ പോക്കറ്റില്‍നിന്നും ഒരു ചുവന്നനിറമുള്ള പ്ലാസ്റ്റിക്ക് പെട്ടിയെടുത്ത് അവന്‍ എനിക്കു നേരെ നീട്ടി.
"മാശെ,ഇത് ശ്രുതിക്ക് കൊടുക്കണം.ഇത് ഓളെ പെട്ടിയാന്ന്.”
ഞാന്‍ അത്ഭുതപ്പെട്ടുപോയി.എനിക്കാദ്യം ഒന്നും മനസ്സിലായില്ല.പിന്നീട് ഓര്‍മ്മ വന്നു.ഒരു ദിവസം ശ്രുതിയുടെ പുതിയ പെന്‍സില്‍പെട്ടി കാണാതായതും അതിനുവേണ്ടി എല്ലാ കുട്ടികളുടെയും ബാഗ് പരിശോധിച്ചതും കണ്ടുകിട്ടാത്തതുമൊക്കെ.അന്നവളെ ആശ്വസിപ്പിക്കാന്‍ ഞാന്‍ നന്നേ പാടുപെടേണ്ടിവന്നു.പക്ഷേ, അത് സാദിഖ് മോഷ്ടിക്കുമെന്ന്.....
നേര്‍ത്ത ഇരുട്ടില്‍ അകന്നുപോകുന്ന അവന്റെ കൊച്ചു രൂപത്തെ നോക്കി ഒരു നിമിഷം ഞാന്‍ നിന്നു.പിന്നീട് മനോഹരമായ ആ പെട്ടി തുറന്നുനോക്കി.ഒരു റബ്ബറും കുറ്റിപ്പെന്‍സിലും കുറച്ചു സ്റ്റിക്കറുകളും.അതില്‍ ഒരു തുണ്ടുകടലാസ് മടക്കിവെച്ചിരിക്കുന്നു.ഞാന്‍ ആ കടലാസ് നിവര്‍ത്തി നേര്‍ത്ത വെളിച്ചത്തിനു നേരെപിടിച്ച് വായിച്ചുനോക്കി.
'ശ്രുതീ,മാപ്പ്.ഇനി ഞാന്‍ ഒരാളുടെ സാധനവും കട്ടെടുക്കില്ല.'
എവിടെനിന്നോ രാപ്പക്ഷികളുടെ കരച്ചില്‍.ഇരുട്ടിനു കനം കൂടിവന്നു.ഞാന്‍ വേഗത്തില്‍ നടന്നു.എന്റെ ഹൃദയത്തില്‍നിന്നും വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ.ആകാശത്തിലെ നേര്‍ത്ത നിലാവെളിച്ചത്തില്‍ തിളങ്ങുന്ന മേഘങ്ങള്‍.എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു."സാദിഖ് നീ ഒരു ദ്വീപാണ്.അടുക്കുന്തോറും അകന്നുപോകുന്ന, നിഗൂഢമായ ഒരു ദ്വീപ്."ഞാന്‍ മനസ്സില്‍ പറഞ്ഞു.