ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 24 June 2017

അനഘ ലൈബ്രറി

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....



എം.എം.സുരേന്ദ്രന്‍


ഭാരിച്ച ഒരു ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് സാദിഖ്.ഇപ്പോള്‍ ക്ലാസ് ലൈബ്രറിയുടെ ചുമതല അവനാണ്.അതില്‍പ്പിന്നെ എന്നും രാവിലെ ആദ്യം ക്ലാസിലെത്തുന്നത് അവനായിരിക്കും.എത്തിയാലുടന്‍ ലൈബ്രറി രജിസ്റ്റര്‍ പരിശോധിക്കും.ഓരോ പുസ്തകവും ആരുടേയൊക്കെ കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തും.വായിച്ച പുസ്തകങ്ങള്‍ തിരികെ വാങ്ങി പുതിയവ നല്‍കും.തിരികെ വാങ്ങുമ്പോള്‍ പുസ്തകങ്ങള്‍ കേടുവരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.കേടുവരുത്തിയിട്ടുണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തും.ആഴ്ചയില്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍,ബാക്കിയുള്ളവ എന്നിങ്ങനെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കും.

സാദിഖില്‍ വന്ന ഈ മാറ്റം എന്നെ അത്ഭുതപ്പെടുത്തി.അവന്‍ കൂടുതല്‍ ഗൗരവക്കാരനായിരിക്കുന്നു.അവനെക്കറിച്ച് ഇപ്പോള്‍ മറ്റു കുട്ടികള്‍ക്ക് പരാതിയില്ല.അവന്‍ കുട്ടികളെ ശല്യപ്പെടുത്താനോ അവരുമായി വഴക്കുകൂടാനോ പോകാറില്ല.ഒഴിവുസമയങ്ങളിലെല്ലാം സാദിഖ് വായനാമൂലയില്‍ ചെന്നിരുന്ന് എന്തെങ്കിലും വായിക്കുകയായിരിക്കും.


 "പുസ്തകവിതരണത്തില്‍ നിങ്ങള്‍ക്കു വല്ല പരാതിയുമുണ്ടോ?"ഒരു ദിവസം ഞാന്‍ കുട്ടികളോടു ചോദിച്ചു.
"ഇല്ല സേര്‍.അക്കാര്യത്തില്‍ സാദിഖ് നല്ലോണം ശ്രദ്ധിക്കുന്നുണ്ട്.”
അജീഷ് പറഞ്ഞു.
"ഓന്‍ ബുക്ക് നല്ലപോലെ സൂക്ഷിക്കുന്നുണ്ട്."റസീന പറഞ്ഞു.
"പുസ്തകവിതരണത്തില് പക്ഷപാതം കാണിക്കലില്ല."സുനിത പറഞ്ഞു.
"ഓനിപ്പോള്‍ ഞാങ്ങളെ ശല്യം ചെയ്യലുമില്ല.'

ഞാന്‍ സാദിഖിനെ നോക്കി. അവന്റെ മുഖം അഭിമാനംകൊണ്ടു വിടര്‍ന്നു.
തന്റെ പ്രവൃത്തി ആദ്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ അവനെ വിനയാന്വിതനാക്കി.ഞാനവന്റെ തോളില്‍ കൈവച്ചുകൊണ്ടു പറഞ്ഞു.
"സാദിഖ്,നീയാകെ മാറിയിരിക്കുന്നു.നീ ശരിക്കും നല്ല കുട്ടിയായിരിക്കുന്നു.”
അവന്‍ ലജ്ജ കൊണ്ട് മുഖം കുനിച്ചുനിന്നു.

ഒരു ദിവസം അനഘ ഭംഗിയേറിയ പുറംചട്ടയുള്ള ഒരു റഷ്യന്‍ പുസ്തകം ക്ലാസില്‍ കൊണ്ടുവന്നു.വി.സുഖ്നോവ് എന്ന റഷ്യന്‍ ബാലസാഹിത്യകാരന്റെ കഥകളുടെ മലയാള പരിഭാഷയായിരുന്നു അത്.അതിലെ മനോഹരമായ വര്‍ണ്ണചിത്രങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.അവര്‍ പുസ്തകം കാണാന്‍ അനഘയ്ക്ക് ചുറ്റും കൂടി.അവള്‍ പുസ്തകം എനിക്കുനേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
"എന്റെ പിറന്നാളിന് അച്ഛന്‍ മേങ്ങിത്തന്നതാണ്.ഇതുകൂടി ചേര്‍ന്നാല്‍ എന്റെടുത്ത്  ആകെ 32  പുസ്തകങ്ങളായി.പുസ്തകം വെക്കാന്‍ ഒരലമാരതന്നെ അച്ഛന്‍ ഒഴിച്ചുതന്നു.”


 അനഘ വീട്ടിലൊരു കൊച്ചു ലൈബ്രറി ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്.നഗരത്തില്‍ പുസ്തകോത്സവം നടക്കുമ്പോഴൊക്കെ അച്ഛന്‍ അവളെയും കൊണ്ട് പോകും.അവള്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കും.
"എന്റെ വീട്ടിലേക്കുവന്നാല്‍ ഞാന്‍ ലൈബ്രറി കാണിച്ചുതരാം.”
അവള്‍ എല്ലാവരോടുമായി പറഞ്ഞു.

സ്ക്കൂളിനടുത്തുള്ള ഒരു കുന്ന് കയറിയാല്‍ കാണുന്ന ഇറക്കത്തിലാണ്  അവളുടെ വീട്.ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളെല്ലാവരും അനഘയുടെ വീട്ടിലേക്കു പുറപ്പെട്ടു. വീട്ടിലെത്തിയപാടെ ഞങ്ങളെയും കൂട്ടി അനഘ അവളുടെ മുറിയിലേക്ക് നടന്നു.

നല്ല വെളിച്ചമുള്ള ഒരു കൊച്ചുമുറി.ചുമരില്‍ നാലു തട്ടുള്ള ഒരലമാര.രണ്ടു തട്ടുകളിലായി ലൈബ്രറി പുസ്തകങ്ങള്‍ ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു.മറ്റു തട്ടുകളില്‍ ബാലപ്രസിദ്ധീകരണങ്ങള്‍ മാസം തിരിച്ച് ക്രമീകരിച്ചുവെച്ചിരിക്കുന്നു.പുസ്തകങ്ങള്‍ക്ക് നമ്പര്‍ ഇട്ടിട്ടുണ്ട്.ഒരു നോട്ടുപുസ്തകത്തില്‍ പുസ്തകങ്ങളുടെ  കാറ്റലോഗ് തയ്യാറാക്കിയിരിക്കുന്നു.മറ്റൊരു നോട്ടുപുസ്തകം ഇഷ്യുറെജിസ്റ്ററായി സൂക്ഷിച്ചിരിക്കുന്നു.അതില്‍ കുറേ കുട്ടികളുടെ പേരും പുസ്തകമെടുത്ത തീയ്യതിയും കുട്ടികളുടെ ഒപ്പുമൊക്കെകണ്ടു.
"ചുറ്റൂള്ള വീട്ടിലെ കുഞ്ഞള് വന്ന് ഈട്ന്ന് പുസ്തകം കൊണ്ടോവും.ഓറെ പേരും ഒപ്പുമാണിതില്‍."അനഘ പറഞ്ഞു.


 അലമാരയ്ക്ക് മുകളില്‍ ഒരു കാര്‍ഡ് ബോര്‍ഡ് കഷണം തൂക്കിയിട്ടിരിക്കുന്നതു കണ്ടു.അതില്‍ മഷി കൊണ്ട് വലുതായി എഴുതിയിരിക്കുന്നു.'അനഘ ലൈബ്രറി.'

"അനഘയുടെ ലൈബ്രറി കണ്ടോ?നിങ്ങള്‍ക്കും ഇതുപോലൊന്ന് വീട്ടില്‍ തുടങ്ങാവുന്നതാണ്."
ഞാന്‍ എല്ലാവരോടുമായി പറഞ്ഞു.


"എന്റുപ്പ ഒരു ബുക്ക് പോലും മേങ്ങിത്തരില്ല.എയ്താനുള്ള നോട്ട്ബുക്ക് പോലും.എന്നിറ്റു ബേണ്ടേ...."മിസിരിയ നിരാശയോടെ പറഞ്ഞു.

എന്റെയും....എന്റെയും...”
കുട്ടികള്‍ വിളിച്ചുപറയാന്‍ തുടങ്ങി.
"ഞാന് ഇത്രത്തോളം ഉപ്പേനോട് ഈ കാര്യം ചൊല്ലീറ്റേയില്ല.ഒന്നു ചൊല്ലിനോക്കട്ടെ...."ജംസീന പറഞ്ഞു.


അപ്പോള്‍ ജുനൈദ് ഒരു പ്രഖ്യാപനം നടത്തി.
"മാശെ,ഇന്നുമുതല്‍ ഞാന്‍ മുട്ടായി തിന്നുന്നത് നിര്‍ത്തി.”
"എന്താ കാര്യം?” ഞാന്‍ ചോദിച്ചു.
"മുട്ടായി മേങ്ങുന്ന പൈസ ഞാന്‍ കൂട്ടിബെക്കും.അതുകൊണ്ട്  കൊറേ ബുക്ക് മേങ്ങും. ഞാനും തൊടങ്ങും ഒര് ലൈബ്രറി.എന്നിറ്റ് അയിനി പേരിടും-അസ്ന ലൈബ്രറി.”
"ആരാടാ ഈ അസ്ന?” അനസ് ചോദിച്ചു.
"എന്റെ കൊച്ചനിയത്തി.”


"ഹ! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!"ശ്രുതി കളിയാക്കി.
"അയിന് നീ മുട്ടായി തിന്നുന്നത് നിര്‍ത്തീറ്റ് ബേണ്ടേ?”
ശ്രുതിയുടെ തമാശ കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു.

അപ്പോഴേക്കും അനഘയുടെ അമ്മ ഒരു കലം നിറയെ മോരുവെള്ളവുമായി വന്നു.പിന്നെ കുറേ നെല്ലിക്കയും.മോരുവെള്ളവും കുടിച്ച് നെല്ലിക്കയും വായിലിട്ട് ചവച്ചുകൊണ്ട് പാതയോരത്തെ മരത്തണലുപറ്റി ഓരോ തമാശകള്‍ പറഞ്ഞുംചിരിച്ചും കൊണ്ട് ഞങ്ങള്‍ സ്ക്കൂളിലേക്കു നടന്നു.

നടക്കുന്നതിനിടയില്‍ കുഞ്ഞാമു എന്റെ ഒപ്പം കൂടി.അവന് എന്നോട് എന്തോ ചോദിക്കാനുണ്ട്.


"എന്താ കുഞ്ഞാമു?”
"മാശെ,ബൈക്കം മൊഹമ്മത് ബശീറ് എങ്ങനെയാ സാഹിത്ത്യകാരനായത്?”
കുഴക്കുന്ന ചോദ്യം.ഞാന്‍ പറഞ്ഞു.


"ചുറ്റുമുള്ള ജീവിതം കണ്ടറിഞ്ഞിട്ട്.പിന്നെ നന്നായി പുസ്തകം വായിച്ചിട്ട്.നല്ലോണം എഴുതീട്ട്.”
"എനക്കും സാഹിത്ത്യകാരനാവാന്‍ പറ്റോ?”
"പിന്നെന്താ പറ്റാതെ? ബഷീറിന് സാഹിത്യകാരനാവാമെങ്കില്‍ കുഞ്ഞാമുവിനും ആവാം.”
"അതിന് ഞാനെന്താ ബേണ്ട്?"അവനെന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
"ഒരു പാട് കഥാപുസ്തകങ്ങള്‍ വായിക്കണം.നന്നായി ചിന്തിക്കണം.പിന്നെ ധാരാളം എഴുതണം.”

വഴിയോരത്തെ മരങ്ങളുടെ തണലുപറ്റി ഞങ്ങള്‍ നടന്നു.കുന്നുകള്‍ക്കിടയിലൂടെ വീശിയ കാറ്റ് കുഞ്ഞാമുവിന്റെ കുടുക്കുകളില്ലാത്ത കുപ്പായത്തെ പറപ്പിച്ചുകൊണ്ടിരുന്നു.അവന്‍ നിശബ്ദനായി കുട്ടികള്‍ക്കൊപ്പം നടന്നു. 


Saturday, 10 June 2017

സങ്കടമഴ

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....


എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


മഴയ്ക്ക് മുമ്പുള്ള ആകാശം നിരീക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഞാനും കുട്ടികളും.സ്ക്കൂളിനു പിറകിലെ, വിശാലമായ കുന്നിന്‍പുറത്ത് ആകാശത്തേക്ക് നോക്കി ഞങ്ങളിരുന്നു.തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

"മാശേ, ദാ ഒരു മേഘം.ആനേനപ്പോലീണ്ട്!”
അജീഷ് ആകാശത്തേക്ക് കൈചൂണ്ടിക്കൊണ്ട് വിളിച്ചു പറഞ്ഞു.
"ദാ...മറ്റൊന്ന്.കണ്ടാലൊരു കൊമ്പന്‍ തന്നെ."റിയാസ് പറഞ്ഞു."അത് കേക്കോട്ട് ഓടുന്നാ.”
"മറ്റൊന്നതാ ശെയ്ത്താനെപ്പോലെ..."റസീന പറഞ്ഞു."കരിമ്പന്‍.”

ആകാശത്തെ മേഘക്കൂട്ടങ്ങളില്‍ ഓരോരോ രൂപങ്ങള്‍ കണ്ടെത്താനുള്ള മത്സരമായി അവര്‍ തമ്മില്‍.പീലി വിടര്‍ത്തുന്ന മയില്‍.കൂനി നടക്കുന്ന വൃദ്ധന്‍,വലിയ കൊമ്പുള്ള കാള,പത്തി വിടര്‍ത്തിയാടുന്ന സര്‍പ്പം....

"മാശെ, നമുക്കയ്ന്റെ ചിത്രം വരയ്ക്കാം.”
ജുനൈദ് പറഞ്ഞു.എന്തു കണ്ടാലും അപ്പോളതിന്റെ ചിത്രം വരയ്ക്കണം അവന്.
"വേഗം വരയ്ക്കണം.ഇപ്പൊ മഴ പെയ്യും.”
കുട്ടികള്‍ ക്ലാസിന്റെ വരാന്തയില്‍ ചെന്നിരുന്നു.ചിത്രപുസ്തകം തുറന്നുവെച്ചു.ചുറ്റും നിറങ്ങള്‍ നിരത്തി. ആകാശം നോക്കി വരയ്ക്കാന്‍ തുടങ്ങി.
"അള്ളാ..ഞാന് ബെരച്ചുകൊണ്ടിരിക്കുമ്പൊ അയ്ന്റെ രൂപം മാറി.ആദ്യം ആമയാര്ന്ന്.ഇപ്പൊ ബെല്യ മല.” ഷാനിബ സങ്കടപ്പെട്ടു.


എത്ര ശ്രമിച്ചിട്ടും മേഘങ്ങളുടെ നിറം പുനഃസൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.ഒടുവില്‍ ശ്രുതി വിളിച്ചു പറഞ്ഞു.

"കിട്ടിപ്പോയ് മാശെ,കട്ടിനീലയില്‍ ഒരു തുള്ളി കറപ്പ് ചേര്‍ത്താമതി.”
അവള്‍ ചിത്രം എല്ലാവരെയും കാണിച്ചു.മേഘത്തിന്റെ തനിനിറം കടലാസില്‍ പകര്‍ത്തിയിരിക്കുന്നു.
"അസ്സലായിട്ടുണ്ട്."ഞാനവളെ അഭിനന്ദിച്ചു.

പൊടുന്നനെ ശക്തമായ ഒരു കാറ്റു വീശി.ഒപ്പം കോരിച്ചൊരിയുന്ന മഴയും.എല്ലാവരും ക്ലാസിലേക്ക് ഓടിക്കയറി.
"ഹൊ,ഈ നശിച്ച മയ ഒരു ശല്യം തന്നെ.ഒരു ചിത്രം വരക്കാനും സമ്മതിക്കൂല.” ആരോ വിളിച്ചു പറഞ്ഞു.
"കയിഞ്ഞ ഞാറായ്ച ഞാങ്ങ ഒരു മംഗലത്തിന് പോവാരുന്നു.അപ്പ ബന്നു മയ.ന്റെ പുതിയ കുപ്പായും ചെരുപ്പും ചെളീല് പെരങ്ങി.ഞാങ്ങ മയേന കൊറേ പ്രാകി...."അനീസ പറഞ്ഞു.

മഴ മനുഷ്യനിലുണ്ടാക്കുന്ന ഭാവമാറ്റത്തെക്കുറിച്ചാണ് കുട്ടികള്‍ പറയാന്‍ തുടങ്ങുന്നത്.

"മഴ വരുമ്പം സന്തോഷം തോന്നാറില്ലേ?അതെപ്പോഴാ?” ഞാന്‍ ചോദിച്ചു.

"രാത്രീല് മയേന്റെ പാട്ടുകേട്ട് മൂടിപ്പൊതച്ച് ഒറങ്ങുമ്പം.” റസീന പറഞ്ഞു.
"ഇസ്ക്കൂള് ബിടുമ്പം മയ പെയ്താലും നല്ല രസാ.മയവെള്ളം തെറിപ്പിച്ചോണ്ട് ബീട്ടിലേക്ക് നടക്കാന്‍."ശ്രുതി പറഞ്ഞു.

"മഴ പെയ്യുമ്പോള്‍ സങ്കടം തോന്നാറുണ്ടോ?”
കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.



"ഉണ്ട് സേര്‍.ഉരുള് പൊട്ടി പൊരേം ആളുകളും ഒക്കെ ഒലിച്ച് പോകുമ്പം."യൂനുസ് പറഞ്ഞു.
"ഇന്നാള് നാട്ടില് ഞാങ്ങളെപൊരേന്റെടുത്ത്
മലവെള്ളപ്പാച്ചില്‍ല് ഒരു പൊരേം ആളും എല്ലാം ഒലിച്ചു പോയി.അത് വിചാരിക്കുമ്പം കരച്ചില് ബെരും.”

കുട്ടികള്‍ മഴയനുഭവം എഴുതാന്‍ തയ്യാറെടുക്കുകയാണ്.പുസ്തകം തുറന്ന്,പെന്‍സിലിന്റെ മുനപരിശോധിച്ച്,ഇടക്കിടെ മുഖത്ത് കൃത്രിമമായ ഒരു ഗൗരവം വരുത്തി അവര്‍ എഴുതാന്‍ തുടങ്ങി.

"കുഞ്ഞാമു എഴുതുന്നില്ലേ?”
ഞാന്‍ കുഞ്ഞാമുവിന്റെ അടുത്തുചെന്ന് ചോദിച്ചു.
അവന്‍ തന്റെ കയ്യിലുള്ള നോട്ടുപുസ്തകത്തിലേക്ക് നോക്കി വെറുതെ  ഇരിക്കുകയായിരുന്നു.

"നിക്ക് എയ്ത്തറീല്ല."അവന്‍ ഒരുതരം നിര്‍വ്വികാരതയോടെ പറഞ്ഞു.
"ഞാന് ഒര് ബോളന്‍, മാശെ.നിക്ക് ഒന്തും അറീല.”
"പക്ഷേ,നീ നേരത്തെ ഇരട്ടത്തോണി ഉണ്ടാക്കിയതോ?മറ്റാര്‍ക്കെങ്കിലും അതിന് സാധിച്ചോ?”
അവനൊന്നും മിണ്ടിയില്ല.
അവന്‍ പുറത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി.

"മാശെ,ഇങ്ങന മയ പെയ്ത ഒരീസാ  ന്റെ ഉപ്പ മയ്യത്തായത്.  മയ കാരണത്താല് മയ്യെത്തെടുക്കാന്‍ പോലും ഓരാരും ബന്നില്ല.”
 

 അവന്റെ കണ്ണ് നിറഞ്ഞു.
"ഉപ്പ കഞ്ഞി ബേയ്ച്ച് തിണ്ണേമല് ഇര്ന്നതാ.എന്തോ ഒച്ചകേട്ട് ഞാന്‍ പോയി നോക്കി.അപ്പോ മയ്യത്ത് നെല്ത്ത് കെടക്ക്ന്ന്.”

ഞാനവനെ ചേര്‍ത്തു പിടിച്ചു.അവന്റെ കുറ്റിത്തലമുടിയില്‍ പതുക്കെ തലോടി.

"കുഞ്ഞാമൂന്റെ പൊരേല് വേറെ ആരൊക്കെയുണ്ട്?”
"ഇച്ചേം ഉമ്മേം പിന്നെ മൂന്ന് അനിയത്തിമാരും.ഉപ്പ പോയേപ്പിന്നെ ഉമ്മാന്റെ തല നേരീല്ല.”
"ഇച്ച എന്തു ചെയ്യുന്നു?”
"ഓട്ടല്‍പണി.”
കുഞ്ഞാമുവിന്റെ കണ്ണുകള്‍ വീണ്ടും മഴയിലേക്കു നീണ്ടു.ഈ സങ്കടമഴയുടെ വെള്ളിനൂലുകള്‍  വകഞ്ഞുമാറ്റി തന്റെ ഉപ്പ കയറി വന്നെങ്കില്‍ എന്നവന്‍ ആശിക്കുന്നുണ്ടായിരിക്കണം.

കുഞ്ഞാമുവിനെ ക്ലാസിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരണം.ഒരു പളുങ്കുപാത്രം പോലെ വീണുടഞ്ഞുപോയ അവന്റെ ആത്മവിശ്വാസം വീണ്ടെടുക്കണം.



ഞാനൊരു കടലാസും സ്കെച്ച്പേനയുമായി അവന്റെ അരികില്‍ ചെന്നിരുന്നു.അവന് ഇഷ്ടമുള്ള കുറേ വാക്കുകള്‍ പറയാന്‍ പറഞ്ഞു.അവനാദ്യമൊന്ന് മടിച്ചു.പിന്നീട് കുറച്ചുനേരം ആലോചിച്ചശേഷം പറയാന്‍ തുടങ്ങി.മഴ,കുട,ഉപ്പ,ഉമ്മ,നെയ്പ്പത്തല്, പള്ളി....


 അവന്‍ പറഞ്ഞ പദങ്ങള്‍ ഞാന്‍ കടലാസില്‍ വലുതായി എഴുതി.എഴുതിയ പദങ്ങള്‍ അവനോട് വായിക്കാന്‍ പറഞ്ഞു.അതില്‍ ചിലത് മാത്രമേ അവന് വായിക്കാന്‍ കഴിഞ്ഞുള്ളു.മറ്റുള്ളവ ഞാനവന് വായിച്ചുകൊടുത്തു.പിറ്റേ ദിവസം വരുമ്പോള്‍ ഈ പദങ്ങള്‍ പുസ്തകത്തില്‍ എഴുതി വരാന്‍ പറഞ്ഞു.പക്ഷേ, അവന്റെ നോട്ടുപുസ്തകം കീറിപ്പറിഞ്ഞതായിരുന്നു.ഞാനവന് ഒരു പുതിയ പുസ്തകം നല്‍കി.

 കുട്ടികള്‍ മഴയനുഭവം എഴുതിക്കഴിഞ്ഞിരുന്നു.അനഘ അവളെഴുതിയത് ഉറക്കെ വായിക്കാന്‍ തുടങ്ങി.

'കഴിഞ്ഞ ഓണം ഞങ്ങള്‍ അമ്മയുടെ നാട്ടിലാണ് ആഘോഷിച്ചത്.ഓണത്തിന് നല്ല പൂക്കളം ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഞാനും ഏട്ടനും പൂ പറിക്കാന്‍ പലേടത്തും നടന്നു.അമ്മൂമ്മ പ്ലാവില കൊണ്ട് ഉണ്ടാക്കിത്തന്ന പൂക്കൂടയിലാണ് ഞങ്ങള്‍ പൂക്കള്‍ ശേഖരിച്ചത്.സന്ധ്യയ്ക്ക് പൂക്കള്‍ ഞങ്ങള്‍ തരംതിരിച്ചുവെച്ചു.പിറ്റേ ദിവസം ഇടേണ്ട പൂക്കളത്തിന്റെ ഡിസൈന്‍ ഞങ്ങള്‍ ഒരു കടലാസില്‍ വരച്ചുവെച്ചിരുന്നു.അന്നു രാത്രി ഞാന്‍ ഉറങ്ങിയതേയില്ല.....'



 "മാശെ, ഇത് മയേന പറ്റീറ്റല്ല.ഓണത്തിന പറ്റീറ്റാ എയ്ത്യത്...”
ഷാഹുല്‍ ഇടയ്ക്കു കയറിപ്പറഞ്ഞു.
"ഷാഹൂലെ ക്ഷമിക്കൂ,അവള്‍ മുഴുവനും വായിക്കട്ടെ.”

'തിരുവോണ ദിവസം ഞങ്ങള്‍ രാവിലെ എഴുന്നേറ്റു.കുളിച്ചു. ഓണക്കോടിയുടുത്തു.പുക്കളം തയ്യാറാക്കാനിരുന്നു.അല്പ സമയത്തിനകം മുറ്റത്ത് അതിമനോഹരമായ പൂക്കളം.പൂക്കളം കണ്ട് അച്ഛന്‍ ഞങ്ങളെ അഭിനന്ദിച്ചു.പക്ഷേ,ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല.പെട്ടെന്ന് മഴ പെയ്തു. പെരുമഴ.പൂക്കളം നനയാതിരിക്കാന്‍ ഞങ്ങള്‍ കുട പിടിച്ചുവെങ്കിലും ഫലമുണ്ടായില്ല.തുമ്പയും കാക്കപ്പൂവും അതിരാണിയും മുറ്റത്തെ വെള്ളത്തില്‍ ഒഴുകി നടക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു...'

വിവരണത്തിന് അവളൊരു തലക്കെട്ടും കൊടുത്തിരിക്കുന്നു.'മഴയില്‍ ഒലിച്ചുപോയ ഓണം'

വൈകുന്നേരം സ്ക്കൂള്‍ വിട്ടപ്പോഴും മഴ തോര്‍ന്നിരുന്നില്ല.കുട്ടികള്‍ തങ്ങളുടെ പുത്തന്‍ കുടകള്‍ നിവര്‍ത്തിപ്പിടിച്ച് മഴയിലേക്കിറങ്ങി.കുഞ്ഞാമു മാത്രം ഏറെ നേരം മഴയിലേക്കുനോക്കി വരാന്തയില്‍ ഒറ്റയ്ക്കു നിന്നു.അവന് കുടയുണ്ടായിരുന്നില്ല.പിന്നീട് എന്തോ നിശ്ചയിച്ചുറച്ച്,തന്റെ മുഷിഞ്ഞ പുസ്തകക്കെട്ട് കുപ്പായത്തിനകത്തേക്ക് തിരുകിക്കയറ്റി അവന്‍ മഴയിലേക്കിറങ്ങി.മഴയെതെല്ലും കൂസാതെ,കുന്നുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന പാതയിലൂടെ കുഞ്ഞാമു നടന്നുമറയുന്നത് ഞാന്‍ ക്ലാസുമുറിയുടെ ജനാലയിലൂടെ നോക്കിനിന്നു.


 

Saturday, 3 June 2017

കുഞ്ഞാമു ഉണ്ടാക്കിയ ഇരട്ടത്തോണി

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....2


എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടി.ക്ലാസുമുറിയില്‍ ഇരുട്ട് വ്യാപിച്ചു.പെട്ടെന്ന് ഒരു ഇടിവെട്ടി. കൂടെ മഴയും.കുട്ടികള്‍ ജനാലയ്ക്കരികില്‍ കൂട്ടംകൂടി  മഴയെ നോക്കിനിന്നു.ജനാലയടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവരത് കേട്ടില്ല.

ഇപ്പോള്‍ ദൂരെ കുന്നുകളോ മലകളോ മരങ്ങളോ കാണാനില്ല.സ്ക്കൂളിനെചുറ്റി,വെള്ളി നൂലുകൊണ്ട് നെയ്തെടുത്ത മഴയുടെ വല.
മഴ മഴ മഴ മാനത്തുന്നൊരു
പുതുമഴ കുളിര്‍മഴ പവിഴമഴ
…..................................

മഴയുടെ താളത്തിനും ശബ്ദത്തിനും ഒപ്പിച്ച് കുട്ടികള്‍ മഴപ്പാട്ടുകള്‍ പാടാന്‍ തുടങ്ങി.അവരുടെ പാട്ടിനും ബഹളത്തിനുമിടയില്‍ എന്റെ ദുര്‍ബലമായ ശബ്ദം മുങ്ങിപ്പോയി.ഞാന്‍ നിസ്സഹായനായി വെറുതെ കുട്ടികളെയും നോക്കിനിന്നു.മഴ ശമിക്കട്ടെ; എന്നിട്ടാവാം ക്ലാസ്.
"മാശെ,ഞമ്മക്ക് തോണീണ്ടാക്കാ.എന്നിറ്റ് ദാ ആ ചാലില് കൊണ്ടോയി ഒയ്ക്കാ.."മൈമൂന പറഞ്ഞു.



സ്ക്കൂളിനെ ചുറ്റിവരിഞ്ഞ് കുന്നിനപ്പുറത്തേക്ക് ഒഴുകി മറയുന്ന ചാലിനെ ഞാന്‍ നോക്കി.വേനല്‍ക്കാലത്ത് അത് വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു.ഇപ്പോള്‍ അതില്‍ പതഞ്ഞൊഴുകുന്ന വെള്ളം.

മൈമുനയുടെ സൂത്രം എനിക്കു മനസ്സിലായി. അവള്‍ക്ക് എങ്ങനെയെങ്കിലും മഴയത്തിറങ്ങണം.
അതു നടക്കട്ടെയെന്നു ഞാനും കരുതി.നിറമുള്ള
 കുറേ ഒറിഗാമിക്കടലാസുകള്‍ കൊണ്ടുവന്നു.

കുട്ടികള്‍ക്ക് സന്തോഷമായി.അവര്‍ തോണി നിര്‍മ്മാണത്തില്‍ വ്യാപൃതരായി.നിമിഷങ്ങള്‍ക്കകം ക്ലാസില്‍ നിറയെ തോണികളുണ്ടായി.വിവിധ വര്‍ണ്ണങ്ങളിലുള്ള തോണികള്‍.ഓരോരുത്തരും തങ്ങളുണ്ടാക്കിയ തോണികള്‍ മറ്റുള്ളവരെ കാണിക്കുന്നു.അതിന്റെ ഭംഗി ആസ്വദിക്കുന്നു.

ഞാന്‍ കുഞ്ഞാമുവിനെ നോക്കി.ക്ലാസിലെ തോണി നിര്‍മ്മാണം അവനെ ബാധിച്ചിട്ടേയില്ല.നിറമുള്ള കടലാസോ തോണികളോ ഒന്നും അവന്‍ കാണുന്നുണ്ടായിരുന്നില്ല. ചുമരില്‍ചാരി ഏതോ ദിവാസ്വപ്നത്തില്‍ മുഴുകിയിരിപ്പാണ് അവന്‍.


"കുഞ്ഞാമു..” ഞാന്‍ വിളിച്ചു.
അവനെന്നെ തുറിച്ച് നോക്കി.
നീല നിറമുള്ള ഒരു കടലാസ് ഞാന്‍ അവനുനേരെ നീട്ടി.
പക്ഷേ, അവന്‍ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല.
"കുഞ്ഞാമുവിന് തോണീണ്ടാക്കാനറിയില്ലെ?”
അവന്‍ അറിയാമെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
"എങ്കിലിതു വാങ്ങി ഒരു നല്ല തോണീണ്ടാക്കൂ.”



അവന്‍ മനസ്സില്ലാമനസ്സോടെ കടലാസു വാങ്ങി.കുറച്ചുനേരം കടലാസില്‍ തന്നെ നോക്കിയിരുന്നു.പിന്നീട് എന്തോ ആലോചിച്ചുറപ്പിച്ച് കടലാസ് മടക്കാന്‍ തുടങ്ങി.


 അവന്റെ നീണ്ടു മെലിഞ്ഞ കൈവിരലുകള്‍ക്കിടയില്‍നിന്നും നിമിഷങ്ങള്‍ക്കകം ഒരു തോണി രൂപം കൊണ്ടു.മറ്റു കുട്ടികള്‍ ഉണ്ടാക്കിയതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അത്.ഭംഗിയുള്ള ഒരു ഇരട്ടത്തോണി.

ഇതെന്തു വിദ്യ?കുട്ടികള്‍ അത്ഭുതത്തോടെ കുഞ്ഞാമുവിന് ചുറ്റും കൂടി.അവര്‍ തങ്ങളുണ്ടാക്കിയ തോണിയിലേക്കും കുഞ്ഞാമുവിന്റെ ഇരട്ടത്തോണിയിലേക്കും മാറിമാറി നോക്കി.

"നിങ്ങളുണ്ടാക്കിയതു പോലെയാണോ ഇത്?”
കുഞ്ഞാമു ഉണ്ടാക്കിയ തോണി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"അല്ല..” കുട്ടികള്‍ ഒരുമിച്ച് വിളിച്ചു പറഞ്ഞു.

ഇങ്ങനെയൊരു തോണി അവര്‍ ആദ്യമായി കാണുകയായിരുന്നു.അതിന്റെ നിര്‍മ്മാണരീതി പഠിച്ചെടുത്താല്‍ കൊള്ളാമെന്നുണ്ട് അവര്‍ക്ക്.
"അതെങ്ങനെയുണ്ടാക്കാന്ന് കുഞ്ഞാമു ഞങ്ങക്ക് കാണിച്ച് തര്വോ?”
അനഘ ചോദിച്ചു.

ഇരട്ട വഞ്ചിയുണ്ടാക്കുന്ന രീതി വിശദീകരിച്ചു കൊടുക്കാന്‍  കുഞ്ഞാമുവിനെ ബോര്‍ഡിനരുകിലേക്കു ക്ഷണിച്ചുവെങ്കിലും അവന്‍ വന്നില്ല.പകരം അവന്റെ ഇരിപ്പിടത്തില്‍തന്നെയിരുന്ന്  ഒന്നുകൂടി നിര്‍മ്മിച്ചു.നിര്‍മ്മാണരീതി കാണാന്‍ കുട്ടികളെല്ലാവരും അവന്റെ ചുറ്റും കൂടി.ചിലര്‍ പെട്ടെന്ന് ഗ്രഹിച്ചെടുത്തു.മറ്റുചിലര്‍ക്ക് ഒന്നും മനസ്സിലായതുമില്ല.

കുഞ്ഞാമു ഇപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ചിരിക്കുന്നു.അവന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ ഒരു സ്ഫുരണം മിന്നിമറയുന്നത് ഞാന്‍ കണ്ടു.നിങ്ങള്‍ക്കറിയാത്തത് ചിലതൊക്കെ എനിക്കുമറിയാം എന്നതായിരുന്നു അപ്പോഴവന്റെ ഭാവം.


 പുറത്ത് മഴ ശമിച്ചിരിക്കുന്നു. നേര്‍ത്ത,സുഖകരമായ കാറ്റ് ജനാലയിലൂടെ കടന്നു വന്നു.

കൈകളില്‍ കടലാസുവഞ്ചികളുമായി കുട്ടികള്‍ ഓരോരുത്തരായി പുറത്തിറങ്ങി.സ്ക്കൂളിനെചുറ്റി കുന്നുകള്‍ക്കിടയിലൂടെ ഓടിമറയുന്ന അരുവിയിലേക്ക് തങ്ങളുടെ വഞ്ചികള്‍ ഒഴുക്കി വിടാനുള്ള തയ്യാറെടുപ്പിലാണവര്‍.

ഒഴുകട്ടങ്ങനെയൊഴുകട്ടെ
ഞങ്ങളെ കുഞ്ഞന്‍ വഞ്ചി
തോടുനീന്തി പുഴനീന്തി
കടലില്‍ ചെന്നുചേരട്ടെ
…............................



"മാശെ,ഈ തോണി ഒയ്കി ഇന്നെന്നെ കടലിലെത്ത്വോ?”
അനീസ ചോദിച്ചു.
"ആവോ എനിക്കറിയില്ല.” ഞാന്‍ കൈ മലര്‍ത്തി.
"ഇടീം മയീം നല്ലോണം പെയ്യണം.അപ്പോ ബെള്ളം ബേഗത്തില് ഒയ്കും.എന്നാല് തോണി ബൈകീറ്റാവുമ്പം കടലിലെത്തും.”
ഷാഹുല്‍ പറഞ്ഞു.
"കടലീന്ന് പിന്നെ ഏട്ക്കാ പോവ്വാ?” റസീന ചോദിച്ചു.
"കടലിനക്കരെ....അങ്ങ് ദുബായ്ക്ക്.."അനഘ പറഞ്ഞു.
"അള്ളാ നേരാ..?” റസീന അത്ഭുതത്തോടെ ചോദിച്ചു."അപ്പൊ ദുബായിലുള്ള ന്റെ ഉപ്പാക്ക് ഇത് കിട്ടൂലോ.”
അവള്‍ പെട്ടെന്നുതന്നെ പേനയെടുത്ത് വഞ്ചിയുടെ പുറത്തെഴുതി.



'എന്റെ പ്രിയപ്പെട്ട ഉപ്പാക്ക്,
ഒരായിരം മുത്തം......
ഉപ്പാന്റെ സ്വന്തം റസീന.'

യൂനുസ് എഴുതിയത് ദുബായിലുള്ള മാമനോടുള്ള ഒരഭ്യര്‍ത്ഥനയായിരുന്നു.

'മാമന്‍ വരുമ്പോള്‍ എനക്ക് സ്കെച്ച് പേന കൊണ്ടരണം.'

ഞാന്‍ ഷാനിബയെ നോക്കി.അവള്‍ പേനയും പിടിച്ച് എന്തോ ആലോചിച്ചുകൊണ്ട് നില്‍ക്കുകയാണ്.
"ഷാനിബാന്റെ ഉപ്പ ദുബായിലല്ലേ?എന്താ ഒന്നും എഴുതുന്നില്ലേ?”
അവളുടെ മുഖം വാടി. അവള്‍ ഒന്നും മിണ്ടിയില്ല.
"മാശെ, ഓളെ ഉപ്പ ആട ജയിലിലാന്ന്."
സ്വാതി എന്റെ ചെവിയില്‍ പറഞ്ഞു.
പിന്നീട് ഞാനവളോട് ഒന്നും ചോദിച്ചില്ല.

കുട്ടികള്‍ വഞ്ചികള്‍ തോട്ടിലൊഴുക്കി.ഓളങ്ങളിലൂടെ പൊങ്ങിയും താണും നീങ്ങുന്ന വഞ്ചികളെ അനുഗമിച്ചുകൊണ്ട് അവര്‍ കരയിലൂടെ കുറേ ദൂരം നടന്നു.വഞ്ചികള്‍ ഒന്നൊന്നായി മുങ്ങിത്താണു.

കുഞ്ഞാമുവിന്റെ ഇരട്ടത്തോണി കുതിച്ചുപാഞ്ഞു.എല്ലാത്തിനെയും പിന്നിലാക്കിക്കൊണ്ട്.

കുട്ടികള്‍ ആ നീലത്തോണിക്കു പിന്നാലെ കരയിലൂടെ ഓടി.ഒപ്പം കുഞ്ഞാമുവും.അങ്ങ് കുന്നുകള്‍ക്കിടയില്‍ ഒരു നീലപ്പൊട്ടായി മറയുന്നതുവരെ കുട്ടികള്‍ അതു നോക്കിനിന്നു.

ഞാന്‍ കുഞ്ഞാമുവിനെ നോക്കി.അവന്റെ മുഖത്ത്  ഒരു ചിരി വിരിയുന്നു.നല്ല ഭംഗിയുള്ള ചിരി.