ഏഴാം ക്ലാസിലെ കുട്ടികള്‍ കഴിഞ്ഞ ആഴ്ച സ്ക്കൂളില്‍ ഒരു പ്രദര്‍ശനം ഒരുക്കി.സയന്‍സ് ക്ലാസില്‍ അവര്‍ നിര്‍മ്മിച്ച ഉപകരണങ്ങളും അതിന്റെ പ്രവര്‍ത്തന രീതിയും ഒന്നാം ക്ലാസുമുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതായിരുന്നു പ്രദര്‍ശനം.ഓരോ ഉപകരണത്തിന്റേയും പ്രവര്‍ത്തനരീതിയും അതില്‍ ഉപയോഗപ്പെടുത്തുന്ന ശാസ്ത്രതത്വവുമൊക്കെ ചാര്‍ട്ടിലും കടലാസിലുമൊക്കയായി എഴുതിത്തൂക്കിയിട്ടിരുന്നു.വിവിധ ക്ലാസുകളിലെ കുട്ടികള്‍ നല്ല താത്പര്യത്തോടെയായിരുന്നു ആ പ്രദര്‍ശനം നോക്കിക്കണ്ടത്.
കണ്ണാടികൊണ്ട് നിര്‍മ്മിച്ച വിവിധതരം പെരിസ്ക്കോപ്പുകള്‍,പല വലുപ്പത്തിലുള്ള കാലിഡോസ്കോപ്പ്,കണ്ണാടിക്കൂട്ടിലെ രാജപാത,പതന-പ്രതിപതന കിരണങ്ങളുടെ കോണളവ് കാണാനുള്ള ഉപകരണം,കണ്ണാടികള്‍ കൊണ്ട് അനന്ത പ്രതിബിംബം ഉണ്ടാക്കുന്ന രീതി,അലുമീനിയം ഫോയിലുകളും പെയിന്റും കൊണ്ട് നിര്‍മ്മിച്ച ഗോളിയ ദര്‍പ്പണങ്ങളുടെ മോഡലുകള്‍,ഫിലമെന്റ് ബള്‍ബില്‍ വെള്ളം നിറച്ച് നിര്‍മ്മിച്ച കോണ്‍വെക്സ് ലെന്‍സും അതിന്റെ സ്റ്റാന്റും...
ഇത്രയും ഉപകരണങ്ങള്‍ 'പ്രകാശവിസ്മയങ്ങള്‍' എന്ന ഒറ്റ യൂണിറ്റ് പഠിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ചവയാണ്.ഏഴാം ക്ലാസിലെ അടിസ്ഥാനശാസ്ത്രപുസ്തകത്തിലെ ഏഴു യൂണിറ്റുകള്‍ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ക്ലാസില്‍ രൂപപ്പെട്ട ഉപകരണങ്ങള്‍ക്ക് കണക്കില്ല. കുട്ടികള്‍ നിര്‍മ്മിച്ച ജൈവകീടനാശിനിയും പലതരം ലിറ്റ്മസ് പേപ്പറുകളും മൈദയും ഫെവിക്കോളും കൊണ്ട് നിര്‍മ്മിച്ച കിഡ്നിയുടെ മാതൃകയുമൊക്കെ അതില്‍പെടും.
ലളിതമായ ഉപകരണങ്ങളാണ് എല്ലാം.ഓരോന്നിലും കുട്ടികളുടെ കൈയടയാളം പതിഞ്ഞിട്ടുണ്ട്.ഓരോ ഉപകരണവും അതിന്റെ ഉപയോഗവും കുട്ടികളുടെ പഠനത്തെക്കുറിച്ച് നമ്മോട് പലതും പറയുന്നുണ്ട്.അവരുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും വിജയവും പരാജയവുമൊക്കെ കുട്ടികള്‍ നിര്‍മ്മിച്ച ഈ ഉപകരണങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.അതിലവരുടെ താത്പര്യവും ചിന്തയും ഭാവനയും വൈദഗ്ദ്യവുണ്ട്.
ഏഴാം ക്ലാസുകാരെ സയന്‍സ് പഠിപ്പിക്കുന്നത് സീമ ടീച്ചറാണ്.കുട്ടികള്‍ ഈ രീതിയിലാണ് സയന്‍സ് പഠിക്കേണ്ടത് എന്നാണ് ടീച്ചറുടെ അഭിപ്രായം.
എന്തുകൊണ്ടാണ് ടീച്ചര്‍ ഇങ്ങനെ പറയുന്നത്?
ശാസ്ത്രീയ ധാരണകള്‍ (scientific concepts)രൂപീകരിക്കാന്‍ കുട്ടികള്‍ നേരിടുന്ന പ്രയാസമാണ് സയന്‍സ് ക്ലാസിലെ ഒരു മുഖ്യ പ്രശ്നം. concept കള്‍ പലപ്പോഴും കേവലമായ വിവരങ്ങള്‍(informations) മാത്രമായി നില്‍ക്കുന്നു.ഉദാഹരണമായി 'ആഴം കൂടുന്തോറും ദ്രാവകമര്‍ദ്ദം കൂടുന്നു' എന്ന ധാരണ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു information മാത്രമാണ്.ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോഴാണ് അത് അവരുടെ ധാരണയായി മാറുന്നത്.ക്ലാസുമുറിയില്‍ ഈ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് എങ്ങനെയെല്ലാമാണ് ലഭ്യമാകുന്നത്?
- ടീച്ചര്‍ കുട്ടികള്‍ക്കു മുന്നില്‍ ചെയ്തു കാണിക്കുന്ന പരീക്ഷണങ്ങളിലൂടെ.
- കുട്ടികള്‍ സംഘം ചേര്‍ന്ന് ഈ പരീക്ഷണങ്ങള്‍ ചെയ്യുന്നതിലൂടെ
- കുട്ടികള്‍ സ്വന്തമായി ഉപകരണങ്ങള്‍ രൂപകല്പന ചെയ്ത് പരീക്ഷണങ്ങള്‍ ചെയ്യുന്നതിലൂടെ.
സാധാരണയായി ഒരു സയന്‍സ് ക്ലാസില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നത് ഒന്നാമത്തെ അനുഭവമാണ്.പരീക്ഷണങ്ങള്‍ ടീച്ചര്‍ ചെയ്തുകാണിക്കുന്നു.കുട്ടികള്‍ നീരീക്ഷിക്കുന്നു.നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നു.ഏഴാം ക്ലാസിലെ ശാസ്ത്രപാഠപുസ്തകവും ഊന്നല്‍ നല്‍കുന്നത് ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്കാണ്.അതിലെ മിക്ക പരീക്ഷണങ്ങളും ടീച്ചറെ കേന്ദ്രീകരിച്ചുള്ളതാണ്.
യു.പി.സ്ക്കൂളുകളിലെ ലബോറട്ടറികള്‍ ഇപ്പോഴും ശൈശവാവസ്ഥയില്‍ തന്നെയാണ്.ഒരു മൈക്രോസ്ക്കോപ്പുകൊണ്ടോ ഒന്നോരണ്ടോ സ്പിരിറ്റ് ലാംബ് കൊണ്ടോ അഞ്ചോ ആറോ പരീക്ഷണനാളികള്‍കൊണ്ടോ കുട്ടികള്‍ക്ക് സംഘം ചേര്‍ന്ന് പരീക്ഷണങ്ങള്‍ ചെയ്യാന്‍ കഴിയില്ല.പുതിയ പാഠ്യപദ്ധതിക്ക് അനുസരണമായി ലബോറട്ടറികള്‍ പരിഷ്ക്കരിക്കപ്പെട്ടില്ല.അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് സ്വയം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള അവസരം ഇന്ന് ക്ലാസുമുറികളില്‍ നിലവിലില്ല.
ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം പുല്ലൂര്‍ സ്ക്കൂളിലെ ഏഴാംക്ലാസുകാരുടെ സയന്‍സ് പഠനത്തെ നോക്കിക്കാണാന്‍.കുട്ടികള്‍ സ്വന്തമായി ഉപകരണങ്ങള്‍ രൂപകല്പന ചെയ്ത് പരീക്ഷണങ്ങള്‍ ചെയ്യുക എന്നത് ശാസ്ത്രപഠനത്തിന്റെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കലാണ്.അതോടെ ശാസ്ത്രപഠനത്തിന് പുതിയ മാനം കൈവരുന്നു.ശാസ്ത്രം എന്നത് കുട്ടികളുടെ പ്രയപ്പെട്ട വിഷയമായി മാറുന്നു.
നിര്‍മ്മാണം എന്നത് കുട്ടികളുടെ ഭാവനയും സര്‍ഗ്ഗാത്മകതയുമായി ബന്ധപ്പെട്ട് കിടക്കുന്നു.എന്തെങ്കിലുമൊക്കെ നിര്‍മ്മിക്കുക എന്ന കുട്ടികളുടെ സഹജമായ താത്പര്യത്തെയാണ് ശാസ്ത്രക്ലാസില്‍ ടീച്ചര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.ഉപകരണങ്ങള്‍ നിര്‍മ്മിക്കുക,അത് ഉപയോഗിച്ച് പരീക്ഷണങ്ങള്‍ ചെയ്യുക,അത് വീണ്ടും നവീകരിക്കുക തുടങ്ങിയ ശാസ്ത്രപഠനത്തിന്റെ രീതി കുട്ടികള്‍ സ്വായത്തമാക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ്.
അഭിജിത്ത് നിര്‍മ്മിച്ച ശ്വാസകോശത്തിന്റെ മാതൃക കാണുക.സാധാരണ കുട്ടകള്‍ നിര്‍മ്മിക്കുന്നതില്‍നിന്നും വ്യത്യസ്തമാണിത്.പ്ലാസ്റ്റിക്ക് കുപ്പിക്ക് ഒരു കുട്ടിയുടെ രൂപ ഭാവങ്ങള്‍ നല്‍കിയിരിക്കുന്നു അവന്‍.നിര്‍മ്മാണത്തില്‍ തന്റെ ഭാവനാശേഷി അവന്‍ നന്നായി ഉപയോഗിച്ചിരിക്കുന്നു.
ശാസ്ത്രീയ ധാരണകള്‍ കുട്ടികള്‍ എളുപ്പം സ്വാംശീകരിക്കുന്നത് അവര്‍തന്നെ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ്. മുന്നോക്കക്കാര്‍ക്കും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ഇത് ഒരുപോലെ ഗുണകരമാകും.പഠനപിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സയന്‍സ് കോണ്‍സപ്റ്റുകള്‍ രൂപീകരിക്കാന്‍ ഏറെ സഹായകമായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍.ഇത് പഠനത്തിന്റെ ഭാഗമാക്കിയതിനുശേഷം ടേം വിലയിരുത്തലുകളില്‍ കുട്ടികളുടെ ഗ്രേഡിങ്ങ് നിലവാരം ഉയര്‍ന്നതിന്റെ കൃത്യമായ കണക്കുകള്‍ ടീച്ചറുടെ പക്കലുണ്ട്.കുട്ടികളില്‍ ശാസ്ത്രവിഷയത്തില്‍ താത്പര്യം ജനിപ്പിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല.
ശാസ്ത്രപഠനക്ലാസില്‍ കുട്ടികള്‍ കേന്ദ്രസ്ഥാനത്ത് വരുന്നതെപ്പോഴാണെന്നും എങ്ങനെയാണെന്നും സീമ ടീച്ചറുടെ ക്ലാസ് നമുക്ക് കാണിച്ചു തരുന്നു.ഈ ഏഴാം ക്ലാസ് ഒരു ചൂണ്ടുപലകയാണ്.ഭാവിയിലെ ശാസ്ത്രപഠനക്ലാസ് എങ്ങനെയായിരിക്കണം എന്നതിലേക്കുള്ള ചൂണ്ടുപലക.