ക്ലാസ്സുമുറി ആരുടേതാണ് ?
അധ്യാപകന്റേയോ കുട്ടികളുടേതോ?
അതെപ്പോഴാണ് കുട്ടികളുടേതാകുന്നത്?
ക്ലാസുമുറിയുടെ ഘടനയെ കുട്ടികള്‍ മാറ്റിമറിക്കും.ക്ലാസ്സുമുറി കുട്ടികള്‍ അവരുടേതാക്കും.പഠനത്തിനിടയിലെ അപൂര്‍വ്വം ചില അവസരങ്ങളില്‍, കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തുമ്പോഴാണ് അതു സംഭവിക്കുക.അതിരുകളില്ലാത്ത അവരുടെ ഭാവന ക്ലാസുമുറിയുടെ നാലു ചുമരുകളെ ഭേദിക്കും.അപ്പോള്‍ ക്ലാസുമുറിയിലെ സകല വസ്തുക്കളും മറ്റൊന്നാകും.ഒരേ സമയം അവര്‍ തിരമാലകളും കൊടുങ്കാറ്റുമാകും.ഡസ്കുകളും ബെഞ്ചുകളും ചേര്‍ത്തിട്ട് കപ്പലുകളുണ്ടാക്കാന്‍ അവര്‍ക്ക് നിമിഷനേരം മതി.അവര്‍ സ്വയം കപ്പിത്താനും കപ്പല്‍ ജോലിക്കാരുമാകും.ഒരു ചുരിദാര്‍ ഷാളുകൊണ്ട് അവര്‍ ഒരു മഞ്ഞുമല സൃഷ്ടിക്കും.കാറ്റിലും കോളിലുംപെട്ട കപ്പലിലിരുന്ന് അവര്‍ ആടിയുലയും.ഒടുവില്‍ കടലിന്റെ നിലയില്ലാക്കയത്തിലേക്ക് കപ്പലിനോടൊപ്പം അവര്‍ മുങ്ങിത്താഴും.
യാത്രക്കിടയില്‍ തിരമാലകളുടെ ശബ്ദം അവര്‍ കേള്‍ക്കും.കപ്പലിന്റെ മുകള്‍ത്തട്ടിലിരുന്ന് അവര്‍ ദൂരക്കാഴ്ചകള്‍ കാണും.മഞ്ഞുമലകളിലെ തണുപ്പ് അവര്‍ തൊട്ടറിയും.കടലിന്റെ ആഴങ്ങളിലെ ഇരുട്ടും നിശബ്ദദയും അവര്‍ അനുഭവിക്കും.
ഓരോ കുട്ടിയുടേയും അനുഭവതലം വ്യത്യസ്തമായിരിക്കുമെന്നുമാത്രം.അതവന്റെ ഭാവനയെ ആശ്രയിച്ചിരിക്കും.വ്യത്യസ്തമായ ദേശങ്ങളെക്കുറിച്ച് അവനില്‍ രൂപീകരിക്കപ്പെട്ട അറിവിനെ ആശ്രയിച്ചിരിക്കും.കടലിനെയും കപ്പലിനെയുംകുറിച്ച് അവന്റെ മനസ്സില്‍ പതിഞ്ഞ ഇമേജുകളെ ആശ്രയിച്ചിരിക്കും.
അപ്പോള്‍ ക്ലാസുമുറിക്ക് ലോകത്തോളം വളരാന്‍ കഴിയും.അത് കുട്ടികള്‍ക്ക് സ്വന്തമാകും.
ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തില്‍ ഭൂമിയില്‍ നമ്മുടെ സ്ഥാനം എന്ന യൂണിറ്റായിരുന്നു പഠനസന്ദര്‍ഭം.വന്‍കരകളേയും മഹാസമുദ്രങ്ങളേയും കുറിച്ച് കുട്ടികള്‍ കഴിഞ്ഞ മൊഡ്യൂളില്‍ പഠിച്ചു കഴിഞ്ഞു.ഇനി അക്ഷാംശ-രേഖാംശ രേഖകളെക്കുറിച്ചാണ് പഠിക്കേണ്ടത്.
- അക്ഷാംശ-രേഖാംശ രേഖകളുടെ പ്രാധാന്യം എന്താണ്?
- ഒരു പ്രദേശത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ഈ രേഖകള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നത്?
കഴിഞ്ഞ മൊഡ്യൂളുമായി ബന്ധിപ്പിച്ചുകൊണ്ടുവേണം തുടങ്ങാന്‍.വന്‍കരകളേയും മഹാസമുദ്രങ്ങളേയും അക്ഷാംശ-രേഖാംശ രേഖകളുമായി ബന്ധിപ്പിക്കണം.
വന്‍കരകള്‍ താണ്ടിയുള്ള ഒരു സമുദ്രസഞ്ചാരമാണ് ആലോചിച്ചത്.ഒരു സാങ്കല്പ്പിക യാത്ര.
കുട്ടികളെ പത്ത് പേര്‍ വീതമുള്ള മൂന്നു ഗ്രൂപ്പുകളാക്കി.മൂന്ന് ഗ്രൂപ്പുകള്‍ക്കും മൂന്ന് സ്ഥലങ്ങള്‍ അനുവദിച്ചു.ആദ്യ വിഷയം നല്‍കി.ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഒരു കപ്പല്‍ യാത്ര.
കുട്ടികള്‍ ആലോചന തുടങ്ങി. ആലോചനയ്ക്ക് മൂന്നു മിനുട്ട് സമയം മാത്രം.അതിനിടയില്‍ എങ്ങനെ അവതരിപ്പിക്കണമെന്ന ധാരണയിലെത്തണം.മഹാസമുദ്രവും കപ്പലും രൂപപ്പെടുത്തേണ്ട രീതി ആലോചിക്കണം.ക്ലാസില്‍ ലഭ്യമായ പ്രോപ്പര്‍ട്ടികള്‍ ശേഖരിക്കണം.ഓരോരുത്തരും യഥാസ്ഥാനത്തു നില്‍ക്കണം.തര്‍ക്കിച്ച് നില്‍ക്കാന്‍ സമയമില്ല.പെട്ടെന്നു തീരുമാനത്തിലെത്തണം.വിസിലടിക്കുമ്പോള്‍ ഫ്രീസ് ചെയ്തിരിക്കണം.
പത്ത് തലകളും ഒരുമിക്കുന്നു.വളരെ പെട്ടെന്ന് തീരുമാനത്തിലെത്തുന്നു.അവരവര്‍ക്ക് അനുവദിച്ച സ്ഥലത്ത് കപ്പലുകള്‍ തീര്‍ക്കുന്നു.ഒരാള്‍ കപ്പിത്താനാകുന്നു.മറ്റൊരാള്‍ ക്യാപ്റ്റനാകുന്നു.ചിലര്‍ കപ്പല്‍ ജോലിക്കാര്‍.മറ്റു ചിലര്‍ നിലത്ത് ഷാളുകള്‍ നിവര്‍ത്തിപ്പിടിച്ച് സമുദ്രവും.കപ്പിത്താന് കപ്പല്‍ നിയന്ത്രിക്കാന്‍ സ്റ്റിയറിങ്ങ്(?) വേണം.അതെങ്ങനെയാക്കും?പ്രശ്നമായി.അപ്പോഴാണ് ക്ലാസിന്റെ മൂലയിലുണ്ടായിരുന്ന സ്റ്റൂള്‍ ശിവനന്ദന്റെ ശ്രദ്ധയില്‍പ്പെട്ടത്.മതി.ഇതുതന്നെ പറ്റിയ സാധനം.അവന്‍ ഓടിച്ചെന്ന് സ്റ്റൂള്‍ എടുത്തു.കപ്പലിന്റെ മുന്നിലായി സ്ഥാനം പിടിച്ചു.
ഗ്രൂപ്പ് പ്രവര്‍ത്തനം ഇങ്ങനെയായിരിക്കണം.എല്ലാവരും പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും മുഴുകുന്നു.പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നു.പെട്ടെന്ന് തീരുമാനത്തിലെത്തുന്നു.കുട്ടികള്‍ക്കിടയില്‍ ഗ്രൂപ്പു ഡൈനാമിക്സ് രൂപപ്പെടുന്നത് ഇങ്ങനെയാണ്.
വിസിലടിച്ചു.കുട്ടികള്‍ ഫ്രീസ് ചെയ്തു.ശബ്ദകോലാഹലങ്ങള്‍ കെട്ടടങ്ങി.പരിപൂര്‍ണ്ണ നിശബ്ദത. മൂന്നു കപ്പലുകളും കപ്പിത്താന്‍മാരും സമുദ്രവും.സന്ദര്‍ഭത്തിനുയോജിച്ച സംഗീതം സ്പീക്കറിലൂടെ ഒഴുകി വന്നു.ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കുതിച്ചുയരുന്ന തിരമാലകളുടെ ശബ്ദം കുട്ടികള്‍ കേട്ടു.
വിഷയങ്ങള്‍ ഒന്നൊന്നായി നല്‍കിക്കൊണ്ടിരുന്നു.ക്ലാസുമുറി അന്റാര്‍ട്ടിക്കയിലെ മഞ്ഞു മലകളായി മാറി.ഒരു വേള ആമസോണ്‍ വനാന്തരങ്ങളായി.ഈജിപ്തിലെ പിരമിഡുകളും ഓസ്ട്രേലിയയിലെ കംഗാരുക്കളുമായി.നയാഗ്രാ വെള്ളച്ചാട്ടമായി.ആഫ്രിക്കയിലെ ഉരുക്കില്‍ വാര്‍ത്തെടുത്ത ഖനിത്തൊഴിലാളികളായി.
ഓരോ അവതരണത്തിനും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തു നല്‍കിയ സംഗീതം കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.അത് കുട്ടികളുടെ സങ്കല്‍പ്പങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി.
വീണ്ടും കപ്പല്‍ യാത്ര.പെട്ടെന്ന് തിരമാലകള്‍ക്ക് മുകളിലൂടെ വീശിയടിച്ച ഒരു കൊടുങ്കാറ്റ്.കപ്പല്‍ ആടിയുലഞ്ഞു.കപ്പല്‍ ജോലിക്കാര്‍ കടലിലേക്ക് തെറിച്ചുവീണു.
കപ്പല്‍ കടലില്‍ മുങ്ങാന്‍ തുടങ്ങി.അത് സമുദ്രത്തിന്റെ ആഗാധതകളിലേക്ക് ആണ്ടുപോയി.വയലിനില്‍ നിന്നുയരുന്ന വിഷാദം നിറഞ്ഞ നേര്‍ത്ത ശബ്ദം.
കപ്പല്‍ എവിടെയാണ് താണുപോയത്?
കപ്പല്‍ ഉണ്ടായിരുന്ന സ്ഥലം എങ്ങനെയാണ് കണ്ടെത്തുക?
ക്ലാസുമുറിയുടെ മധ്യത്തില്‍ വലിയൊരു ചതുരം വരച്ചു.അതിനുള്ളില്‍ ഒരു കപ്പലും.
ഈ കപ്പലിന്റെ സ്ഥാനം എങ്ങനെയാണ് നിര്‍ണ്ണയിക്കുക?
കുട്ടികള്‍ തലപുകഞ്ഞാലോചിച്ചു.പലരും പലതും പറഞ്ഞു.ഒന്നും ശരിയായില്ല.
ഒടുവില്‍ അക്ഷയ് വന്നു.അവന്‍ കളത്തില്‍ കുത്തനേയും വിലങ്ങനേയും വരകളിട്ടു.
എന്നിട്ടുപറഞ്ഞു. "മൂന്നാമത്തെ കളത്തിനുള്ളിലാണ് കപ്പലുള്ളത്.”
"കടലില്‍ ഇതുപോലെ വരയിടാന്‍ കഴിയുമോ?"നവീന്‍ ചോദിച്ചു.
ക്ലാസില്‍ കൂട്ടച്ചിരിയുയര്‍ന്നു.
"ഗ്ലോബില്‍ ഇതുപോലെ വരയിട്ടിട്ടുണ്ടല്ലോ.."അക്ഷയ് വിട്ടുകൊടുത്തില്ല.
"അക്ഷയ് പറഞ്ഞത് നേരാണോ?ഗ്ലോബില്‍ ഇങ്ങനെയുള്ള വരകളുണ്ടോ?”
കുറച്ചുപേര്‍ ഉണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു.ഗ്ലോബ് കഴിഞ്ഞ ക്ലാസില്‍ പലതവണ പരിശോധിച്ചിട്ടുണ്ടെങ്കിലും അതിലെ വരകള്‍ പലരുടേയും ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ല.
ഗ്ലോബ് ഗ്രൂപ്പില്‍ വീണ്ടും പരിശോധിച്ചു.അതില്‍ കണ്ട വരകള്‍ അഭിരാജ് ബോര്‍ഡില്‍ വരച്ചു.
ഓരോ വരയ്ക്കും അളവുകളുണ്ടെന്ന് കുട്ടികള്‍ കണ്ടെത്തി.
വീണ്ടും കപ്പലിന്റെ ചിത്രത്തിലേക്കു വന്നു.
"കടലില്‍ കപ്പലിന്റെ സ്ഥാനം വെറും വരകള്‍ കൊണ്ടുമാത്രം കണ്ടെത്താന്‍ കഴിയുമോ?”
നിലത്തുവരച്ച ചിത്രത്തില്‍ കുട്ടികള്‍ അളവുകള്‍ നല്‍കി.
ഇപ്പോള്‍ കപ്പലിന്റെ സ്ഥാനം കുട്ടികള്‍ കൃത്യമായി പറഞ്ഞു.
"വിലങ്ങനെയുള്ള വര 10 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയില്‍.കുത്തെയുള്ള വര 15ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയില്‍.”
"കുത്തനെയുള്ള വരകള്‍ക്കും വിലങ്ങനെയുള്ള വരകള്‍ക്കും പേരുകളുണ്ട്.അതു പാഠപുസ്തകം നോക്കി കണ്ടെത്തൂ.”
കുട്ടികള്‍ പാഠപുസ്തകം തുറന്നു.അക്ഷാംശ-രേഖാംശ രേഖകളുടെ പ്രത്യേകതകള്‍ കണ്ടെത്തി.അക്ഷാംശ-രേഖാംശ രേഖകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു.വിവിധ സ്ഥലങ്ങളുടെ അക്ഷാംശ-രേഖാംശ രേഖകള്‍ ഗ്ലോബും മേപ്പും പരിശോധിച്ച് കണ്ടെത്തി.
ഈ ക്ലാസിന്റെ ഫോട്ടോകള്‍ ഞാന്‍ നാട്ടിലെ അധ്യാപകനായ എന്റെ കൂട്ടുകാരനെ കാണിച്ചു.
"ക്ലാസ്സുമുറി ഇങ്ങനെയാകാമോ?”
അയാള്‍ ചോദിച്ചു.
"ക്ലാസുമുറി ഇങ്ങനെയായാല്‍ പോര.എളുപ്പം അഴിച്ചുമാറ്റാവുന്നതും കൂട്ടിയോജിപ്പിക്കാവുന്നതുമായ ഫര്‍ണ്ണിച്ചറുകള്‍ ക്ലാസില്‍ വേണം.എങ്കില്‍ ഇത് മറ്റൊന്നാകുമായിരുന്നു."ഞാന്‍ പറഞ്ഞു.
ബഹു.കേരളാ വിദ്യാഭ്യാസ മന്ത്രിക്ക്,
കഴിഞ്ഞ ക്ലസ്റ്റര്‍ പരിശിലനത്തില്‍ താങ്കളുടെ പ്രസംഗം അതീവ സന്തോഷത്തോടെയാണ് ഞങ്ങള്‍ കേട്ടത്.കേരളത്തിലെ പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പുതിയ സര്‍ക്കാറിന്റെ ആത്മാര്‍ത്ഥമായ സമീപനവും നിശ്ചയദാര്‍ഢ്യവും താങ്കളുടെ വാക്കുകകളില്‍ പ്രകടമായിരുന്നു.ഒരു മാസത്തിനുള്ളില്‍ തന്നെ ഈ ലക്ഷ്യം നേടാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് വിദ്യാഭ്യാസവകുപ്പ് രൂപംകൊടുത്തിരിക്കുന്നു.കേരളത്തിലെ പൊതുവദ്യാലയങ്ങള്‍ മാറാന്‍പോകുന്നതിന്റെ ആദ്യപടിയായി 8-12 ക്ലാസുകള്‍ ഹൈടെക്ക് ആകാനുള്ള വിഷന്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
പക്ഷേ,സര്‍ ഹൈടെക്ക് ആകുന്ന ക്ലാസുമുറികള്‍ പ്രവര്‍ത്തിക്കേണ്ടത് വദ്യാലയത്തില്‍ ഇന്നു നിലനില്‍ക്കുന്ന അറുപഴഞ്ചന്‍ സമയക്രമത്തില്‍ നിന്നുകൊണ്ടാണെന്നത് മറന്നു പോകരുത്.ഹൈടെക്ക് ക്ലാസുമുറികളുടെ പുതിയ സോഫ്റ്റ് വേര്‍ ഈ പഴഞ്ചന്‍ സിസ്റ്റത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക?
കുട്ടികളുടെ പഠനത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ സ്ക്കൂള്‍ ടൈംടേബിളിന് ഒരു പ്രധാന പങ്കുണ്ട്.വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നരീതിപോലെതന്നെ പ്രധാനമാണ് പഠിപ്പിക്കാനെടുക്കുന്ന സമയവും ഇടവേളകളും.ശിശുകേന്ദ്രീകൃത പഠനം,പ്രവര്‍ത്തനാധിഷ്ഠിത ക്ലാസുമുറി തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കിയാണ് കേരളത്തില്‍ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവില്‍വന്നത്.പുതിയ പഠനരീതി നടപ്പാക്കിയിട്ട് ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി.എന്നാല്‍ ടൈംടേബിള്‍ പരിഷ്ക്കരിക്കപ്പെടാതെ അതുപോലെ തുടരുകയാണുണ്ടായത്.
കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ സ്ക്കൂള്‍ ടൈംടേബിളാണ് ഒരു മാറ്റവും കൂടാതെ നാം ഇന്നും പിന്തുടരുന്നത്.40-45 മിനുട്ട് ദൈര്‍ഘ്യമുള്ള ഏഴു പിരീയഡുകളായാണ് യു.പി,ഹൈസ്ക്കൂള്‍ ക്ലാസുകളുടെ ടൈംടേബിള്‍ കഴിഞ്ഞ വര്‍ഷം വരേയും.എന്നാല്‍ 2015-16 വര്‍ഷത്തില്‍ എസ്.സി.ഇ.ആര്‍.ടി സ്ക്കൂള്‍ ടൈംടേബിള്‍ 'സമഗ്രമായി പരിഷ്ക്കരിക്കുക'യുണ്ടായി.ഒരു ദിവസം ഏഴ് പിരീഡ് എന്നത് എട്ട് പിരീയഡ് ആക്കി വര്‍ദ്ധിപ്പിച്ചു. പിരീയഡുകളുടെ സമയദൈര്‍ഘ്യം 40-45 മിനുട്ടില്‍ നിന്നും 35-40 മിനുട്ടാക്കിക്കുറച്ചു.ഇതിന് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന ന്യായീകരണം നോക്കുക.
'...പാഠ്യപദ്ധതിയും സിലബസ്സും പഠനബോധനതന്ത്രങ്ങളും ഇതിനകം നിരവധി പ്രാവശ്യം പരിവര്‍ത്തനത്തിന് വിധേയമായി.പരിഷ്ക്കരിച്ച പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നു.ഈ അവസരങ്ങളിലൊന്നും സ്ക്കൂള്‍ ടൈംടേബിള്‍ യഥോചിതമായി മാറിയില്ല എന്നതാണ് വസ്തുത.കാലാകാലങ്ങളില്‍ ചില ഭേദഗതികള്‍ ഉണ്ടാക്കിയെങ്കിലും സമഗ്രമാറ്റം നടന്നിരുന്നില്ല.ഇത് കണക്കിലെടുത്ത് പാഠ്യപദ്ധതിയുടേയും ക്ലാസ്റൂം വിനിമയത്തിന്റേയും പ്രാധാന്യമുള്‍ക്കൊണ്ടാണ് സ്ക്കൂള്‍ ടൈംടേബിള്‍ ഉണ്ടാക്കാന്‍ എസ്.സി.ഇ.ആര്‍.ടി മുന്‍കൈയെടുത്തത്.'
(എസ്.സി.ഇ.ആര്‍.ടി - 2015-16 വര്‍ഷത്തെ പുതുക്കിയ സ്ക്കൂള്‍ ടൈംടേബിള്‍ രേഖ- ആമുഖത്തില്‍ നിന്ന്)
പിരീയഡുകളുടെ ദൈര്‍ഘ്യം കുറച്ച് എണ്ണം കൂട്ടിയാല്‍ 'പാഠ്യപദ്ധതിയുടെ ക്ലാസ് റൂം വിനിമയം' ഭംഗിയായി നടക്കും എന്നതാണ് എസ്.സി.ഇ.ആര്‍.ടി യുടെ കണ്ടെത്തല്‍.
ക്ലാസില്‍ ഒരു വിഷയം പഠിപ്പിക്കുമ്പോള്‍ സാധാരണഗതിയില്‍ അനുവര്‍ത്തിക്കേണ്ട വിവിധ ഘട്ടങ്ങളെക്കുറിച്ച് ടീച്ചര്‍ ടെക്സ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
- പ്രശ്നത്തോടുള്ള കുട്ടികളുടെ പ്രതികരണങ്ങള്‍
- കുട്ടികള്‍ സംഘമായി തിരിയല്‍
- അവശ്യമായ വിവരങ്ങള്‍ ശേഖരിക്കല്‍
- ഐ.ടി.സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍
- പ്രശ്ന പരിഹരണത്തിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കല്‍
- ഓരോ ഗ്രൂപ്പും എഴുതി അവതരിപ്പിക്കല്‍
വിഷയത്തിനനുസരിച്ച് പഠനപ്രക്രിയയില്‍ വ്യത്യാസം വന്നേക്കാം.ഇത്രയും പ്രക്രിയകള്‍ പാലിച്ചുകൊണ്ട് പഠനപ്രവര്‍ത്തനം നടപ്പിലാക്കാന്‍ ഒരു വിഷയത്തിന് ഒന്നര മണിക്കൂര്‍ സമയമെങ്കിലും വേണമെന്നിരിക്കെ, നേരത്തേയുണ്ടായിരുന്ന 45മിനുട്ട് വീണ്ടും കുറച്ച് 35മിനുട്ടാക്കിയാല്‍ 'പാഠ്യപദ്ധതി വിനിമയം' എങ്ങനെയാണ് ഫലപ്രദമാകുക?
നമ്മുടെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആലോചിക്കുകയാണ് നാം.എന്നാല്‍ ലോകത്ത് മറ്റേതെങ്കിലും രാജ്യത്ത് ഇങ്ങനെയൊരു സ്ക്കൂള്‍ പഠനസമയം നിലനില്ക്കുന്നതായി അറിവില്ല.പിരീയഡുകളുടെ ദൈര്‍ഘ്യം കുറച്ച്
ദിവസം കൂടുതല്‍ വിഷയങ്ങള്‍ പഠിപ്പിക്കുകയല്ല,മറിച്ച് വിഷയങ്ങളുടെ എണ്ണം കുറച്ച് പിരീയഡുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം എന്ന് ഫിന്‍ലാന്റ് പോലെ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളുടെ അനുഭവം പറയുന്നുണ്ട്. ഫിന്‍ലാന്റിലെ സ്ക്കൂള്‍ ക്ലാസുകളില്‍ ഒരു പിരീയഡിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്.ഓരോ പിരീയഡിന് ശേഷവും 15 മിനുട്ട് കുട്ടികള്‍ക്ക് ഇടവേളയാണ്.ഇങ്ങനെ ഒരു ദിവസം മുന്നോ നാലോ പിരീയഡുകള്‍ മാത്രം.PISAപോലുള്ള അന്താരാഷ്ട്ര പഠനനിലവാര പരീക്ഷകളില്‍ ആ രാജ്യത്തെ കുട്ടികള്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് പ്രക്രിയാധിഷ്ഠിതമായ പഠനത്തിനും വിശ്രമത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ശാസ്ത്രീയമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന അവരുടെ സ്ക്കൂള്‍ ടൈംടേബിളാണ്.
പഠനം പ്രക്രിയാധിഷ്ഠിതമായിരിക്കണമെന്നും ഐ.ടി.സാധ്യതകള്‍ ക്ലാസുമുറിയില്‍ പ്രയോജനപ്പെടുത്തണമെന്നും നമ്മുടെ പാഠ്യപദ്ധതി ആവര്‍ത്തിച്ചു പറയുന്നു.എന്നാല്‍ അതിനാവശ്യമായ സമയം ക്ലാസുമുറിയില്‍ അനുവദിക്കുന്നുമില്ല.പ്രൊജക്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇന്ന് മിക്കവാറും എല്ലാ വിദ്യാലയങ്ങളിലുമുണ്ട്.എന്നിട്ടും ഇത് എന്തുകൊണ്ടാണ് അധ്യാപകര്‍ ക്ലാസുമുറിയില്‍ ഉപയോഗപ്പെടുത്താത്തതെന്ന് പരിശോധിക്കണം. 35മിനുട്ട് സമയം ഒന്നിനും തികയില്ല സാര്‍.കേരളത്തിലെ വിദ്യാഭ്യാസത്തിന്റ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധിപഠനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു.പഠനത്തിന്റെ ഗുണനിലവാരം കുറയാനുള്ള നിരവധി കാരണങ്ങള്‍ ഈ പഠനങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.ഒരു സര്‍വ്വേയില്‍പോലും തികച്ചും അശാസ്ത്രീയമായ സ്ക്കൂള്‍ ടൈംടേബിളിന്റെ പ്രശ്നം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.സ്ക്കൂള്‍ ടൈംടേബിളിനെ തൊടാന്‍ രാഷ്ടീയ നേതൃത്വങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഭയം? ഇനി വരാന്‍ പോകുന്ന ഹൈടെക്ക് ക്ലാസുമുറിയും ഈ ടൈംടേബിളിനകത്ത് നിന്നുകൊണ്ടായിരിക്കുമോ പ്രവര്‍ത്തിക്കേണ്ടിവരിക?
സ്ക്കൂള്‍ കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്,പാഠപുസ്തകങ്ങള്‍ ഓരോ ടേമിനും ഒന്ന് എന്ന രീതിയില്‍ മൂന്നായി വിഭജിക്കും എന്ന താങ്കളുടെ പ്രസ്താവന ഈയിടെ പത്രങ്ങളില്‍ വായിച്ചു.ഇന്ന് നിലവിലുള്ള ടൈംടേബിള്‍ അനുസരിച്ച് കുട്ടികള്‍ ദിവസവും അവരുടെ മുഴുവന്‍ പാഠപുസ്തകങ്ങളും അവയുടെ നോട്ടുപുസ്തകങ്ങളും ചുമന്ന് വേണം സ്ക്കൂളിലെത്താന്‍.ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങളുടെ എണ്ണം മൂന്നോ നാലോ ആയിക്കുറച്ചാല്‍ പാഠപുസ്തകങ്ങളുടെ ഭാരം താനെ കുറയുമെന്നിരിക്കെ ഇനിയും പാഠപുസ്തകങ്ങളെ കഷണങ്ങളാക്കി മുറിക്കേണ്ടതുണ്ടോ?
സ്ക്കൂള്‍ കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്,പാഠപുസ്തകങ്ങള്‍ ഓരോ ടേമിനും ഒന്ന് എന്ന രീതിയില്‍ മൂന്നായി വിഭജിക്കും എന്ന താങ്കളുടെ പ്രസ്താവന ഈയിടെ പത്രങ്ങളില്‍ വായിച്ചു.ഇന്ന് നിലവിലുള്ള ടൈംടേബിള്‍ അനുസരിച്ച് കുട്ടികള്‍ ദിവസവും അവരുടെ മുഴുവന്‍ പാഠപുസ്തകങ്ങളും അവയുടെ നോട്ടുപുസ്തകങ്ങളും ചുമന്ന് വേണം സ്ക്കൂളിലെത്താന്‍.ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങളുടെ എണ്ണം മൂന്നോ നാലോ ആയിക്കുറച്ചാല്‍ പാഠപുസ്തകങ്ങളുടെ ഭാരം താനെ കുറയുമെന്നിരിക്കെ ഇനിയും പാഠപുസ്തകങ്ങളെ കഷണങ്ങളാക്കി മുറിക്കേണ്ടതുണ്ടോ?
വിദ്യാലയ അന്തരീക്ഷം ശിശുസൗഹൃദപരവും ക്ലാസുമുറി ഹൈടെക്ക് ആകേണ്ടതുമൊക്കെ അത്യാവശ്യകാര്യംതന്നെ.അതുമാത്രം പോര.സ്ക്കൂളിലെ പഠനസമയവും പഠനരീതിയുമൊക്കെ ശിശുസൗഹൃദപരമായിരിക്കണം.അതിനു നലവിലുള്ള ടൈംടേബിള്‍ പരിഷ്ക്കരണം അത്യാവശ്യമാണെന്ന വസ്തുത വിനയപുരസരം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.അപ്പോള്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയൂ.
പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുളള താങ്കളുടെ ആത്മാര്‍ത്ഥമായ ഉദ്യമങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ അര്‍പ്പിച്ചുകൊണ്ട്,
സ്നേഹാദരവോടെ,
എം.എം.സുരേന്ദ്രന്‍
ഗവ.യു.പി.സ്ക്കൂള്‍,പുല്ലൂര്‍,
ബേക്കല്‍ ഉപജില്ല,
കാസര്‍ഗോഡ്.
1.ക്ലാസുമുറി കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിനുള്ള(self expression) സാധ്യതകള്‍ തുറന്നിടണം
എല്ലാ കുട്ടികള്‍ക്കും സ്വയം ആവിഷ്ക്കരിക്കാനുള്ള ആഗ്രഹമുണ്ടാകും.അത് ശിശുസഹജമാണ്.വ്യക്തിഗതമായോ സംഘമായോ ആകാം ഈ ആവിഷ്ക്കാരങ്ങള്‍.പക്ഷേ,അതു പഠനത്തില്‍ പ്രധാനമാണ്.അതിനുള്ള അവസരങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് കുട്ടികളുടെ മനസ്സ് പലപ്പോഴും അസ്വസ്ഥമാകുന്നത്.ക്ലാസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഇതാണ്. ആവിഷ്കാരം ചിത്രത്തിലൂടെയോ നാടകത്തിലൂടെയോ പാട്ടിലൂടെയോ കളിയിലൂടെയോ നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെയോ ആകാം. വ്യത്യസ്തമായ രീതിയില്‍ ഒരു പരീക്ഷണം ആസൂത്രണം ചെയ്യുന്നതും പ്രശ്നപരിഹരണത്തിലേക്കുള്ള വഴികള്‍ കണ്ടെത്തുന്നതും മൗലികമായ എഴുത്തും സര്‍ഗാത്മകമായ ആവിഷ്കാരങ്ങളാണ്. പഠനപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കുമ്പോഴാണ് ഇതു സാധ്യമാകുന്നത്.കുട്ടികളുടെ ആവിഷ്ക്കാരങ്ങള്‍ പഠന ലക്ഷ്യങ്ങളുമായി ഉദ്ഗ്രഥിച്ചു കൊണ്ടായിരിക്കണം ചെയ്യേണ്ടത്.
2.കുട്ടികളുടെ സ്വതന്ത്രചിന്തയെ പരിപോഷിപ്പിക്കുന്നതായിരിക്കണം ക്ലാസിലെ പഠനപ്രക്രിയ
ചില നേരങ്ങളില്‍ ക്ലാസുമുറിയിലെ കുട്ടികളുടെ പ്രതികരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.മൗലികവും വ്യത്യസ്തവുമായ ചിന്തകള്‍ അവരുടെ മനസ്സില്‍ മുളപൊട്ടുന്നതു കാണാം.വ്യതിരിക്ത ചിന്തകളെ ഉണര്‍ത്താന്‍ പാകത്തില്‍ കുട്ടികള്‍ക്കുമുന്നില്‍ പഠനപ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് അവര്‍ പഠനത്തില്‍ സജീവമാകുന്നത്.പ്രശ്നപരിഹരണത്തിനുള്ള വൈവിധ്യമാര്‍ന്ന വഴികള്‍ കണ്ടെത്താനും അവതരിപ്പിക്കാനും സര്‍ഗാത്മക ക്ലാസുമുറി കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. ക്ലാസില്‍ കുട്ടികള്‍ ഒരുതരത്തിലുള്ള തടസ്സങ്ങളും(inhibitions) അനുഭവിക്കുന്നില്ലെന്ന് ടീച്ചര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നിര്‍ഭയമായ അന്തരീക്ഷത്തില്‍ മാത്രമേ കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനും കഴിയൂ.താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കുട്ടികള്‍ ചിന്തിക്കണമെന്ന് ടീച്ചര്‍ വാശിപിടിക്കുന്നിടത്താണ് സര്‍ഗാത്മകത കശാപ്പുചെയ്യപ്പെടുക.
3.ഗ്രേഡുകള്‍ നല്‍കാം;ഒപ്പം ഫീഡ്ബാക്കുകള്‍ കൂടി നല്‍കണം
കേവലമായ ഗ്രേഡുകള്‍ കൊണ്ട് കാര്യമില്ല.ഫീഡ്ബാക്കുകള്‍ നല്‍കുമ്പോഴാണ് തന്റെ പോരായ്മകളും മെച്ചങ്ങളും തിരിച്ചറിഞ്ഞ് കുട്ടിക്ക് സ്വയം മുന്നേറാന്‍ കഴിയുക.ഫീഡ്ബാക്കുകള്‍ കുട്ടികളുടെ ചിന്തകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കും.ടീച്ചര്‍ നല്‍കുന്ന ഫീഡ്ബാക്കുകള്‍ ആകാം.കുട്ടികള്‍ പരസ്പരം
നല്‍കുന്നതുമാകാം.കടുത്ത മത്സരത്തിന്റെ അന്തരീക്ഷം കുട്ടികളില്‍ മാനസിക സമ്മര്‍ദം ഉണ്ടാക്കും.അത് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകളെ മുളയിലേ നുള്ളിക്കളയും.
4.ഉത്പന്ന (product)ത്തോടൊപ്പം പഠനപ്രക്രിയയ്ക്കും(learning process) പ്രാധാന്യം നല്‍കണം
പഠനപ്രക്രിയയ്ക്ക് പ്രാധാന്യം നല്കുമ്പോഴാണ് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിക്കുന്നത്.അവരുടെ ആത്മാവിഷ്ക്കാരത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നതായിരിക്കണം പഠനപ്രക്രിയ.കുട്ടികളുടെ വ്യതിരിക്തമായ ചിന്തകളും തീരുമാനങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത് പഠനപ്രക്രിയയ്ക്കിടയിലാണ്.നിരന്തരവിലയിരുത്തലിലൂടെ ഇത് വേണ്ട രീതിയില്‍ വിലയിരുത്തിക്കൊണ്ടും കുട്ടികള്‍ക്കാവശ്യമായ കൈത്താങ്ങ് നല്‍കിക്കൊണ്ടുമായിരിക്കും സര്‍ഗാത്മക ക്ലാസുമുറി അതിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുക.
5.പഠനതന്ത്രങ്ങള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍(stimulate) കഴിയണം
വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങള്‍ ക്ലാസുമുറിയില്‍ ഉപയോഗിക്കുമ്പോഴാണ് കുട്ടികള്‍ stimulate ചെയ്യപ്പെടുക. ചിത്രങ്ങള്‍,വീഡിയോ ക്ലിപ്പിങ്ങുകള്‍,ശബ്ദങ്ങള്‍,സംഗീതം,വിവിധതരം പ്രോപ്പുകള്‍,ശാരീരിക ചലനങ്ങള്‍
എന്നിവയൊക്കെ ഉപയോഗിക്കാം.പഠിപ്പിക്കുന്ന വിഷയം ഏതുമായിക്കൊള്ളട്ടെ.ഇവയുടെ ഉപയോഗം കുട്ടികളുടെ ചിന്തയെ ഉണര്‍ത്തും.പഠനപ്രശ്നം അവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കും.പ്രശ്നപരിഹരണത്തിനുള്ള മൗലികമായ ചിന്ത അവരില്‍ മുളപൊട്ടും.
6.ടീച്ചര്‍ കുട്ടികള്‍ക്കുമുന്നില്‍ demonstrate ചെയ്യരുത്
കുട്ടി ഒരു മരം വരയ്ക്കുന്നതിനിടയില്‍ 'മരം ഇങ്ങനെയാണോ വരക്കുന്നത്?ഇങ്ങനെയല്ലേ?' എന്നു ചോദിച്ചുകൊണ്ട് മരം ബോര്‍ഡില്‍ വരച്ചുകാണിക്കുന്നവരുണ്ട്.'പൂമ്പാറ്റ ഇങ്ങനെയാണോ പറക്കുക?' എന്നുചോദിച്ചുകൊണ്ട് പൂമ്പാറ്റയുടെ ചലനങ്ങള്‍ കാണിച്ചുകൊടുക്കുന്നവരുണ്ട്.ഇങ്ങനെയുള്ള പ്രവൃത്തി കുട്ടികളുടെ സര്‍ഗാത്മക ചിന്തയെ ഇല്ലാതാക്കും.എന്തും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കാണിച്ചുകൊടുക്കാനുള്ള ത്വര അധ്യാപകര്‍ക്ക് പൊതുവെ ഉള്ളതാണ്.ഒരു പക്ഷേ,നമ്മളൊക്കെ അറിയാതെ ചെയ്തുപോകുന്നതാണത്.അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
7.കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ അനുഭാവപൂര്‍വ്വം പരിഗണിക്കണം
കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ പഠനം നടക്കുന്നു എന്നതിന്റെ തെളിവുകളാണ്.തെറ്റുകളെ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുന്ന അധ്യാപകന്‍ അതിനെ നിഷേധാത്മകമായി സമീപിക്കുകയാണ് ചെയ്യുന്നത്.അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.ഗുണാത്മകമായ ഫീഡ്ബാക്ക് നല്‍കുന്നതിലൂടെ തെറ്റ് സ്വയം കണ്ടെത്താനും തിരുത്തി മുന്നേറാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്.
8.ക്ലാസില്‍ ടീച്ചര്‍ കുട്ടികളുടെ സംസാരത്തിന് കാതോര്‍ക്കണം
ടീച്ചറുടെ സംസാരം മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ക്ലാസുമുറി സര്‍ഗാത്മകതയുടെ ശവപ്പറമ്പായിരിക്കും.അവിടെ കുട്ടികള്‍ സംസാരിക്കുന്നത് ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മാത്രമായിരിക്കും.ടീച്ചറുടെ വലിയ ശബ്ദം കുഞ്ഞുങ്ങളുടെ നേര്‍ത്ത ശബ്ദത്തെ പതിയെ ഇല്ലാതാക്കും.കുട്ടികളുടെ വായ മൂടിക്കെട്ടിയ ഒരു ക്ലാസുമുറിയില്‍ എങ്ങനെയാണ് പഠനം നടക്കുക?അവിടെ സര്‍ഗാത്മകതയുടെ വിത്തുകള്‍ എങ്ങനെയാണ് മുളപൊട്ടുക?കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയണം.അതിന് ടീച്ചര്‍ കാതോര്‍ക്കണം. ടീച്ചര്‍ കുട്ടികളുമായും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കണം.
9.ക്ലാസുമുറിയുടെ പരമ്പരാഗത ഘടനയെ മാറ്റിത്തീര്‍ക്കണം
പരമ്പരാഗത ഘടനയിലുള്ള ഒരു ക്ലാസുമുറി സര്‍ഗാത്മക പ്രവര്‍ത്തനത്തിനു വിലങ്ങുതടിയാകും.അവിടെ കുട്ടികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഇരിപ്പിടത്തില്‍ അധ്യയന സമയം മുഴുക്കെ കുട്ടി ഇരുന്നിരിക്കാന്‍ ബാധ്യസ്ഥനാണ്.സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കരുതപ്പെടും.എന്നാല്‍ സര്‍ഗാത്മക ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കും.ക്ലാസുമുറിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ അതിനു കഴിയും.ചിലനേരങ്ങളില്‍ അത് ഇരിപ്പിടങ്ങളെ പഠനോപകരണങ്ങളാക്കി മാറ്റും.ക്ലാസുമുറിയില്‍ പ്രോപ്പുകളുടെ വലിയ ശേഖരം സൂക്ഷിച്ചിരിക്കും.കുട്ടികളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കണം.നിശ്ചലമായി നില്‍ക്കുന്ന ഒന്നാകരുത് ക്ലാസുമുറിയുടെ ഘടന.അത് നിരന്തരം മാറിക്കൊണ്ടിരിക്കണം.ഒപ്പം കുട്ടികളുടെ ഇരിപ്പിടങ്ങളും.എപ്പോഴും പുതുമ നിലനിര്‍ത്തിക്കൊണ്ടിരിക്കാന്‍ ക്ലാസുമുറിക്ക് കഴിയണം.
10.ക്ലാസുമുറിയെ പുറംലോകവുമായി ബന്ധിപ്പിക്കണം
ക്ലാസുമുറിയില്‍ നിന്നും കുട്ടികള്‍ക്ക് പുറത്തുപോകാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കണം.വിദ്യാലയ പരിസരത്തെ അവര്‍ കണ്ടറിയണം.അവിടത്തെ കൃഷിയിടങ്ങള്‍,തൊഴിലിടങ്ങള്‍,മനുഷ്യരുടെ ജീവിതം,പുഴകള്‍,കുന്നുകള്‍,ജലാശയങ്ങള്‍ എന്നിവയൊക്കെ കണ്ടും അറിഞ്ഞും മനസ്സിലാക്കണം.നാടിന്റെ ചരിത്രം അറിയണം.കൃഷിക്കാരേയും തൊഴിലാളികളേയും സാമൂഹ്യപ്രവര്‍ത്തകരേയും ക്ലാസുമുറികളിലേക്കു ക്ഷണിക്കണം.അവരുമായി സംവദിക്കണം.ക്ലാസുമുറിയുടെ വാതായനങ്ങള്‍ കൂടുതല്‍ വിശാലമായ ലോകത്തേക്ക് തുറക്കുമ്പോഴാണ് അവരുടെ ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുക.കുട്ടികള്‍ ഭാവി ലോകത്തെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുക.