ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 10 December 2016

ക്ലാസുമുറിയിലെ നാടകം എന്ന ഒറ്റമൂലി


ക്ലാസുമുറിയിലെ നാടകത്തിന് കുട്ടികളുടെ പഠനത്തേയും സ്വഭാവത്തേയും ആഴത്തില്‍ സ്വാധീനിക്കാനുള്ള  ശക്തിയുണ്ട്.

ക്ലാസുമുറി നാടകം കളിക്കാനുള്ള ഒരിടം കൂടിയാകുന്നതോടെ കുട്ടികള്‍ അതില്‍ താത്പര്യത്തോടെ മുഴുകും.നാടകം കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തുന്നതിലൂടെ ഓരോ ആവിഷ്ക്കാരവും അവര്‍ക്ക് അളവറ്റ ആനന്ദവും ആത്മവിശ്വാസവും നല്‍കും.അത് കുട്ടികളുടെ  ഏകാഗ്രത വര്‍ദ്ധിപ്പിക്കും.കുട്ടികളെ വൈകാരികമായി സ്പര്‍ശിക്കുന്നതിലൂടെ നാടകം അവരുടെ മാനസിക പിരമുറുക്കങ്ങളില്‍ അയവുവരുത്തും.അവരെ ശാന്തരാക്കും.അത് കുട്ടികളില്‍ മാനസികമായ വികാസം കൊണ്ടുവരുകയും  വൈകാരികമായ പക്വത ആര്‍ജിക്കുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്യും.


 ക്ലാസുമുറിയിലെ നാടകം ഒരു ഔഷധം കൂടിയാണ്.പെരുമാറ്റ വൈകല്യങ്ങളുള്ളവര്‍ക്ക്;ശ്രദ്ധക്കുറവുള്ളവര്‍ക്ക്;പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്.
ആറാം ക്ലാസിലെ അതുലായിരുന്നു അതെന്നെ പഠിപ്പിച്ചത്.'ഹാംമെലിനിലെ കുഴലൂത്തുകാരന്‍' എന്ന പ്രസിദ്ധമായ നാടോടിക്കഥ  ക്ലാസില്‍ പഠിപ്പിക്കുന്ന അവസരത്തില്‍.

അതുലിനെക്കുറിച്ച് ടീച്ചര്‍മാര്‍‌ പരാതി പറയാത്ത ഒരു ദിവസം പോലമുണ്ടായിരുന്നില്ല.
അവന്‍ ക്ലാസില്‍ അടങ്ങിയിരിക്കുന്നില്ല.
ക്ലാസില്‍ തീരെ ശ്രദ്ധയില്ല.
ബെല്ലടിച്ചാല്‍ എന്നും വൈകിയെത്തുന്നു.
മറ്റു കുട്ടികളെ ഉപദ്രവിക്കുന്നു.
പുസ്തകം സൂക്ഷിക്കുന്നില്ല.
കളിക്കാനുള്ള വിചാരം മാത്രമേയുള്ളു.
ഈ പറയുന്നതെല്ലാമാണ് അതുല്‍.ചില പ്രയാസങ്ങള്‍ അവന്‍ അനുഭവിക്കുന്നുണ്ട്. അതുലിന്റെ അമ്മ മരിച്ചുപോയതാണ്.അച്ഛന്‍ ഉപേക്ഷിച്ചുപോ‌യി.അമ്മയും അച്ഛാച്ചനുമാണ് അവനെ നോക്കുന്നത്.അവരവനെ നല്ല  സ്നേഹം കൊടുത്തുകൊണ്ടാണ് വളര്‍ത്തുന്നത്.


 നന്നേ ചെറുപ്പത്തില്‍ തന്നെ അവനുണ്ടായ   നഷ്ടങ്ങള്‍ അവന്റെ സ്വഭാവത്തേയും പെരുമാറ്റത്തേയും പഠനത്തേയുമൊക്കെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.എഴുത്തിലും വായനയിലും അവനു ചില്ലറ പ്രയാസങ്ങളുണ്ട്.
തപ്പിത്തടഞ്ഞാണ് വായിക്കുക.എഴുത്തും അതുപോലെത്തന്നെ.

'ഹാംമെലിനിലെ കുഴലൂത്തുകാരന്‍' ഒറ്റ  ഇരുപ്പില്‍ അവന്‍ ശ്രമപ്പെട്ട് വായിച്ചെടുക്കുന്നത് ഞാന്‍ നോക്കിനിന്നു.സാധാരണഗതിയില്‍ അത്രയും നീളമുള്ള കഥ ഒറ്റ ഇരുപ്പില്‍ അവന്‍ വായിച്ചെടുക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.കുറച്ച് വായിക്കുമ്പോള്‍ തന്നെ അവന്റെ ശ്രദ്ധ വ്യതിചലിക്കും.

 പക്ഷേ,'ഹാംമെലിനിലെ കുഴലൂത്തുകാരന്‍' അവന്‍ ശ്രദ്ധയോടെ വായിച്ചു.മനസ്സിലാകാത്തത് വീണ്ടും വായിച്ചു.ഇടയ്ക്ക് എന്റെ സഹായം തേടി.
കഥ വായിച്ചു കഴിഞ്ഞപ്പോള്‍ അവനൊരു ചോദ്യം ചോദിച്ചു.
"മാഷേ,കുഴലൂത്തുകാരന്റെ കുഴലില്‍ നിന്നും വന്ന സംഗീതം എങ്ങനെയുള്ളതായിരുക്കും?”
വല്ലാത്ത ചോദ്യം. ഞാന്‍ കൈമലര്‍ത്തി."ആവോ,എനിക്കറിയില്ല.”
ഞാനവനെ സൂക്ഷിച്ചുനോക്കി.
ആ സംഗീതം അവന്‍ കേള്‍ക്കുന്നുണ്ടോ?
അവന്‍ ഒരു ട്യൂണ്‍ മൂളി.
"മാഷേ,ഇതായിരിക്ക്വോ?"അവന്‍ ചോദിച്ചു.വിഷാദഭാവം നിഴലിക്കുന്ന ഒരു ട്യൂണ്‍.ഏതോ സിനിമാപ്പാട്ടില്‍ കേട്ടു മറന്നത്.
"അറിയില്ല.” ഞാന്‍ വീണ്ടും കൈമലര്‍ത്തി.
"അതായിരിക്കില്ല സാര്‍.എലികളെ ആകര്‍ഷിക്കാന്‍ അതിനു പറ്റില്ല.”


 അവന്‍ വീണ്ടും ദിവ്യമായ ആ സംഗീതത്തെക്കുറിച്ച്  ആലോചിച്ചിരുന്നു.
ഞാന്‍ എന്റെ മൊബൈല്‍ ഫോണ്‍ തുറന്ന് ചില സംഗീതം അവനെ കേള്‍പ്പിച്ചു.
സാക്സോഫോണ്‍,ഫ്ലൂട്ട്,ബാംസുരി...
അവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു.
ഒടുവില്‍ കുറസോവയുടെ 'ഡ്രീംസി'ലെ കുറുക്കന്റെ കല്ല്യാണത്തിലെ മ്യൂസിക്ക് ഞാനവനെ കേള്‍പ്പിച്ചു.
അതവന് ഇഷ്ടപ്പെട്ടുവെന്ന് തോന്നി.
"ഒരു പക്ഷേ,ഇതുപോലെയായിരിക്കണം അത്.”

അവന്‍ അല്പസമയം എന്തോ ആലോചിച്ചിരുന്നു.
കൂമ്പന്‍ തൊപ്പിവെച്ച് ഹെമലിന്‍ നഗത്തിലെ ഊടുവഴികളിലൂടെ നടന്നു നീങ്ങുന്ന മെലിഞ്ഞു നീണ്ട കുഴലൂത്തുകാരന്‍.അദ്ദേഹത്തെ നിശബ്ദമായി പിന്തുടരുന്ന അനേകം കുട്ടികള്‍...
അതുല്‍ ആ കാഴ്ച മനസ്സില്‍ കാണുന്നുണ്ടായിരിക്കണം.


കുട്ടികള്‍ നാലു സംഘങ്ങളായി തിരിഞ്ഞ് കഥ നാടകമാക്കുന്നതിനാവശ്യമായ മുഖംമൂടി നിര്‍മ്മാണത്തില്‍ വ്യാപൃതരായി.ഞാന്‍ നല്‍കിയ കട്ടിക്കടലാസില്‍ അവര്‍ കഥാപ്പാത്രങ്ങളുടെ മുഖരൂപങ്ങള്‍ വരച്ചു.നിറം നല്‍കി.മുഖത്തിന്റെ ആകൃതിയില്‍ വെട്ടിയെടുത്തു.പരസ്പരം മുഖത്തുറപ്പിച്ച് ചേരുന്നുണ്ടോ എന്ന് നോക്കി.

അതുല്‍ കുഴലൂത്തുകാരന്റെ തൊപ്പിയും കുഴലും നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു.എല്ലാം മറന്ന് അവന്‍ അതില്‍ മുഴുകിയിരിക്കുന്നു.കൂമ്പന്‍ തൊപ്പിക്ക് വിസ്തരിച്ച് നിറം നല്‍കിയിരിക്കുന്നു.കടലാസ് ചുരുട്ടിയുണ്ടാക്കിയ കുഴല്‍ എനിക്കുനേരെ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു.
"മാഷേ,കുഴല്‍ നന്നായില്ല.ഇതിനു കുറച്ചുകൂടി നീളം വേണം.ഞാന്‍ വീണ്ടും ഉണ്ടാക്കും.”


 വൈകുന്നേരം കുട്ടികള്‍ വന്ന് എന്നോട് പറഞ്ഞു."മാഷേ,അതുല്‍ ഇന്ന് കളിക്കാന്‍ വന്നില്ല്ല.ക്ലാസിലിരുന്ന് കുഴല്‍ നിര്‍മ്മിക്കുകയാണ്.”

ഞാന്‍ ജനാലയിലൂടെ ക്ലാസിലേക്ക് നോക്കി.നീണ്ടുവളഞ്ഞ ഒരു കോലില്‍ പശതേച്ച് കടലാസുകഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒട്ടിക്കുകയാണ് അവന്‍.എനിക്ക് അത്ഭുതം തോന്നി.ഏതെങ്കിലുമൊരു പ്രവൃത്തിയില്‍ അവന്‍ ഇതുപോലെ മുഴുകിയിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.


അടുത്ത ദിവസം ക്ലാസിലേക്കുചെന്ന എന്നെ എതിരേറ്റത് വലിയ കുഴലും ചുണ്ടോടടുപ്പിച്ച ഊതുന്ന അതുലായിരുന്നു. അതില്‍ നിന്നും ഒരു ശബ്ദം പുറത്തു വരുന്നുണ്ട്.ഞാന്‍ കുഴല്‍ വാങ്ങി നോക്കി.അതില്‍ ഒരു പീപ്പി ഘടിപ്പിച്ചിരിക്കുന്നു.കുഴലിന്റെ  രണ്ടറ്റവും തോളില്‍ തൂക്കിയിടാന്‍ പാകത്തില്‍ ഒരു കമ്പികൊണ്ട് ബന്ധിച്ചിരിക്കുന്നു.
"നന്നായിരിക്കുന്നു."ഞാനവനെ അഭിനന്ദിച്ചു.അവന്‍ ഭംഗിയായി ചിരിച്ചു.

ഇനി കഥയെ നാടകമാക്കണം.അതിനുള്ള ശ്രമത്തിലായി കുട്ടികള്‍.ഇംപ്രൊവൈസ്ഡ് ഡ്രാമയാണ്.സ്ക്രിപ്റ്റ് വേണ്ട.സംഭാഷണങ്ങളൊക്കെ തല്‍സമയം കൂട്ടിച്ചേര്‍ക്കാം.


അവര്‍ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ രംഗത്തെക്കുറിച്ചും കഥാപ്പാത്രങ്ങളെക്കുറിച്ചും സംഭാഷണത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
അതുല്‍ ഉള്‍പ്പെട്ട ഗ്രൂപ്പിന്റെ ലീഡര്‍ അശ്വിനി എന്റെ അടുത്തേക്ക് വന്നു.അവളുടെ കൈയ്യില്‍ കടലാസു ചുരുട്ടിയുണ്ടാക്കിയ നറുക്കുകള്‍.
"മാഷേ, നാലുപേര്‍ക്ക് കുഴലൂത്തുകാരനാകണം.നറുക്കിടാതെ വേറെ രക്ഷയില്ല.”
അവള്‍ നറുക്കുകള്‍ ഒരു ചോക്കുപെട്ടിയിലിട്ട് കുലുക്കി എന്റെ നേരെ നീട്ടി.ഞാന്‍ ഒന്നെടുത്തു.അവള്‍ അതു വാങ്ങി പേരുവായിച്ചു.
"അതുല്‍!”
അവന്റെ മുഖത്ത് വീണ്ടും അതേ ഭംഗിയുള്ള ചിരി.


നാടക റിഹേഴ്സലിന് കൂടുതല്‍ സമയം വേണമെന്നായി കുട്ടികള്‍.ഹാംമെലിനിലെ കുഴലൂത്തുകാരന്‍ എന്ന കഥയെ നാല് ഗ്രൂപ്പുകളും നാടകമായി ആവിഷ്ക്കരിക്കും.റിഹേഴ്സലിന് ഒരാഴ്ച സമയം വേണം.ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തി റിഹേഴ്സല്‍ ചെയ്യും.
‌ഞാന്‍ സമ്മതിച്ചു.കുട്ടികള്‍ക്ക് സന്തോഷമായി.

പക്ഷേ,അന്നു ടീച്ചര്‍മാര്‍ വീണ്ടും അതുലിനെക്കുറിച്ച് പരാതി പറഞ്ഞു.
"ക്ലാസ് സമത്ത് അവന്‍ പീപ്പീ ഊതുന്നു..”
ഞാന്‍ ഈ കാര്യം അതുലിനോട് പറഞ്ഞു.
"അറിയാതെ ഊതിപ്പോകുന്നതാണ് സര്‍.ഇനി ഉണ്ടാവില്ല.”
അവന്‍ വാക്ക് തന്നു.
ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ മരത്തണലിലും ക്ലാസുമുറികളിലുമൊക്കെയായി റിഹേഴ്സല്‍ ചെയ്തു.


ഞാന്‍ ഒളിഞ്ഞും തെളിഞ്ഞും അതുലിനെ നിരീക്ഷിക്കാന്‍ തുടങ്ങി.സാധാരണ ഗതിയില്‍  ഗ്രൂപ്പു പ്രവര്‍ത്തനത്തിന് വഴിപ്പെടാത്തവനാണ് അതുല്‍.അവന്‍ പെട്ടെന്നുതന്നെ മറ്റുകുട്ടികളുമായി ഇടയും.അവരെ അംഗീകരിക്കില്ല. അപ്പോള്‍ കുട്ടികള്‍ അവനെക്കുറിച്ച് പരാതി പറയും.

പക്ഷേ, ഇപ്പോള്‍  അങ്ങനെയല്ല.നാടകത്തിലെ കേന്ദ്രകഥാപാത്രമാണ് അതുല്‍.അവന്‍ മറ്റുകുട്ടികളുമായി പൂര്‍ണ്ണമായി സഹകരിക്കുന്നു. അവന്‍തന്നെ മുന്‍കൈയ്യെടുത്ത് എല്ലാവരേയും വിളിച്ച് കൂട്ടുന്നു.വേണ്ട സഹായങ്ങള്‍ ചെയ്യുന്നു.അവനിപ്പോള്‍ ശരിക്കും ഒരു കുഴലൂത്തുകാരനായി മാറിയിരിക്കുന്നു.തലയില്‍ ഒരു കൂമ്പന്‍ തൊപ്പിവെച്ച്,തോളില്‍ കുഴല്‍ തൂക്കിയിട്ട്,യൂണിഫോമിനുമുകളില്‍ ഒരു മേല്‍ക്കുപ്പായം ധരിച്ച്....


 റിഹേഴ്സല്‍ കഴിഞ്ഞാല്‍ അവനെല്ലാം ക്ലാസിലെ അലമാരയിലൊളിപ്പിക്കും.മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ നല്ല കുട്ടിയായി ഇരിക്കും.
ഒരു ദിവസം ഞാന്‍ അശ്വിനിയെ വിളിച്ചു ചോദിച്ചു.
"എങ്ങനെയുണ്ട് അതുല്‍? നാടകവുമായി സഹകരിക്കുന്നില്ലേ?”
"മാഷേ,അതുലിന് നല്ല മാറ്റമുണ്ട്.അവന്റെ അഭിനയം കാണണം!അവനിപ്പോള്‍ ഞങ്ങള്‍ പറയുന്നതൊക്കെ കേള്‍ക്കുന്നുണ്ട്.”

കട്ടികളുടെ അഭിപ്രായം കേട്ടപ്പോള്‍ സന്തോഷം തോന്നി.അതവരുടെ ഹൃദയത്തില്‍ നിന്നു വരുന്നതാണ്.അവര്‍ക്ക് അവനോടുള്ള സ്നേഹം അതില്‍ ഒളിഞ്ഞിരിപ്പുണ്ട്.


 ഒടുവില്‍ നാടകം അതരിപ്പിക്കാനുള്ള ദിവസം വന്നെത്തി.ഉച്ചഭക്ഷണം കഴിച്ച ഉടനെ കുട്ടികള്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.കഥാപാത്രങ്ങള്‍ക്കാവശ്യമായ വസ്ത്രവും പ്രോപ്പുകളും മേക്കപ്പ് സാധനങ്ങളുമൊക്കെ അവര്‍ കരുതിയിരുന്നു.നാടകം കാണാന്‍ അഞ്ചാം ക്ലസുകാരേയും ക്ഷണിച്ചിട്ടുണ്ട്.
ഞാന്‍ അതുലിനെ നോക്കി. ഒരു അസ്സല്‍ കുഴലൂത്തുകാരനായിട്ടാണ് അവന്റെ നില്‍പ്പ്.മുഖത്ത് കണ്‍മഷികൊണ്ട് താടിയും മീശയുമൊക്കെ വരച്ചിരിക്കുന്നു. അവന് മറ്റൊരു റോളുകൂടിയുണ്ട്. എലി.അതിനാവശ്യമായ മുഖം മൂടിയും മറ്റും അവന്‍ കരുതിയിട്ടുണ്ട്.
നാടകം തുടങ്ങി.ഓരോ അവതരണത്തേയും കുട്ടികള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.അതുല്‍  എലിയായും കുഴലൂത്തുകാരനായും ഗംഭീരമായ അഭിനയം കാഴ്ചവെച്ചു.


 ഓരോ ഗ്രൂപ്പിന്റെയും അവതരണത്തെ വിലയിരുത്തിയ സന്ദര്‍ഭത്തില്‍ കുട്ടികള്‍ എടുത്ത പറഞ്ഞസംഗതി അതുലിന്റെ അഭിനയ മികവിനെക്കുറിച്ചായിരുന്നു.എന്തുകൊണ്ടാണ് ഇത്രയും നന്നായി ചെയ്യാന്‍ കഴിഞ്ഞതെന്ന ചോദ്യത്തിന് അതുലിന്റെ മറുപടി ഇതായിരുന്നു.
"കുഴലൂത്തുകാരന്‍ എന്ന കഥാപാത്രത്തെ എനിക്ക് അത്രയ്ക്ക് ഇഷ്ടായിരുന്നു.”

ആ യൂണിറ്റില്‍ തന്നെയുള്ള അടുത്ത ഖണ്ഡം ജി.ശങ്കരപ്പിള്ളയുടെ 'ചിത്രശലഭങ്ങള്‍' എന്ന നാടകമായിരുന്നു.നാടകം എന്ന സാഹിത്യരൂപത്തിന്റെ പ്രത്യേകതള്‍ പരിചയപ്പെട്ടതിനുശേഷം 'ഹാംമെലിനിലെ കുഴലൂത്തുകാരന്‍' നാടമാക്കി എഴുതാന്‍ കുട്ടികള്‍ തയ്യാറായി.സ്വതവേ കുറച്ചുമാത്രം എഴുതാറുള്ള അതുല്‍ എഴുതിയ നാടകം അഞ്ചാറുപേജുകളിലായി പരന്നു കിടക്കുന്നു.ഞാന്‍ നാടകം വായിച്ചു നോക്കി.അക്ഷരത്തെറ്റുകളുണ്ട്.എങ്കിലും ശരിക്കും ഒരു നാടകമായിട്ടുണ്ട്.



അതുലിന് സംഭവിച്ചമാറ്റം നിലനില്‍ക്കുമോ എന്നു കണ്ടറിയണം.

പക്ഷേ, ഒന്നുറപ്പിച്ചു പറയാം.ക്ലാസുമുറിയിലെ നാടകം അതുലിനെപോലെ പലതരം പ്രയാസങ്ങള്‍  അനുഭവിക്കുന്ന കുട്ടികളില്‍ ഒരു ഔഷധംപോലെ പ്രവര്‍ത്തിക്കും.അവരുടെ മനസ്സിനേറ്റ മുറിവുകളെ കരിയിച്ചുകളയാനുള്ള  ഒരു ഒറ്റമൂലിയാണത്.  അവരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും പഠനത്തിലുമൊക്കെ വലിയമാറ്റങ്ങള്‍ കൊണ്ടുവരാന്‍ അതിനു കഴിയും.ക്ലാസുമുറിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും അധ്യാപകര്‍ വേണ്ടത്ര ശ്രദ്ധയും താതപര്യവും കാണിക്കണമെന്നു മാത്രം.അപ്പോള്‍ ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്.ക്ലാസുമുറിയിലെ നാടകം കേവലമായ നാടകാവതരണത്തില്‍ മാത്രമല്ല ഊന്നുന്നത്.അതിന്റെ പ്രക്രിയയും പ്രധാനമാണ്.നാടകം രൂപപ്പെടുത്താനായി കുട്ടികള്‍ കടന്നുപോകുന്ന പ്രക്രിയയാണ് അവരില്‍ മാറ്റം കൊണ്ടുവരുന്നത്.ഔഷധം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയാലേ അതു വേണ്ടത്ര ഫലപ്രദമാകൂ.
 

 

1 comment:

  1. സുരേന്ദ്രൻ .. വളരെ മനോഹരം..
    നിന്റെ ബ്ലോഗെഴുത്തുകൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കണം..

    ReplyDelete