അഞ്ചാം ക്ലാസിലെ കുട്ടികള്‍ സൗരയൂഥത്തെക്കുറിച്ച് നാടകം കളിക്കുകയാണ്.ഗ്രഹങ്ങള്‍ ഒന്നൊന്നായി വന്ന് സൂര്യനെ വലംവെച്ചുകൊണ്ടിരുന്നു.
ഭൂമി ഉറക്കെ വിളിച്ചു പറഞ്ഞു.
ഹേ സൂര്യ,നീ നിന്റെ ചൂട്കൊണ്ട് എന്തിനാണ് എന്നെ ഇങ്ങനെ പൊള്ളിക്കുന്നത്?നിന്റെ ചൂട് കൊണ്ട് മഞ്ഞുകട്ടകള്‍ ഉരുകുന്നു.അതിനാല്‍ സമുദ്രത്തിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.ഇങ്ങനെ പോയാല്‍ ഞാന്‍ പ്രളയത്തില്‍ മുങ്ങിപ്പോകും..
(ഭൂമി ആഗോള താപനത്തെക്കുറിച്ച് പറയുന്ന ഒരു പത്രകട്ടിങ്ങ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.)
സൂര്യന്‍- ഭൂമി,ഞാനല്ല അതിന് ഉത്തരവാദി.നിന്റെ മനുഷ്യരാണ്.അവര്‍ മരങ്ങള്‍ മുറിച്ചില്ലേ?വായു മലിനപ്പെടുത്തിയില്ലേ? പിന്നെ എങ്ങനെ ചൂട് കൂടാതിരിക്കും?
അപ്പോള്‍ മറ്റു ഗ്രഹങ്ങള്‍-ശരിയാണ്.ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല.കാരണം ഞങ്ങളില്‍ മനുഷ്യരില്ലല്ലോ..
കുട്ടികള്‍ക്ക് ക്ലാസുമുറിയില്‍ ഇങ്ങനെ നാടകം കളിച്ച് മുന്‍പരിചയമില്ല.എങ്കിലും നാലു ഗ്രൂപ്പുകളും വ്യത്യസ്തമായ രീതിയില്‍ ആലോചിച്ചിരിക്കുന്നു.
ഒരു ഗ്രൂപ്പ് നാടകം തുടങ്ങിയത് സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് കോപ്പര്‍നിക്കസ്സ് വിളിച്ചു പറയുന്നിടത്തുനിന്നാണ്.അപ്പോള്‍ ആളുകള്‍ വന്ന് കോപ്പര്‍നിക്കസ്സിനെ പരിഹസിക്കുന്നു.
മറ്റൊരു ഗ്രൂപ്പിന്റേത് ഗലീലിയോ തന്റെ ദൂരദര്‍ശിനിയിലൂടെ കാണുന്ന ആകാശക്കാഴ്ചകളില്‍ നിന്നാണ്.
സൗരയൂഥം രൂപപ്പെടാനിടയായ മഹാവിസ്ഫോടനത്തെകുറിച്ച് ടീച്ചര്‍ കുട്ടികളോട് വിശദീകരിക്കുന്ന സമയം അതു രംഗത്ത് അവതരിപ്പിച്ചുകൊണ്ടാണ് ഇനിയൊരു ഗ്രൂപ്പ് നാടകം അവതരിപ്പിച്ചത്.
ഗ്രഹങ്ങളായുള്ള കുട്ടികളുടെ വേഷപ്പകര്‍ച്ചയാണ് എന്നെ ഏറെ വിസ്മയിപ്പിച്ചത്.
വ്യാഴം എന്ന ഗ്രഹം ഒരു കൂളിങ്ങ് ഗ്ലാസ് വെച്ചിരിക്കുന്നു.തലയില്‍ ഒരു ത്തുണി കെട്ടിയിരിക്കുന്നു.പോരാത്തതിന് ഒരു കൊമ്പന്‍ മീശയും!
ശുക്രന്‍ ഒരു ചുവന്നതൊപ്പിയിട്ട് മുഖമാകെ മറച്ചിരിക്കുന്നു. രാവിലെ മുതലേ ആ വേഷത്തിലാണ് അവന്റെ നടപ്പ്.
നെപ്റ്റ്യൂണ്‍ ഒരു മുഖം മൂടി ധരിച്ചിരിക്കുന്നു.
ഭൂമി ഒരു നിലത്തൊപ്പിവെച്ച് നീല ഷാളും ചുറ്റിയിരിക്കുന്നു.
ഒരു മഞ്ഞത്തുണികൊണ്ട് ദേഹമാസകലം പൊതിഞ്ഞ് ഒരു മുഖം മൂടിയും വെച്ചാണ് സൂര്യന്റെ നടത്തം.
ഗ്രഹങ്ങളുടെ ചില പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കണം കുട്ടികള്‍ ഇവയുടെ വേഷം രൂപകല്പന ചെയ്തത്.ഓരോ ഗ്രഹത്തിനും ഓരോ വ്യക്തിത്വമുണ്ടെന്ന് അവര്‍ കരുതിയിരിക്കണം.
സൗരയൂഥം എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം അമൂര്‍ത്തമായ ആശയമാണ്. അതിനെ നാടകമാക്കുക എന്നത് ഏറെ പ്രയാസകരവും.അത് കുട്ടികള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു എനിക്ക്.അവതരണത്തില്‍ വേണ്ടത്ര മുന്‍ പരിചയമില്ലാത്തതിന്റെ പ്രശ്നമുണ്ടായിരുന്നെങ്കിലും അവരുടെ ആലോചനയും തയ്യാറെടുപ്പും താത്പര്യവുമൊക്കെ ഈ പ്രവര്‍ത്തനത്തെ വിജയത്തിലെത്തിച്ചു.
നാടകാവതരണം വരെയുള്ള ഏതാണ്ട് ഒരാഴ്ചക്കാലം നീണ്ടുനിന്ന കുട്ടികളുടെ ഈ തയ്യാറെടുപ്പ് തന്നെയായിരുന്നു അതിലെ പഠനം.ഓരോ ഗ്രൂപ്പിന്റേയും രഹസ്യമായ ആ ആലോചന,ആശയം കണ്ടെത്തല്‍,കഥാപ്പാത്രങ്ങളെ നിശ്ചയിക്കല്‍,ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റിഹേഴ്സല്‍,അതിന്റെ സംഘാടനം,വേഷം സംഘടിപ്പിക്കല്‍,പിന്നെ അവതരണവും...പഠനത്തിനും വികാസത്തിനുമുള്ള അനവധി സാധ്യതകളാണ് ഈ ഒരു പ്രവര്‍ത്തനം കുട്ടികള്‍ക്കുമുന്നില്‍ തുറന്നിട്ടത്.
അഞ്ചാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ 'പ്രപഞ്ചത്തിലൂടെ' എന്ന പാഠം പതിവു രീതിയിലായിരുന്നില്ല ഞാന്‍ ആസൂത്രണം ചെയ്തത്. കുട്ടികളെ ഒന്നും പഠിപ്പിച്ചില്ല.പകരം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരെ കടത്തിവിട്ടു. നാടകവും ചിത്രംവരയും നിര്‍മ്മാണവും എഴുത്തും വായനയും ശേഖരണവും ആകാശനിരീക്ഷണവുമൊക്കെ അതില്‍ ഉള്‍പ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കുട്ടികള്‍ പ്രധാനമായും പാഠപുസ്തകളെ ആശ്രയിച്ചു.പാഠപുസ്തകങ്ങള്‍ അവര്‍ക്ക് പല ആവര്‍ത്തി തലങ്ങുംവിലങ്ങും വായിക്കേണ്ടി വന്നു. ക്ലാസ് ലൈബ്രറിയില്‍ സൗരയൂഥവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍,പത്രകട്ടിങ്ങുകള്‍,പത്രങ്ങളിലെ കുട്ടികള്‍ക്കായുള്ള പേജുകള്‍ എന്നിവ സജ്ജീകരിച്ചു.സൗരയൂഥത്തെക്കുറിച്ചുള്ള,രസകരമായ മൂന്നോ നാലോ വീഡിയോകള്‍ അവരെ കാണിച്ചു കൊടുത്തു.കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു.ഓരോ ഗ്രൂപ്പിന്റേയും ഉത്പ്പന്നങ്ങളും അവതരണങ്ങളും കുട്ടികള്‍ പരസ്പരം വിലയിരുത്തി.പിന്നെ ഞാനും വിലയിരുത്തി.രണ്ടു വിലയിരുത്തലുകളും പരിഗണിച്ചുകൊണ്ട് ഓരോ ഗ്രൂപ്പിനേയും ഗ്രേഡുചെയ്തു.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒടുവില്‍ ഏറ്റവും കൂടുതല്‍ പോയന്റു നേടിയ ഗ്രൂപ്പിനെ കണ്ടെത്തി.
സ്വതവേ വിരസമായേക്കാവുന്ന ഒരു പാഠം അങ്ങനെ കുട്ടികള്‍ ഏറെ താതാപര്യത്തോടേയും ആഹ്ലാദത്തോടേയും ഏറ്റെടുത്തു.
സൗരയൂഥം-വരയും മാതൃകയും
സൗരയൂഥത്തിന്റെ വരയും മാതൃകയുടെ നിര്‍മാമാണവും കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.അത് അവരെ ഏറെ പഠിപ്പിക്കുകയും ചെയ്തു.
നാലു ഗ്രൂപ്പുകള്‍ക്ക് ക്ലാസുമുറിയിലെ നാലു സ്ഥലങ്ങള്‍ വീതിച്ചു നല്‍കി.ഓരോ ഗ്രൂപ്പിനും ആവശ്യമായ കളര്‍ ചോക്കുകള്‍ നല്‍കി.അപ്പോഴാണ് കുട്ടികള്‍ മറ്റൊന്ന് ആവശ്യപ്പെട്ടത്. ഭ്രണപഥം വരയ്ക്കാന്‍ ചരടുവേണം.ഞാനത് കരുതിയിരുന്നില്ല. ഇങ്ങനെയൊരാവശ്യം എനിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല.ഞാന്‍ വേഗം തന്നെ ചരടുകള്‍ സംഘടിപ്പിച്ചു നല്‍കി.കുട്ടികള്‍ വര തുടങ്ങി.
അപ്പോഴാണ് കുട്ടികളില്‍ കൂടുതല്‍ സംശയങ്ങള്‍ മുളപൊട്ടിയത്.അവര്‍ ചോദ്യങ്ങളുമായി എന്നെ സമീപിക്കാന്‍ തുടങ്ങി.
ഓരോ ഭ്രമണപഥവും തമ്മില്‍ എത്ര അകലമുണ്ടാകും?എല്ലാ ഭ്രമണപഥങ്ങള്‍ക്കു മിടയിലുള്ള അകലം തുല്യമാണോ?ഓരോ ഗ്രഹത്തിന്റേയും വലുപ്പം എത്രയാണ്?
പാഠപുസ്തകത്തില്‍ ഓരോ ഗ്രഹത്തിനും നിറം നല്‍കിയിട്ടുണ്ട്.ശരിക്കും ഗ്രഹങ്ങള്‍ക്ക് ഇങ്ങനെ നിറമുണ്ടോ?
കുട്ടികളുടെ ചോദ്യങ്ങള്‍ എന്നെ കുഴക്കിയെങ്കിലും ഓരോന്നിനും തൃപ്തികരമായ രീതിയില്‍ ഞാന്‍ മറുപടി നല്‍കി.പുതിയ ചോദ്യങ്ങളുമായി അവര്‍ ഇടക്കിടെ എന്നെ സമീപിച്ചുകൊണ്ടിരുന്നു.
വര ഗ്രൂപ്പിലെ കുട്ടികളെ പരസ്പരം ഒരുമിപ്പിച്ചു.അവര്‍ ചുമതലകള്‍ വീതിച്ചെടുത്തു.ഓരോ ഘട്ടത്തിലും അവര്‍ നന്നായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.തെറ്റുപറ്റുമ്പോള്‍ പരസ്പരം തിരുത്തി.വരച്ചും മായ്ച്ചും വീണ്ടും വരച്ചും കുട്ടികള്‍ തങ്ങളുടെ വര മെച്ചപ്പെടുത്തി.വര പൂര്‍ത്തിയായപ്പോള്‍ കുട്ടികള്‍ അത് മാറി നിന്ന് നോക്കിക്കണ്ടു. ഓരോ ഗ്രൂപ്പും മറ്റു ഗ്രൂപ്പുകളുടെ ചിത്രങ്ങള്‍ വിലയിരുത്തി.സ്ക്കോര്‍ ചെയ്തു.മികച്ച ചിത്രം ഏതു ഗ്രൂപ്പിന്റേതാണെന്നു കണ്ടെത്തി.അതിനുള്ള ന്യായീകരണങ്ങളും അവതരിപ്പിച്ചു.
അടുത്ത ദിവസം കുട്ടികള്‍ സൗരയൂഥത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു.കുട്ടികള്‍ നല്ല തയ്യാറെടുപ്പോടു കൂടിയായിരുന്നു അന്ന് ക്ലാസിലെത്തിയത്.പലതരം ഷാളുകള്‍,നൂലുകള്‍,തുണിക്കഷണങ്ങള്‍,വിവിധ വലുപ്പത്തിലുള്ള പന്തുകള്‍,ബലൂണുകള്‍ എന്നുവേണ്ട അവര്‍ കൈയില്‍ കിട്ടിയ സകല വസ്തുക്കളും കരുതിയിരുന്നു.
കുട്ടികള്‍ നല്ല ഉത്സാഹത്തിലായിരുന്നു.അവര്‍ നിര്‍മ്മാണം ആരംഭിച്ചു.ചിലര്‍ കൈയില്‍ കരുതിയ തുണി കത്രിക കൊണ്ട് നിളത്തില്‍ മുറിച്ചെടുക്കുകയാണ്.രണ്ടു
ജനാലകളെ ബന്ധിപ്പിച്ചുകൊണ്ട് ഷാളുകള്‍ തൂക്കിയിടുയാണ് മറ്റൊരു കൂട്ടര്‍.ഇനി ചിലരാകട്ടെ വെളുത്ത നൂലുകള്‍ കട്ടിയില്‍ മടക്കിയെടുക്കുകയാണ്.മറ്റുചിലര്‍ പന്തുകള്‍ നിറമുള്ള തുണികളില്‍ പൊതിഞ്ഞെടുക്കുകയാണ്.ഗ്രഹങ്ങള്‍ക്ക് അവയുടെ നിറങ്ങള്‍ നല്‍കാനാണ് ഇത്.ഓരോ ഗ്രൂപ്പിന്റേയും വ്യത്യസ്തമായ ആലോചനകള്‍.
ഒരു ഉരുളന്‍ കല്ലില്‍ കോമ്പസുകൊണ്ട് കുത്തിവരയ്ക്കുകയായിരുന്നു ധനരാജ്.
"ധനരാജ് എന്താണുചെയ്യുന്നത്?” ഞാന്‍ ചോദിച്ചു.
"ഇത് ചൊവ്വ ഗ്രഹമാണ്."കല്ല് എനിക്കുനേരെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അവന്‍ പറഞ്ഞു."ഇതില്‍ ജലമൊഴുകിയ പാടുകളുണ്ടാക്കുകയാണ് ഞാന്‍.”
അവന്റെ ഗൗരവം കണ്ടപ്പോള്‍ എനിക്കു ചിരിപൊട്ടി.അവന്‍ കല്ല് ഭ്രമണപഥത്തില്‍ കൊണ്ടുപോയി വെച്ചു.അവിടെ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ ധാരാളം മണിക്കല്ലുകള്‍ വിതറിയിട്ടുണ്ട്.
"ഒക്കെ ക്ഷുദ്ര ഗ്രഹങ്ങളാണ്."ആ കല്ലുകളിലേക്ക് ചൂണ്ടിക്കൊണ്ട് കീര്‍ത്തന പറഞ്ഞു.
നിര്‍മ്മാണത്തിനുശേഷം ഓരോ ഗ്രൂപ്പും മറ്റുള്ളവരുടെ സൃഷ്ടികളെ വിലയിരുത്തി ഫീഡ്ബാക്കുകള്‍ നല്‍കി.ഒപ്പം ഓരോന്നിനേയും ഗ്രേഡ് ചെയ്തു. കൂടാതെ ഞാനും മാതൃകകള്‍ വിലയിരുത്തി ഫീഡ്ബാക്കുകള്‍ നല്‍കി.
സൗരയൂഥം-ചാര്‍ട്ടുകളിലൂടെ
വരയ്ക്കും മാതൃക നിര്‍മ്മിക്കലിനും മുന്നേ ചെയ്ത പ്രവര്‍ത്തനമായിരുന്നു ചാര്‍ട്ടു തയ്യാറാക്കല്‍.
ഓരോ ഗ്രൂപ്പും സൗരയുഥത്തെക്കുറിച്ച് ഓരോ ചാര്‍ട്ട് തയ്യാറാക്കണം.ചാര്‍ട്ട് വിലയിരുത്തും.വിലയിരുത്തുമ്പോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കണം?കുട്ടികളുമായി ചര്‍ച്ച ചെയ്ത് മാനദണ്ഡങ്ങള്‍ തയ്യാറാക്കി.
- ചാര്‍ട്ട് ആകര്‍ഷകമായിരിക്കണം
- അതില്‍ ചിത്രങ്ങള്‍ വേണം.
- സൗരയുഥത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സംക്ഷിപ്തമായി രേഖപ്പെടുത്തിയിരിക്കണം.
- പുതുമയുണ്ടായിരിക്കണം
മറ്റുള്ളവരുടേതില്‍ നിന്നും തങ്ങളുടെ ചാര്‍ട്ടിന് എന്തെങ്കിലും ഒരു വ്യത്യസ്തത വേണമന്ന് ഓരോ ഗ്രൂപ്പും ആഗ്രഹിച്ചു.അവര്‍ രഹസ്യമായി ആലോചന നടത്തി.ഒഴിവു സമയങ്ങള്‍ അവര്‍ ചാര്‍ട്ട് നിര്‍മ്മാണത്തിനുവേണ്ടി ഉപയോഗിച്ചു. ഗ്രൂപ്പുകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ ഞാന്‍ ക്ലാസില്‍ തയ്യാറാക്കി വെച്ചു.
നിശ്ചയിച്ച സമയത്തിനകം തന്നെ കുട്ടികള്‍ ചാര്‍ട്ട് പൂര്‍ത്തിയാക്കി.
ഓരോ ഗ്രൂപ്പും മുന്നോട്ടു വന്ന് തങ്ങളുടെ ചാര്‍ട്ടുകള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.അവതരണത്തിനുശേഷം മറ്റു ഗ്രൂപ്പുകള്‍ അവരോട് ചോദ്യങ്ങള്‍ ചോദിച്ചു.മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ചാര്‍ട്ട് വിലയിരുത്തി ഗ്രേഡുചെയ്തു.
ഗ്രൂപ്പ് ക്വിസ്
പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഗ്രൂപ്പ്ക്വിസായിരുന്നു അടുത്ത പ്രവര്‍ത്തനം.ഓരോ ഗ്രൂപ്പും പാഠഭാഗത്ത് നല്‍കിയ വിവരങ്ങളെ ആസ്പദമാക്കി ക്വസ്സിനുള്ള പരമാവധി ചോദ്യങ്ങള്‍ തയ്യാറാക്കി. മറ്റു ഗ്രൂപ്പുകള്‍ ചോര്‍ത്താതിരിക്കാന്‍ അതീവ രഹസ്യമായാണ് അവര്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയത്.
തൊട്ടടുത്ത ദിവസം ക്വിസ് നടത്തി. ഗ്രൂപ്പുകള്‍ അവര്‍ തയ്യാറാക്കിയ ചോദ്യങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചു.പിന്നീട് പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചു.ചോദ്യങ്ങള്‍ പാസ് ചെയ്യുന്നതിനനുസരിച്ച് ചോദ്യകര്‍ത്താക്കള്‍ക്ക് സ്കോര്‍ ലഭിക്കും.ഇത് മത്സരം കൂടുതല്‍ കടുപ്പിച്ചു.അവര്‍ വിഷമം പിടിച്ച ചോദ്യങ്ങള്‍ കണ്ടെത്തി ചോദിച്ചു.ഇത് പാഠപുസ്തകത്തിന്റെ തലങ്ങും വിലങ്ങുമുള്ള വായനയിലേക്ക് കുട്ടികളെ നയിച്ചു.
സൗരയുഥത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള വിവരണം തയ്യാറാക്കല്‍,ഇഷ്ടപ്പെട്ട ഗ്രഹത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കല്‍,രാത്രിയിലെ ആകാശക്കാഴ്ചകള്‍-നിരീക്ഷണക്കുറിപ്പ് തയ്യാറാക്കല്‍,ചൊവ്വാഗ്രത്തിലെ പര്യവേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കല്‍ എന്നിവയായിരുന്നു ഈ പാഠത്തില്‍ നല്‍കിയ മറ്റു പ്രവര്‍ത്തനങ്ങള്‍.
പ്രപഞ്ചത്തിലൂടെ എന്ന പാഠം അഞ്ചാം ക്ലാസുകാര്‍ സ്വയം പഠിക്കുകയായിരുന്നു.അതിലെ ഓരോ പ്രവര്‍ത്തനത്തിലൂടേയും അവര്‍ അതീവ താത്പര്യത്തോടെയാണ് കടന്നു പോയത്.അത് കുട്ടികളെ ഏറെ സന്തോഷിപ്പിക്കുകയുണ്ടായി.പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹം കുട്ടികളിലുണര്‍ത്താന്‍ തീര്‍ച്ചയായും ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു.സൗരയൂഥം ഇന്ന് കുട്ടികളുടെ ഇഷ്ടപ്പെട്ട വിഷയമാണ്.
Very Good Sir...
ReplyDeleteVery Good Sir...
ReplyDeleteടീച്ചിംഗ് മാനുവലും പ്രതികരണ പേജ് ഉള്‍പ്പെടെ കിട്ടിയാല്‍ ഉപകാരമായിരുന്നു .എസ് ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യാനാ .സര്‍ഗാത്മകമായ സൌരയൂഥ പഠനം .
ReplyDeletenannayirikkunnu sir
ReplyDelete