ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 14 November 2015

നാലാം ക്ലാസിലെ പാഠപുസ്തകം ഭാഷാസമീപനത്തെ അട്ടിമറിച്ചു


നാലാം ക്ലാസിലെ പുതിയ ഭാഷാപാഠപുസ്തകം പഠിച്ചിറങ്ങുന്ന കുട്ടി അഞ്ചാം ക്ലാസിലെത്തിയാല്‍ പ്രയാസപ്പെടും.കാരണം ഈ പുസ്തകം കുട്ടികളെ അഞ്ചാം ക്ലാസിലെ ഭാഷാപാഠപുസ്തകം  പഠിക്കാന്‍ പ്രാപ്തരാക്കില്ല.രണ്ട് പുസ്തകങ്ങള്‍ക്കുമിടയില്‍ വലിയ വിടവുണ്ട്.രണ്ടു പുസ്തകങ്ങളും പിന്തുടര്‍ന്ന ഭാഷാസമീപനത്തിലെ മാറ്റമാണ് ഈ വിടവ്.അത് കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും എന്നതില്‍ സംശയം വേണ്ട.

 രണ്ടു പാഠപുസ്തകങ്ങളും തമ്മില്‍ ഭാഷാസമീപനത്തിന്റെ  കാര്യത്തില്‍ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് (KCF)മുന്നോട്ടുവെച്ച ഭാഷാസമീപനത്തെ   അടിസ്ഥാനപ്പെടുത്തിയാണ് അഞ്ചാം ക്ലാസിലെ ഭാഷാപാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത് എന്നു കാണാം.


"വ്യവഹാര മനശ്ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഭാഷാപഠനരീതിയുടെ സ്ഥാനത്ത് കുട്ടിയുടെ നൈസര്‍ഗികമായ ഭാഷാശേഷി ഉപയോഗപ്പെടുത്തുന്ന സമീപനമാണ് പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചത്.ഭാഷ ഉത്പ്പാദിപ്പിക്കാനുള്ള കുട്ടിയുടെ കഴിവുകളും സിദ്ധികളും ഉപയോഗപ്പെടുത്തുകയും ഭാഷ ഉപയോഗിച്ച് ദൈനംദിന വ്യവഹാരങ്ങളും സര്‍ഗാത്മക പ്രകടനങ്ങളും നടത്തുന്നതിന്ന് അവസരം നല്‍കുകയും ചെയ്യുകയാണ് ഈ രീതി. വൈഗോട്സ്കി,ബ്രൂണര്‍ തുടങ്ങിയ സാമൂഹിക ജ്ഞാനനിര്‍മ്മിതിവാദികളുടെ ആശയങ്ങളും ഭാഷാശാസ്ത്രരംഗത്ത് ചോംസ്കി നടത്തിയ കണ്ടെത്തലുകളുമാണ് ഈ സമീപനത്തിന്റെ പ്രധാന അടിത്തറകളില്‍ ഒന്ന്....”(KCF 2007 page 40)




ഈ സമീപനത്തെ അഞ്ചാം ക്ലാസിലെ ഭാഷാപാഠപുസ്തകം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.കുട്ടികളുടെ മാനസികനില കണ്ടുകൊണ്ട് ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കപ്പെട്ട ക്ലാസിക്ക് രചനകളാണ് അതിലെ മിക്കപാഠങ്ങളും.ടോട്ടോച്ചാനിലെ 'കൃഷിമാഷ് 'എന്ന ഭാഗം മുതല്‍ ബഷീര്‍,ഉറൂബ്,അഷിത,എം.ടി,സുഗതകുമാരി,ചങ്ങമ്പുഴ,വയലാര്‍,വൈലോപ്പിള്ളി,അക്കിത്തം തുടങ്ങിയ മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരുടെ,കുട്ടികളുമായി സംവദിക്കുന്ന  മികച്ച രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കള്ളിച്ചിരിക്കുന്നത്.കുട്ടികളെ വൈകാരികവും മാനസികവുമായ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ പര്യാപ്തമാണ് ഈ പാഠങ്ങള്‍.അത് കുട്ടികളുടെ വായനയെ പ്രചോദിപ്പിക്കും.ഓരോ പാഠവുമായി ബന്ധപ്പെട്ടു നല്‍കിയ രചനാ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തും.കുട്ടികളെ സ്വതന്ത്ര രചയിതാക്കളാക്കി മാറ്റും.പാഠഭാഗത്തു നല്‍കിയ ചോദ്യങ്ങള്‍ പാഠത്തെ വിശകലനം ചെയ്യാനും വിമര്‍ശനാത്മകമായി നോക്കിക്കാണാനും അവരെ പ്രാപ്തരാക്കും.കഥയിലെ കഥാപ്പാത്രങ്ങളേയും സംഭവങ്ങളേയും  ആഴത്തില്‍ വിശകലനം ചെയ്യാനും ആസ്വദിക്കാനും അവര്‍ക്ക് സാധിക്കും.  


 ഉറൂബിന്റെ കഥകളൊന്നും കൊച്ചുകുട്ടികള്‍ക്ക് പറ്റുന്നവയല്ല എന്നായിരുന്നു എന്റെ മുന്‍ധാരണ.എന്നാല്‍ 'കോയസ്സന്‍' എന്ന കഥ പഠിപ്പിച്ചപ്പോള്‍ ആ ധാരണ എനിക്കു തിരുത്തേണ്ടി വന്നു.കുട്ടികള്‍ ഏറ്റവും നന്നായി ആസ്വദിച്ച കഥ.കോയസ്സന്‍ പടിയിറങ്ങിയപ്പോള്‍ അപ്പുവിനൊപ്പം കുട്ടികളും കരഞ്ഞു.അതിലെ രചനാപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ അതീവ താത്പര്യത്തോടെയായിരുന്നു ഏറ്റെടുത്തത്.ഉറൂബിന്റെ മറ്റു കഥകളും വായിക്കാന്‍ അവര്‍ വാശിപിടിച്ചു.

പാഠപുസ്തകത്തിന്റെ ഗുണപരത കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കും എന്നതിന് അഞ്ചാം ക്ലാസിലെ മലയാള പാഠപുസ്തകം ഒരു ഉദാഹരണമാണ്.



 നാലാം ക്ലാസിലെ മലയാള പാഠപുസ്തകം പക്ഷേ,ഇങ്ങനെയല്ല.

ഭാഷാസമഗ്രതാദര്‍ശനത്തിനുപകരം വ്യവഹാര മനശ്ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഭാഷാപഠനരീതിയെയാണ് അത് ആധാരമാക്കുന്നത്.കേരള പാഠ്യപദ്ധതി ചട്ടക്കൂട്-2007 ന് കടകവിരുദ്ധമാണിത്.ഭാഷാപഠനത്തില്‍ ആശയങ്ങള്‍ എന്ന സമഗ്രതയിലൂന്നി അക്ഷരങ്ങള്‍ എന്ന ഘടകങ്ങളിലേക്കെത്തുന്ന സ്വാഭാവികവും മനശ്ശാസ്ത്രപരവുമായ രീതിയെ ഈ പാഠപുസ്തകം തലതിരിച്ചിടുന്നു.പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ കേട്ടെഴുത്തും അര്‍ത്ഥമെഴുതലും പര്യായപദങ്ങള്‍ കണ്ടെത്തലും വ്യാകരണവും  കൊണ്ട് നിറച്ചു.പാഠത്തെ വിശകലനം ചെയ്യാനും ആഴത്തിലേക്ക് ഇറങ്ങിചെല്ലാനുമുള്ള ചോദ്യങ്ങള്‍ക്കുപകരം പാഠംവായിച്ച്  കേവലമായ വസ്തുതകള്‍ കണ്ടെത്തുക എന്നതു മാത്രമാക്കി കുട്ടികളുടെ വായനയെ ചുരുക്കി.സ്വതന്ത്രരചനയ്ക്കുള്ള അവസരങ്ങള്‍ അപൂര്‍വ്വം ചിലയിടത്ത് മാത്രമാക്കി പരിമിതപ്പെടുത്തി.




കുട്ടിവരുത്തുന്ന തെറ്റുകളെ അനുഭാവപൂര്‍വ്വം പരിഗണിച്ചുകൊണ്ട് തെറ്റുതിരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനുപകരം യാന്ത്രികമായ കേട്ടെഴുത്തിലൂടെ തെറ്റുതിരുത്താമെന്ന ചേഷ്ടാവാദസമീപനം അത് പൊടിതട്ടി പുറത്തെടുത്തു. സ്വതന്ത്രചിന്തയിലേക്കും സര്‍ഗ്ഗാത്മകരചനാ പ്രവര്‍ത്തനങ്ങളിലേക്കും കുട്ടികളെ നയിക്കുന്ന തുറന്ന ചോദ്യങ്ങള്‍ പാഠപുസ്തത്തില്‍ വിരളമായി. 

കുട്ടികള്‍ സ്വതന്ത്രവായനയിലേക്കും രചനയിലേക്കും കടന്നുചെല്ലുക വഴി ഭാഷാശേഷികള്‍  ആര്‍ജിക്കുന്നതിലെ ഒരു പ്രധാനഘട്ടമാണ് നാലാം ക്ലാസ്. കുട്ടികളുടെ നിലവാരത്തിനു യോജിച്ചതും ആസ്വാദനത്തിന്റെ ഉയര്‍ന്നതലത്തിലേക്ക് നയിക്കാന്‍ പര്യാപ്തവുമായ രചനകളായിരിക്കണം പാഠപുസ്തകത്തില്‍.നിര്‍ഭാഗ്യവശാല്‍ പുസ്തകത്തിലെ  ഗദ്യപാഠങ്ങളെല്ലാം  നിലവാരം കുറഞ്ഞതാണ്.കുട്ടികളെ പ്രചോദിപ്പിക്കാന്‍ ഈ പാഠങ്ങള്‍ക്കു കഴിയില്ല.കുട്ടികളുടെ  ഭാഷാശേഷികള്‍ വികസിപ്പിക്കുന്നതിനു പകരം പരിമിതപ്പെടുത്തുകയാണ് ഈ പാഠപുസ്തകം ചെയ്യുക.

കേരള പാഠ്യപദ്ധതി ചട്ടക്കൂട്-2007 മുന്നോട്ടുവെച്ച ഭാഷാസമീപനം ഈ പുസ്തകത്തിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.ഒരു വര്‍ഷം മുന്നേ പുറത്തിറക്കിയ അഞ്ചാം ക്ലാസിലെ പാഠപുസ്തകം ഈ പുസ്തകം തയ്യാറാക്കിയവര്‍ക്ക് ഒന്നു മറിച്ചുനോക്കാമായിരുന്നു.നാലാംക്ലാസുകഴിയുന്ന കുട്ടി അഞ്ചാം ക്ലാസിലെ പാഠപുസ്തകം പഠിക്കേണ്ടതുണ്ടെന്ന് മറന്നുപോകരുതായിരുന്നു.

നാലാം ക്ലാസിലെ മലയാള പാഠപുസ്തകം അടിയന്തിരമായും പരിഷ്ക്കരിക്കേണ്ടതാണ്.അല്ലാത്ത പക്ഷം അതു കുട്ടികളോടും അവരുടെ ഭാഷാപഠനത്തോടും ചെയ്യുന്ന കടുത്ത അനീതിയായിരിക്കും.

3 comments:

  1. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും നവം ഒന്നാംതീയിതി ആകുമ്പോള്‍ വായിക്കാനും എഴുതാനും കഴിവുണ്ടായിരിക്കണമെന്നു നിര്‍ദ്ദശിച്ച് ഉത്തരവിട്ടു. പുതിയപാഠപുസ്തക പ്രകാരം ഒന്നാം ക്ലാസ് പഠിച്ചു വന്നവരാണ് ഇപ്പോള്‍ രണ്ടിലുളളത്. പഠനനേട്ടം എന്ന അവകാശവാദം പൊളിഞ്ഞു പോയി, കാസറഗോഡടക്കം പല ജില്ലകളിലും ഡയറ്റുകള്‍ വേറേ ഭാഷാപഠനസാമഗ്രി തയ്യാറാക്കി നല്‍കുകയാണ്. എന്തിന് തിരുവനന്തപുരം ജില്ലയില്‍ കരിക്കുലം കമ്മറ്റി അംഗം തന്നെ ബദല്‍ സാമഗ്രി തയ്യാറാക്കി വിദ്യാലയത്തിനു നല്‍കി.കുട്ടികള്‍ യാന്ത്രികമായ പഠനത്തില്‍ മുഷിയുന്നു. വിദ്യാലയത്തിലേക്ക് വരാന്‍ മടിക്കുന്ന കുട്ടികള്‍ ഒരുകാലത്തുണ്ടായിരുന്നു. അതെല്ലാം തിരിച്ചുവരികയാണ്. പാഠപുസ്തകം പഠനനേട്ടത്തെ ഉറപ്പാക്കാന്‍ പര്യാപ്തമല്ലെന്ന് കഴിഞ്ഞ് ടേം പരീക്ഷകള്‍ തെളിയിക്കുന്നു. പരീക്ഷാരീതി മാറ്റിയതും കാണാപാഠം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതിനാല്‍ താഴേ തലത്തില്‍ നിന്നും ബദല്‍ പാഠങ്ങളിലുടെ കുട്ടികളെ രക്ഷിക്കേണ്ടതുണ്ട്.

    ReplyDelete
  2. പഠനനേട്ടങ്ങള്‍ അതിഗംഭീരമായിട്ടാണ് പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്.പക്ഷേ,പലതിനും പ്രവര്‍ത്തനങ്ങളില്ല...പഠനനേട്ടങ്ങള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതില്‍ അത്ഭുതമില്ല.

    ReplyDelete
  3. THis is another kind of curriculum hijacking.

    ReplyDelete