ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 30 July 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ആഗസ്ത് മാസം

2016
ആഗസ്ത്


ആഗസ്ത് 1 തിങ്കള്‍
 ഗലീലിയോ ദിനം

  • അസംബ്ലി-ഗലീലിയോ അനുസ്മരണം
  • ഗലീലിയോയുടെ സംഭാവനകള്‍-സ്ലൈഡ് ടോക്ക്(സയന്‍സ് ക്ലബ്ബ്)
  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • creative work in English(ഈ ആഴ്ച)
  • skit
  • choreography
  • Magazine etc.

ഗേള്‍സ് ക്ലബ്ബ്

  • പെണ്‍കുട്ടികളുടെ സൈക്കിള്‍ പരിശീലനം-ഉദ്ഘാടനം

ആഗസ്ത് 2 ചൊവ്വ
പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം

  • ഭരണപക്ഷം,പ്രതിപക്ഷം,മന്ത്രിമാര്‍,സ്പീക്കര്‍-തെരഞ്ഞെടുപ്പ്(സോഷ്യല്‍ ക്ലബ്ബ്)

PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി  യോഗം

  • മുഖ്യഅജണ്ട-സ്വാതന്ത്ര്യദിനാഘോഷം


ആഗസ്ത് 6 ശനി
ഹിരോഷിമാ ദിനം

  • അസംബ്ലി-യുദ്ധവിരുദ്ധ പ്രതിജ്ഞ
  • ഹിരോഷിമ ഡോക്യുമെന്ററി പ്രദര്‍ശനം
  • യുദ്ധത്തിനെതിരെ കൊളാഷ്-മുഴുവന്‍ കുട്ടികളും ചേര്‍ന്ന്, 10മീറ്റര്‍ നീളത്തില്‍

ആഗസ്ത് 7 വെള്ളി
SRG യോഗം

  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • സ്വാതന്ത്ര്യദിനം-ആസൂത്രണം
  •  

ആഗസ്ത് 8 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • creative work in English-presentation
  • പരസ്പര വിലയിരുത്തല്‍-ഫീഡ്ബാക്ക് നല്‍കല്‍


  • സ്ക്കൂള്‍ പാര്‍ലമെന്റ് സമ്മേളനം

 ആഗസ്ത് 9 ചൊവ്വ
ക്വിറ്റിന്ത്യാ ദിനം

  • അസംബ്ലി-പ്രസംഗം
  • സ്വാതന്ത്ര്യ സമരം-ക്വിസ് ക്ലാസുതലം


ആഗസ്ത് 11 വ്യാഴം

സ്വാതന്ത്ര്യദിന പ്രവര്‍ത്തനങ്ങള്‍- ആരംഭം

  • അസംബ്ലി-സ്വാതന്ത്ര്യദിന സന്ദേശം
  • സ്വാതന്ത്ര്യത്തിന്റെ കഥ-സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ അവതരണം(ക്ലാസ് തലം)
  • പതാക നിര്‍മ്മാണം
  • സ്വാതന്ത്ര്യചരിത്ര ക്വിസ്-multimedia presentation
  •  
ആഗസ്ത് 12 വെള്ളി
SRG യോഗം

  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • ആഗസ്ത് 15സ്വാതന്ത്ര്യദിനം-ആസൂത്രണം

 ആഗസ്ത് 15 തിങ്കള്‍
സ്വാതന്ത്ര്യദിനം

  • അസംബ്ലി-പതാക ഉയര്‍ത്തല്‍
  • പൊതുസമ്മേളനം-രക്ഷിതാക്കളും നാട്ടുകാരും
  • ദേശഭക്തിഗാനാലാപനം-വിവിധ ക്ലാസുകള്‍
  • പായസ വിതരണം

ആഗസ്ത് 16 ചൊവ്വ
യൂണിറ്റ് വിലയിരുത്തല്‍ ആരംഭം

ആഗസ്ത് 17 ബുധന്‍
ചിങ്ങം ഒന്ന്-കര്‍ഷകദിനം

  • വിത്തുകളുടെ പ്രദര്‍ശനം
  • കര്‍ഷകനെ ആദരിക്കല്‍,അഭിമുഖം
  • കൃഷിപ്പാട്ട്


ആഗസ്ത് 19 വെള്ളി
SRG യോഗം

  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • യൂണിറ്റ് വിലയിരുത്തല്‍ അവലോകനം-പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍
  • ബാലസഭ-ആസൂത്രണം

ആഗസ്ത് 23 ചൊവ്വ

ബാലസഭ

ആഗസ്ത് 26 വെള്ളി
SRG യോഗം

  • ബാലസഭ- അവലോകനം
  • ക്ലസ് പിടിഎ- അജണ്ട രൂപീകരണം

ആഗസ്ത് 31ബുധന്‍
ക്ലസ് പിടിഎ

  • ആഗസ്ത്  മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍-അവലോകനം
  • കുട്ടികളുടെ പഠനനേട്ടങ്ങള്‍-യൂണിറ്റ് വിലയിരുത്തല്‍
  • പോര്‍ട്ട് ഫോളിയോ sharing
  • ടേം വിലയിരുത്തലിനുള്ള തയ്യാറെടുപ്പ്
  • സെപ്തംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ 


Saturday, 23 July 2016

കുട്ടികളുടെ പക്ഷം എന്ന രാഷ്ട്രീയം


കേരളത്തിലെ പല പൊതു വിദ്യാലയങ്ങളും ഇന്ന് കുട്ടികളുടെ പക്ഷം എന്ന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട  വിദ്യാലയങ്ങളാണവ.വിദ്യാലയം കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന അടിസ്ഥാന ധാരണയില്‍ നിന്നുകൊണ്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഇടമായി വിദ്യാലയത്തെ മാറ്റിയെടുക്കാന്‍ ഇവിടുത്തെ അധ്യാപകര്‍ക്കും പൊതു സമൂഹത്തിനും കഴിഞ്ഞിരിക്കുന്നു.കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉതകുന്ന രീതിയാലാണ് ഈ വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം.

ഒരു വിദ്യാലയം എപ്പോഴാണ് കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത്?

കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരിടമായി വിദ്യാലയത്തെ  മാറ്റിയെടുക്കുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്.വീട് പോലെത്തന്നെ കുട്ടികള്‍ക്ക്   പ്രിയപ്പെട്ട ഒരിടമായിരിക്കണം വിദ്യാലയവും.
അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ജനാധിപത്യപരവും സ്നേഹബന്ധത്തിലധിഷ്ഠിതവുമായിരിക്കണം .അധ്യാപകര്‍ കുട്ടികളോട് സംസാരിക്കാന്‍ സമയം കണ്ടെത്തണം.തിരിച്ച് കുട്ടികള്‍ പറയുന്നത് കേള്‍ക്കാനും അവര്‍ തയ്യാറാകണം.


 കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയം കുട്ടികളെക്കുറിച്ചുള്ള ചില അടിസ്ഥാന ധാരണകള്‍  മുന്നോട്ടു വയ്ക്കുന്നുണ്ട്.
മുതിര്‍ന്നവരെപ്പോലെ കുട്ടികളും സ്വന്തമായി വ്യക്തിത്വമുള്ളവരാണ്.
അവര്‍ക്ക് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുണ്ട്.
കുട്ടികള്‍ക്ക് സ്വന്തമായി അറിവുകളും നിലപാടുകളുമുണ്ട്.
ആത്മവിമര്‍ശനം നടത്താനും തങ്ങളുടെ  കുറവുകള്‍ പരിഹരിച്ച് മുന്നേറാനും കുട്ടികള്‍ക്ക് കഴിയും.


രണ്ടു പതിറ്റാണ്ടു മുമ്പുവരെ ഒരു വിദ്യാലയത്തിന് ഈ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുക പ്രയാസമായിരുന്നു.കാരണം അതിന്റെ യാഥാസ്ഥിതികമായ ഘടനകൊണ്ടും പ്രത്യയശാസ്ത്രനിലപാടുകള്‍  കൊണ്ടും വിദ്യാലയം ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും എതിരായിരുന്നു.അധ്യാപക കേന്ദ്രീകൃതമായ അതിന്റെ അധ്യയന രീതികളും  കടുത്ത ശിക്ഷകളും കുട്ടികള്‍ക്കും  അധ്യാപകര്‍ക്കുമിടയില്‍ വലിയ വിടവുകളുണ്ടാക്കി. ക്ലാസുമുറിയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത പലതരം  വിവേചനങ്ങള്‍ കൊണ്ടും  അവഹേളനങ്ങള്‍ കൊണ്ടും അത് ഭൂരിപക്ഷം കുട്ടികളേയും പഠനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിമാറ്റി.ഇതു മൂലം വലിയൊരു വിഭാഗം കുട്ടികള്‍ക്ക് പഠനം പാതിവഴിക്ക് വെച്ച് ഉപേക്ഷിക്കേണ്ടിവന്നു.കുട്ടികളില്‍ അത് അവശേഷിപ്പിച്ചത് വിദ്യാലയത്തെക്കുറിച്ചുള്ള കയ്പ്പുനിറഞ്ഞ ഓര്‍മ്മകളായിരുന്നു.


കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയത്തില്‍ ഒരു തരത്തിലുള്ള വിവേചനങ്ങളും                   നിലനില്‍ക്കില്ല.സാമ്പത്തികമായ,മതപരമായ,ജാതീയമായ,ലിംഗപരമായ വിവേചനങ്ങള്‍ക്കെല്ലാം അതീതമായാണ് അത് പ്രവര്‍ത്തിക്കുക.

വിദ്യാലയത്തിന്റെ നയ പരിപാടികളെയും പ്രവര്‍ത്തന പദ്ധതികളെയും     കുട്ടികളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ അതിനു  കഴിയണം.അപ്പോഴാണ് പലപ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് ഗുണകരമല്ലെന്നോ എതിരാണെന്നോ ബോധ്യപ്പെടുക.അപ്പോള്‍ അത് തിരുത്തി മുന്നോട്ടുപോകാന്‍ കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയത്തിനു കഴിയും.കുട്ടികളുടെ വളര്‍ച്ചയേയും വികാസത്തേയും മുന്നില്‍ കണ്ടു കൊണ്ടായിരിക്കും  വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം തീരുമാനിക്കുക. 

 അധ്യാപക കേന്ദ്രീകൃതമായ ഒരു ബോധന രീതി അത്തരം വിദ്യാലയങ്ങള്‍ക്ക് കൈയ്യൊഴിയേണ്ടതായി വരും.അറിവിന്റെ അധികാരം  അധ്യാപകനില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ട് അത് കുട്ടികള്‍ക്ക് എതിരാണ്.ബഹുഭൂരിപക്ഷം കുട്ടികളേയും അത്  പിന്നോക്കക്കാരാക്കി മാറ്റും.മണ്ടന്മാര്‍ എന്ന മുദ്ര ചാര്‍ത്തപ്പെട്ട്  അവര്‍ വിദ്യാലയത്തില്‍ നിന്നും പുറത്തുപോകേണ്ടതായി വരും.

കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയം അതിന്റെ  ക്ലാസുമുറികളെ ശാസ്ത്രീയവും നവീനവുമായ ബോധന സമ്പ്രദായങ്ങള്‍കൊണ്ട് പ്രകാശപൂര്‍ണ്ണമാക്കും. അതിന്റെ കേന്ദ്ര സ്ഥാനത്ത് കുട്ടികളായിരിക്കും.കുട്ടികള്‍ക്ക് തന്റെ പഠനത്തെ വിലയിരുത്തി മുന്നേറാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ അതു തുറന്നിടും.കുട്ടികളുടെ അനുഭവങ്ങളെ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നതിലൂടെ അത് എല്ലാവിഭാഗം കുട്ടികളേയും പഠനത്തില്‍ പങ്കാളികളാക്കും.ഓരോ കുട്ടിയുടേയും പഠനവേഗത പരിഗണിക്കുന്നതിലൂടെ അത് കുട്ടികളില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസം നിറയ്ക്കും.പഠനത്തില്‍  മുന്നോക്കക്കാര്‍-പിന്നോക്കക്കാര്‍ എന്ന വിവേചനം അതിന്റെ  ക്ലാസുമുറിയില്‍ വെച്ചുപൊറുപ്പിക്കില്ല.



കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയത്തിന് അച്ചടക്കത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാതെ വയ്യ.അച്ചടക്കത്തിന്റെ പേരില്‍ കുട്ടികളുടെ വായ മൂടിക്കെട്ടാന്‍ അതിനു കഴിയില്ല.അച്ചടക്കം അടിച്ചേല്‍പ്പിക്കേണ്ടതല്ല.അത് കുട്ടികളുടെ ഉള്ളില്‍ നിന്നും മുളപൊട്ടേണ്ടതാണ്.സ്വന്തം കടമകളെക്കുറിച്ചുള്ള ബോധ്യമാണത്.ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കാനും നിര്‍വ്വഹിക്കാനുമുള്ള കുട്ടികളുടെ കഴിവാണ് അച്ചടക്കം.സമൂഹവുമായി ഇടപെടുന്നതിനുള്ള അവസരം നല്‍കുന്നതിലൂടെയാണ് അത് വളര്‍ച്ച പ്രാപിക്കുന്നത്.



കുട്ടികളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന   ഒരു വിദ്യാലയത്തിന്  ജനാധിപത്യപരമാകുക അസാധ്യമാണ്.വിദ്യാലയത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്തമുണ്ടാകണം.ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ നയപരിപാടികള്‍ രൂപപ്പെടുത്തുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും
കുട്ടികളായിരിക്കണം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള പ്രാപ്തി കുട്ടികള്‍ക്കില്ല എന്ന മുതിര്‍ന്നവരുടെ സാമാന്യബോധമാണ് ഇതിന് പലപ്പോഴും വിഘാതമായി നില്‍ക്കുന്നത്.ഇത് കുട്ടികളുടെ അറിവിനേയും കഴിവുകളേയും വിലകുറച്ചു കാണലാണ്.അത് മുതിര്‍ന്നവരുടെ ഒരു ശീലമാണ്.കുട്ടികള്‍ക്ക് വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടവരാണ് നമ്മള്‍ എന്ന മുതിര്‍ന്നവരുടെ പൊള്ളയായ ഉത്തരവാദിത്തബോധത്തില്‍ നിന്നാണ് അതുണ്ടാകുന്നത്.



കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പരമപ്രാധാന്യം നല്‍കും.കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരം അതു നല്‍കും.പഠനംപോലെ പ്രധാനമാണ് കളിയും എന്നതായിരിക്കും അതിന്റെ മുദ്രാവാക്യം.കളിക്കാനുള്ള വിവിധങ്ങളായ ഉപകരണങ്ങളുടെ ഒരു ശേഖരം അവിടെയുണ്ടാകും.ഒപ്പം  കളിസ്ഥലവും.

ഉച്ചഭക്ഷണം കുറ്റമറ്റതും പോഷകസമൃദ്ധവുമായിരിക്കും.കുട്ടികള്‍കൂടി ഉള്‍പ്പെടുന്ന  ഒരു സംഘമായിരിക്കണം പാചകം മോണിറ്റര്‍ ചെയ്യുന്നതും അതിന്റെ മെനു തീരുമാനിക്കുന്നതും.കുട്ടികളുടെ പക്ഷം പിടിക്കുന്ന ഒരു വിദ്യാലയത്തിന് കൃഷിചെയ്യാതിരിക്കാന്‍ കഴിയില്ല.കൃഷിക്ക് നേതൃത്വം കൊടുക്കുന്നത് കുട്ടികളായിരിക്കും. വിഷം തീണ്ടാത്ത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിലൂടെ ഉച്ചഭക്ഷണത്തില്‍ വിദ്യാലയം സ്വയം പര്യാപ്തമാകും.ഒപ്പം കൃഷിയുടേയും അധ്വാനത്തിന്റേയും പ്രാധാന്യം കുട്ടികള്‍ തിരിച്ചറിയും.


കുട്ടികളുടെ പക്ഷം പിടിക്കുന്നതിലൂടെ  ഒരു വിദ്യാലയം അതിന്റെ യാഥാസ്ഥിതിക നിലപാടുകളെ കയ്യൊഴിയുകയാണ് ചെയ്യുന്നത്.കുട്ടികളുടെ പക്ഷം എന്നത് തികച്ചും ജനാധിപത്യപരവും പുരോഗമനപരവുമായിരിക്കും.


Saturday, 16 July 2016

അഞ്ചാം ക്ലാസുകാര്‍ വിദ്യാലയത്തിന്റെ ചരിത്രമെഴുതുന്നു...


അഞ്ചാം ക്ലാസുകാര്‍ തങ്ങളുടെ വിദ്യാലയത്തിന്റെ ചരിത്രമെഴുതാന്‍ ഉപയോഗപ്പെടുത്തിയ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്ന് പഴയ കാല ഫോട്ടോകളായിരുന്നു.സ്റ്റാഫ് റൂമിന്റേയും ഓഫീസ് മുറിയുടേയും ചുമരുകളില്‍ തൂക്കിയിട്ടിരുന്ന ഫോട്ടോകള്‍ അവര്‍ പൊടിതുടച്ച് വൃത്തിയാക്കി   ക്ലാസുമുറിയിലേക്ക് കൊണ്ടുവന്നു.കുട്ടികള്‍  സംഘം ചേര്‍ന്ന് ഓരോ ഫോട്ടോയും പരിശോധിച്ചു.

സ്ക്കൂളിന്റെ ഭൂതകാലത്തിലെ ചില നിമിഷങ്ങള്‍ ഫോട്ടോകളില്‍ ഫ്രീസ് ചെയ്യപ്പെട്ടിരിക്കുന്നു.1970  മുതലുള്ള ഫോട്ടാകളുണ്ട്.ചില ഫോട്ടോകള്‍ പ്രൊമോഷന്‍ കിട്ടിപ്പോകുന്ന അധ്യാപകരുടെ യാത്രയയപ്പ് സമയത്ത് എടുത്തവയാണ്.വിവധ ക്സാസുകളിലേയും ക്ലാസ് ടീച്ചര്‍മാരുടേയും ഫോട്ടോകള്‍,പി.ടി.എ കമ്മിറ്റിയുടെ ഫോട്ടോകള്‍, പിരിഞ്ഞു പോകുന്ന ഏഴാം ക്ലാസുകാരുടെ ഗ്രൂപ്പ് ഫോട്ടോകള്‍,അധ്യാപകരുടെ റിട്ടയര്‍മെന്റ് സമയത്ത് എടുത്തവ...ഇങ്ങനെ പോകുന്നു ആ പഴയ ബ്ലാക്ക് &വൈറ്റ് ഫോട്ടോകളിലെ വൈവിധ്യം.

"പണ്ടുള്ള അധ്യാപകര്‍ മുണ്ടും ഷര്‍ട്ടും മാത്രമേ ഇടൂ?"ഫോട്ടോ കണ്ടപ്പോള്‍ ഷമലിന് സംശയം."ടീച്ചര്‍മാരാണെങ്കില്‍ സാരിയും?”
"പിന്നല്ലാതെ..അന്ന് പാന്റും ചുരീദാറുമൊന്നുമില്ല."റെജിലയാണ് അവന്റെ സംശയം തീര്‍ത്തുകൊടുത്തത്.  


 ഈ ഫോട്ടോകളില്‍ നിന്നും  രസകരമായ പല വിവരങ്ങളും കുട്ടികള്‍ കണ്ടെത്തുകയുണ്ടായി.അക്കാലത്തെ അധ്യാപകര്‍/അധ്യാപികമാര്‍,അവരുടെ വേഷം,ഓരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം,കുട്ടികളുടെ വേഷം,ചില ഫോട്ടോയില്‍ പശ്ചാത്തലത്തില്‍ ദ്യശ്യമാകുന്ന സ്ക്കൂള്‍ കെട്ടിടങ്ങളുടെ പ്രത്യേകതകള്‍,അന്ന് ഏഴാം ക്ലാസിലുണ്ടായിരുന്ന ആകെ കുട്ടികളുടെ എണ്ണം,സ്ക്കൂളിന്റെ അന്നത്തെ ഭൂപ്രകൃതി...

 അഞ്ചാം ക്ലാസുകാരുടെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ 'ചരിത്രത്തിലേക്ക്' എന്ന ആദ്യ യൂണിറ്റിലാണ് വിദ്യാലയ ചരിത്രം തയ്യാറാക്കാനുള്ള  പ്രവര്‍ത്തനം.നിങ്ങളുടെ വിദ്യാലയം ഇന്ന് എങ്ങനെയാണ്?എന്തൊക്കെ സൗകര്യങ്ങളുണ്ട്?തുടങ്ങിയ ചോദ്യങ്ങളില്‍ നിന്നും പണ്ട് വിദ്യാലയം എങ്ങനെയായിരുന്നു എന്ന അന്വേഷണത്തിലേക്ക് കുട്ടികളെ നയിക്കുന്ന രീതിയിലാണ് പഠനപ്രവര്‍ത്തനം  ആസൂത്രണം ചെയ്തിരിക്കുന്നത്.

 ഇതിലൂടെ കടന്നുപോകുന്ന കുട്ടികള്‍ ചരിത്രം എങ്ങനെയാണ് രചിക്കുന്നതെന്ന് തിരിച്ചറിയണം.അതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കണം.തെളിവുകളെ വിശകലനം ചെയ്യാന്‍ കഴിയണം.തെളിവുകളെ അടിസ്ഥാനപ്പെടുത്തി നിഗമനങ്ങള്‍ രൂപീകരിക്കണം.ഈ നിഗമനങ്ങളെ ആസ്പദമാക്കിവേണം ചരിത്രം എഴുതി തയ്യാറാക്കാന്‍. 'ചരിത്രം തയ്യാറാക്കുന്നത് തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് വിശദീകരിക്കുന്നു'- ഇതാണ് പഠനനേട്ടം.

വിദ്യാലയത്തെ വരയ്ക്കാം

 വിദ്യാലയത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും നോക്കിക്കാണുക എന്നതായിരുന്നു ഞാനാദ്യം കുട്ടികള്‍ക്ക് കൊടുത്ത പ്രവര്‍ത്തനം.അകലെ നിന്ന്,ഗ്രൗണ്ടിന്റെ ഒത്ത മധ്യത്തില്‍ നിന്ന്,ഒരറ്റത്തു നിന്ന്,പിന്നാമ്പുറത്തു നിന്ന്,ദൂരെ റോഡില്‍ നിന്ന്...വിവിധ ക്ലാസുമുറികളുടെ സ്ഥാനം,ഓഫീസ്,ലൈബ്രറി,പാചകപ്പുര,ടോയ് ലറ്റുകള്‍...

 നിരീക്ഷണത്തിനുശേഷം കുട്ടികള്‍ ക്ലാസില്‍ വന്ന് വിദ്യാലയത്തിന്റെ ചിത്രം വരച്ചു.വലിയ സ്ക്കൂളിനെ ചെറിയ കടലാസിലേക്ക് മാറ്റാന്‍ അവര്‍ പ്രയാസപ്പെടുന്നതു കണ്ടു.എങ്കിലും അവര്‍ സ്ക്കൂളിനെ വീണ്ടും വീണ്ടും നോക്കി തങ്ങളുടെ വര പൂര്‍ത്തീകരിച്ചു.

വരച്ച ചിത്രങ്ങള്‍ പരസ്പരം കൈമാറി വിലയിരുത്തലായിരുന്നു അടുത്ത ഘട്ടം.തുടര്‍ന്ന് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.ഈ വിദ്യാലയം നിങ്ങള്‍ക്കിഷ്ടമാണോ?എന്തുകൊണ്ടാണ് ഇഷ്ടം?വിദ്യാലയത്തിലെ സൗകര്യങ്ങള്‍എന്തൊക്കെയാണ്?ആകെ ക്ലാസുകള്‍,പഠിക്കുന്ന കുട്ടികളുടെ എണ്ണം,ആകെ അധ്യാപകര്‍,ഹെഡ്മാസ്റ്റര്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ഗ്രൂപ്പില്‍ പരസ്പരം ചോദിച്ചറിഞ്ഞും അറിയാത്ത കാര്യങ്ങള്‍ എന്നോടു ചോദിച്ചും  കുട്ടികള്‍ വിവരണം തയ്യാറാക്കി.തുടര്‍ന്ന് വിദ്യാലയത്തിന്റെ ചരിത്രം അന്വേഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കുട്ടികള്‍ ഏര്‍പ്പെട്ടു.

എത്രയെത്ര തെളുവുകള്‍


നേരത്തേ സൂചിപ്പിച്ച ഫോട്ടോകളില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഒരു വിദ്യാലയത്തെക്കുറിച്ചുള്ള  എല്ലാവിവരങ്ങളും തരുന്നില്ല.ഇനിയും എന്തൊക്കെ വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും?
സ്ക്കൂള്‍ ലൈബ്രറിയില്‍ പരതി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു പുസ്തകങ്ങള്‍ കിട്ടി.ഒന്ന് സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി പതിപ്പായ 'സ്വം'.മറ്റൊന്ന് 'കൂറ്റ് 'എന്നു പേരിട്ടിരിക്കുന്ന സബ് ജില്ലാ സ്ക്കൂള്‍ കലോത്സവ പതിപ്പ്.രണ്ടിലും വിദ്യാലയ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങളുണ്ട്.ഓരോ ഗ്രൂപ്പിനും നല്‍കാവുന്ന അത്രയും പുസ്തകങ്ങളുടെ കോപ്പികളും ലഭ്യമാണ്.കുട്ടികള്‍ സംഘമായിതിരിഞ്ഞ് ഈ പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു.

 ഓഫീസ്സിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചു.സ്ക്കൂളിന്റെ ആരംഭവര്‍ഷം മുതല്‍ ഇവിടെ ജോലി ചെയ്ത ഹെഡ്മാസ്റ്റര്‍മാരുടേയും അധ്യാപകരുടേയും പേരു വിവരങ്ങള്‍.പഴയ പല രേഖകളും നശിച്ചുപോയതായും കുട്ടികള്‍ കണ്ടെത്തി.


മുത്തിശ്ശി പറഞ്ഞുതന്ന കഥകള്‍


തൊണ്ണൂറ്റി രണ്ട് വര്‍ഷത്തെ പഴക്കമുള്ള വിദ്യാലത്തില്‍ കുട്ടികളുടെ കുടുംബത്തിലെ മുത്തച്ഛന്‍മാരും മുത്തിശ്ശിമാരുമൊക്കെ പഠിച്ചിട്ടുണ്ടാകണം.അവര്‍ക്ക് സ്ക്കൂളുമായി ബന്ധപ്പെട്ട പഴയ കഥകള്‍ പറഞ്ഞുകൊടുക്കാനുണ്ടാകും.അത് ചോദിച്ചറിയുക എന്നതായിരുന്നു അടുത്ത പ്രവര്‍ത്തനം.

പിറ്റേദിവസം കുട്ടികള്‍ അമ്മൂമ്മയും അപ്പൂപ്പനും  പറഞ്ഞുകൊടുത്ത തങ്ങളുടെ വിദ്യാലയത്തെക്കുറിച്ചുള്ള കഥകളുമായാണ് വന്നത്.



"മാഷേ,എന്റെ അമ്മൂമ്മ ഓലക്കുടയുമായാണ് സ്ക്കൂളില്‍ വരാറ്."നന്ദന പറഞ്ഞു."ആ കുട പൂട്ടാന്‍ കഴിയില്ലപോലും.കുട വരാന്തയില്‍ വെക്കും.ഒരു ദിവസം നല്ല കാറ്റും മഴയും വന്നപ്പോള്‍ കുട ഗ്രൗണ്ടിലേക്ക് പാറിപ്പോയി.അമ്മൂമ്മക്ക് തിരിച്ചു കിട്ടിയത്   കുടയുടെ കാല് മാത്രം."നന്ദന ചിരിച്ചു.
"മാഷേ,എന്റെ അപ്പൂപ്പന്‍ പഠിക്കുമ്പോള്‍ ഒരു കണ്ണന്‍ മാഷ് ഉണ്ടായിരുന്നു. അപ്പൂപ്പന് ആ മാഷെ ഭയങ്കര പേടിയായിരുന്നു. മാഷെ പേടിച്ച് അപ്പൂപ്പന്‍ ഒരു ദിവസം സ്ക്കൂളില്‍ പോകാതെ കാട്ടില്‍ ഒളിച്ചിരുന്നു."ജിഷ്ണു പറഞ്ഞു.
"പണ്ട് ഉച്ചയ്ക്ക് ചോറുണ്ടായിരുന്നില്ല,മാഷേ.പകരം മഞ്ഞപ്പൊടിയുടെ പാല് കൊടുക്കും."വൈഷ്ണവ് പറഞ്ഞു.



ഓരോരുത്തര്‍ക്കുമുണ്ട് ഇതുപോലുള്ള കഥകള്‍ പറയാന്‍.എല്ലാവരും നോട്ടുപുസ്തകത്തില്‍ എഴുതിക്കൊണ്ടുവന്നിട്ടുണ്ട്.പഴയ വിദ്യാലയം എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം മുതിര്‍ന്നവരുടെ ഈ അനുഭവ വിവരണം കുട്ടികള്‍ക്കു നല്‍കി.


കരിയേട്ടന്‍

പറഞ്ഞുതന്ന

ചരിത്രം


സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് കരിയേട്ടന്‍.ആ പ്രദേശത്തെ നല്ലൊരു സാമൂഹ്യപ്രവര്‍ത്തകനും.കുട്ടികള്‍ക്ക് വിദ്യാലയത്തിന്റെ ചരിത്രം പറഞ്ഞുകൊടുക്കാന്‍ കരിയേട്ടന്‍ വരാമെന്നേറ്റു.
കുട്ടികള്‍ ഗ്രൂപ്പുതിരിഞ്ഞ് കരിയേട്ടനോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ നേരത്തേ തയ്യാറാക്കിയിരുന്നു.



കരിയേട്ടന്‍ വിദ്യാലയത്തിന്റെ ചരിത്രം പറഞ്ഞപ്പോള്‍ അതു നാടിന്റെ മുഴുവന്‍ ചരിത്രമായി.അന്നത്തെ ഓലമേഞ്ഞ കെട്ടിടങ്ങള്‍,ക്ലാസുമുറികള്‍,പുസ്തകങ്ങള്‍,അധ്യാപകര്‍ പഠിപ്പിക്കുന്ന രീതി,അവരുടെ ശിക്ഷാമുറകള്‍,ഉച്ചയ്ക്കുശേഷം ഉപ്പുമാവിനുവേണ്ടിയുള്ള കാത്തിരിപ്പ്,വീട്ടിലെ ജോലികള്‍,ദാരിദ്ര്യം,വളരെ ദൂരം കാല്‍നടയായി നടന്ന് സ്ക്കൂളിലേക്കുള്ള വരവ്..



കരിയേട്ടന്‍ പറയുന്നത് കുട്ടികള്‍ ശ്രദ്ധയോടെ, ഒരു കഥ കേള്‍ക്കുമ്പോലെ കേട്ടിരുന്നു.തങ്ങളുടെ വിദ്യാലയത്തിന്റെ പൂര്‍വ്വകാലം കുട്ടികളെ അമ്പരിപ്പിച്ചു.ഇന്നു കാണുന്ന ഈ കെട്ടിടങ്ങളോ സൗകര്യങ്ങളോ മാത്രമല്ല ഈ വിദ്യാലയം.വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ഈ വടവൃക്ഷത്തിന്റെ വേരുകള്‍ ഒരു നൂറുവര്‍ഷം മുമ്പത്തെ മനുഷ്യജീവിതത്തിലേക്ക് പടര്‍ന്നു കയറിയിരിക്കുന്നു.സ്ക്കൂളില്‍ പഠിക്കാന്‍ ഒരു ജനത അനുഭവിച്ച കഷ്ടതകളുടേയും വേദനകളുടേയും ചരിത്രം കൂടിയാണ് ഒരു വിദ്യാലയത്തിന്റെ ചരിത്രം.


കുട്ടികള്‍ തയ്യാറാക്കിയ 'വിദ്യാലയ ചരിത്രം' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ആദ്യപേജില്‍ വിദ്യാലയത്തിന്റെ ചരിത്രം തയ്യാറാക്കാന്‍ അവര്‍ ആശ്രയിച്ച തെളിവുകളെകുറിച്ച് പറയുന്നുണ്ട്:

'ഇത് ഞങ്ങളുടെ വിദ്യാലയത്തിന്റെ ചരിത്രമാണ്.VBക്ലാസിലെ എല്ലാകുട്ടികളും ഒത്തുചേര്‍ന്നാണ് ഇത് ഉണ്ടാക്കിയത്. ഒറ്റയ്ക്കും സംഘമായുമാണ് ഞങ്ങള്‍ ഈ പുസ്തകം ഉണ്ടാക്കിയത്.പഴയ ഫോട്ടോകള്‍,'സ്വം' എന്ന പ്ലാറ്റിനം ജൂബിലി പതിപ്പ്,'കൂറ്റ് 'എന്ന പുസ്തകം,കരിയേട്ടന്‍ ഞങ്ങള്‍ക്കു പറഞ്ഞു തന്നത്,ഇവിടെ മുമ്പ് പഠിച്ച ഞങ്ങളുടെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും പറഞ്ഞു തന്നത്,ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ സുരേന്ദ്രന്‍ സാര്‍ പറഞ്ഞുതന്നത്,ഓഫീസില്‍ നിന്നും ലഭിച്ച രേഖകള്‍  എന്നീ തെളിവുകള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ഈ ചരിത്രം തയ്യാറാക്കിയത്...'

തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് ചരിത്രം തയ്യാറാക്കേണ്ടതെന്ന് കുട്ടികള്‍ ഇതിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു.ഒപ്പം തങ്ങളുടെ വിദ്യാലയം ഈ കാണുന്നത് മാത്രമല്ലെന്നും ഇതിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ടെന്നും കുട്ടികള്‍ മനസ്സിലാക്കിയിരിക്കുന്നു.അതുതന്നെയാണ് അവരുടെ വലിയ പഠനവും.






Saturday, 9 July 2016

സ്നേഹം പൂക്കുന്ന മരങ്ങള്‍


ഈ ചിത്രത്തില്‍ നിന്നായിരുന്നു എനിക്ക് ക്ലാസ് ആരംഭിക്കേണ്ടിയിരുന്നത്.ആറാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ(അടിസ്ഥാനപാഠാവലി)'സ്നേഹസ്പര്‍ശം' എന്ന ആദ്യ യൂണിറ്റിന്  ആമുഖമായി നല്‍കിയ ചിത്രം.

കുട്ടികളോട്  ചിത്രം നോക്കാന്‍ പറഞ്ഞു കൊണ്ട് ഇങ്ങനെ  ചോദിക്കാം:
ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?ഇത് നല്‍കുന്ന സന്ദേശമെന്താണ്?
കുട്ടികള്‍ എന്തെങ്കിലുമൊക്കെ പറയും.പക്ഷേ,അതുകൊണ്ടായില്ല.
ചിത്രം കുട്ടികളുടെ മനസ്സില്‍ തറയ്ക്കണം. ചിത്രത്തെ കുട്ടികള്‍ അവരുടെ വൈകാരികാനുഭവങ്ങളുമായി ചേര്‍ത്തുവച്ച് വായിക്കണം.അതിന് എന്താണുചെയ്യുക?


 കുട്ടികളുടെ അനുഭവങ്ങളെ, ചില ചോദ്യങ്ങളിലൂടെ അവരുടെ ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുക്കാന്‍ കഴിയും.
അതിനപ്പുറത്ത് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുഭവങ്ങള്‍ ക്ലാസുമുറിയില്‍ കൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു എന്റെ ആലോചന.
നേരനുഭവം സാധ്യമല്ല.പിന്നെ കൃത്രിമമായി അനുഭവങ്ങള്‍ ഉണ്ടാക്കാം.അതിന് നാടകവുമായി ബന്ധപ്പെട്ട ഒരു ചെറിയ കളിയെ  കൂട്ടുപിടിക്കണം.അപ്പോള്‍ അവരുടെ ഭാവന ഉണരും. ഭാവന അനുഭവങ്ങളെ മനസ്സില്‍ മെനഞ്ഞെടുക്കും.
എന്നിട്ട് വീണ്ടും ചിത്രത്തിലേക്കു വരണം.


 സ്നേഹം മുളപൊട്ടുമ്പോള്‍...

 

കുട്ടികളെ 12പേരുള്ള മൂന്നു ഗ്രൂപ്പുകളാക്കി.(ക്ലാസിലെ മുഴുവന്‍ കുട്ടികളെക്കൊണ്ടും ഒരുമിച്ചു ചെയ്യിക്കാനുള്ള സ്ഥല പരിമിതി മൂലമായിരുന്നു ഇങ്ങനെ ചെയ്തത്.)
ക്ലാസിലെ സ്ഥലം പരാവധി ഉപയോഗിച്ചു കൊണ്ട് കുട്ടികളോട് നടക്കാന്‍ പറഞ്ഞു.ഇടയ്ക്ക് ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.


 ഒരു പ്രദേശത്തുകൂടി സഞ്ചരിക്കുന്ന അപരിചിതരായ ആളുകളാണ് നിങ്ങള്‍.(കുട്ടികള്‍ പരസ്പരം തൊടാതെ നടക്കുന്നു...)
എല്ലാ ദിവസവും നിങ്ങള്‍ കണ്ടുമുട്ടുന്നു..
(വീണ്ടും നടത്തം.നടക്കുന്നതിനിടയില്‍ പരസ്പരം കണ്ടുമുട്ടുന്നതായി ഭാവിക്കുന്നു.)
ഇന്നു നിങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം പുഞ്ചിരിക്കുന്നു...
(നടക്കുന്നു..പുഞ്ചിരിക്കുന്നു.)
അഭിവാദ്യം ചെയ്യുന്നു...
(നടക്കുന്നു..)
പരസ്പരം കൈ കൊടുക്കുന്നു...
(നടക്കുന്നു..)
ആലിംഗനം ചെയ്യുന്നു..
(നടക്കുന്നു..)
ഒരുമിച്ചിരുന്ന് സംസാരിക്കുന്നു.
(പാര്‍ക്കിലോ മറ്റോ ഇരിക്കുന്നു..സംസാരിക്കുന്നതായി മൈം ചെയ്യുന്നു)
സന്തോഷവും ദുഃഖവും പങ്കുവയ്ക്കുന്നു...
(ഓരോ സംഘവും മാറി മാറി ഈ പ്രവര്‍ത്തനം ചെയ്യുന്നു.)

 നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ ഒറ്റയടിക്ക് നല്‍കുകയല്ല ചെയ്യുന്നത്.ഓരോ പ്രവര്‍ത്തനത്തിനുശേഷവും സമയം നല്‍കി പതുക്കെയാണ് അടുത്തതിലേക്ക് പോകുക.

ഞാന്‍ കുട്ടികളെ നോക്കി. അവര്‍ക്ക് ഏറെ സന്തോഷം.ഈ കളി അവര്‍ നന്നായി ആസ്വദിച്ചിരിക്കുന്നു.

"നിങ്ങള്‍ ആദ്യം കണ്ടുമുട്ടിയവരാണോ അവസാനമായപ്പോഴേക്കും?എന്താണ് മാറ്റം?"ഞാന്‍ ചോദിച്ചു.
"നമ്മള്‍ നല്ല പരിചയക്കാരായി മാറി."ശ്രേയ പറഞ്ഞു.


"മാഷേ, ശരിക്കും ഞങ്ങള്‍ക്കിടയില്‍ ഒരു സ്നേഹബന്ധം വളര്‍ന്നു."അവിനാശ് പറഞ്ഞു.
"എപ്പോഴാണ് അത് വളര്‍ന്നത്?”
"പരസ്പരം ചിരിച്ചപ്പോള്‍,കൈകൊടുത്തപ്പോള്‍,കെട്ടിപ്പിടിച്ചപ്പോള്‍..."ആകാശ് പറഞ്ഞു.


"ഞാനും ആദിത്യയും ഒരു മരത്തണലില്‍ ഇരുന്ന് കുറേ നേരം സംസാരിച്ചു.അപ്പോഴാണ് ഞങ്ങള്‍ക്കിയില്‍ നല്ല സ്നേഹമുണ്ടെന്ന് മനസ്സിലായത്."സ്വാതി ലക്ഷ്മി പറഞ്ഞു.
മുകളില്‍ സൂചിപ്പിച്ചതൊന്നും കുട്ടികളുടെ യഥാര്‍ത്ഥ അനുഭവമല്ല.അവരുടെ ഭാവനയായിരുന്നു.എന്നാല്‍ അര്‍ജ്ജുന്‍ പറഞ്ഞത് നോക്കുക.
"മാഷേ,ഞാനും അതുലും ഇന്നു രാവിലെ പിണങ്ങിയിരുന്നു.കളി കഴിഞ്ഞതോടെ ഞങ്ങളുടെ പിണക്കം മാറി."
ഇത് ഈ കുട്ടികളുടെ യഥാര്‍ത്ഥ അനുഭവമാണുതാനും.


മുകളില്‍ സൂചിപ്പിച്ച കളി കുട്ടികളുടെ മനസ്സില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.
'സ്നേഹസ്പര്‍ശം' എന്ന യൂണിറ്റിന്റെ ആമുഖ പേജില്‍ നല്‍കിയ  ചിത്രത്തിലേക്ക് ഞാന്‍ കുട്ടികളുടെ ശ്രദ്ധ കൊണ്ടുവന്നു.
"ഈ ചിത്രം സൂക്ഷിച്ച് നോക്കൂ.ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?നിങ്ങളുടെ നോട്ടുപുസ്തകത്തില്‍ എഴുതാമോ?”


കുറച്ചുസമയം അവര്‍ ചിത്രത്തിലേക്ക് നോക്കിയിരുന്നു. പിന്നീട് എഴുതാന്‍ തുടങ്ങി.എല്ലാവരും നല്ല താത്പര്യത്തോടെയാണ് എഴുതുന്നത്.പത്തു മിനുട്ടിനകം അവര്‍ എഴുത്ത് പൂര്‍ത്തിയാക്കി.

 സ്വതവേ എഴുതാന്‍ വിമുഖത കാണിക്കാറുള്ള അര്‍ജുനും അതുലും  പുസ്തകത്തിലേക്കുതന്നെ ശ്രദ്ധിച്ച് അക്ഷരങ്ങള്‍ ഒന്നൊന്നായി പെറുക്കിക്കൂട്ടി എഴുതുകയാണ്.ആദ്യം കൊടുത്ത കളിയാണ് അവര്‍ക്ക് ഉണര്‍വ്വുണ്ടാക്കിയത്.

അനുശ്രീ എഴുതിയത് ഉറക്കെ വായിച്ചു.
"ആദ്യ ചിത്രം ഒരു മരത്തിന്റേതാണ്. രണ്ടു കൈകള്‍ കോര്‍ത്തുപിടിച്ച തടിയാണ് അതിനുള്ളത്.ഒരു സ്നേഹബന്ധമാണ് ഇവിടെ കാണുന്നത്.ഒരു മരത്തിന്റെ ഇലകള്‍ക്ക് തടിയോടുള്ള  സ്നേഹം പോലെയാണ് നമുക്ക്  മറ്റുള്ളവരോടുള്ള സ്നേഹം എന്നാണ് ഈ ചിത്രം പറയുന്നത്.”


ആദിത്യ എഴുതി:
'ഈ ചിത്രം കാണുമ്പോള്‍ എനിക്കു തോന്നുന്നത് മരങ്ങള്‍ അവരുടെ കൈകള്‍ പരസ്പരം കോര്‍ത്തു പിടിച്ചതുപോലെയാണ്.നമ്മുടെ കൂട്ടുകാരെ പരിചയപ്പെടുമ്പോഴുള്ള സൗഹൃദം,ഒരു അനുഭൂതി ഈ ചിത്രം കാണുമ്പോള്‍ ഉണ്ടാകുന്നു.'


'രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ കൈകോര്‍ക്കുന്നു. ഒരു സ്നേഹസ്പര്‍ശമാണ് ഇതില്‍ കാണാന്‍ സാധിക്കുന്നത്.ഒരു പാട് ദിവസങ്ങള്‍ കാണാതെ കാണുമ്പോഴുണ്ടാകുന്ന
സ്നേഹമാണ് ഈ ചിത്രത്തിലുള്ളത്.'ആകാശ് ഇങ്ങനെയാണ് കുറിച്ചിട്ടത്.


'മരത്തിന്റെ ശാഖകള്‍ തമ്മില്‍ കൈകോര്‍ത്തുനില്‍ക്കുന്നു.പിരിയാത്തവിധം ആലിംഗനം ചെയ്യുന്നതുപോലെ.എപ്പോഴും തമ്മില്‍ കാണുന്നതിനാല്‍ അവര്‍ തമ്മില്‍ ഒരു സ്നേഹബന്ധമാണ്.'അവിനാശ് എഴുതി.

 ചിത്രത്തില്‍നിന്നും സ്നേഹത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ വായിച്ചെടുക്കുകയാണ് കുട്ടികള്‍.അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹം,പെണ്ണും ആണും തമ്മിലുള്ള സ്നേഹം,സഹോദരന്മാര്‍ക്കിയിലെ സ്നേഹം,കൂട്ടുകാര്‍ തമ്മിലുള്ള സ്നേഹം,കുട്ടികള്‍ക്കിയിലെ സ്നേഹം...ചിലര്‍ സ്നേഹത്തെ വ്യാഖ്യാനിക്കുകകൂടി ചെയ്യുന്നുണ്ട് .

സ്നേഹം ഒരു ദേവാലയം

 

നല്ല തുടക്കം കിട്ടിയിരിക്കുന്നു. പി.എന്‍.ദാസിന്റെ 'ജീവിതഗാനം' എന്ന പുസ്തകത്തിലെ 'സഹോദരശ്രുതി' എന്ന കുറിപ്പിലെ ഒരു കഥയാണ് പ്രവേശകപ്രവര്‍ത്തനമായി നല്‍കിയിരിക്കുന്നത്.സഹോദരന്മാര്‍ക്കിടയിലെ സ്നേഹത്തിന്റെ ആഴം ചുരുങ്ങിയവരികളില്‍ ഈ കഥ അനുഭവിപ്പിക്കുന്നുണ്ട്.
കഥയ്ക്ക് നല്‍കിയ ചിത്രത്തിലേക്ക് ഞാന്‍ കുട്ടികളുടെ ശ്രദ്ധ കൊണ്ടുവന്നു.


"ചിത്രം നോക്കൂ.ഈ ചിത്രത്തെ അടിസ്ഥാനപ്പെടുത്തി കഥ എന്തായിരിക്കുമെന്ന് ഊഹിക്കാമോ?”

'നേരത്തെ കഥ വായിച്ചു നോക്കിയവര്‍ പ്രതികരിക്കേണ്ടതില്ല'എന്ന നിര്‍ദ്ദേശവും നല്‍കി.കഥ നേരത്തെ വായിച്ചവര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.


 "ഈ കഥയില്‍ രണ്ടു കഥാപ്പാത്രങ്ങളുണ്ടായിരിക്കണം.അവര്‍ നല്ല സുഹൃത്തുകളായിരിക്കും."വൈഷ്ണവ് പറഞ്ഞു.
"ഇത് ഒരമ്മയുടേയും കുഞ്ഞിന്റേയും സ്നേഹത്തിന്റെ കഥയായിരിക്കണം.” അശ്വതി പറഞ്ഞു.


"ഇത് നല്ല സ്നേഹമുള്ള രണ്ട് അയല്‍ക്കാരുടെ കഥയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്."മാളവിക പറഞ്ഞു.
"ശരി..ശരി.. നമുക്ക് കഥവായിച്ചു നോക്കാം.”
കുട്ടികള്‍ വര്‍ദ്ധിച്ച താത്പര്യത്തോടെ നിശബ്ദമായി കഥാവായനയില്‍ മുഴുകി.


 കഥ അവര്‍ക്ക് ന്നായി ഇഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവരുടെ മുഖഭാവം കണ്ടപ്പോള്‍ എനിക്കു തോന്നി.

"മാഷെ,സ്നേഹം ഒരിക്കലും നശിക്കില്ല."അഖിലേഷ് പെട്ടെന്ന് എഴുന്നേറ്റുനിന്ന് പറഞ്ഞു."ഈ കഥയിലെ സഹോദരന്മാര്‍ അതാണ് നമ്മോട് പറയുന്നത്.”


ഞാന്‍ ആലോചിച്ചുവെച്ച തുടര്‍ചോദ്യങ്ങളെ അഖിലേഷിന്റെ പ്രതികരണം അപ്രസക്തമാക്കി.കുട്ടികള്‍ കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു.

രണ്ടോമൂന്നോ കുട്ടികള്‍ കഥ ഭാവതീവ്രതയോടെ ഉറക്കെ വായിച്ചു.
തുടര്‍ന്ന് എന്റെ ചോദ്യം
"കഥയുടെ  ചിത്രം ഇതിലെ ആശയവുമായി എത്രമാത്രം യോജിക്കുന്നുണ്ട്?സമര്‍ഥിക്കാമോ?”
കുട്ടികള്‍ കഥ ഒരിക്കല്‍കൂടി വായിച്ചു.കഥയേയും ചിത്രത്തേയും അടിസ്ഥാനപ്പെടുത്തിയുള്ള തങ്ങളുടെ നിരീക്ഷണങ്ങള്‍ കുറിച്ചിടാന്‍ തുടങ്ങി.


 അനുശ്രീ ചിത്രത്തേയും കഥയേയും തമ്മില്‍ ബന്ധിപ്പിച്ചത് ഇങ്ങനെയായിരുന്നു.

'ഈ ചിത്രവും സഹോദരശ്രുതി എന്ന കഥയും തമ്മില്‍ യോജിക്കുന്നുണ്ട്.ചിത്രം സൂചിപ്പിക്കുന്നത്  വേരുകള്‍ തമ്മില്‍ പിണഞ്ഞിരിക്കുന്നു.ഈ രണ്ടു മരങ്ങള്‍ രണ്ടു സ്ഥലത്തു നില്‍ക്കുന്നു.എന്നാലും അവരുടെ സ്നേഹം വേരിലൂടെ പ്രകടിപ്പിക്കുന്നു.ഇതിലെ വലിയ മരം ജ്യേഷ്ഠനും ചെറിയ മരം അനുജനുമാണ്.അനുജന്‍ വിവാഹിതനായിട്ടും ജ്യേഷ്ഠനെ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്നു.അതുപോലെത്തന്നെ ജ്യേഷ്ഠനും.അനുജന്‍ അറിയാതെ ജ്യേഷ്ഠന്‍ അനുജനെ സഹായിക്കുന്നു.അതുപോലെത്തന്നെയാണ് ഈ ചിത്രവും.'


'സഹോദരശ്രുതി' എന്ന കഥയിലെ കേന്ദ്ര ആശയം ചിത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് വിശകലനം ചെയ്യാന്‍ ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കഴിഞ്ഞിരിക്കുന്നു.ചിത്രം സിംബോളിക്ക് ആണ്.അതുകൊണ്ടുതന്നെ അത് വിശകലനത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നു.  

സഹോദരന്മാര്‍ക്ക് രണ്ടു ഹൃദയങ്ങളാണെങ്കിലും അവരുടെ മനസ്സ് ഒന്നാണെന്നാണ് പിണഞ്ഞിരിക്കുന്ന വേരുകള്‍  സൂചിപ്പിക്കുന്നതെന്നായിരുന്നു ദേവനാരായണന്റെ കണ്ടെത്തല്‍.
സ്നേഹിക്കുന്ന ഹൃദയങ്ങളെ പരസ്പരം വേര്‍പെടുത്താന്‍ കഴിയില്ല എന്നാണ് ഈ കഥയും  ചിത്രവും സൂചിപ്പിക്കുന്നത് എന്നായിരുന്നു വിവേക് എഴുതിയതിന്റെ സത്ത.



കുട്ടികള്‍ കഥ വരയ്ക്കുന്നു..

 

"കഥയെ വേറെ ഏതെങ്കിലും രീതിയില്‍ നിങ്ങള്‍ക്ക് വരയ്ക്കാന്‍ കഴിയുമോ?”
‍ഞാന്‍ ചോദിച്ചു.
കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
കഥയിലെ സഹോദരന്മാരുടെ സ്നേഹത്തിന്റെ പരപ്പും ആഴവും വരയിലൂടെ ആവിഷ്ക്കരിക്കുക വിഷമകരമാണ്.
"ശ്രമിക്കാം സാര്‍.."കുട്ടികള്‍ പറഞ്ഞു.


ഞാന്‍ അവര്‍ക്ക് പേപ്പര്‍ നല്‍കി.നിറങ്ങള്‍ അവരുടെ കൈയിലുണ്ട്.
ചിലര്‍ വര ആരംഭിച്ചിരിക്കുന്നു. മറ്റുചിലര്‍ കഥ വീണ്ടും വായിച്ചുനോക്കുകയാണ്.ഇനിയും ചിലര്‍ മനസ്സിനെ ഏകാഗ്രമാക്കി കടലാസിലേക്ക് നോക്കിയിരിപ്പാണ്.

ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ സമയം കൊണ്ട് കുട്ടികള്‍ കഥ വരച്ചുതീര്‍ത്തു.വൈവിധ്യമാര്‍ന്ന നിരവധി ചിത്രങ്ങള്‍..! ചിത്രങ്ങള്‍കൊണ്ട് അവര്‍ കഥയെ വ്യാഖ്യാനിച്ചിരിക്കുന്നു.



ഞാന്‍ മനുവിന്റെ കടലാസിലേക്ക് നോക്കി.അത് ശൂന്യമാണ്.
അവന് ഒന്നും വരയ്ക്കാന്‍ കഴിയുന്നില്ല.
"മനു,എന്തു പറ്റി?"ഞാനവന്റെ അടുത്തുചെന്ന് ചോദിച്ചു.
"ഇന്നലെ അച്ഛന്‍ വരാമെന്നു പറഞ്ഞിരുന്നു.എന്റെ അനിയത്തിയെ കാണാന്‍ കൊണ്ടുപോകാമെന്നു പറഞ്ഞു.പക്ഷേ,വന്നില്ല സാര്‍.”
അവന്റെ കണ്ണ് നിറഞ്ഞുപോയി.



മനുവിന്റെ അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ്.അയാള്‍ വേറെ വിവാഹം കഴിച്ചു. അതിലൊരു കുട്ടിയുണ്ട്.മനുവിന്റെ സഹോദരി.അവളെ കാണണമെന്ന് അവന് അതിയായ ആഗ്രഹവുമുണ്ടായിരുന്നു.അവനത് ഇടക്കിടെ എന്നോടു പറയും.

മനുവിന്റെ മുന്നിലെ കടലാസില്‍ ഇപ്പോള്‍ കണ്ണുനീര്‍ പടര്‍ന്നു.അവന്‍ തല തിരിച്ച്,ജനാലയിലൂടെ പുറത്തെ മഴയിലേക്ക് നോക്കിയിരിപ്പാണ്.



അതുവരെ അവന്‍ ക്ലാസില്‍ സജീവമായിരുന്നു.അവന് നന്നായി വരയ്ക്കാനും കഴിയും.പിന്നെയെവിടെയാണ് ഉടക്കിപ്പോയത്?കഥവായിച്ചതിനു ശേഷമോ?പെട്ടെന്ന് അവന്‍ അച്ഛനെ ഓര്‍മ്മിക്കാന്‍ എന്തായിരിക്കും കാരണം?
ഉത്തരം കിട്ടിയില്ല.


ഇനി  ഓരോ കുട്ടിക്കും   തങ്ങളുടെ ചിത്രം മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വിശദീകരിക്കാനുള്ള അവസരമായിരുന്നു.പക്ഷേ,ഞാനാ പ്രവര്‍ത്തനം വേണ്ടെന്നുവെച്ചു.പകരം ഓരോരുത്തരോടും ചിത്രത്തെക്കുറിച്ച് സ്വകാര്യമായി ചോദിച്ചു.അപ്പോള്‍ ഒരു കാര്യം എനിക്കു മനസ്സിലായി.എഴുത്തിലൂടേയും വരയിലൂടേയും കുട്ടികള്‍ കഥയുടെ ആത്മാവ് കണ്ടെത്തിയിരിക്കുന്നു.സ്നേഹം എന്ന വികാരത്തെ അവര്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു.ഒരു പക്ഷേ,മുതിര്‍ന്നവരേക്കാളും നന്നായി അത് കുട്ടികള്‍ക്കാണ് കഴിയുക.






Saturday, 2 July 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ജൂലായ് മാസം

ജൂലൈ 

2016



ജൂലൈ 1വെള്ളി

SRG യോഗം

  • ക്ലാസ് പിടിഎ-അവലോകനം
  • യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
  • ജൂലൈ 5ബഷീര്‍ ചരമദിനം-ആസൂത്രണം

ജൂലായ് 4 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • മഴക്കാല രോഗങ്ങള്‍ -സെമിനാര്‍ അവതരണം,വിലയിരുത്തല്‍
  • ക്ലാസ് പത്രനിര്‍മ്മാണം (ഈ ആഴ്ച )നാലു ഗ്രൂപ്പ് നാലു പത്രങ്ങള്‍
  • സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍-നോട്ടിഫിക്കേഷന്‍
  • നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍
  • സയന്‍സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ് രൂപീകരണം

ജൂലൈ 5 ചൊവ്വ
ജൂലൈ 5ബഷീര്‍ ചരമദിനം

  • അസംബ്ലി-വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
  • ബഷീര്‍ കഥകള്‍ പരിചയപ്പെടുത്തല്‍
  • വൈക്കം മുഹമ്മദ് ബഷീര്‍ -ഡോക്യുമെന്ററി പ്രദര്‍ശനം
  • ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം
  • ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരണം


ജൂലൈ 8 വെള്ളി

യൂണിറ്റ് വിലയിരുത്തല്‍ ആരംഭം

SRG യോഗം

  • ലോകജനസംഖ്യാദിനം-ആസൂത്രണം

ജൂലൈ 11തിങ്കള്‍
 ലോകജനസംഖ്യാദിനം

  • അസംബ്ലി-ലഘുപ്രഭാഷണം
  • സ്ലൈഡ് ഷോ
യൂണിറ്റ് വിലയിരുത്തല്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ക്ലാസ് പത്രം-പ്രകാശനവും വിലയിരുത്തലും
  • ഈ ആഴ്ച -ചാന്ദ്രദിനം-ഗ്രൂപ്പ് ക്വിസിന് തയ്യാറെടുപ്പ്

ജൂലൈ 12 ചൊവ്വ

യൂണിറ്റ് വിലയിരുത്തല്‍

ജൂലൈ 13 ബുധന്‍
യൂണിറ്റ് വിലയിരുത്തല്‍



ജൂലൈ 14 ചൊവ്വ
സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പ്രവര്‍ത്തനം

  • നാമനിര്‍ദ്ദേശ പത്രിക-സൂക്ഷ്മപരിശോധന
  • സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കല്‍
  • ചിഹ്നം അനുവദിക്കല്‍
  • തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭം


ജൂലൈ 14 വ്യാഴം
PTA,SMC ജനറല്‍ ബോഡി യോഗം

  • പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍

ജൂലൈ 15 വെള്ളി

SRG യോഗം

  • ചാന്ദ്രദിനം-പ്ലാനിങ്ങ്
  • സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍-പ്ലാനിങ്ങ്
  • യൂണിറ്റ് വിലയിരുത്തല്‍ അവലോകനം-പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍

 ജൂലൈ 18 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ചാന്ദ്രദിനം-ഗ്രൂപ്പ് ക്വിസ്-വിജയികളെ കണ്ടെത്തല്‍
  • ഈ ആഴ്ച-തെരഞ്ഞെടുപ്പ് പ്രചാരണം തന്ത്രങ്ങള്‍,നടപ്പാക്കല്‍

ജൂലൈ 21വ്യാഴം
ചാന്ദ്രദിനം

  • അസംബ്ലി-ചാന്ദ്രദിനത്തിന്റെ പ്രാധാന്യം-പ്രസംഗം
  • ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലുകള്‍-ടോക്ക് ഷോ(സയന്‍സ് ക്ലബ്ബ്)
  • സിനിമാ പ്രദര്‍ശനം

 ജൂലൈ 22 വെള്ളി
സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പ്രവര്‍ത്തനം

  • തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലാസ്
SRG യോഗം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • പാഠാസൂത്രണം
  • ക്ലസ് പിടിഎ- അജണ്ട രൂപീകരണം

ജൂലൈ 25 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ജലവുമായി ബന്ധപ്പെട്ട simple experiments(ഈ ആഴ്ച)
  • കണ്ടെത്തലും ആസൂത്രണവും
  • സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പ്രചാരണം
  • മീറ്റ് ദ കേന്‍ഡിഡേറ്റ്

ജൂലൈ 27 ബുധന്‍
സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

  • പോളിങ്ങ് സാമഗ്രികളുടെ വിതരണം
  • പോളിങ്ങ്
ഉച്ച
  • വോട്ടെണ്ണല്‍
  • ഫലപ്രഖ്യാപനം
  • തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ

ജൂലൈ 28 വ്യാഴം
ക്ലാസ് പിടിഎ

  • ജൂലൈ  മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍-അവലോകനം
  • കുട്ടികളുടെ പഠനനേട്ടങ്ങള്‍-യൂണിറ്റ് വിലയിരുത്തല്‍
  • പോര്‍ട്ട് ഫോളിയോ sharing
  • കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
  • ആഗസ്ത് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ

ജൂലൈ 29 വെള്ളി
SRG യോഗം

  • ക്ലസ് പിടിഎ- അവലോകനം
  • ഗലീലിയോ ദിനം,ഹിരോഷിമാ ദിനം-പ്ലാനിങ്ങ്