ഒന്നാം ക്ലാസിലെ കുട്ടികള്‍ ഒരു പുസ്തകം തയ്യാറാക്കി.'അരിമണിതേടി മണിയന്‍' എന്നാണ് പുസ്തകത്തിന്റെ പേര്.കുട്ടികളുമായി ചര്‍ച്ചചെയ്ത് രൂപപ്പെടുത്തിയ ആശയത്തിന്റെ അടിസ്ഥാനത്തില്‍ അതിന്റെ പാഠം തയ്യാറാക്കിയത് ഞാനായിരുന്നു.പാഠം സ്വയം വായിച്ച് ഇല്ലസ്ട്രേഷന്‍ ചെയ്തത് കുട്ടികളും.പിന്നീട് അവര്‍ കടലാസുതാളുകളിലെ പാഠങ്ങളെ ക്രമപ്പെടുത്തി ഒരു കഥയാക്കി മാറ്റി.കഥയെ പുസ്തകരൂപത്തില്‍ തുന്നിക്കെട്ടി.
മണിയനുറുമ്പ് എന്ന കഥാപ്പാത്രം കുട്ടികളുടെ മനസ്സില്‍ കയറിപ്പറ്റിയപ്പോഴാണ് പാഠവും പുസ്തകവും രൂപം കൊണ്ടത്.
മണിയനുറുമ്പ് അമ്മയെ കാണാന്‍ പോകുന്ന ഒരു കഥാസന്ദര്‍ഭമുണ്ട് 'മഴമേളം' എന്ന പാഠഭാഗത്ത്.യാത്രക്കിടയില്‍ കാലുവഴുതി അവന്‍ പുഴയില്‍ വീഴുന്നു.കമലയും വിമലയും ഇതു കാണുന്നു.അവര്‍ കടലാസു വഞ്ചിയിറക്കുന്നു.മണിയന്‍ അതില്‍ കയറി തുഴഞ്ഞ് രക്ഷപ്പെടുന്നു.
കുട്ടികളെല്ലാവരും മണിയനുറുമ്പ് എന്ന് നിലത്ത് ചോക്കുകൊണ്ട് എഴുതി.
അവര്‍ മണിയനുറുമ്പായി നടന്നു.ക്ലാസിലെ ബെഞ്ചുകളെ പുഴക്കരയായി സങ്കല്‍പ്പിച്ച് അതില്‍ കയറി വരിവരിയായി നടന്നു.കാലുവഴുതി മണിയന്‍ പുഴയില്‍ 'ബ്ലും' എന്നു വീണു. വെള്ളത്തില്‍ മുങ്ങിത്താണു.പെട്ടെന്ന് വഞ്ചിവന്നു.വഞ്ചിയില്‍ കയറി തുഴഞ്ഞു രക്ഷപ്പെടുന്നതായി കളിച്ചു.
മണിയനുറുമ്പ് കുട്ടികളുടെ തലക്കു പിടിച്ചു.അവര്‍ മണിയനെക്കുറിച്ചു തന്നെ ആലോചിച്ചു.
"മണിയന്‍ പുഴക്കരയിലൂടെ നടക്കുമ്പോള്‍ എന്തായിരിക്കും ആലോചിച്ചിട്ടുണ്ടാകുക?”
ഞാന്‍ ചോദിച്ചു.
"അമ്മ വീട്ടില്‍ത്തന്നെ ഉണ്ടാവോ?ഏടെങ്കിലും പോയിട്ടുണ്ടാവോ?"ദര്‍ശന പറഞ്ഞു.
"മണിയന്റെ കൈയില്‍ മുട്ടായിയുണ്ട്.അത് അമ്മക്ക് കൊടുക്കണം."ശിവനന്ദ പറഞ്ഞു.
"അമ്മക്ക് ഒരുമ്മ കൊടുക്കണം."പ്രജ്വല്‍ പറഞ്ഞു.
"അമ്മക്ക് നല്ല തല്ല് കൊടുക്കണം."ആദിദേവ് പറഞ്ഞു.
"അതെന്തിനാ?”
"മണിയനെക്കൂട്ടാണ്ട് അമ്മ കല്യാണത്തിന് പോയതൊണ്ട്.”
കുട്ടികളുടെ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ ചിരിച്ചുപോയി.സ്വന്തം അനുഭവങ്ങളുമായി ബന്ധിപ്പിച്ചാണ് അവര്‍ പറയുന്നത്.
ഇനി മണിയനുറുമ്പിനെ ഉണ്ടാക്കണം.കടലാസുകൊണ്ടാവാം.
ഉറുമ്പിന്റെ ശരീരഭാഗങ്ങള്‍ നിറമുള്ള കടലാസില്‍ നേരത്തെ വെട്ടിയെടുത്ത് കരുതുവെച്ചിരുന്നു ഞാന്‍.മൂന്നു കുട്ടികള്‍ വീതമുള്ള ഏഴു ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ പാകത്തില്‍.ഒരു ഗ്രൂപ്പിനു ഒരു സെറ്റ്.
നിറമുള്ള കടലാസു തുണ്ടുകള്‍ കൈയില്‍ കിട്ടിയപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷം.കിട്ടിയ കടലാസു തുണ്ടുകള്‍ ഒരു ജിഗ്സോ പസില്‍ പോലെ ഓരോ ഗ്രൂപ്പും കൂട്ടിയോജിപ്പിച്ച് വച്ച് നോക്കി.ഒരു ഉറുമ്പിന്റെ രൂപം വരുന്നുണ്ടോ?
"ഇത് ഉറുമ്പെന്നെ മാഷേ..നമ്മളെ മണിയന്‍.."അഭിനന്ദ് പറഞ്ഞു.
"അതെ മണിയന്‍ തന്നെ.."അവര്‍ വിളിച്ചു പറഞ്ഞു.അവര്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ഓരോ ഭാഗവും കാര്‍ഡ് ഷീറ്റില്‍ ഒട്ടിച്ച് അവര്‍ ഉറുമ്പിനെ ഉണ്ടാക്കി.
ഇനി കാലുകളും കൊമ്പുകളും വേണം.
"മാഷേ,ഉറുമ്പിന് എത്ര കാല്ണ്ട്?"നിവേദ്യയുടേതാണ് ചോദ്യം.
ചോദ്യം ഞാന്‍ എല്ലാവരോടുമായി ചോദിച്ചു."ഉറുമ്പിന് എത്ര കാല്ണ്ട്?”
നാല് എന്നായിരുന്നു കുട്ടികളുടെ ഉത്തരം.
മൊബൈല്‍ ഫോണിലെ ഉറുമ്പിന്റെ വലിയ ചിത്രം ഞാനവര്‍ക്ക് കാണിച്ചുകൊടുത്തു.
കുട്ടികള്‍ കാലുകള്‍ എണ്ണിനോക്കി.
നിറമുള്ള കടലാസില്‍ നിന്നും ആറുകാലുകള്‍ കീറിയെടുത്ത് അവര്‍ മണിയനുറുമ്പിനു പിടിപ്പിച്ചു.രണ്ടു കൊമ്പുകളും.
സ്കെച്ച് പേന കൊണ്ട് കണ്ണുകള്‍ വരച്ചു.മറ്റ് ചിത്രപ്പണികള്‍ ചെയ്തു.
"മാഷേ,ഇപ്പം ഇതു ശരിക്കും മണിയനായി."അവന്തിക പറഞ്ഞു.
കുട്ടികള്‍ തങ്ങളുടെ മണിയനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് നടന്നു.
കുട്ടികളുടെ ഏഴു സൃഷ്ടികളും ഞാന്‍ ക്ലാസിനു മധ്യത്തില്‍ നിരത്തിവെച്ചു.എല്ലാം ഒരു പോലെയായിരിക്കും എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്.പക്ഷേ,അങ്ങനെയല്ല.കുട്ടികള്‍ ഒട്ടിച്ചതിലെ വ്യത്യാസം കൊണ്ട് ഓരോ മണിയനും ചില്ലറ വ്യത്യാസങ്ങളുണ്ട്.അതേതായാലും നന്നായി.
കുട്ടികള്‍ തങ്ങളുടെ സൃഷ്ടികളെ നോക്കി ഓരോ അഭിപ്രായങ്ങള്‍ പറയുകയാണ്..
"മണിയന്‍ എന്താണു ചെയ്യുന്നത്?”
ഞാന്‍ ചോദിച്ചു.
"നടന്നു പോകുന്നു.."അര്‍ജുന്‍ പറഞ്ഞു.
"എങ്ങോട്ട്?”
"എങ്ങോട്ടോ...”
"എന്തിനാ നടക്കുന്നത്?”
"അരിമണി നോക്കീറ്റ്.അതിന് വെശക്ക്ന്ന്."ആദര്‍ശ് പറഞ്ഞു.
"അയിന്റെ കൂട്ടില് മഴവെള്ളം കേറി.അപ്പോ തിന്നാനൊന്നും ഇല്ലാണ്ടായി.."സൂര്യജിത്ത് പറഞ്ഞു.
ഈ ചര്‍ച്ച ധാരാളം മതിയായിരുന്നു.ഒരു പാഠം എഴുതാനുള്ള കോപ്പായി.
കുട്ടികള്‍ കാണാതെ ഓരോ കാര്‍ഡിലും ഓരോ പാഠം ഞാന്‍ എഴുതിയുണ്ടാക്കി.
1.മണിയന്‍ നടന്നു 2.നല്ല വിശപ്പ്.അരിമണി വേണം. 3.തോടും വഴിയും കടന്നു 4.പുഴയും മലയും കടന്നു.5.അരിമണി എവിടെ? 6.നടന്നു നടന്നു വയലിലെത്തി.7.അതാ അരിമണി.മണിയന്‍ ചിരിച്ചു.
കുട്ടികള്‍ കാണുകയും എഴുതുകയും ചെയ്ത അക്ഷരങ്ങളും പദങ്ങളും ഉപയോഗിച്ചു കൊണ്ടായിരുന്നു ഞാന്‍ പാഠങ്ങള്‍ തയ്യാറാക്കിയത്.
ഓരോ കാര്‍ഡും നേരത്തെയുള്ള ഗ്രൂപ്പിനു നല്‍കി.പാഠം സ്വയം വായിച്ചുനോക്കാന്‍ പറഞ്ഞു.
പാഠം കുട്ടികള്‍ക്ക് സ്വന്തമായി വായിക്കാന്‍ കഴിയുന്നു എന്നത് എന്നെ സന്തോഷിപ്പിച്ചു.കാര്‍ഡുകള്‍ പരസ്പരം കൈമാറി എല്ലാ ഗ്രൂപ്പും എല്ലാ കാര്‍ഡുകളും വായിച്ചു.
ഇനി ഓരോ പാഠത്തിനും യോജിച്ച ചിത്രം വരച്ചു ചേര്‍ക്കണം.
ഒന്നാം ഗ്രൂപ്പിന്റെ കൈയില്‍ കിട്ടിയ കാര്‍ഡ് കുട്ടികള്‍ ഉറക്കെവായിച്ചു.
"മലയും പുഴയും കടന്നു.”
"ഇതിന് എന്തു ചിത്രം വരയ്ക്കും?”
"ഉറുമ്പിനടുത്തായി മലേം പുഴേം വരക്കണം."കുട്ടികള്‍ പറഞ്ഞു.
ഇതു പോലെ ഓരോ ഗ്രൂപ്പും വരക്കാനുദ്ദേശിക്കുന്ന ചിത്രത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു.
കുട്ടികള്‍ ഗ്രൂപ്പില്‍ വര തുടങ്ങി.
പരസ്പരം സഹകരിച്ചുകൊണ്ട് പ്രവര്‍ത്തനം ചെയ്യാന്‍ കുട്ടികള്‍ കഴിവു നേടിയിരിക്കുന്നു.അവര്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്നു.നിറങ്ങളും സ്കെച്ച് പേനകളും മറ്റും പരസ്പരം ഷേയര്‍ ചെയ്യുന്നു.
പുസ്തകത്തിന്റെ കവര്‍ പേജും ഞാന്‍ കുട്ടികള്‍ക്ക് ഇല്ലസ്ട്രേഷന്‍ ചെയ്യാനായി നല്‍കി.അരിമണി തേടി മണിയന്‍.
അരമണിക്കൂര്‍കൊണ്ട് കുട്ടികള്‍ ഇല്ലസ്ട്രേഷന്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്ന് എല്ലാ പേജുകളും ഡിസ് പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.അതിനു മുന്നിലായി കുട്ടികള്‍ ഇരുന്നു.വ്യക്തിഗത വായനയ്ക്ക് അവസരം നല്‍കി.
"ഇനി ഈ കഥയിലെ സംഭവങ്ങളെ നമുക്ക് ക്രമത്തിലാക്കണം.ആദ്യം ഏതു പേജാണ് വേണ്ടത്?"ഞാന്‍ ചോദിച്ചു.
"മണിയന്‍ നടന്നു.."
"നല്ല വിശപ്പ് അരിമണി വേണം."
"പുഴയും മലയും കടന്നു..."
കുട്ടികള്‍ വിളിച്ചുപറയാന്‍ തുടങ്ങി.
അവര്‍ നിര്‍ദ്ദേശിച്ച രീതിയില്‍തന്നെ പേജുകള്‍ ക്രമത്തിലാക്കി തുന്നിക്കെട്ടി ഒരു പുസ്തകമാക്കി.
പുസ്തകം കണ്ടപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷം.
അത് വായിക്കാന്‍ അവര്‍ തിരക്കുകൂട്ടി.
അവരുടെ സ്വന്തം പുസ്തകം.ആദ്യത്തെ പുസ്തകം.
ഉറുമ്പുകളുടെ പുസ്തകം..
മണിയനുറുമ്പ് VIDEO
ഒരു പൂക്കളത്തില്‍ എന്തു കാര്യം എന്നല്ലേ?
കാര്യമുണ്ട്. പറയാം.പ്രത്യേകിച്ചും ഒന്നാം ക്ലാസുകാര്‍ പൂക്കളം തീര്‍ക്കുമ്പോള്‍.
ഒന്നാം ക്ലാസിലെ കുട്ടികളെല്ലാവരും ചേര്‍ന്നാല്‍ ഒരു പൂക്കളം തന്നെയായിരിക്കുമോ ഉണ്ടാകുക?
ബഹളമയമായിരിക്കും.
ഞാനിടാം..ഞാനിടാം..എന്നു തമ്മിലടിയായിരിക്കും.
പൂക്കള്‍ നിലത്ത് ചിതറും.ചതഞ്ഞരയും.
പരാതിയും പരിഭവവും കരച്ചിലും കൊണ്ട് പൂക്കളം അലങ്കോലമാകും.ഓണാഘോഷം കുഞ്ഞുങ്ങളുടെ കണ്ണീരില്‍ കുതിരും.
പക്ഷേ, ഒന്നും സംഭവിച്ചില്ല.അവരെന്നെ അമ്പരപ്പിച്ചുകൊണ്ട് മനോഹരമായ പൂക്കളമുണ്ടാക്കി.മാവേലിയെ എതിരേല്‍ക്കാന്‍ ഓണപ്പാട്ടുകള്‍ പാടി.
സ്ക്കൂളിലെ ഓണാഘോഷ പരിപാടിയില്‍ ഓരോ ക്ലാസും പൂക്കളമുണ്ടാക്കണം.മത്സരമാണ്.
കുട്ടികളോട് നാടന്‍ പൂക്കള്‍ ശേഖരിക്കാനായിരുന്നു പറഞ്ഞത്.
അവര്‍ വേണ്ടത്ര പൂക്കള്‍ കൊണ്ടുവരുമോ എന്നായിരുന്നു എന്റെ ആശങ്ക.
രാവിലെ ക്ലാസിലേക്ക് ചെന്നപ്പോള്‍ എല്ലാവരും നല്ല ഉത്സാഹത്തിലാണ്.കുളിച്ച്,കുറിതൊട്ട്,പുത്തന്‍ കുപ്പായവുമണിഞ്ഞാണ് കുട്ടികള്‍ വന്നിരിക്കുന്നത്.എല്ലാവരുടേയും കൈകളില്‍ ഓരോ കൊട്ടയുണ്ട്.
"മാഷേ,ദാ കോളാമ്പിപ്പൂവും ചെമ്പരത്തിപ്പൂവും...."അവന്തിക പുക്കൊട്ട എനിക്കുനേരെ ഉയര്‍ത്തിക്കാണിച്ചു.
"മാഷേ,ഇതാണ് ഹനുമാന്‍ കിരീടം..."സൂര്യനാഥ് ഒരു കുലപ്പൂവ് കൊട്ടയില്‍ നിന്നും പുറത്തെടുത്തു.
ഓരോരുത്തരും അവര്‍ കൊണ്ടുവന്ന പൂക്കള്‍ എനിക്കുമുന്നില്‍ നിരത്തി.
കമ്മല്‍പ്പൂ,കാശിത്തുമ്പ,ജമന്തി,മല്ലിക,അരിപ്പു,മീശപ്പൂ,സുഗന്ധരാജന്‍,കൃഷ്ണപ്പൂ....
എല്ലാം നാടന്‍ പൂക്കള്‍.ഓരോരുത്തരുടേയും കൈകളിലുണ്ട് വൈവിധ്യമാര്‍ന്ന പൂക്കളുടെ ശേഖരം.എല്ലാത്തിന്റേയും പേരുകള്‍ കുട്ടികള്‍ക്ക് മനഃപാഠമാണ്.പുല്ലൂര്‍ പ്രദേശത്ത് ഇത്രയും പൂക്കളുടെ വൈവിധ്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
ആരാണ് പൂക്കള്‍ ശേഖരിക്കാന്‍ നിങ്ങളെ സഹായിച്ചത്?ഞാന്‍ ചോദിച്ചു.
"എന്റെ അമ്മൂമ്മയും പൂക്കള്‍ പറിക്കാന്‍ കൂടെ വന്നു.”
ദര്‍ശന പറഞ്ഞു.
"എന്റെ ഏച്ചി."ഗോകുല്‍ പറഞ്ഞു.
"അമ്മ "
"അച്ഛന്‍"
കുട്ടികള്‍ക്ക് പൂക്കള്‍ ശേഖരിച്ച വിവരങ്ങള്‍ ഒരുപാട് പറയാനുണ്ട്.
ഇനി ഒരു പോലുള്ള പൂക്കളെല്ലാം ഒരുമിച്ചുചേര്‍ത്ത് തൊല്ലിയിടണം.
കുട്ടികള്‍ സംഘം ചേര്‍ന്നിരുന്നു. ഒരേ ഇനത്തിലും നിറത്തിലും പെടുന്ന പൂക്കളൊക്കെ തരംതിരിക്കാന്‍ തുടങ്ങി.ഞാന്‍ മറ്റു ക്ലാസുകളിലൂടെ ഒന്നു ചുറ്റിക്കറങ്ങി വരുമ്പോഴേക്കും കുട്ടികള്‍ നല്ല അച്ചടക്കത്തോട ജോലി തുടരുകയാണ്.
കുട്ടികള്‍ ഇങ്ങനെ അടങ്ങിയിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.പൂക്കളുടെ വര്‍ണ്ണവും ഭംഗിയും ഉണ്ടാക്കാന്‍ പോകുന്ന പൂക്കളത്തെക്കുറിച്ചുള്ള ആകാംഷയും അവരെ പിടിച്ചിരുത്തിയിരിക്കുന്നു.
ഇനി പൂക്കളം തയ്യാറാക്കണം.
തറയില്‍ വട്ടം വരച്ച് കൊടുക്കേണ്ടിവരുമോ?
വട്ടം വരക്കാതെ കുട്ടികള്‍ക്ക് വൃത്താകൃതിയില്‍ പൂക്കള്‍ ക്രമീകരിക്കാന്‍ കഴിയുമോ?
ഞാന്‍ വരച്ചുകൊടുത്ത വൃത്തത്തില്‍ പൂക്കള്‍ ക്രമീകരിക്കുന്നതില്‍ കാര്യമില്ല.
അവര്‍ സ്വയം ചെയ്യട്ടെ.എന്താകുമെന്ന് നോക്കാലോ..
കുട്ടികള്‍ പൂക്കളം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്..പ്രജ്വലും നിവേദ്യയും ഗോകുകുലും വിഷ്ണുവും ദേവദര്‍ശുമൊക്കെയാണ് മുന്നോട്ടു വന്നിരിക്കുന്നത്.മറ്റുള്ളവര്‍ അവര്‍ക്ക് പൂക്കള്‍ എടുത്തുകൊടുക്കുന്നു.
നടുക്ക് ഏതു നിറം വേണമെന്ന് അവര്‍ ചര്‍ച്ച ചെയ്യുകയാണ്.വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വരുന്നുണ്ട്.പൂക്കള്‍ തൊല്ലിയിടുന്നവരും അഭിപ്രായം പറയുന്നുണ്ട്.
ചര്‍ച്ച അധികം നീണ്ടുപോയില്ല.പെട്ടെന്നുതന്നെ അവര്‍ തീരുമാനത്തിലെത്തിയിരിക്കുന്നു.
അങ്ങനെ പൂക്കളനിര്‍മ്മാണം ആരംഭിച്ചു.
പൂക്കളമിടാന്‍ എല്ലാവരും ഓടി വരുന്നത് കണ്ടില്ല.എല്ലാവരും വന്നാല്‍ പൂക്കളമാകില്ലെന്ന തിരിച്ചറിവ് ഈ കുട്ടികള്‍ക്ക് ഉണ്ടായിട്ടുണ്ട്.
കുറച്ചുപേര്‍ പൂക്കളമിടുന്നു.മറ്റുള്ളവര്‍ അവര്‍ക്ക് ആവശ്യമായ പൂക്കള്‍ എടുത്തുകൊടുക്കുന്നു.ഏതു നിറത്തിലുള്ള പൂ വേണമെന്ന് അഭിപ്രായം പറയുന്നു.ഇനിയും ചിലര്‍ പൂക്കള്‍ തൊല്ലിയിടുന്നു...
ചോക്കുകൊണ്ടു വരക്കാതെതന്നെ വൃത്താകൃതിയില്‍ പൂക്കളം തീര്‍ക്കാന്‍ കുട്ടികള്‍ക്കു കഴിയും.നിറങ്ങളെക്കുറിച്ചുള്ള നല്ല ധാരണ അവര്‍ക്കുണ്ട്.
കുറച്ചു സമയം ഞാന്‍ മനഃപൂര്‍വ്വം ക്ലാസില്‍ നിന്നും മാറി നിന്നു.പൂക്കളത്തിന്റെ ഭാവി എന്താകുമെന്നറിയാനായരുന്നു അത്.
തിരിച്ചു വന്നപ്പോള്‍ എന്നെ എതിരേറ്റത് മനോഹരമായ ഒരു പൂക്കളമായിരുന്നു.
ഞാന്‍ കുട്ടികളെ അഭിനന്ദിച്ചു.
പൂക്കളം എന്നത് കുട്ടികളുടെ സര്‍ഗ്ഗവാസനകളുടെ ആവിഷ്ക്കാരമാണ്.എന്നാല്‍ അത് മാത്രമല്ല.അതൊരു മികച്ച സംഘപ്രവര്‍ത്തനം കൂടിയാണ്.ഒരു ക്ലാസുമുഴുവന്‍ പൂക്കളം എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകയും അത് ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുക.
ഇതുതന്നെയാണ് അച്ചടക്കവും.ഒരു ലക്ഷ്യത്തിനുവേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക.പരസ്പരം സഹകരിക്കുക.ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുക.തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം സ്വയം നിറവേറ്റുക.
ഞാന്‍ കുട്ടികളെ നോക്കി.അവര്‍ മാറിനിന്ന് തങ്ങളുണ്ടാക്കിയ പൂക്കളത്തിന്റെ ഭംഗി ആസ്വദിക്കുകയാണ്.കുട്ടികള്‍ ഒരു പടികൂടി വളര്‍ന്നതുപോലെ എനിക്കു തോന്നി.അവര്‍ കൂടുതല്‍ പക്വമതികളായതുപോലെ...
ഒന്നാംക്ലാസുകാര്‍ മഴ വരയ്ക്കുന്നു-2
കുട്ടികളുടെ പഠനത്തിന്റെയും വികാസത്തിന്റെയും അടയാളങ്ങള്‍ ഒന്നാം ക്ലാസുകാര്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.ഒരു വിഷയത്തെ ആസ്പദമാക്കി രണ്ടുകുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.രണ്ടുപേരും മഴയെയാണ് വരച്ചിരിക്കുന്നത്.
മുകളില്‍ കൊടുത്ത ചിത്രം നിവേദിത വരച്ചതാണ്.
നിവേദിത തന്റെ മഴയനുഭവം ആവിഷ്ക്കരിക്കാന്‍ ധാരാളം ഇമേജുകള്‍ ഉപയോഗിക്കുന്നുണ്ട്.
മഴ,പുഴ,പുഴയിലൂടെ കുടയും പിടിച്ച് തോണിതുഴയുന്ന ഒരാള്‍,വീടിനും മലയ്ക്കും മരത്തിനും പൂച്ചെടിക്കും മുകളില്‍ പെയ്യുന്ന മഴ.കുടയും പിടിച്ച് മഴയത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടി,ആകാശത്ത് മേഘങ്ങള്‍,ഒറ്റമീന്‍ മാത്രമുള്ള ഒരു കുളം,മഴ നനയുന്ന ഒരു കിളി,മഴവില്ല്...
തന്റെ ചിത്രത്തെക്കുറിച്ച് നിവേദിത പറഞ്ഞത് ഇങ്ങനെയാണ്.
ഇതെന്റെ വീടാണ്.വീട്ടിനുമുന്നിലാണ് ഈ കുളം കുടയും പിടിച്ച് കുളക്കരയില്‍ നില്‍ക്കുന്നത് ഞാന്‍.മഴക്കാലത്ത് പുഴയിലും കുളത്തിലുമൊക്കെ വെള്ളം നിറയും.അപ്പോള്‍ പുഴയിലൂടെ ഒഴുകി വന്നതാണ് ഈ മീന്‍.ഇപ്പോള്‍ കുളത്തിലാണ് അതിന്റെ താമസം.മഴക്കാലത്ത് മലയും മരവുമൊക്കെ നല്ല പച്ച നിറമായിരിക്കും.അപ്പോള്‍ ആകാശത്ത് മഴവില്ലുണ്ടാകും.
മഴക്കാലത്ത് പ്രകൃതിയിലുണ്ടാകുന്ന ചലമാറ്റങ്ങളെക്കുറിച്ചുള്ള ധാരണകള്‍ നിവേദിതയുടെ ചിത്രത്തിലുണ്ട്.ഒപ്പം മഴക്കാലത്തെ തന്റെ വ്യക്തിജീവിതവുമായും ജീവിത പരിസരവുമായും കൂട്ടിയിണക്കുന്നുണ്ട് അവള്‍.
എന്നാല്‍ ഈ ചിത്രത്തില്‍ ഇമേജുകള്‍ മുഴുവന്‍ ഫ്ലോട്ടുചെയ്യുകയാണ്.അത് കടലാസില്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു.മേഘങ്ങളൊക്കെ ആകാശത്താണ് വരച്ചിരിക്കുന്നത്.എന്നാല്‍ മഴവില്ലും മലയുമൊക്കെ ഇങ്ങ് താഴെയാണ്.തന്റെ മനസ്സിലെ ഇമേജുകളില്‍ നിന്ന് ഒരു തെരഞ്ഞെടുപ്പ് നടത്താനോ ഒരു ബേസ് ലൈനിനെ ആസ്പദമാക്കി വിന്യസിക്കാനോ അവള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇനി പ്രജ്വല്‍ വരച്ച ചിത്രം നോക്കുക.
ഒരു മഴക്കാലദൃശ്യം മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുകയാണ് പ്രജ്വല്‍.
തോണിയില്‍ രണ്ടുപേര്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്.പുഴ നിറയെ മീനുകളാണ്.അവ ഇടക്കിടെ പുഴയ്ക്ക് മുകളിലേക്ക് ചാടും.അപ്പോഴാണ് വലവീശി മീന്‍ പിടിക്കുന്നത്.വലിയ വല അവരുടെ തോണിയിലുണ്ട്.മീന്‍ പിടുത്തക്കാരുടേതാണ് ഈ വീട്.മഴയുള്ളപ്പോള്‍ മീന്‍ പിടിക്കാന്‍ പോയാല്‍ ധാരാളം മീന്‍ കിട്ടും.
പ്രജ്വല്‍ തന്റെ ചിത്രത്തെ ഇങ്ങനെയാണ് വ്യാഖ്യാനിച്ചത്.
ഈ ചിത്രം കുട്ടിയുടെ ആശയ രൂപീകരണത്തിന്റേയും ഭാഷാ ശേഷികളുടെ വികാസത്തിന്റേയും ഒരു ഘട്ടത്തെ സൂചിപ്പിക്കുന്നുണ്ട്.മഴയുമായി ബന്ധപ്പെട്ട് തന്റെ മനസ്സിലെ ഇമേജുകളില്‍ നിന്നും അവന്‍ ആവശ്യമായവ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തിരിക്കുന്നു.അതായത് മനസ്സില്‍വെച്ചുതന്നെ ഒരു എഡിറ്റിങ്ങിനു വിധേയമാക്കിയിരിക്കുന്നു.ഒരു പക്ഷേ,മഴവില്ല് മാത്രമേ ചിത്രത്തില്‍ അധികപറ്റായി കടന്നുവരുന്നുള്ളു.(മഴവില്ലിനോടുള്ള കുട്ടികളുടെ ഇഷ്ടം കൊണ്ടായിരിക്കണം അത്).ചിത്രത്തിലെ ഇമേജുകള്‍ക്ക് വ്യക്തതയും പൂര്‍ണ്ണതയുമുണ്ട്.
ഇമേജുകള്‍ ഫ്ലോട്ട് ചെയ്യുന്നില്ല.ഒരു ബേസ് ലൈനിനെ അസ്പദമാക്കി ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ചിരിക്കുന്നു.ഇങ്ങനെ ക്രമീകരിക്കാന്‍ കഴിയുന്നത് കുട്ടിയുടെ പഠനപുരോഗതിയുടെ ഒരു ഘട്ടം തന്നെയാണ്.എഴുത്തു ഭാഷ സ്വായത്തമാക്കുന്നതുമായി ബന്ധപ്പെട്ടാണ് അതിന്റെ വളര്‍ച്ച.നിവേദിതയുടേയും പ്രജ്വലിന്റേയും എഴുത്തുഭാഷാ സ്വാംശീകരണത്തില്‍ ഈ വ്യത്യാസം പ്രകടമാണ്.
ഇനി മറ്റൊരു ചിത്രംകൂടി പരിശോധിക്കാം.
മുകളില്‍ കൊടുത്ത രണ്ടു ചിത്രങ്ങളില്‍നിന്നും ഈ ചിത്രം വ്യത്യാസപ്പെടുന്നുണ്ട്.ചിത്രത്തിലെ ഇമേജുകള്‍ക്ക് വ്യക്തതയോ പൂര്‍ണ്ണതയോ ഇല്ല.കുട്ടിവരച്ച മേഘങ്ങളും മരവും നോക്കുക.ഇമേജുകള്‍ ശുഷ്ക്കമാണ്.അത് ഫ്ലോട്ടിങ്ങാണ്.
ചിത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ കുട്ടിക്ക് കൂടുതലൊന്നും പറയാനില്ല.അത് അവന്റെ വീടാണ്.(മറ്റു കുട്ടികള്‍ വീടുവരയക്കുന്ന രീതിയില്‍ നിന്നു വ്യത്യസ്തമായാണ് കുട്ടി വരച്ചിരിക്കുന്നത്.അത് കോണ്‍ക്രീറ്റ് വീടാണ്.കുട്ടിവരയിലേക്ക് വരുന്നതിന്റെ ലക്ഷണമായി ഇതിനെ കാണാം).മഴയും മരവും പുഴയുമൊക്കെയാണ് ചിത്രത്തില്‍..
വാക്യങ്ങളും പദങ്ങളും അക്ഷരങ്ങളുമൊക്കെ തിരിച്ചറിയാനും എഴുതാനും ഈ കുട്ടിക്ക് പ്രയാസമുണ്ട്.
മുകളില്‍കൊടുത്ത മൂന്നു ചിത്രങ്ങളും കുട്ടിയുടെ പഠനത്തിന്റേയും വികാസത്തിന്റേയും മൂന്നു ഘട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്.ഭാഷാശേഷികളുടെ ആര്‍ജനവുമായി ബന്ധപ്പെട്ട് മൂന്നു വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്നവരാണ് ഈ കുട്ടികള്‍.ചിത്രം വരയിലുള്ള കുട്ടികളുടെ പുരോഗതി വിശകലനം ചെയ്താല്‍ ഇതിനുള്ള തെളിവുകള്‍ നമുക്ക് ലഭ്യമാകും.
സംസാരഭാഷ സ്വായത്തമാക്കാന്‍ ആരംഭിക്കുന്നതോടെയാണ് കുട്ടികളുടെ വരകളില്‍ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതെന്ന് വൈഗോട്സ്കി നിരീക്ഷിക്കുന്നുണ്ട്.കുട്ടി തനിക്കു ചുറ്റുമുള്ള വസ്തുക്കളെ നിരീക്ഷിക്കുകയും അതിനെ പേരെടുത്തു വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.കുട്ടികളുടെ മനസ്സില്‍ വസ്തുക്കളുടെ ഇമേജുകള്‍ രൂപം കൊള്ളുന്നു.ഈ ഇമേജുകളാണ് കുട്ടി വരയിലൂടെ ആവിഷ്ക്കരിക്കുന്നത്.ഇതിനു വസ്തുവിന്റെ യഥാര്‍ത്ഥ രൂപവുമായി സാമ്യമുണ്ടാകണമെന്നില്ല.വസ്തു കുട്ടിയുടെ മനസ്സിലുണ്ടാക്കിയ അനുഭവമാണ് അവള്‍ ആവിഷ്ക്കരിക്കുന്നത്.
കറുത്ത വലിയ ഒരു വട്ടംവരച്ച് അതിനെ ആന എന്നു വിളിക്കും.സംസാരഭാഷാശേഷിയില്‍ കുട്ടി കൈവരിക്കുന്ന പുരോഗതിയാണ് തന്റെ അനുഭവ പരിസരത്തില്‍നിന്നും ധാരണകള്‍(Concept) രൂപീകരിക്കാന്‍ അവളെ പ്രാപ്തയാക്കുന്നത്.ഇതോടെയാണ് കുട്ടിവരയ്ക്കുന്ന രൂപങ്ങള്‍ക്ക് വ്യക്തതയും സൂക്ഷ്മതയും കൈവരുന്നത്.ആനയെ വരയ്ക്കുന്നതിലൂടെ കുട്ടി ആനയെ കൂടുതലറിയുന്നു.ആന എന്ന വാക്ക് എഴുതാന്‍ പഠിക്കുന്നതിന്റെ ആദ്യപടിയാണിത്.അതുകൊണ്ടാണ് ചിത്രംവരയെ സംസാരഭാഷയില്‍ നിന്നും എഴുത്തുഭാഷയിലേക്ക് കടക്കുന്നതിന്റെ സുപ്രധാനഘട്ടമായി വൈഗോട്സ്കി എടുത്തുപറയുന്നത്.
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. ഒന്നാം ക്ലാസില്‍ വരയ്ക്കാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ടുവേണം മുന്നോട്ടുപോകാന്‍.കേവലമായ കലാപ്രവര്‍ത്തനമായിട്ടല്ല അതിനെ കാണേണ്ടത്.കുട്ടികളുടെ പഠനവും വികാസവുമായി ബന്ധിപ്പിച്ച് ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാവണമത്.കുട്ടികളുടെ ചിത്രങ്ങളെ നിരന്തരം വിലയിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കണം.ഒപ്പം കുട്ടികള്‍ സ്വയവും പരസ്പരവും തങ്ങളുടെ ചിത്രങ്ങളെ വിലയിരുത്തണം. എങ്കില്‍ മാത്രമേ വരയില്‍ പുരോഗതിയുണ്ടാകൂ.വരയിലെ പുരോഗതി കുട്ടികളുടെ പഠനത്തില്‍ പ്രതിഫലിക്കും.
കുട്ടിവരയുടെ വിലയിരുത്തല്‍ പ്രക്രിയ എങ്ങനെയായിരിക്കണം?
അടുത്ത പോസ്റ്റില്‍ ചര്‍ച്ചചെയ്യാം..