ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 19 November 2016

ക്ലാസിലിരുന്ന് രാജ്യാന്തരസഞ്ചാരം നടത്താന്‍ കുറച്ച് ഗ്ലോബുകള്‍ മതിയാകും


ഗ്ലോബും മാപ്പും കുട്ടികള്‍ ആഹ്ലാദത്തോടെ പഠിക്കും.എപ്പോള്‍?

ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ ഈ ഉപകരണങ്ങള്‍ ലഭ്യമാക്കണം എന്നതാണ് ഒന്നാമത്തെക്കാര്യം.ഗ്ലോബ് ഓരോ കുട്ടിയും എടുത്ത് നോക്കണം.ഒന്ന് കറക്കണം.അതിലൂടെ വിരലോടിക്കണം.ഗ്ലോബും മാപ്പും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പഠനസന്ദര്‍ഭം ക്ലാസില്‍ ഒരുക്കിയാലെ ഇതു സാധ്യമാകൂ.അപ്പോഴാണ് കുട്ടികള്‍ കടലിനക്കരെയുള്ള വിശാലമായ രാജ്യങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുന്നത്.


മേശപ്പുറത്ത് സ്ഥാപിച്ച ഒരു ഗ്ലോബില്‍  വടികൊണ്ട് തൊട്ട് രാജ്യങ്ങളെക്കുറിച്ച് വിശദീകരിച്ചുതന്ന ടീച്ചറെ ഓര്‍മ്മയുണ്ട്.അന്ന് അതിനടുത്തേക്ക് ചെല്ലാനും രാജ്യങ്ങള്‍ തൊട്ട് കാണിക്കാനും ഒന്നോ രണ്ടോ കുട്ടികള്‍ക്കേ അവകാശമുണ്ടായിരുന്നുള്ളു.മറ്റുള്ളവരൊക്കെ കാഴ്ചക്കാര്‍ മാത്രമായിരുന്നു. അവിടെ അങ്ങനെയൊരു രാജ്യമുണ്ടായിരുന്നുവെന്ന സങ്കല്‍പ്പത്തില്‍ ക്ലാസിലെ ഭൂരിപക്ഷം   കുട്ടികളുമിരുന്നു.

ഇന്ന് അതുപോര.മുപ്പത് കുട്ടികളുള്ള ഒരു ക്ലാസില്‍ ചുരുങ്ങിയത് അഞ്ചു ഗ്ലോബുകളെങ്കിലും വേണം.ആറ്  കുട്ടികളുള്ള ഒരു ഗ്രൂപ്പിന് ഒന്നു വീതമെങ്കിലും. വാള്‍മാപ്പുകളും ഇതു പോലെതന്നെ.പക്ഷേ,ക്ലാസില്‍ ചുമരില്‍ തൂക്കിയിടുന്ന പഴയ മാപ്പുകളുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു.ഇന്ന് ഐ.ടി.സാധ്യതകള്‍ ഉപയോഗിച്ച് ചുമരില്‍ വലുതായി മാപ്പുകള്‍ പ്രൊജക്ട് ചെയ്ത് കാണിക്കാന്‍ കഴിയും.രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സൂം ചെയ്യാം.രാജ്യങ്ങളിലൂടെ സഞ്ചരിക്കാം.  മാപ്പുകളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് പഠനം  കൂടുതല്‍ എളുപ്പമാകും.

അഞ്ചാം ക്ലാസുകാര്‍ ഗ്ലോബ് ആദ്യമായി പഠിക്കുന്നതാണ്..എങ്കിലും ഈ ഉപകരണം ഭൂരിപക്ഷം കുട്ടികള്‍ക്കും  പരിചയമുണ്ട്. അവരത് കണ്ടിട്ടുണ്ട്.തൊട്ട് നോക്കിയിട്ടുണ്ട്.അത് ഭൂമിയുടെ ചെറിയ മാതൃകയാണെന്ന് അവര്‍ക്കറിയാം.ഗ്ലോബ് എന്ന പേര് ചിലര്‍ 'ബ്ലോഗ് 'എന്നൊക്കെ തെറ്റിപ്പറയുന്നു എന്നുമാത്രം.ഗ്ലോബിലെ നീല നിറം സമുദ്രത്തെയും മറ്റു നിറങ്ങള്‍ രാജ്യങ്ങളേയും   സൂചിപ്പിക്കുന്നു എന്നത് കുട്ടികളുടെ സാമാന്യബോധമാണ്.എവിടെനിന്നൊക്കയോ കുട്ടികള്‍ അത് സ്വായത്തമാക്കിയിട്ടുണ്ട്.

 കരഭാഗങ്ങള്‍ സമുദ്രത്തില്‍ എവിടെയൊക്കെ എങ്ങനെയൊക്കെ വിന്യസിച്ചിരിക്കുന്നു എന്നാണ് കുട്ടികള്‍ ഗ്ലോബില്‍ നിന്നും കണ്ടെത്തേണ്ടത്.അങ്ങനെ വന്‍കരകള്‍ എന്ന ആശയത്തിലേക്കെത്തണം.ഇനി ഈ കരഭാഗത്തെ വലയം ചെയ്തിരിക്കുന്ന സമുദ്രങ്ങള്‍ ഏതാണെന്നു കണ്ടെത്തണം.ഗ്ലോബിനെ വാള്‍മാപ്പുമായി താരതമ്യം ചെയ്യണം.വന്‍കരകളുടെ അതിരുകളെയും സമുദ്രങ്ങളേയും  വാള്‍മാപ്പില്‍ തിരിച്ചറിയണം.വായനാസാമഗ്രികളേയും വീഡിയോകളേയും ആസ്പദമാക്കി ഓരോ വന്‍കരയുടേയും പ്രത്യേകതകള്‍ കണ്ടെത്താനും കുറിപ്പുകള്‍ തയ്യാറാക്കാനും കഴിയണം.

കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്ലോബില്‍ ഇന്ത്യാരാജ്യം കണ്ടെത്തിക്കൊണ്ടായിരുന്നു തുടക്കം.ഇനി ലോകം ചുറ്റണം.ഇന്ത്യയില്‍ നിന്നും പുറപ്പെടാം.സമുദ്രങ്ങളിലൂടേയും കരയിലൂടേയും യാത്രചെയ്യാം.നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വഴി ഏതായിരിക്കും? എന്റെ ചോദ്യം കുട്ടികളെ ഉണര്‍ത്തി.


ഓരോ ഗ്രൂപ്പും ഗ്ലോബ് തിരിച്ചും ചെരിച്ചും ഉയര്‍ത്തിവെച്ചുമൊക്കെ  പരിശോധിക്കാന്‍ തുടങ്ങി.എളുപ്പവഴിയിലൂടെ എങ്ങനെ ലോകം ചുറ്റിവരാം എന്നാണ് അവര്‍ ആലോചിക്കുന്നത്.വഴിതെരഞ്ഞെടുക്കുന്നതില്‍ ചില ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു.എങ്കിലും നിശ്ചിത സമയത്തിനകം അവര്‍ പൊതു തീരുമാനത്തിലെത്തി.

ഓരോ ഗ്രൂപ്പും ഉലകം ചുറ്റാന്‍ തങ്ങള്‍ തെരഞ്ഞെടുത്ത വഴി ഗ്ലോബ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വിശദീകരിച്ചു.
"മാഷേ,ഞങ്ങള്‍ ആറുപേരും ബൈക്കുകളിലാണ് യാത്രചെയ്യുക.."നന്ദകുമാര്‍ ഗ്ലോബ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യയുടെ തെക്കുഭാഗത്തേക്ക്  വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.."ദാ ഇവിടെ നിന്നാണ് ഞങ്ങള്‍ പുറപ്പെടുക.ദാ ഇങ്ങനെ..”
അവന്‍ അവരുടെ യാത്രാമാര്‍ഗ്ഗം വിശദീകരിക്കാന്‍ തുടങ്ങി.

 "അപ്പോള്‍ കടലിലൂടെ എങ്ങനെ പോകും?"ശിവദ ചോദിച്ചു.
"ഞങ്ങളുടെ ബൈക്ക് കടലിലൂടെയും സഞ്ചരിക്കും.അതിനുവേണ്ടുന്ന ക്രമീകരണം ബൈക്കിലുണ്ട്.ഒരു ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ."നന്ദകുമാര്‍ പറഞ്ഞു.
അവര്‍ അവരുടെ യാത്ര ഭാവനയില്‍ കണ്ടിരിക്കണം.യാത്രയുടെ വിശദാംശങ്ങള്‍ അവര്‍ ഒന്നൊന്നായി പറയാന്‍ തുടങ്ങി.യാത്ര,താമസം, ഭക്ഷണം,കൊണ്ടുപോകുന്ന വസ്ത്രം...


ഇങ്ങനെ ഓരോ ഗ്രൂപ്പും തങ്ങളുടെ യാത്രാപദ്ധതി ഗ്ലോബിനെ ആസ്പദമാക്കി വിശദീകരിക്കാന്‍ തുടങ്ങി.
കടല്‍യാത്ര പൂര്‍ണ്ണമായും ഒഴിവാക്കി കരയിലൂടെ മാത്രം സഞ്ചരിച്ച് ലോകം ചുറ്റിവരാന്‍ കഴിയുമോ എന്നായിരുന്നു എന്റെ അടുത്ത ചോദ്യം.
വീണ്ടും ഗ്രൂപ്പില്‍ ഗ്ലോബ് പരിശോധിച്ചുകൊണ്ടുള്ള ആലോചന.



"ഒരിക്കലും കഴിയില്ല,സര്‍.കടല്‍ ചാടിക്കടക്കേണ്ടി വരും."നന്ദന പറഞ്ഞു.
"ചിലസ്ഥലത്ത് കടല്‍ കുറച്ചേയുള്ളു.അത് നീന്തിക്കടക്കാം."നിവേദ് പറഞ്ഞു.
"ഗ്ലോബില്‍ നമുക്കങ്ങനെ തോന്നുന്നതാണ്.ശരിക്കും അതു വലിയ കടലായിരിക്കും.അല്ലേ,മാഷേ?” റിസ്വാന എന്റെ മുഖത്തേക്കു നോക്കി.
 "റിസ്വാന പറഞ്ഞത് ശരിയാണ്."ഞാന്‍ പറഞ്ഞു."അത് നീന്തിക്കടക്കാന്‍ പറ്റുന്നതിനേക്കാള്‍ വലുതാണ്.”


"സമുദ്രത്താല്‍ ചുറ്റപ്പെട്ട വലിയ കരഭാഗങ്ങള്‍ ഗ്ലോബില്‍ കാണുന്നുണ്ടല്ലോ.ഏതൊക്കെയാണവ? കണ്ടെത്താമോ?"എന്റെ അടുത്ത ചോദ്യം.


കുട്ടികള്‍ ഗ്ലോബ് സൂക്ഷ്മമായി പരിശോധിക്കാന്‍ തുടങ്ങി.അതിലവര്‍ കരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു.പേരറിയില്ല.വലിയ കരഭാഗങ്ങളും അവയുടെ അതിരുകളും അവര്‍ തൊട്ടുകാണിച്ചു.കുട്ടികള്‍ ഏഷ്യയേയും യൂറോപ്പിനേയും ഒന്നിച്ചു കണ്ടു.ആഫ്രിക്ക,തെക്കേ അമേരിക്ക,വടക്കേ അമേരിക്ക,ആസ്ത്രേലിയ,അന്റാര്‍ട്ടിക്ക എന്നിവ വെവ്വേറെ കണ്ടു.ഓരോ വലിയ കരയിലും ധാരാളം രാജ്യങ്ങളുണ്ടെന്നും അവര്‍ കണ്ടെത്തി.ഓരോ കരയ്ക്ക് ചുറ്റും പരന്നു കിടക്കുന്ന സമുദ്രങ്ങള്‍. എനിക്ക് സന്തോഷം തോന്നി.വന്‍കരകള്‍ എന്ന ആശയത്തിലേക്ക് കുട്ടികള്‍ സ്വയം എത്തിച്ചേരുകയാണ്.

ഗ്ലോബിനെ വേള്‍ഡ് മാപ്പുമായി താരതമ്യം ചെയ്യുകയായിരുന്നു അടുത്ത ഘട്ടം.ഗ്ലോബില്‍ കണ്ടെത്തിയ വന്‍കരകളുടെ അതിരുകളെ മാപ്പില്‍ തിരച്ചറിഞ്ഞ് ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ഓരോ ഗ്രൂപ്പിന്റേയും പണി.അവര്‍ക്ക് അത് താരതമ്യേന എളുപ്പമായിരുന്നു. ഇവിടേയും കുട്ടികള്‍ ഏഷ്യയേയും യൂറോപ്പിനേയും  ഒരുമിച്ചു കണ്ടു.അത് വേര്‍തിരിച്ചു കാണേണ്ടതുണ്ട്.അവ‌ര്‍ ചൂണ്ടിക്കാണിച്ച  വന്‍കരയെ  വീണ്ടും സൂക്ഷ്മമായി നിരീക്ഷിച്ചു. പടിഞ്ഞാറ് ഭാഗത്ത് കുറേ ചെറുരാജ്യങ്ങളുണ്ട്.അത് മറ്റൊരു വന്‍കരയാണ്.അതിന്റെ അതിര് ഞാന്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു.

 ലോക ഭൂപടത്തിന്റെ ഔട്ട് ലൈന്‍ മാപ്പില്‍ വന്‍കരകളെ തിരിച്ചറിയുക എന്നതായിരുന്നു അടുത്ത പണി.

ഇനി ഈ വന്‍കരകളുടെ പേരുകള്‍ കണ്ടെത്തണം.
കുട്ടികള്‍ പുസ്തകം തുറന്നു.ഇവയുടെ പേരുകള്‍ കണ്ടെത്തിയെഴുതി.അതിനെ മാപ്പുമായി ഒത്തുനോക്കി.
ചുമരില്‍ പ്രൊജക്ടുചെയ്ത വന്‍കരകള്‍ സൂചിപ്പിക്കുന്ന ഭൂപടത്തില്‍ നിന്നും ഓരോ വന്‍കരയേയും അവയെ ചുറ്റി പരന്നുകിടക്കുന്ന സമുദ്രങ്ങളേയും കുട്ടികള്‍ കണ്ടെത്തി.


 തുടര്‍ന്ന് ' 7 Continents' എന്ന ഒരു വീഡിയോയും ഞാനവര്‍ക്ക് കാണിച്ചു കൊടുത്തു.ഏഴു വന്‍കരകളും അവയുടെ പ്രത്യേകതകളും വരച്ചുകാട്ടുന്ന മനോഹരമായ വീഡിയോ.കുട്ടികള്‍ അതില്‍ നിന്നും വന്‍കരകളെകുറിച്ചുള്ള വിവരങ്ങള്‍ കുറിച്ചെടുത്തു.ഇതിനെ പാഠപുസ്തകത്തിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് വിശദമായ കുറിപ്പുകള്‍ തയ്യാറാക്കി.


"നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു വന്‍കരയിലേക്ക് യാത്രചെയ്യാന്‍ ഒരു അവസരം കിട്ടിയെന്നു കരുതുക.നിങ്ങള്‍ ഏതാണ് തെരഞ്ഞെടുക്കുക?"ഞാന്‍ വെറുതേ ഒരു കുസൃതിച്ചോദ്യം ചോദിച്ചു.


 കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
"മാഷേ,എനിക്ക് അന്റാര്‍ട്ടിക്കയിലേക്കാണ് പോകേണ്ടത്.മഞ്ഞുമൂടിയ മലകളിലുടെ  എനിക്കു നടക്കണം.പെന്‍ഗ്വന്‍ കൂട്ടങ്ങളെ കൈകൊണ്ട് തൊടണം."അഭിരാം പറഞ്ഞു.
"എനിക്ക് ആഫ്രിക്കയിലേക്ക് പോണം.ആടത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തം കാണണം."സാജിത പറഞ്ഞു.
"എനിക്ക് നൈല്‍ നദിയിലൂടെ തുഴഞ്ഞുപോണം.എന്നിട്ട് നദിയില്‍ നിന്നും മീനെ പിടിക്കണം.”ജിഷ്ണു പറഞ്ഞു.
"എനിക്ക് ആസ്ത്രേലിയയില്‍  പോയി കംഗാരുക്കളെ കാണണം.”
"എനിക്ക് എവറസ്റ്റ് കൊടുമുടി കയറണം.”
“….....................................”
കുട്ടികള്‍ ഓരോരുത്തരായി വിളിച്ചു പറയുകയാണ്.തങ്ങളുടെ മുന്നിലിരിക്കുന്ന ഗ്ലോബിലേക്ക് നോക്കി അവര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു...






 

No comments:

Post a Comment