ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 18 February 2018

കഥയുടെ പണിപ്പുര

 ഒന്നാം ക്ലാസ്സുകാര്‍ കഥയെഴുതുകയാണ്-3


ആദിദേവും ശ്രേയയും അഭിനവും ചേര്‍ന്നു തയ്യാറാക്കിയ ഒരു കൊച്ചു കഥാപുസ്തമാണിത്.പുസ്തകത്തിന്റെ പേര്-കൃഷിക്കാരന്റെ ആട്.
 ആടും കൃഷിക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ കുട്ടികള്‍ അവരുടെ കുഞ്ഞുവാക്യങ്ങളില്‍ കുറിച്ചിട്ടിരിക്കുന്നു.

 ഒരു കൃഷിക്കാരനുണ്ടായിരുന്നു.
കൃഷിക്കാരന് ഒരു ആട് ഉണ്ടായിരുന്നു.


 ഒരു ദിവസം കൃഷിക്കാരന്‍ ആടിനെ വിറ്റു.

 അന്ന് രാത്രി ഉറങ്ങുമ്പോള്‍ കൃഷിക്കാരന്‍ ഒരു സ്വപ്നം കണ്ടു.ആട് വന്നത്.

 രാവിലെ അയാള്‍ ഉണര്‍ന്നു.വാതില്‍ തുറന്നു.അതാ മുന്നില്‍ ആട്.അയാള്‍ക്ക് സന്തോഷമായി.

ഒന്നാം ക്ലാസ്സുകാരുടെ  കഥാരചനയെക്കുറിച്ചായിരുന്നു കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്തത്..കുട്ടികളെ സ്വതന്ത്രരചനയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കഥയെഴുത്തായിരുന്നു.കഥയെഴുതിയേ തീരൂ എന്ന ആവശ്യകത കുട്ടികളിലുണ്ടാക്കിയെടുക്കണം.അപ്പോള്‍ കുട്ടികള്‍ക്ക് എഴുതാതിരിക്കാന്‍ കഴിയില്ല.അറിയാത്ത അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും അവര്‍ അന്വേഷിക്കും.അത് പഠിച്ചെടുക്കും. കഥയില്‍ ഉപയോഗപ്പെടുത്തും.അപ്പോഴാണ് എഴുത്തുഭാഷയെ കുട്ടികള്‍ വരുതിയിലാക്കുന്നത്.

കഥയെഴുത്ത്, എഴുതാനുള്ള കുട്ടികളുടെ ആത്മവിശ്വാസം  ഏറെ വര്‍ദ്ധിപ്പിച്ചു.മൂന്നു പാഠങ്ങള്‍ ഇനിയും പഠിപ്പിച്ചു തീര്‍ക്കാനുണ്ട്.പക്ഷേ, കാര്യമായ തെറ്റുകള്‍ കടന്നുകൂടാതെ എന്തും എഴുതാനുള്ള കഴിവ് കുട്ടികള്‍ ആര്‍ജിച്ചിരിക്കുന്നു.

രാവിലെ ക്ലാസിലെത്തിയാലുടന്‍ കുട്ടികള്‍ ചോദിക്കും.
മാഷേ, ഇന്നു കഥയില്ലേ?
അവര്‍ക്ക് എല്ലാദിവസവും കഥയുണ്ടാക്കണം.
കഥയെ ചമഞ്ഞുകളിയിലൂടെ ആവിഷ്ക്കരിക്കണം.
കഥയെഴുതണം.
എഴുതിയ കഥയെ കഥാപുസ്തകമായി രൂപപ്പെടുത്തണം.
അത് എല്ലാവരും വായിച്ച് നോക്കണം.



 എഴുതിയ കഥയെ പുസ്തക രൂപത്തിലാക്കാന്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്. കുട്ടികള്‍ രൂപപ്പെടുത്തിയ ഓരോ പുസ്തകവും അവരുടെ ഭാവനയുടേയും സര്‍ഗ്ഗാത്മകതയുടേയും കരുത്തുറ്റ ആവിഷ്ക്കാരമാണ്.

എങ്ങനെയാണ് ഒന്നാം ക്ലാസ്സുകാര്‍ കഥാപുസ്തകങ്ങള്‍ രൂപപ്പെടുത്തുന്നത്?

കഥ രൂപപ്പെട്ടുകഴിഞ്ഞാല്‍ കുട്ടികള്‍ മുന്നോ നാലോ പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിയുന്നു.എഴുതി പൂര്‍ത്തിയാക്കിയ കഥയിലെ   കഥാസന്ദര്‍ഭത്തെ(ആശയത്തെ) കുട്ടികള്‍ പലതാളുകളിലേക്കായി പകുത്തെടുക്കുന്നു.അങ്ങനെ പകുത്തെടുക്കുമ്പോള്‍ ഓരോ പേജിലും ആശയപൂര്‍ണ്ണതയുണ്ടാകണമെന്ന് ഇപ്പോള്‍ കുട്ടികള്‍ക്കറിയാം.ഗ്രൂപ്പിലെ ഓരോ കുട്ടിയും തങ്ങള്‍ക്കു കിട്ടിയ കഥാസന്ദര്‍ഭം കടലാസിലേക്ക് പകര്‍ത്തുന്നു.അതിനുശേഷമാണ് ആ കഥാസന്ദര്‍ഭത്തെ ചിത്രീകരിക്കുന്നത്..ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പേജുകളെ നമ്പര്‍ നല്‍കി ക്രമീകരിക്കുന്നതും അതേ ഗ്രൂപ്പിന്റെ ജോലി തന്നെ.


കഥയിലെ ആശയത്തെ ക്രമീകരിക്കാന്‍ കഴിയുക എന്നത് ഉയര്‍ന്ന ശേഷിയാണ്.അതിലേക്ക് കുട്ടികള്‍ പെട്ടെന്ന് എത്തുകയില്ല. അതിനായി ആദ്യഘട്ടത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച കഥയെ വിവിധ ആശയങ്ങളാക്കി തിരിച്ച് ഓരോ പേജിലായി എഴുതി നല്‍കിയത് ഞാനായിരുന്നു.അങ്ങനെ ചെയ്തതുകൊണ്ട് ചില ഗുണങ്ങളുണ്ടായി.ഒരു കഥയെ വിവിധ സന്ദര്‍ഭങ്ങളാക്കി എങ്ങനെ വിഭജിക്കാമെന്നത് കുട്ടികള്‍ പഠിച്ചെടുത്തു.കുട്ടികള്‍ കഥാ സന്ദര്‍ഭങ്ങള്‍ സ്വയം വായിച്ചെടുത്ത് ചിത്രീകരണം നടത്തി.പിന്നീട് ഓരോ ഗ്രൂപ്പം അതിനെ ക്രമപ്പെടുത്തി പേജു നമ്പരുകള്‍ നല്‍കി.

 കഥാപുസ്തകങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ വിലയിരുത്തലും പ്രധാനമാണ്.ഓരോ ഗ്രൂപ്പും തങ്ങളുടെ പുസ്തകം മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.പ്രധാനമായും കുട്ടികള്‍ പരിശോധിച്ചത് അതിലെ ആശയവും ചിത്രീകരണവും തമ്മിലുള്ള ബന്ധമാണ്.എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ?ഇനി കൂട്ടിച്ചര്‍ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍.

 ഇങ്ങനെ വിലയിരുത്തിയ സന്ദര്‍ഭത്തിലായിരുന്നു ഒരു പ്രധാന പ്രശ്നം കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്.ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയില്ല.ആനയുടെ കഥയില്‍ ഒരു പേജിലെ ആനയുടെ നിറമോ രൂപമോ അല്ല അടുത്തതില്‍.കഥാപ്പാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ തുടര്‍ച്ച വേണ്ടതുണ്ട്.

തുടര്‍ന്നുള്ള  പ്രവര്‍ത്തനത്തില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ വരയുടെ തുടര്‍ച്ച നിലനിര്‍ത്താനുള്ള ധാരണ രൂപീകരിക്കുന്നതു കണ്ടു.ചിത്രവും നിറവും മറ്റും ഒരു പോലെയായിരിക്കണമെന്ന് ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ ചര്‍ച്ചചെയ്യുന്നുണ്ടായിരുന്നു. അതിലവര്‍ വിജയിച്ചു എന്നു പറയാന്‍ കഴിയില്ലെങ്കിലും അത്തരം കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ വരാന്‍ തുടങ്ങിയിരിക്കുന്നു.


 ഒരു ഗ്രൂപ്പിലെ വിവിധ കുട്ടികള്‍ ചേര്‍ന്നു വരയ്ക്കുമ്പോള്‍ അങ്ങനയേ കഴിയൂ.
വ്യക്തിഗതമായി പുസ്തകം തയ്യാറാക്കുമ്പോഴാണ് അത് സാധ്യമാകുക.ഒരു കുട്ടിതന്നെ മുഴുവന്‍ ചിത്രങ്ങളും വരയ്ക്കുമ്പോള്‍..ഈ പ്രവര്‍ത്തനം ഒടുവില്‍ വ്യക്തിഗതമായി, ഓരോ കുട്ടിയും പുസ്തകം തയ്യാറാക്കുന്നതിലേക്കാണ് എത്തിച്ചേരേണ്ടത്.അതിലേക്കുള്ള വിവിധ വഴികളാണ് മുകളില്‍ സൂചിപ്പിച്ചത്.


 ക്ലാസില്‍ കഥയുടെ രൂപീകരണവും എഴുത്തും എന്നത് കേവലം യാന്ത്രികമായ ഒരു പ്രവര്‍ത്തനമല്ല.കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിനുള്ള നിരവധി സാധ്യതകള്‍ അത് തുറന്നിടുന്നുണ്ട്.കഥ രൂപീകരിക്കല്‍,അതിനെ വാചികമായി അവതരിപ്പിക്കല്‍,കഥയെ നാടകീകരിക്കല്‍,അതിന്റെ എഴുത്ത്,കഥയുടെ ചിത്രീകരണം,വിലയിരുത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭാഷയെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്നതിന്റെ ഉയര്‍ന്ന തലമാണ് ക്ലാസിലെ കഥയെഴുത്തും പുസ്തകനിര്‍മ്മാണവും..അതിനുള്ള അവസരം ക്ലാസിലൊരുക്കുന്നത് ഭാഷാശേഷികള്‍ സ്വായത്തമാക്കുന്നതിലേക്ക് കുട്ടികളെ എളുപ്പം നയിക്കും.


 See Videos

കഥാപുസ്തകം 1

കഥാപുസ്തകം 2



No comments:

Post a Comment